Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടംപാലത്തിന്റെ ഭാരപരിശോധന ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതി വരെ പോയി; ആറേഴുമാസം കൊച്ചിക്കാരെ കഷ്ടപ്പെടുത്തിയത് കരാറുകാരനെ രക്ഷിക്കാനോ? കരാർ കമ്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റെന്ന് നിയമവിദ​ഗ്ധർ; നിർമ്മാണക്കരാറിൽ ഉൾപ്പെടാത്ത വ്യവസ്ഥകൾക്കു നിർബന്ധിച്ചാൽ അത് അംഗീകരിക്കില്ലെന്ന നിലപാടിൽ കരാറുകാരുടെ സംഘടനയും

പാലാരിവട്ടംപാലത്തിന്റെ ഭാരപരിശോധന ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതി വരെ പോയി; ആറേഴുമാസം കൊച്ചിക്കാരെ കഷ്ടപ്പെടുത്തിയത് കരാറുകാരനെ രക്ഷിക്കാനോ? കരാർ കമ്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതക്ക് മങ്ങലേറ്റെന്ന് നിയമവിദ​ഗ്ധർ; നിർമ്മാണക്കരാറിൽ ഉൾപ്പെടാത്ത വ്യവസ്ഥകൾക്കു നിർബന്ധിച്ചാൽ അത് അംഗീകരിക്കില്ലെന്ന നിലപാടിൽ കരാറുകാരുടെ സംഘടനയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഭാരപരിശോധന നടത്തണമെന്ന നിർദ്ദേശം തള്ളിക്കളഞ്ഞ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നത് കരാറുകാരനെ രക്ഷിക്കാനെന്നുള്ള ആരോപണങ്ങൾ ശക്തമാകുന്നു. പാലത്തിന്റെ ഭാരപരിശോധന ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതി വരെ പോയിരുന്നു. ഇതുവഴി, കരാർ കമ്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയ്ക്കാണ് മങ്ങലേറ്റത്. ബലക്ഷയമുണ്ടോ എന്നു പരിശോധിക്കാൻ കരാറുകാരൻ സന്നദ്ധനായിട്ടും സർക്കാർ അതിനു തയാറാകാതിരുന്നത് ഫലത്തിൽ പാലം നിർമ്മിച്ച ആർ.ഡി.എസ്. കമ്പനിക്കു ​ഗുണകരമാകുകയായിരുന്നു. പാലത്തിന് ഭാരപരിശോധന ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയ സംസ്ഥാന സർക്കാർ പാലം നിർമ്മിച്ച ആർ.ഡി.എസ്. പ്രൊജക്ട്‌സുമായി ഉണ്ടാക്കിയ ടെൻഡർ കരാറുകൾ നിയമപോരാട്ടത്തിനു വഴിവയ്ക്കുമെന്നാണ് നിയമവിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കരാർ കമ്പനി വഹിക്കണമെന്നാണു ടെൻഡർ വ്യവസ്ഥ. പാലം കമ്മിഷനിങ് നടത്തി മൂന്നുവർഷത്തിനകം വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾ കരാറുകാരുടെ ബാധ്യതയാണ്. അതിനിടെ പാലം ബലക്ഷയത്തിന്റെ പേരിൽ പൊളിച്ചു പണിയുമ്പോൾ കരാറുകാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. സ്പാനുകൾ പൊളിച്ചുമാറ്റാൻ പാലം പരിശോധിച്ച മദ്രാസ് ഐ.ഐ.ടിയുടെ വിദഗ്ദ്ധർ നിർദ്ദേശിച്ചിരുന്നില്ല. ഏഴുകോടി രൂപ മുടക്കിയുള്ള അറ്റകുറ്റപ്പണികളാണ് അവർ നിർദ്ദേശിച്ചത്. ഇപ്പോൾ 97 സ്പാനുകളും അവയുടെ ഗർഡറുകളും മാറ്റിവയ്ക്കുകയാണു ചെയ്യുന്നത്. പാലത്തിന് ബലക്ഷയമുണ്ടായിരുന്നില്ലെന്നും ഭാരപരിശോധന നടത്താതിരുന്നതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും കരാറുകാരന് വാദിക്കാം. അറ്റകുറ്റപ്പണി നടത്തിയാൽ പാലാരിവട്ടം പാലം ഗതാഗതയോഗ്യമാക്കാമെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് ഇ. ശ്രീധരൻ തള്ളിയതോടെയാണ് പൊളിച്ചുപണിയൽ നിർദ്ദേശം ശക്തമായത്.

പാലം പൊളിക്കേണ്ട സാഹചര്യമുണ്ടായത് ഡിസൈനിലെ അപാകതകൊണ്ടു കൂടിയാണെന്ന വാദം സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചതിനാൽ അതിനെതിരെ റിവ്യു ഹർജി നൽകാനുള്ള സാധ്യത തേടുകയാണ് കരാറുകാരുടെ സംഘടന. നിർമ്മാണക്കരാറിൽ ഉൾപ്പെടാത്ത വ്യവസ്ഥകൾക്കു നിർബന്ധിച്ചാൽ അത് അംഗീകരിക്കില്ലെന്ന വാദമാണ് കരാറുകാരുടേത്. കരാറുകാരൻ നൽകിയ ബാങ്ക് ഗ്യാരന്റി പാലത്തിൽ വിള്ളൽ കണ്ടപാടെ സർക്കാർ പിൻവലിച്ചു. ഇതിനിടെ പാലം ബലപ്പെടുത്താനും മറ്റുമായി രണ്ടരക്കോടി രൂപ ചെലവിട്ടതായും കരാറുകാരൻ പറയുന്നു.

നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമ്മാണം. ഊരാളുങ്കൽ ലേബർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ. ഗതാഗതത്തെ ബാധിക്കാത്തവിധം പാലം പൊളിച്ചുനീക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എട്ട് മാസംകൊണ്ട് പുതിയ പാലം നിർമ്മിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാലനിർമ്മാണത്തിന്റെ മേൽനോട്ടചുമതല വഹിക്കുന്ന ഡിഎംആർസി. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആർസി മുഖ്യ ഉപദേശകൻ ഇ.ശ്രീധരനുമായി സംസ്ഥാന സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു.

പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്കു വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. ഇന്ന് മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഡി.എം.ആർ.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിൽനിന്നുള്ള മിച്ചമായി 17.4 കോടി രൂപ തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമ്മാണം നടത്തും.

കഴിഞ്ഞ ആഴ്‌ച്ചയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം പണി ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സന്നധത അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP