Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദുഃഖാചരണവും; അമേരിക്കയിൽ നിന്നും മൃതദേഹം സ്വദേശത്തേക്ക് ഇന്നെത്തിക്കും; മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുക ബന്ധുക്കൾ മാത്രം; നിയന്ത്രണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനാരോഗ്യ സംരക്ഷണവും മുൻനിർത്തിയെന്ന് വിശദീകരണം

അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദുഃഖാചരണവും; അമേരിക്കയിൽ നിന്നും മൃതദേഹം സ്വദേശത്തേക്ക് ഇന്നെത്തിക്കും; മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുക ബന്ധുക്കൾ മാത്രം; നിയന്ത്രണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനാരോഗ്യ സംരക്ഷണവും മുൻനിർത്തിയെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: ഇന്നലെ അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിർ അൽ സബാഹിന്റെ മൃതദേഹം ഇന്ന് കുവൈത്തിലെത്തിക്കും. മരണാനന്തര ചടങ്ങുകളിൽ ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് മരണാനന്തര ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനാരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് ചടങ്ങുകൾ ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്താൻ തീരുമാനിക്കുന്നതെന്ന് അമീരി ദിവാൻ അഫയേഴ്‍സ് മന്ത്രി ശൈഖ് അലി ജറ അൽ സബാഹ് അറിയിച്ചു. അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെ വികാരത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്‍മദ് അൽ ജാബിർ അൽ സബാഹ് ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. ആധുനിക കുവൈത്തിന്റെ ശില്പികളിൽ ഒരാളായ അമീർ 40 വർഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. ജൂലൈയിലാണ് അമീറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014 ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു.

കുവൈറ്റിനെ വികസനത്തിന്റെ പാതയിൽ കൂടുതൽ ഉന്നതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വികസനത്തിന്റെ പുതുയുഗ പിറവിക്കായി പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ശൈഖ് സബാഹ് നിലകൊണ്ടപ്പോൾ ശക്തമായ പിൻബലം നൽകി കുവൈറ്റ് ജനതയും അദ്ദേഹത്തിന് ഒപ്പം നിന്നു. അടിസ്ഥാന നയങ്ങളിൽ മാറ്റമില്ലാതെ കുവൈത്ത് സമൂഹത്തെ ആധുനിക വത്കരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മേലുള്ള നിയമങ്ങൾക്ക് അയവു വരുത്തിയ അദ്ദേഹം വിവിധ തസതികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിച്ചും ആദരണീയനായി. കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയ അദ്ദേഹത്തിന്റെ കാലത്താണ് ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്തത്.

അത്രമേൽ പ്രായോഗിക രാഷ്ട്രീയവും ദീർഘ വീക്ഷണവുമുള്ള കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തും സാമ്പത്തിക ആസൂത്രണ മേഖലയിലും വിശാലമായ കാഴ്ചപ്പാടും, നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമായിരുന്നു. രാജ്യ്തതിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സാമൂഹിക സാംസ്‌കാരിക വികസനത്തിനും, വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കും അദ്ദേഹം മുൻതൂക്കം നൽകി. വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തിയിരുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു.

1963 ൽ കുവൈത്ത് ആദ്യമായി യു എൻ പൊതുസഭയിൽ അംഗമായി, തുടർന്ന് നീണ്ട 40 വർഷം യു എൻ പൊതുസഭയിൽ ശൈഖ് സബാഹിന്റെ ശക്തമായ സാന്നിധ്യം നിലനിർത്തി. അന്താരാഷ്ട്ര സമിതികളിൽ അംഗത്വം നേടുകയും ലോക ആരോഗ്യ സംഘടന, ലോക തൊഴിൽ സംഘടനയിലും, 1967 ൽ അന്താരാഷ്ട്ര സാമ്പത്തിക സമിതിയിലും, യൂ എൻ സാംസ്‌കാരിക സമിതികളിലും കുവൈത്ത് അംഗമായി. 2003 ൽ പ്രധാന മന്ത്രിയായതിനെ തുടർന്ന് 58-ാമത് യുഎൻ പൊതുസഭയിൽ ശൈഖ് സബാഹ് പ്രമേയം അവതരിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.

ഊഷ്മളമായ അന്താരാഷ്ട്ര പങ്കാളിത്തം വഴി വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തുകയുമായിരിന്നു ഭരണാധികാരിയെന്ന നിലയിൽ ശൈഖ് സബാഹ്. 1957ൽ കുവൈറ്റ് ഭരണത്തിന്റെ മുൻ നിരയിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്തു. വിദേശ കാര്യ മന്ത്രിയായി 40 വർഷക്കാലത്തെ മികച്ച വിദേശ നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി. സമാധാനത്തിന്റെയും യുദ്ധ വിരുദ്ധ പ്രഖ്യാപനത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന സാംസകാരിക സഹിഷ്ണുതയുള്ള രാജ്യമായി കുവൈത്തിനെ ഉയർത്തുന്നതിനും അദ്ദേഹത്തിന്റെ വിദേശ നയം സഹായിച്ചു.

2005 ജൂലൈയിൽ ജോർജ് വാഷിങ്ടൺ സർവകലാശാല ഹോണററി ഡോക്ടർ ഓഫ് ലാസ് ഡിഗ്രി നൽകി സബാഹിനെ ആദരിച്ചു. വിദേശ നിക്ഷേപത്തിലൂടെ സാമ്പത്തിക മുന്നേറ്റം എന്ന ആശയത്തിലൂന്നി രാജ്യത്തെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ശൈഖ് സബാഹ്. വിദേശ നിക്ഷേപം ലക്ഷ്യമാക്കി സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ചു. വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകൾ കുവൈത്തിൽ ആരംഭിച്ചു.

രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കിയ നയതന്ത്രജ്ഞൻ

നികുതി നിയമത്തിൽ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിപ്പിക്കുന്നതിന് ഉന്നത സമിതിക്ക് രൂപം നൽകി. അന്താരാഷ്ട്ര കമ്പനികൾ എത്തിയതോടെ ഗൾഫ് മേഖലയിൽ കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് സൂചിക കുതിച്ചുയർന്നു. രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കി. വിദേശ സർവകലാശാലകളും കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു.

വനിതകൾക്ക് വോട്ടവകാശം നേടിക്കൊടുത്ത ജനാധിപത്യ സ്‌നേഹി

രാജ്യത്തെ വനിതകൾ ദീർഘ കാലമായി ആവശ്യപ്പെടുന്ന വോട്ടവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കുന്നതിന് പിന്നിൽ പ്രധാന ശക്തിയായി ശൈഖ് സബാഹ്. പലതവണ പാർലമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ബിൽ വീണ്ടും വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുകയും 2005 ൽ കുവൈത്ത് ജനാധിപത്യ ചരിത്രം തിരുത്തിയെഴുതി. ചരിത്ര താളുകളിൽ വനിതകളുടെ വോട്ടവകാശം ഇടം തേടി.

ജനാതിപത്യ പരിഷ്‌കർത്താവ് എന്ന നിലയിൽ 2005 ൽ ആദ്യമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. കൂടാതെ ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചു. കുവൈത്ത് സർവകലാശാലയിലെ ഡോക്ടർ മാസുമാ അൽ മുബാറക്കിനെ ആസൂത്രണ മന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചു അന്നത്തെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന സബാഹ്. ജനാതിപത്യ പ്രക്രിയയിൽ അദ്ദേഹം വരുത്തിയ ഭരണ പരിഷ്‌കരമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നൽകി

സ്വദേശികളുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വിദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തയ്യാറായി. തൊഴിൽ അവസരങ്ങൾക്കനുസൃതമായി നിയമ പരമായ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു തൊഴിൽ നിയമ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ നിലവാരത്തിൽ പുതിയൊരു തൊഴിൽ സംസ്‌കാരത്തിന് രൂപം നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന പുതിയ തൊഴിൽ നിയമം അന്താരാഷ്ട്ര നിലവാരത്തിൽ രാജ്യത്ത് നടപ്പിലാക്കി.

കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കി

കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. 2006ലാണ് കുവൈത്ത് അമീർ പദവിയിലെത്തിയ ശേഷം ഇന്ത്യയിൽ ഒരാഴ്ച നീണ്ട സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നതിനും, ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സാധ്യതകൾ തെളിഞ്ഞു. വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളിൽ കുവൈത്ത് ഇന്ത്യ സഹകരണം കൂടുതൽ ശക്തമായി.

തൊഴിൽ റിക്രൂട്ടിങ് സംബന്ധിച്ചു ഇരു രാജ്യങ്ങളും പരസ്പരം ഒപ്പു വച്ച ധാരണ പത്രം ഉൾപ്പെടയുള്ള സുപ്രധാന കരാറുകളുടെ തുടക്കത്തിന് അമീറിന്റെ ഇന്ത്യ സന്ദർശനം ഇടയാക്കി. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല പ്രധിനിധി സംഘങ്ങൾ സന്ദർശനം നടത്തി പുതിയ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു. കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തിയാർജിച്ചു വിദേശ ജനസംഖ്യയിൽ ഇന്ത്യ മുൻ പന്തിയിലെത്തി. ഇന്ത്യൻ സമൂഹത്തോടും ഇന്ത്യയോടും പ്രത്യേക പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ്. കുവൈത്ത് ഇന്ത്യ ബന്ധം പൂർവാധികം ശക്തമാവുകയും ഇന്ത്യക്കാർ ശക്തമായ സാന്നിധ്യമായി 10 ലക്ഷം കവിഞ്ഞു.

പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരി

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിലൂടെ പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരിയെയാണ് നഷ്ടമായത്. ഖത്തറിലെ സ്വദേശികൾക്ക് മാത്രമല്ല പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അയൽ രാജ്യമെന്നതിനേക്കാൾ ഉപരി ഖത്തറിന്റെ സഹോദര രാജ്യവും ശക്തികേന്ദ്രവും കൂടിയാണ് കുവൈത്ത്. ഗൾഫിന്റെ ഐക്യം ഏറെ ആഗ്രഹിച്ച ഭരണാധികാരി. സൗദി സഖ്യം ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ നിമിഷം മുതൽ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതൽ തന്നെ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ,ഭക്ഷ്യേതര സാധനങ്ങൾ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.

2019 മെയ്‌ 19 നായിരുന്നു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഔദ്യോഗിക കുവൈത്ത് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയാണ് ഓരോ കൂടിക്കാഴ്കളും അവസാനിച്ചിരുന്നത്. ഖത്തർ അമീറിനോട് ഏറെ വാൽസല്യവും സ്നേഹവും പ്രകടമാക്കിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇരുവരും തമ്മിൽ അഭേദ്യമായ ആത്മബന്ധവും ഉണ്ടായിരുന്നു. യുഎസിലെ ചികിത്സക്കിടയിലും കുവൈത്ത് അമീറുമായി അദ്ദേഹം നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. കുവൈത്ത് അമീറിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറായേക്കും

കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറാകുമെന്ന് പ്രതീക്ഷ. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 83കാരനായ ഇദ്ദേഹം ജുലൈ 18 മുതൽ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.

കുവൈത്ത് നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തിൽ കിരീടാവകാശി ആക്ടിങ് ഭരണാധികാരിയായി ചുമതലയേൽക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അർധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധആഭ്യന്തര മന്ത്രിയായിരുന്നു.

1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴിൽസാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയിൽ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാർഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. ഗൾഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം ഗൾഫ് കൊ ഓപറേഷൻ കൗൺസിൽ(ജിസിസി) സമ്മേളനങ്ങളിൽ നിർണായകമായ റോൾ കൈകാര്യം ചെയ്തു. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP