Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഥയാത്ര നടത്തി അദ്വാനി നാടു നീളെ പ്രസംഗിച്ചത് ബാബറി പള്ളി അധിനിവേശത്തിന്റെ സ്മാരകമെന്ന്; ചുടുകട്ടയുമായി കർസേവക്ക് എത്തിയത് രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ; അനുകൂലമായി ചിന്തിക്കുന്ന പൊലീസുകാരെ മാത്രം വിന്യസിച്ച കല്യാൺ സിങ്; ഇരുപതോളം കലാപത്തിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവൻ; ഒടുവിൽ വിചാരണ നടന്നത് തന്നെ ജസ്റ്റിസ് നരിമാന്റെ ഇടപെടൽ; ഒരു സുപ്രഭാതത്തിൽ തകർക്കപ്പെട്ടതല്ല ബാബറി മസ്ജിദ്; ആസൂത്രകർ ഹിന്ദുത്വ രാഷ്ട്രീയം തന്നെ

രഥയാത്ര നടത്തി അദ്വാനി നാടു നീളെ പ്രസംഗിച്ചത് ബാബറി പള്ളി അധിനിവേശത്തിന്റെ സ്മാരകമെന്ന്;  ചുടുകട്ടയുമായി കർസേവക്ക് എത്തിയത് രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ; അനുകൂലമായി ചിന്തിക്കുന്ന പൊലീസുകാരെ മാത്രം വിന്യസിച്ച കല്യാൺ സിങ്; ഇരുപതോളം കലാപത്തിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവൻ; ഒടുവിൽ വിചാരണ നടന്നത് തന്നെ ജസ്റ്റിസ് നരിമാന്റെ ഇടപെടൽ; ഒരു സുപ്രഭാതത്തിൽ തകർക്കപ്പെട്ടതല്ല ബാബറി മസ്ജിദ്; ആസൂത്രകർ ഹിന്ദുത്വ രാഷ്ട്രീയം തന്നെ

എം റിജു

ബാബറി പള്ളി പൊളിച്ചുകളയണമെന്നും അത് അധിനിവേശത്തിന്റെ സ്മാരകമാണെന്നും നാടുനീളം പ്രസംഗിക്കുക. പള്ളിപൊളിച്ച് പണിയുന്ന അമ്പലത്തിനായി ചുടുകട്ടകളുമായി നാടിന്റെ നാനാ ഭാഗത്തുനിന്ന് ചെറുപ്പക്കാരോട് അയോധ്യയിലെത്താൻ ആവശ്യപ്പെടുക. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി കോടികളുടെ പ്രവർത്തന ഫണ്ട് ക്ഷേത്ര നിർമ്മാണത്തിനായി സമാഹരിക്കുക. എന്നിട്ട് എല്ലാവരുടെയും കൺമുന്നിൽ വെച്ച് പള്ളി പരസ്യമായി പൊളിച്ചിടുക. അതും സുപ്രീം കോടതിക്കുപോലും കൊടുത്ത എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തി. ഗാന്ധി വധത്തിനുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ കുറ്റകൃത്യം എന്ന് അറിയപ്പെടുന്ന ബാബറി മസ്ജിദ് തകർത്ത കേസിൽ 28 വർഷത്തിനുശേഷം വിധി വരുമ്പോൾ എല്ലാം ആവിയാവുന്നു. ആസൂത്രകർ ഇല്ല, ഗൂഢാലോചകർ ഇല്ല. രാജ്ദീപ്സർ ദേശായി ചൂണ്ടിക്കാട്ടിയപോലെ 'നിന്ന നിൽപ്പിൽ ബാബറി  മസ്ജിദ് താനെ മറിഞ്ഞുവീണു' എന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ എങ്കിലും നാം അത്ഭുദപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ഇന്ത്യൻ നിയമവ്യസ്ഥപോലും അത്രയേറെ സംഘപരിവാർവത്ക്കരിക്കപ്പെടുന്ന എന്ന കാര്യം ഭയപ്പെടുത്തുന്നതാണ്.

മതേതരത്വത്തിന്റെയും നിയമവാഴ്ചയുടെയും അസ്തമയമാണ് ഇന്നത്തെ ബാബറി വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. നേരത്തെ ബാബറി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുത്തു കൊണ്ടുതന്നെ കോടതി വിധി വന്നപ്പോൾ, അത് തെളിവ് നിയമം നോക്കിയല്ലെന്നും ഒരു നാട്ടു പഞ്ചായത്തുപോലെയാണെന്നും വിർമശനം വന്നിട്ടും, ഈ രാജ്യത്തെ മതേതര മനസ്സുള്ളവർ അങ്ങനെയെങ്കിലും ഈ പ്രശ്നം ഒന്ന് അവസാനിക്കട്ടെ എന്ന് ചിന്തിച്ചിരുന്നു. മാത്രമല്ല ആ വിധിയിലും കോടതി ബാബറി മസ്ജിദ് തകർത്തകേസ് നിലനിൽക്കുമെന്നും അതിൽ ഗൂഢാലോചനയുണ്ടെന്നും കണ്ടെത്തിയിരുന്നു. എട്ടുകോടി പൊടിച്ച് നടത്തിയ അന്വേഷണത്തിൽ ലിബഹാൻ കമ്മീഷനും കണ്ടെത്തിയത് അതുതന്നെ. പക്ഷേ എന്നിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ല. 28 വർഷം നീണ്ട വിചാരണക്ക് ഒടുവിലാണ്, ലോകം ബിബിസിയിലൂടെ ലൈവായി കണ്ട നൂറ്റാണ്ടിന്റെ കുറ്റകൃത്യം അലിഞ്ഞ് ഇല്ലാതാവുന്നത്. ഇന്ത്യൻ ജുഡീഷ്യറിയോട് ഒരു സാധാരണക്കാരന് തോനുന്നു മനോഭാവം എന്തായിരിക്കും. മാത്രമല്ല രാജ്യത്ത് സ്വതവേ ശക്തമായ ഇസ്ലാമിക തീവ്രാവാദത്തിന് ഊർജം പകരാനും ബാബറി വിധിമൂലം കഴിയും. കാരണം ഒരു വൈകാരിക പ്രശ്നത്തിൽപോലും തങ്ങൾക്ക് നീതി ഇന്ത്യയിൽ കിട്ടില്ല എന്ന ഇരവാദം ഉയർത്താൻ മതമൗലികവാദികൾക്ക് ഇനി നിഷ്പ്രയാസം കഴിയും.

കോടതിക്ക് തെളിവുകളുടെ അടിസ്ഥാനത്തിലെ വിധി പറയാൻ കഴിയൂ എന്ന പരിമിതിയുണ്ട്. പക്ഷേ ഈ നാട്ടിൽ ജീവക്കുന്നവർക്ക് അറിയാം കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് ബാബറി മാസ്ജിദ് തകർച്ചയുടെ ആസൂത്രകർ. അത് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നടന്നത്. സാക്ഷാൽ എകെ അദ്വാനിയാണ് ആ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചതും. രാമക്ഷേത്ര നിർമ്മാണം ആയിരുന്നില്ല ഹിന്ദുരാഷ്ട്ര നിർമ്മാണം തന്നെയായിരുന്നു അവരുടെ അജണ്ട.

ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിത്തറിയിട്ട അയോധ്യ

പക്ഷേ മതം എടുത്തിട്ടുകൊണ്ടുള്ള കളിയാണ് വെറും രണ്ടു സീറ്റിൽനിന്ന് ഇന്ത്യ ഭരിക്കുന്ന അവസ്ഥയിലേക്ക് ബിജെപിയെ എത്തിച്ചതെന്ന് രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ആർക്കും ബോധ്യമാവും. ജനതാപാർട്ടിയിൽ കുടിയേറി പാർത്തതിന് ശേഷം ജനസംഘ് പുറത്തുവന്നത് ബിജെപിയെന്ന പേരിലായിരുന്നു. വാജ്‌പേയിയും എൽ കെ അദ്വാനിയുമെല്ലാം സ്ഥാപക നേതാക്കൾ. എ ബി വാജ്‌പേയി ആദ്യ പ്രസിഡന്റുമായി. പാർട്ടി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ 1984 രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ചരിത്രകാരനായ രാമചന്ദ്രഗുഹ പറയുന്നത് ഈ തെരഞ്ഞെടുപ്പോടെയാണ് ആദ്യ വർഷങ്ങളിലെ മൃദുഹിന്ദുത്വ സമീപനം ബിജെപി കൈയൊഴിഞ്ഞു തുടങ്ങിയതെന്നാണ്. 1984 ൽ എൽ കെ അദ്വാനി ബിജെപിയുടെ അധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്യുന്നു. നേരത്തെ തന്നെ വിശ്വഹിന്ദു പരിഷത്ത് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അജണ്ടയായി സ്വീകരിച്ചിരുന്നുവെങ്കിലും ബിജെപി ഇതിൽ സജീവമായി ഇടപെടുന്നത് എൽ കെ അദ്വാനി പ്രസിഡന്റായപ്പോഴാണ്. ബിജെപിയുടെ ജാതകം മാറുന്നതും അതോടെയാണ്.

.അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിക്ക് അനുകൂലമായി. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാട് എൽ കെ അദ്വാനിയെ പോലുള്ള തീവ്ര നിലപാടുകാർക്ക് ഉത്തേജനം പകരുന്നതായിരുന്നു.അങ്ങനെ ബാബ്‌റി മസ്ജിദിന്റെ ഭൂമിയിൽ ശില്യാനാസ് നടത്താൻ അനുവദിച്ചതോടെ, ഹിന്ദു തീവ്രവാദികളുടെ ആവേശം വർദ്ധിച്ചു. അങ്ങനെ എൽ കെ അദ്വാനി 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പരസ്യമായി കലാപത്തെ സഹായിക്കുന്ന നിലപാടെടുത്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഒരു ജാഥ നടത്തുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. രാജ്യം മുഴുവൻ വർഗീയ കലാപങ്ങൾ വ്യാപിച്ചു. അപ്പോഴും എൽ കെ അദ്വാനിയുടെ രഥത്തിന്റെ ചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കുന്നത് വ്യാജ മതേതരത്വമാണെന്നും മുസ്ലിം പ്രീണനമാണ് അതിന്റെ മറവിൽ നടക്കുന്നതെന്നും അദ്വാനി പ്രസംഗിച്ചു. മതേതരത്വ വിരുദ്ധമായും മുസ്ലീങ്ങൾക്കെതിരെയുമായ പ്രസ്താവനകൾ അദ്വാനിയുടെ നിരന്തര പ്രസംഗങ്ങളിലുടെ ഇന്ത്യയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടു.

ലോകത്ത് ഒരു ശക്തിക്കും ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനെ തടയാൻ പറ്റില്ലെന്ന് അദ്ദേഹം യാത്രകളിൽ ആവർത്തിച്ചു. വിപി സിങിന്റെ ഭരണകാലമായിരുന്നു അത്. ജനങ്ങളുടെ രക്തത്തിലുടെ ഓടിച്ചു മുന്നേറികൊണ്ടിരിക്കുന്ന ജാഥയെ തളയ്ക്കാൻ പ്രധാനമന്ത്രി അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന് നിർദ്ദേശം നൽകി. അങ്ങനെ 1990 ഒക്ടോബർ 23 ന് അദ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി വിപി സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പിന്നീടുള്ള രാഷ്ട്രിയ അസ്ഥിരതയും പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ നിലപാടുകളുടെയുമെല്ലാം സഹായത്തോടെ 1992 ഡിസംബർ ആറിന് പള്ളി പൊളിക്കുകയും ചെയ്യുന്നു.

'അദ്വാനിയുണ്ടായിരുന്നില്ലെങ്കിൽ മോദി സാധ്യമാകുമായിരുന്നില്ല'

മുസ്ലീങ്ങളെ പൂർണമായി അപരവൽക്കരിക്കാൻ കഴിഞ്ഞുവെന്നതാണ് അദ്വാനിയെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രധാനിയാക്കുന്നത്. 1980 കളിൽ ആണ് അദ്ദേഹം സ്യൂഡോ സെക്യുലറിസമെന്നൊക്കെയുള്ള വാക്കുകൾ ആവർത്തിക്കുന്നതും മാധ്യമങ്ങൾ അത് വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതും. മുസ്ലീങ്ങളെ ബാബറിന്റെ കുട്ടികളെന്നായിരുന്നു അദ്വാനിയുടെ യാത്രവേളയിൽ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ ഭരണകൂടം രാഷ്ട്രീയ എതിരാളികളെയും മുസ്ലീങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം അദ്വാനിയുടെ കാലത്താണ് ആദ്യം ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നത്.

1980 കളും 90 കളും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ കാലമായിരുന്നു. അദ്വാനിയുണ്ടായിരുന്നില്ലെങ്കിൽ മോദി സാധ്യമാകുമായിരുന്നില്ല.ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയത് ഇങ്ങനെയാണ് 'അദ്വാനിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ വക്താവ്. അദ്ദേഹം മതേതരത്വത്തെ നിരന്തരം ആക്രമിച്ചു. ഹിന്ദുവർഗീയതയ്ക്ക് വലിയ ഉത്തേജനമാണ് അദ്ദേഹം ഉണ്ടാക്കിയത്'

എൽ കെ അദ്വാനിയുടെ കാലത്തെ തീവ്ര ഹിന്ദുത്വത്തോട് ഇന്ത്യൻ ജനാധിപത്യം എങ്ങനെ പ്രതികരിച്ചുവെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രം ലഭിച്ച ബിജെപിക്ക് 1989 ആകുമ്പോഴെക്കും 85 സീറ്റിലെത്തിയിരുന്നു. ഹിന്ദുത്വം തീവ്രത ആർജ്ജിച്ചുവരുന്ന കാലമായിരുന്നു അത്. എൽ കെ അദ്വാനിയുടെ അധ്യക്ഷതയിൽ നേരിട്ട ആദ്യ തെരഞ്ഞെടുപ്പ്. 1991 ലും ബിജെപി തെരഞ്ഞെടുപ്പ് നേരിട്ടത് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ തന്നെ. അപ്പോഴെക്കും ബാബ്‌റി പള്ളി പൊളിക്കാനുള്ള സംഘ് പരിവാർ നീക്കം രാജ്യത്തെ ധ്രുവീകരിച്ചു തുടങ്ങിയിരുന്നു. അന്ന് 120 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. പിന്നിട് പള്ളി പൊളിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 1996ൽ 161 സീറ്റും 98 ൽ 182 സീറ്റുമായി വർധിച്ചു. പിന്നീട് 2000ത്തിന്റെ ആദ്യ ദശകത്തിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലാണ്
ബിജെപിക്ക് സീറ്റുകൾ കുറയുന്നത്. 2004 ൽ 138 ഉം 2009 ൽ 116 മായി കുറഞ്ഞു.പക്ഷേ പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞടിക്കുന്നതാണ് നാം കണ്ടത്. അതിന് വഴിയൊരുക്കിയതാവട്ടെ രാമക്ഷേത്രവും ഹിന്ദുത്വവും നിർമ്മിച്ച മണ്ണ് തന്നെതന്നെയാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഒരു ആൾക്കൂട്ടം തകർത്തതല്ല ബാബറി മസ്ജിദ്.

ഒന്നര ലക്ഷം കർസേവകരെ നേരിടാൻ രണ്ടായിരത്തോളം പൊലീസ് മാത്രം

ബാബറി മസ്ജിദ് തകർക്കാൻ ആദ്യ ശ്രമം നടന്നത് 1990ലാണ്. എൽകെ അദ്വാനി രഥയാത്ര നടത്തി രാജ്യത്തുടനീളം രാമക്ഷേത്ര പ്രചാരണം നടത്തിയിരുന്നു. മുലായം സിങ് യാദവ് സർക്കാരായിരുന്നു യുപി ഭരിച്ചത്. കേന്ദ്രത്തിൽ ജനതാദൾ സർക്കാരും. ഹിന്ദുത്വ സംഘടനകൾ ബാബറി മസ്ജിദിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. വെടിവയ്ക്കാൻ മുലായം സർക്കാർ ഉത്തരവിട്ടു. 1990 ഒക്ടോബർ 30ന് നടന്ന ആ സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ രേഖകൾ.പള്ളി പൊളിക്കുന്നതിന് തലേന്ന് ബജ്‌റംഗ്ദൾ നേതാവ് വിനയ് കത്യാരുടെ വീട്ടിൽ രഹസ്യയോഗം നടന്നിരുന്നുവെന്നും ഗൂഢാലോചന നടത്തിയെന്നും
സിബിഐ കണ്ടെത്തി. ഈ യോഗമാണ് പള്ളി പൊളിക്കാൻ തീരുമാനിച്ചത്. അദ്വാനിയുൾപ്പെടെയുള്ള എട്ട് പേർ യോഗത്തിൽ സംബന്ധിച്ചു എന്നും സിബിഐ കണ്ടെത്തി.പക്ഷേ ഈ തെളിവുകൾ എല്ലാം ഇപ്പോൾ ആവിയായിരിക്കയാണ്.

അയോധ്യയിൽ പള്ളിപൊളിക്കുന്നതിന് മുന്നോടിയായി പൊലീസ് ഉദ്യോസ്ഥരെ മുഴുവൻ സ്ഥലം മാറ്റിയിരുന്നെന്ന് കണ്ടെത്തിയത് ബിബിസിയാണ്. ബിജെപി അനുഭാവികളായ പൊലീസുകാരെയാണ് പ്രദേശത്ത് വിദ്യസിച്ചത്. അവർ ആകട്ടെ കൈയും കെട്ടി നോക്കിനിന്നു. അയോധ്യ പ്രദേശത്ത് അന്ന് ഉണ്ടായിരുന്നത് 75,000 മുതൽ 1.5 ലക്ഷം വരെ കർസേവകരായിരുന്നു. ഇവരെ നേരിടാൻ 35 കമ്പനി സായുധ സേന, 195 കമ്പനി പാരാമിലിട്ടറി ഫോഴ്സ്, നാല് കമ്പനി സിആർപിഎഫ് ജവാന്മാർ, 15 ടിയർ ഗ്യാസ് സംഘം, 15 പൊലീസ് ഇൻസ്പെക്ടർമാർ, 30 പൊലീസ് സബ് ഇൻസ്പെക്ടർമാർ, 2300 പൊലീസ് കോൺസ്റ്റബിളുമാർ എന്നിവരാണ് ഒന്നരലക്ഷം വരുന്ന കർസേവകരെ തടയാൻ നിലയുറപ്പിച്ചത്. ഇത് പോര എന്ന് റിപ്പോർട്ട് വന്നിട്ടും കൂടുതൽ പൊലീസിനെ വിന്യസിച്ചില്ല.

ലിബർഹാൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം രാവിലെ 10.30 ഓടെ എൽ.കെ.അദ്വാനിയും മുരളി മനോഹർ ജോഷിയും മറ്റ് നേതാക്കളും സന്ന്യാസിമാരും സ്ഥലത്തെത്തി. 20 മിനിറ്റോളം അവിടെ തുടർന്ന നേതാക്കൾ മതപ്രഭാഷകർ സംസാരിക്കുന്ന രാം കദ കുഞ്ചിലേക്ക് നീങ്ങി. 12 മണിയോടെ കാവൽ സൈന്യത്തെ കബളിപ്പിച്ച് കൗമാരക്കാരനായ ഒരു കർസേവകൻ മസ്ജിദിന്റെ താഴികകുടത്തിന് മുകളിലേക്ക് പിടിച്ചുകയറി. 150ഓളം വരുന്ന മറ്റ് കർസേവകരും ഇയാളെ പിന്തുടർന്ന് മസ്ജിദിന് മുകളിലേക്ക് ഇരച്ചുകയറി പിക്കാസുകളും ഇരുമ്പുദണ്ഡും വലിയ ചുറ്റികയും, മൺവെട്ടിയും ഉപയോഗിച്ച് മസ്ജിദ് വെട്ടിപ്പൊളിക്കാൻ തുടങ്ങി.12.15ഓടെ 5000ത്തോളം വരുന്ന കർസേവകർ താഴികക്കുടം വെട്ടിപ്പൊളിക്കുന്നതിൽ മുഴുകിയപ്പോൾ അഡ്വാനിയും മുരളി മനോഹർ ജോഷിയും ഇവരോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇത് കേൾക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.12.30ഓടെ കർസേവകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും മാധ്യമങ്ങളെ ആക്രമിക്കുകയും ചെയ്തു. ഉടനെ തന്നെ ജില്ലാ മജിസ്ട്രേറ്റ് പാരാമിലിട്ടറി ഫോഴ്സിനെ അയോധ്യയ്ക്ക് ചുറ്റും വിന്യസിക്കാൻ ഉത്തരവിട്ടു. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് ഇതിനെ എതിർത്തെങ്കിലും വെടിവയ്ക്കരുതെന്ന നിബന്ധനയിൽ സൈന്യത്തെ വിന്യസിക്കാൻ സമ്മതിച്ചു.

എന്നാൽ സ്ഥലത്തേക്ക് വന്ന പാരാമിലിട്ടറി ഫോഴ്സിനെ വർസേവകർ തടഞ്ഞുവച്ചു. ബാക്കി ഉള്ളവർ മസ്ജിദ് പൊളിക്കുന്നത് തുടർന്നു. സംസ്ഥാന പൊലീസ് വിഭാഗവും സായുധ സേനയും അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരായി നിലകൊണ്ടു.ഉച്ചയ്ക്ക് 1.30ഓടെ ഡിജിപി മുഖ്യമന്ത്രിയോട് അക്രമികളെ വെടിവയ്ക്കാനുള്ള അനുമതി തേടി. എന്നാൽ മുഖ്യമന്ത്രി ഇത് അനുവദിച്ചില്ല. 3.30ഓടെ ആദ്യ താഴികക്കുടം തകർന്ന് നിലംപതിച്ചു. ഇതോടെ അയോധ്യയിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വൈകുന്നേരം 6.30ഓടെ മന്ത്രിസഭ യുപിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതോടെ കല്യാൺ സിങ് രാജിവച്ചു. സ്ഥലത്ത് വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ക്ഷേത്രം പണിയാൻ ആരംഭിക്കുകയും ചെയ്തു.

തുടർന്നുള്ള കലാപം 2000 പേരുടെ ജീവൻ കവർന്നെടുക്കുകയും ചെയ്തു. കാവി ഭരണത്തിനു തുടക്കമിട്ട കേന്ദ്രമെന്ന നിലയിൽ അയോധ്യയോട് ബിജെപിക്കും താൽപര്യമേറെ. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ രാഷ്ട്രീയ വിഭാഗമായിരുന്ന ജനസംഘത്തിന്റെ ആദ്യ എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടത് ഇവിടെനിന്നാണ്. അവിടെ നിന്നാണ് രാജ്യത്തെ ഭരണകക്ഷിയെന്ന നിലയിലേക്ക് ബിജെപി വളരുന്നത്..

വിചാരണ നടന്നത് തന്നെ ജസ്റ്റിസ് നരിമാന്റെ ഇടപെടൽ

സംഘപരിവാറും മാറിമാറി വന്ന ബിജെപി സർക്കാറും പലതവണ അട്ടിമറിക്കാൻ ശ്രമിച്ചിട്ടും സുപ്രീം കോടതി ജഡ്ജി എഫ് എസ് നരിമാന്റെ ശക്തമായ ഇടപെടലാണ് ഗൂഢാലോചന കേസ് വീണ്ടും ചിത്രത്തിൽ വരാൻ കാരണം. 2017ലാണ് അതുണ്ടായത്. ബാബറി മസ്ജിദ് തകർത്തകേസും, ഗുഢാലോചന കേസും ഒന്നിച്ച് വിചാരണ ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടത്. പള്ളി തകർത്ത് ഒരു വർഷത്തിനകം സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പൊലീസും ഭരണകൂടവും ആസൂത്രിതമായി ഇടപെട്ട് കേസ് ഇത്രയും വൈകുകയായിരുന്നു. 1997ൽ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരിൽ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാൻ യു.പി സർക്കാർ ബോധപൂർവം ഇടപെട്ടു. ഒടുവിൽ പരമോന്നത കോടതിയുടെ ഇടപെടലാണ് കാൽനൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്.

1992 ഡിസംബർ 6, അന്നാണ് ബാബറി പള്ളി തകർക്കപ്പെട്ടത്. എല്ലാ കേസുകളും ലക്നൗ സിബിഐ കോടതിയിലേക്ക് മാറ്റി സർക്കാർ യു.പി വിജ്ഞാപനമിറക്കിയതിന് പിന്നാലെ 1993 ഒക്ടോബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എൽ.കെ.അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ നേതാക്കളെ പ്രതികളാക്കി അനുബന്ധകുറ്റപത്രം സമർപ്പിക്കുന്നത് 1996ലാണ്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച് കോടതി, ഗൂഢാലോചനാക്കുറ്റവും ചുമത്തി. എന്നാൽ കേസുകളെല്ലാം ലക്നൗ കോടതിയിലേക്ക് മാറ്റിയ വിജ്ഞാപത്തിലെ സാങ്കേതികവശം ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

2001 ഫെബ്രുവരി 12ന് നേതാക്കൾക്കെതിരായ ഗൂഢാലോചന കേസ് ലക്നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി വിധിച്ചു. സാങ്കേതിക പിഴവ് പരിഹരിച്ച് സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അന്നത്തെ ബിജെപി സർക്കാർ തയാറായില്ല. തുടർന്ന് ഗൂഢാലോചനക്കുറ്റം ഒഴിവാക്കി അദ്വാനിക്കും കൂട്ടർക്കുമെതിരെ റായ്ബറേലി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചനക്കുറ്റം ഒഴിവായതോടെ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി 2003ൽ റായ്ബറേലി കോടതി പ്രതികളെ കുറ്റവിമകുക്തരാക്കി. 2010ൽ ഹൈക്കോടതിയും ഇത് ശരിവച്ചു. ഒടുവിൽ 2017 ഏപ്രിൽ 19ന് സുപ്രീംകോടതി ജഡ്ജി ആർ.എഫ് സുപ്രധാന വിധി പുറപ്പെടവിച്ചു. അഡ്വാനിയുൾപ്പെടേ മുഴുവൻ പ്രതികളും ഗൂഢാലോചനക്കുറ്റത്തിനുൾപ്പെടേ ലക്നൗ പ്രത്യേക കോടതിയിൽ വിചാരണ നേരിടണം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാക്കപ്പെടണമെന്ന ആപ്തവാക്യം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ആർ.എഫ് നരിമാന്റെ വിധി. തുടർന്ന് മൂന്ന് വർഷത്തെ വാദത്തിന് ശേഷമാണ് കേസ് ഇപ്പോൾ വിധി വന്നത്.

ഗൂഢാലോചന സ്ഥരീകരിച്ച് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്

ബാബരി മസ്ജിദ് ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്മോഹൻ സിങ് ലിബർഹാൻ മേധാവിയായി 1992 ഡിസംബർ 16ന് ഒരു കമ്മീഷൻ രൂപവത്ക്കരിക്കപ്പെട്ടു. മൂന്നു മാസത്തിനുള്ളിൽ കമ്മീഷൺ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 17 വർഷം വൈകി 2009 ജൂൺ 30ന് ആണ് കമ്മീഷൺ അതിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങിന് സമർപ്പിച്ചത്. 2009 നവംബർ 24 ന് ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടും 13 പേജുള്ള നടപടി റിപ്പോർട്ടും ആഭ്യന്തര മന്ത്രി പി. ചിദംബരം പാർലമെന്റിന്റെ മേശപ്പുറത്തു വച്ചു. മസ്ജിദ് തകർക്കുന്നതിനുള്ള ഗൂഢാലോചനയിൽ ബിജെപി.യിലെ മുതിർന്ന നേതാക്കൾക്കുള്ള പങ്കിനെ റിപ്പോർട്ട് എടുത്തുകാട്ടുന്നു.

എൽ.കെ. അദ്വാനി അടക്കമുള്ള ബിജെപി. നേതാക്കൾ ഉൾപ്പെടെ സംഘ് പരിവാറിന്റെ 68 ഓളം നേതാക്കളെ റിപ്പോർട്ട് പേരെടുത്ത് പരാമർശിക്കുന്നണ്ട്. ആർഎസ്എസ് മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സർക്കാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട്, മുസ്ലിം സംഘടനകളുടെ നിലപാടുകളേയും വിമർശിക്കുന്നു. എന്നാൽ റിപ്പോർട്ടിൽ ഒരു വരിയിൽ പോലും വാജ്പേയിയെ പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലന്നു് ജസ്റ്റീസ് ലിബർഹാൻ പിന്നീട് ഒരു ദിനപത്രത്തോടു നടത്തിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടു്. ഇക്കാര്യം വ്യക്തമാകാൻ റിപ്പോർട്ട് വായിക്കാനും ലിബർഹാൻ ആവശ്യപ്പെട്ടു.

ഏകാംഗ പാനലായ,ഒരു പക്ഷേ രാജ്യത്തെ ഏറ്റവും ദീർഘകാലയളവ് അന്വേഷണത്തിനായി എടുത്ത ലിബർഹാൻ കമ്മീഷന്റെ റിപ്പോർട്ടിന് ഇന്ത്യൻ സർക്കാർ ചെലവഴിച്ചത് 8കോടി രൂപയിലധികമായിരുന്നു . അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആയിരുന്നു മസ്ജിദ് സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന വിമർശനത്തെ നേരിടാൻ മസ്ജിദ് ധ്വംസനം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഈ കമ്മീഷനെ നിയമിച്ചത് .പതിനാറു വർഷത്തെ നടപടിക്രമത്തിൽ, നിരവധി രാഷ്ട്രീയക്കാർ,ഉദ്യോഗസ്ഥർ,പൊലീസ് മേധാവികൾ,എന്നിവരുടെ മൊഴികളെല്ലാം കമ്മീഷൺ രേഖപ്പെടുത്തി. അവയിൽ കല്യാൺസിങ്, പരേതനായ നരസിംഹ റാവു, മുലായം സിങ് യാദവ്, മുൻ ഉപ പ്രധാനമന്ത്രി എൽ.കെ. അദ്വാനി, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരും ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ഉന്നത പൊലീസ് ഭാരവാഹികൾ, മുതിർന്ന ഉദ്യോഗസ്ഥർ, അന്നത്തെ ജില്ലാ മജിസ്‌ടേറ്റ് ആർ.എൻ. ശ്രീവാസ്തവ,അയോധ്യയിലെ സീനിയർ പൊലീസ് സുപ്രണ്ട് ഡി.ബി. റോയ് എന്നിവരും മസ്ജിദ് തകർക്കപ്പെട്ടതിനെ കുറിച്ചുള്ള തങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി.

സംഘപരിവാർ സമാഹരിച്ചത് കോടികൾ

'ബാബരി മസ്ജിദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ സംഘ പരിവാർ സംഘടനകളായ ബിജെപി,ആർഎസ്എസ്.,വി.എച്ച്.പി.,ശിവസേന,ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതാക്കൾ ആണ്' എന്ന് ലിബർഹാൻ റിപ്പോർട്ട് പറയുന്നു. 'ബിജെപി.യിലെ കപട മിതവാദ നേതൃത്വങ്ങൾ, ആർ.എസ്.എസിന്റെ കയ്യിലെ ഉപകരണമായിരുന്നു. ആർഎസ്എസ്. നിർമ്മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവർ സ്വന്തമാക്കി. 'സംശയത്തിന്റെ ആനുകൂല്യമോ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കൾക്ക് നൽകാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെയാണ് ഈ നേതാക്കൾ ലംഘിച്ചത്'.'ജനാധിപത്യത്തിൽ ഇതിൽപരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ ഈ കമ്മീഷന് യാതൊരു മടിയുമില്ല'. 'മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിഷൻ സർക്കാറിനോട് ആവശ്യപ്പെടുന്നു' ് ലിബർഹാൻ കമ്മീഷൺ നിരീക്ഷിച്ചു.

സംഘപരിവാർ സംഘടനകളായ ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ശിവസേന എന്നിവയുടെ മുഴുവൻ മുൻനിരനേതാക്കളും രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതിൽ പങ്കുവഹിച്ചു.അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവിന് സംഭവത്തിൽ ഉത്തരവാദിത്തമില്ല. ഉത്തർപ്രദേശ്അന്നു ഭരിച്ചിരുന്ന ഗവർണറുടെ നിർദ്ദേശമില്ലാതെ കേന്ദ്ര സർക്കാറിന് നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലായിരുന്നു. ഗവർണർ കേന്ദ്രസർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ല.അയോധ്യ പ്രചാരണപരിപാടിക്ക് ഹിന്ദുക്കളടങ്ങുന്ന പൊതുജനങ്ങളുടെ പൂർണമനസ്സോടെയോ സ്വമേധയോ ഉള്ള പിന്തുണ ഉണ്ടായിരുന്നില്ല.അയോധ്യയിൽ ക്ഷേത്രത്തിനുവേണ്ടിയുള്ള ആവശ്യം ഒരുസമയത്തും പൊതുജനപ്രക്ഷോഭമായി മാറിയിരുന്നില്ല.സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, എന്നിവർ പങ്കെടുക്കുക മാത്രമല്ല, അവർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമാവുകയും ചെയ്തു.

ആസൂത്രണം ചെയ്തത് ആർഎസ്എസ്. ആണ്. ബിജെപി നേതാക്കൾക്ക് ആർഎസ്എസ്സിന്റെ തീരുമാനങ്ങൾ തള്ളിയാൽ രാഷ്ട്രീയഭാവി തന്നെ നഷ്ടപ്പെടുമായിരുന്നു. എന്നാൽ ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ആവില്ല. ജനങ്ങളുടെ വിശ്വാസ്യതയാണ് അവർ തകർത്തത്.

എൽ.കെ. അദ്വാനി യുടെയും മുരളി മനോഹർ ജോഷി യുടെയും രഥയാത്ര ജനങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചുകർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്കോടിക്കണക്കിന് രൂപ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘപരിവാർ നേതാക്കൾ സമാഹരിച്ചു. മുൻനിരനേതാക്കുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ തന്നെയാണ് പണം കടന്നുപോയത്. പ്രക്ഷോഭസമയത്ത് കർസേവകർക്ക് സഹായം നൽകാനും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി ഈ പണം ഉപയോഗിച്ചു.- ഇങ്ങനെയായിരുന്നു ലിബർഹാൻ കമ്മീഷന്റെ കണ്ടെത്തലുകൾ.

ആ ക്രിമിനലുകൾ ഇന്ന് ഹീറോകൾ

രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ പഴയ ഉദ്യോഗസ്ഥനായ കൃഷ്ണ ധർ 2005ൽ എഴുതിയ ഒരു പുസ്‌കതത്തിൽ തർക്കമന്ദിരം തകർക്കൽ 10 മാസം മുൻപേ ആർഎസ്എസ്, വി.എച്.പി,  ബിജെപി നേതാക്കൾ ആസൂത്രണം ചെയ്തിരുന്നു എന്നും അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു ഇത് കൈകാര്യം ചെയ്ത രീതി ചോദ്യങ്ങൾ ഉയർത്തുന്നു എന്നുംധർ എഴുതിത്തിട്ടുണ്ട. താൻ ബിജെപി-വിഎച്ച്പി-ആർഎസ്‌സ് നേതാക്കളുടെ  കൂടിക്കാഴ്ച ചിത്രീകരിച്ചിരുന്നുവെന്നും അതിൽ നിന്ന് ഡിസംബറിൽ നടക്കാനുള്ള തകർക്കൽ മനസ്സിലാക്കാമായിരുന്നു എന്നും  അദ്ദേഹം  പറയുന്നു. ഈ ടേപ്പ് പിന്നീട് ഉയർന്ന അധികാരിക്ക് കൈമാറുകയും അതിലെ ഉള്ളടക്കം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞിരിക്കണം എന്നും അദ്ദേഹം അവകാശപ്പെടുന്നു. അയോധ്യയിലെ സംഭവം നിശ്ശബ്ദമായി ഒരു രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു എന്നും ലേഖകൻ പറയുന്നു.

എറ്റവും രസാവഹം ഇന്ന് ബാബറി മസ്ജിദ് പൊളിച്ചുവെന്നു പറയുന്ന ക്രിമിനൽ കുറ്റം ഹിന്ദുത്വ രാഷ്ട്രീയത്തിൽ അഭിമാനമായിട്ടാണ് വരുന്നത്. രാമക്ഷേത്ര നിർമ്മാണത്തോടെ പള്ളിപൊളിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ അമ്പലം പണിയാൻ കഴിയുമായിരുന്നോ എന്നാതിരുന്നു പല സംഘപരിവാർ നേതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ കേസിൽ തന്നെ വിധി പ്രതികൂലമായാൽ ജാമ്യത്തിന് പോലും നിൽക്കില്ല എന്നാണ് ഉമാഭാരതി പറഞ്ഞിരുന്നത്. അതായത് നേരെ ജയിലിൽ പോയി രാമക്ഷേത്ര ബലിദാനി പരിവേഷമാണ് അവർ ആഗ്രഹിച്ചിരുന്നത്.

 

സത്യത്തിൽ വിധി പ്രതികൂലമായിരുന്നെങ്കിൽ ഈ കേസിലെ പ്രതികൾക്കെല്ലാം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ആവുമായിരുന്നു അത്. അയോധ്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാക്കൾക്ക് ബിജെപിയിൽ ഹോൾഡ് ഇല്ലാതെ ആയി എന്ന് ഈ പഴയ പടക്കുതിരകൾക്ക് പരാതിയുണ്ട്.. എല്ലാറ്റിന്റെയും
ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് പോകുന്നു. പുതിയ രാമക്ഷേത്രത്തിന്റെ പോലും നാഥനായി വാഴ്‌ത്തപ്പെടുന്നത് മോദിയാണ്. വിധി തിരിച്ചായിരുന്നെങ്കിൽ ആയോധ്യ പ്രസ്ഥാന നേതാക്കൾ പാർട്ടിയിൽ ശക്തിപ്പെടുമായിരുന്നു. അദ്വാനിയും ജോഷിയും മടക്കമുള്ളവർക്ക്  പ്രായാധിക്യം കൊണ്ട് കളമൊഴിഞ്ഞവരാണ് എന്ന് വെക്കാം. പക്ഷേ ഉമാഭാരതിയും സാക്ഷിമഹാരാജും അടക്കമുള്ള തീവ്ര വർഗീയവാദികൾക്ക് ശക്തമായ മേൽക്കെ ആയിരുന്നു ബിജെപിയിൽ ഉണ്ടാകുമായിരിക്കുക. തൽക്കാലം അത് ഉണ്ടായില്ല എന്ന് മാത്രം നമുക്ക് ആശ്വസിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP