Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബി.ഐ അന്വേഷണത്തിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി എജിയുടെ നിയമോപദേശം സ്വീകരിച്ച ശേഷം; സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ; സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്യാൻ പിണറായി സർക്കാർ നിയമപോരാട്ടത്തിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബി.ഐ അന്വേണത്തിനെ ചോദ്യം ചെയ്യാൻ സർക്കാർ ഹൈക്കോടതിൽ ഹരിജി നൽകി. കേസ് രാഷ്ട്രീയ പ്രേകരിതനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സിബി.ഐ അന്വേണത്തിന് എതിരെ ഹൈക്കോടതിൽ ഹർജി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എ.ജി സി.പി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയശേഷമാണ് നടപടി. ഏകപക്ഷീയമായ ഇത്തരം നടപടിയെ ചോദ്യം ചെയ്യാനാവുമെന്നാണ് ലഭിച്ച നിയമോപദേശം. തുടർന്നാണ് സിബിഐ അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിന് കഴിയുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അഭിപ്രായം.

സർക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമില്ലാതെ സിബിഐയ്ക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നും സിബിഐ എഫ്‌ഐആർ മരവിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഐ) 35ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങൾ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

സിബിഐ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുന്ന സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാർ നീക്കം. വിജിലൻസ് അന്വേഷണം നടക്കുമ്പോൾ തിടുക്കപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ നിലപാടെടുക്കുന്നു. മുഖ്യമന്ത്രി, തദ്ദേശമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് അനിൽ അക്കരയുടെ പരാതിയിൽ പറയുന്നത്.

ഇവരിൽനിന്ന് സിബിഐ വിവരങ്ങൾ തേടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു സർക്കാർ കരുതുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ തന്നെ സിബിഐയ്ക്ക് അന്വേഷിക്കാൻ കഴിയുന്ന കുറ്റകൃത്യമാണ് എഫ്സിആർഐ ചട്ടലംഘനമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷൻ സിഇഒയെ ചോദ്യം ചെയ്യാനായി അടുത്തമാസം 5നു ഹാജരാകാൻ സിബിഐ നോട്ടിസ് നൽകിയിട്ടുണ്ട്.

പിണറായി സർക്കാറിനെ വരിഞ്ഞു മുറുകിയ സിബിഐ കേസുകൾ നിരവധിയാണ്. പെരിയ ഇരട്ടക്കൊലപാതക കേസും ഏറ്റവും ഒടുവിൽ എത്തിയ ലൈഫ് മിഷൻ കേസും ഇതിൽ ഒന്നുമാത്രമാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് സിബിഐയെ വിലക്കാൻ വേണ്ടി നിയമ നിർമ്മാണത്തിന് നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചെങ്കിലും നിയമ വൃത്തങ്ങളിൽ ഇതേക്കുറിച്ചുള്ള ആലോചനകൾ സജീവമായി നിലനിൽക്കയാണ്. പരിശോധന നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും നിഷേധിക്കുന്നില്ല.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണു സിപിഎമ്മിനെയും സർക്കാരിനെയും പ്രകോപിപ്പിച്ചത്. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ ഉത്തരവ് പോലും ഇല്ലാതെയും സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധവുമായാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആക്ഷേപം നേരത്തെ തന്നെ സിപിഎം ഉന്നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സിബിഐക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാറിന്റെ ആലോചന.

പ്രതിപക്ഷ നേതാവിന്റെ ആരോപണം നിയമ വകുപ്പ് നിഷേധിക്കുമ്പോഴും രാഷ്ട്രീയ തീരുമാനം എടുത്താൽ സിബിഐക്കുള്ള അന്വേഷണാനുമതി സർക്കാരിനു നിഷേധിക്കാനാവുമെന്ന ചിന്ത ശക്തമാണ്. സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതാണു മറ്റൊരു സാധ്യത. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നതിനാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിനു കഴിയുമെന്നു നിയമവിദഗ്ദ്ധർ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാവും തീരുമാനത്തിലേക്കു കടക്കുക.

ഇതേസമയം, സിബിഐക്കെതിരെ നിയമം കൊണ്ടുവരുന്നതു കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ മാത്രമെന്ന് എൽഡിഎഫ് നേതൃയോഗത്തിനു ശേഷം കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ നിലയിലാണു സിബിഐ പ്രവർത്തിക്കുന്നതെങ്കിൽ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൽ സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിക്കുകയാണ് ഉണ്ടായത്.

സിബിഐ അന്വേഷണം തടയാനുള്ള നിയമ നിർമ്മാണം കോൺഗ്രസ് സർക്കാരുകൾ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങൾ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്ന വിമർശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും തന്റെ അറിവിലില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് സംബന്ധിച്ച ചോദ്യവും മാധ്യമ പ്രവർത്തകർ ഉന്നയിച്ചുവെങ്കിലും സുപ്രീം കോടതിയിലെ കാര്യങ്ങൾ അവിടെ നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഓർഡിനൻസ് ഇറക്കാനാണ് നീക്കമെന്നും ഇതുസംബന്ധിച്ച ഫയൽ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതിനിടെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സിബിഐയും സംസ്ഥാന വിജിലൻസും ഒരേ സമയം അന്വേഷണം നടത്തുന്നതിൽ ഇപ്പോൾ നിയമപ്രശ്നമില്ലെങ്കിലും അതു തുടരാൻ സാധ്യത കുറവായാണ് വിലയിരുത്തപ്പെടുന്നത്. സിബിഐ നടത്തുന്ന അന്വേഷണത്തിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തുന്നതു വരെ മാത്രമേ വിജിലൻസ് അന്വേഷണത്തിനു സാധുതയുള്ളൂവെന്നാണു നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP