Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളിൽ സ്ഥാനമുറപ്പിച്ചു; താഴെ ശബ്ദം ഉയർന്നു വന്നതോടെ താഴികക്കുടത്തിൽ ആഞ്ഞുകുത്തി; ബാബറി മസ്ജിദ് തകർക്കാൻ ആദ്യം മഴു കൊണ്ട് വെട്ടിയ കർസേവകൻ ഇന്ന് മുസ്ലിം; അന്നത്തെ ബാൽബിർ സിങ് ഇന്ന് പള്ളികളുടെ സംരക്ഷകനായ ആമിർ

മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളിൽ സ്ഥാനമുറപ്പിച്ചു; താഴെ ശബ്ദം ഉയർന്നു വന്നതോടെ താഴികക്കുടത്തിൽ ആഞ്ഞുകുത്തി; ബാബറി മസ്ജിദ് തകർക്കാൻ ആദ്യം മഴു കൊണ്ട് വെട്ടിയ കർസേവകൻ ഇന്ന് മുസ്ലിം; അന്നത്തെ ബാൽബിർ സിങ് ഇന്ന് പള്ളികളുടെ സംരക്ഷകനായ ആമിർ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ജനതക്ക് ഇന്നും ആ ദിനം മറക്കാനാകില്ല. 1992 ഡിസംബർ ആറ്. ബാബറി മസ്ജിദ് കർസേവകരാൽ തകർക്കപ്പെട്ടത് അന്നായിരുന്നു. അതിന് പിന്നാലെ രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടു. തെളിവുകളുടെ അഭാവത്തിൽ എന്ന് പറഞ്ഞ് പ്രതികളെ മുഴുവൻ വെറുതെ വിടുമ്പോഴും ബാബറി മസ്ജിദിന്റെ മിനാരത്തിൽ ആദ്യം മഴു കൊണ്ടു വെട്ടിയ കർസേവകന് ഇന്നും ആ ദിനം മറക്കാനാകില്ല. പാനിപ്പത്ത് സ്വദേശിയായ ബാൽബിർ സിങ്. ഇന്ന് അദ്ദേഹം ആമിറാണ്. പള്ളികളുടെ സംരക്ഷകനായ ആമിർ. താനായിരുന്നു ബാബറി മസ്ജിദിന്റെ താഴികക്കുടത്തിൽ ആദ്യ പ്രഹരമേൽപ്പിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നു.

മസ്ജിദ് തകർത്ത ശേഷം ജന്മനാടായ പാനിപത്തിൽ ബൽബീർ മടങ്ങിയെത്തിയപ്പോൾ ഒരു നായകന്റെ സ്വീകരണം ലഭിച്ചു. എന്നാൽ ആഘോഷത്തിൽ പങ്കെടുക്കാത്ത ഒരു കുടുംബം ഉണ്ടായിരുന്നു - അദ്ദേഹത്തിന്റെ പിതാവ് ദൗലത് റാം എന്ന മഹാത്മാഗാന്ധിയുടെ കടുത്ത അനുയായിയായ സ്കൂൾ അദ്ധ്യാപകനും കുടുംബത്തിലെ മറ്റുള്ളവരും. അത് അവനെ ഞെട്ടിച്ചു. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ, കുറ്റബോധം തോന്നിയ അദ്ദേഹം പിന്നീട് ഓർമ്മിച്ചു. കുറ്റബോധത്താൽ പ്രേരിതനായ ബൽ‌ബീർ ഒടുവിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. രജപുത്ര കുടുംബത്തിൽ ജനിച്ച ഇസ്ലാം മതം സ്വീകരിച്ച അദ്ദേഹം മുഹമ്മദ് ആമിർ എന്ന പേര് സ്വീകരിച്ചു.

ബാബറി മസ്ജിന്റെ താഴികക്കുടത്തിൽ കോടാലികൊണ്ട് ആദ്യം ആഞ്ഞുകൊത്തിയ ആമിർ എന്ന ബാൽബിറിന്റെ ജീവിതം പിന്നീട് അദ്ദേഹത്തെ പള്ളികളുടെ സംരക്ഷനാക്കി മാറ്റുകയായിരുന്നു. പാനിപ്പത്തിലെ ഒരു ഗ്രാമത്തിലായിരുന്നു ബാൽബിർ സിങിന്റെ ജനനം. ഗാന്ധിയനും അദ്ധ്യാപകനുമായ ദൗലത്ത് റാമായിരുന്നു പിതാവ്. പിന്നീടാണ് ബാലാ സാഹേബ് താക്കറെയിൽ ആകൃഷ്ടനാവുകയും ശിവസേനയിൽ ചേരുകയുമായിരുന്നു. തുടർന്ന് ആർഎസ്എസിന്റെ ആദർശങ്ങളോട് കൂറുതോന്നിയ ബാൽബിർ ശാഖയിലെ നിത്യ സന്ദർശകനാവുകയായിരുന്നു. പിന്നീട് ബാൽബിർ പാനിപ്പത്തിലെ ശിവസേന നേതാവായി.

1992 ഡിസംബർ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് കർസേവകർക്കൊപ്പം ബാൽബിർ എന്ന ഇപ്പോഴത്തെ ആമിർ അയോധ്യയിലെത്തി. ഡിസംബർ ആറിന് മസ്ജിദിലേക്കും. ‘അയോധ്യയിലേക്ക് പുറപ്പെടുമ്പോഴേ എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞത് ഒന്നും നേടാതെ തിരിച്ചുവരരുതെന്നായിരുന്നു. ഡിസംബർ അഞ്ചിന് അയോധ്യയിലാകെ ഒരു മുരൾച്ചയായിരുന്നു. അയോധ്യയും ഫൈസാബാദും വിഎച്ച്പി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് കർസേവകർക്കൊപ്പമായിരുന്നു ഞങ്ങൾ. സിന്ധികളുടെ ദൈവമായിരുന്ന ജുലേലിനെയാണ് അദ്വാനി ആരാധിച്ചിരുന്നത് എന്നതിനാൽ ഞങ്ങൾക്ക് ആഅദ്ദേഹം അത്ര പ്രധാനപ്പെട്ടയാളായിരുന്നില്ല. അദ്ദേഹത്തെ ഹിന്ദുവായിപ്പോലും പരിഗണിച്ചിരുന്നില്ല. ഉമാ ഭാരതിയായിരുന്നു ശരിക്കും ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഞാൻ എന്റെ അടുത്ത സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു. ഞങ്ങൾക്കൊട്ടും ക്ഷമയുണ്ടായിരുന്നില്ല. അത് സംഭവിക്കണമെന്ന് ഞങ്ങൾ അക്ഷമരായി കാത്തിരുന്നു’, അദ്ദേഹം പറഞ്ഞു.

‘ഞങ്ങളെ തടയാൻ നിരവധി പട്ടാളക്കാർ ഉണ്ടാവും എന്നതിലെ ഭീതി ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ, അത്രയും സുരക്ഷകൾക്കിടയിലും പള്ളി പൊളിക്കാനുള്ള ഞങ്ങളുടെ ത്വര വർധിക്കുകയാണുണ്ടായത്. മാനസികമായി ഒരായിരം തവണ ഞങ്ങളതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു’, ആമിർ പറഞ്ഞു. ‘ആ ദിവസം ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. ഞങ്ങളെ ലക്ഷ്യമിട്ട് ഒരു ഹെലികോപ്ടർ താഴ്ന്ന് പറക്കുന്നത് കണ്ട എന്റെയുള്ളിൽ പേടിയും നിഴലിക്കാൻ തുടങ്ങി. എന്റെ പുറകിലുള്ളവർ വലിയ ശബ്ദത്തോടെ അർത്തലക്കുന്നത് എന്റെ ചെവികളിൽ മുഴങ്ങിക്കേട്ടു. ഞാൻ മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളിൽ സ്ഥാനമുറപ്പിച്ചു. താഴെ ശബ്ദം ഉയർന്ന വന്നതോടെ താഴികക്കുടത്തിൽ ആഞ്ഞുകുത്തി’ പള്ളി തകർത്തു.

‘സ്വദേശമായ പാനിപ്പത്തിൽ തിരിച്ചെത്തിയപ്പോൾ എനിക്കൊരു ഹീറോ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അയോധ്യയിൽ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകൾ പാനിപ്പത്തിലെ ശിവസേനാ ഓഫീസിൽ സൂക്ഷിച്ചു. പക്ഷേ, വീട്ടിൽ സ്ഥിതി മറ്റൊന്നായിരുന്നു. വീട്ടുകാരുടെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മതേതര പാരമ്പര്യമുള്ള എന്റെ കുടുംബം എന്നെ ആക്ഷേപിക്കുകയും എന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഞാൻ കർസേവകർക്കൊപ്പം ചേർന്നത് പൂർണ ബോധ്യത്തോടുകൂടിത്തന്നെയായിരുന്നു. പക്ഷേ, പിന്നീട് ഞാൻ വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസിലായി’, ആമിർ പറയുന്നു.

‘ഞങ്ങളിലൊരാളേ ഇനി ആ വീട്ടിൽ ഉണ്ടാവൂ എന്ന് അച്ഛൻ ഉറപ്പിച്ച് പറഞ്ഞു. വീട് വിട്ടിറങ്ങാൻ ഞാൻ തീരുമാനിച്ചു. ഞാൻ എന്റെ ഭാര്യയെ നോക്കി. അവൾ എന്നോടൊപ്പം നിൽക്കാൻ തയ്യാറായില്ല. അതോടെ ഞാൻ ഒറ്റയ്ക്ക് അവിടെനിന്നിറങ്ങി’. രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടെന്ന വാർത്തയാണ് താൻ പിന്നീട് കേട്ടതെന്നും ആമിർ പറഞ്ഞു. പിന്നീട് അച്ഛൻ മരിച്ചു എന്നറിഞ്ഞതിന് ശേഷമാണ് താൻ വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും ആമിർ ഓർക്കുന്നു. പക്ഷേ, ആമിറിനെ സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. തന്റെ ശവസംസ്‌കാരത്തിന് ആമിറിനെ പങ്കെടുപ്പിക്കരുതെന്ന് പിതാവ് കുടുംബാംഗങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ആമിറിനെ ഞെട്ടിത്തരിപ്പിച്ചത് മറ്റൊന്നായിരുന്നു. ബാബറി മസ്ജിദ് തകർക്കുന്നതിൽ ആമിറിനൊപ്പമുണ്ടായിരുന്ന ആത്മാർത്ഥ സുഹൃത്ത് യോഗേന്ദ്ര പാൽ മുസ്ലിം മതം സ്വീകരിച്ചു. യോഗേന്ദ്ര പാലിനോടുള്ള സംസാരിത്തിലൂടെയാണ് താൻ ചെയ്ത പാതകത്തിന്റെ ആഴം മനസിലായതെന്നും ആമിർ പറയുന്നു. ‘ഞാൻ നിയമം കയ്യിലെടുക്കുകയും ഇന്ത്യൻ ഭരണഘടനയെ ലംഘിക്കുകയും ചെയ്‌തെന്ന് എനിക്ക് പതിയെപ്പതിയെ ബോധ്യപ്പെട്ടു. കനത്ത കുറ്റബോധമുണ്ടായി… ഞാൻ ഇസ്ലാം മതം സ്വീകരിച്ചു’, രജ്പുത് വിഭാഗത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ആമിർ വിശദീകരിച്ചു.

ഒരു മത പുരോഹിതന് അടിത്തെത്തിയാണ് ഇദ്ദേഹം മതം മാറിയതും കുറ്റം ഏറ്റുപറഞ്ഞതും. ‘എന്നെ ഇസ്ലാം മതത്തിലേക്ക് സ്വീകരിക്കുമോ എന്നകാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി തകർത്ത എന്നോട് നിരവധിപ്പള്ളി നിർമ്മിക്കാൻ സഹായിക്കാമല്ലോ എന്നദ്ദേഹം പറഞ്ഞു. അത് വളരെ നിസാരമായ വാക്കുകളായിരുന്നു. ഞാനവിടെയിരുന്ന് ഉറക്കെ കരഞ്ഞു’. മദ്രസയിൽ കുറച്ച് മാസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ബാൽബിർ ഇസ്ലാം മതം സ്വീകരിച്ചത്. പിന്നെ മുഹമ്മദ് ആമിർ എന്ന പേരും സ്വീകരിച്ചു.

പിന്നീട് ആമിർ വീട്ടിലെത്തി. ഭാര്യ അദ്ദേഹത്തെ പിന്തുണച്ച് ഇസ്ലാം മതം സ്വീകരിച്ചു. ഭാര്യയുടെ മരണ ശേഷം ആമിർ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് സ്‌കൂളുകളിൽ ഇസ്ലാം അദ്ധ്യാപകനായും പ്രവർത്തിച്ചു. നിയമം നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 1993 നും 2017നും ഇടയിൽ നാൽപതോളം പള്ളികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞെന്ന് ആമിർ പറയുന്നു.

എൽകെ അദ്വാനി , മുരളീ മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേർ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി. വീഡിയോ കോൺഫറൻസ് വഴിയാണ് ഇവർ വിധി പ്രസ്താവം കേട്ടത്.

ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്റ് റിപ്പോർട്ട് 17 വർഷം വൈകിയെങ്കിൽ, 28 വർഷത്തിന് ശേഷമാണ് മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നത്. കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകർത്ത കേസിൽ വിധി എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP