Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ സുഹൃത്തായി നടിച്ച് രാത്രി മദ്യപിച്ച് വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പുറത്തു പറഞ്ഞാൽ ഭർത്താവിനെ കേസുകളിൽ കുരുക്കുമെന്നും ഭീഷണി; ദലിത് യുവതിയുടെ പരാതിയിൽ ഡിവൈഎസ്‌പിക്കെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി മലയാള സിനിമാ പ്രവർത്തകന്റെ ഭാര്യയായ യുവതി മറുനാടനോട്

ഭർത്താവിന്റെ സുഹൃത്തായി നടിച്ച് രാത്രി മദ്യപിച്ച് വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പുറത്തു പറഞ്ഞാൽ ഭർത്താവിനെ കേസുകളിൽ കുരുക്കുമെന്നും ഭീഷണി; ദലിത് യുവതിയുടെ പരാതിയിൽ ഡിവൈഎസ്‌പിക്കെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി മലയാള സിനിമാ പ്രവർത്തകന്റെ ഭാര്യയായ യുവതി മറുനാടനോട്

പ്രമോദ് ഒറ്റക്കണ്ടം .

പാലക്കാട് : ഭർത്താവിന്റെ സുഹൃത്തായി നടിച്ച് പലപ്പോഴും വീട്ടിലെത്തി പിന്നിട് ഭർത്താവില്ലാത്ത നേരം നോക്കി രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്‌പിയെ കേസ്സിൽ നിന്നൊഴിവാക്കാൻ നീക്കമെന്ന് ആക്ഷേപവുമായി വീട്ടമ്മ. മുൻ പട്ടാമ്പി സി ഐയും ഇപ്പോൾ ഡിവൈഎസ്‌പിയുമായ പി എസ് സുരേഷിനെതിരെയാണ് പ്രമുഖ മലയാള സിനിമാ പ്രവർത്തകന്റെ ഭാര്യയായ ദലിത് യുവതിയും കുടുംബവും ആരോപണം ഉന്നയിക്കുന്നതും നിയമ നടപടികളുമായി മുന്നോട്ടു പോവുന്നതും.

വീട്ടമ്മയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. പരാതിക്കിടയാക്കിയ സംഭവം നടന്ന 2016 ജൂലൈ ഒൻപതിനാണ്. അന്ന് സിഐ സുരേഷ് ഉച്ച സമയത്ത് കുടുംബ സമേതം തങ്ങളുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഭർത്താവില്ലാത്ത സമയം നോക്കി രാത്രി 9 മണിയോടെ ഇയാൾ മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ വീണ്ടും എത്തുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി തന്നെ കടന്നു പിടിക്കാനും എതിർത്തപ്പോൾ ഇത് പുറത്തു പറഞ്ഞാൽ ഭർത്താവിനെ കേസുകളിൽ കുരുക്കുമെന്നും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന യുവതി പരാതിയിൽ പറയുന്നു. അതിനു ശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഭയം മൂലം ഭർത്താവിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എങ്കിലും മേലിൽ ഇയാളെ വീട്ടിലേക്ക് വിളിക്കരുതെന്ന് വിലക്കി. എന്നാൽ കുട്ടിയുടെ ജന്മദിനത്തിൽ അയാൾ വീണ്ടുമെത്തിയിരുന്നു. അതിനെ സംബന്ധിച്ച് ഭർത്താവുമായി കലഹമായി .

സ്ഥലത്ത് ഇല്ലാതിരുന്നിട്ട് പോലും നിരവധി കേസ്സുകളിൽ പ്രതി ചേർക്കാനുള്ള നീക്കമുണ്ടായി എങ്കിലും ഇതിനു പിന്നിൽ അന്ന് സുഹ്യത്തായ ഉദ്യോഗസ്ഥന്റെ കൈകളായിരുന്നുവെന്ന് തനിക്ക് മനസ്സിലായില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് 'മറുനാടൻ മലയാളിയോട്' പറഞ്ഞു. പൊതുപ്രവർത്തകൻ കൂടിയായ ഇദ്ദേഹം സ്ഥലത്തെ ബിജെപി, എസ്ഡിപിഐ സംഘട്ടനത്തിലെ പ്രതികളായ ബിജെപി പ്രവർത്തകരെ സുരേഷ് പറഞ്ഞതിൻ പ്രകാരം ബന്ധപ്പെട്ട് തൃത്താല പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനായി തന്റെ വാഹനത്തിൽ കൊണ്ടു വരുമ്പോൾ സ്റ്റേഷനു സമീപം പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ വലിച്ചിറക്കി മർദ്ദിച്ച് അറസ്റ്റ് ചെയ്തു.

തന്നെ കേസിൽ പ്രതിയാക്കുന്നതിനും ബിജെപി, എസ്ഡിപിഐ പ്രവർത്തകർക്ക് തന്നോട് വിരോധം തോന്നുന്നതിനും സി ഐ നടത്തിയ നാടകമായിരുന്നു ആ അറസ്റ്റ് എന്ന് സിനിമാ പ്രവർത്തകൻ ആരോപിക്കുന്നു. എന്നാൽ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതിനാൽ ആ കേസ്സിൽ താൻ പ്രതി ആയില്ല. അതിനു ശേഷം എസ്ഡിപിഐ പ്രവർത്തകർ തന്നെ അപകടപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സുരേഷ് തന്നെ ഫോണിൽ വിളിച്ച് പറയുന്നത് കേട്ട ഭാര്യ ഇയാളിൽ നിന്നും മുൻപുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞപ്പോളാണ്, നാളുകളായി സി ഐ ലോഹ്യം നടിച്ച് തന്നെ വേട്ടയാടാൻ നടത്തിയ നീക്കങ്ങൾ ബോധ്യമായതെന്നും ഇയാൾ പറയുന്നു .

2017 സെപ്റ്റംബറിൽ യുവതി പി എസ് സുരേഷിനെതിരേ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിൽ ആദ്യമായി പരാതി നൽകി. എന്നാൽ ആരോപണത്തിൽ കഴമ്പില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുകയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല .മുഖ്യമന്ത്രിക്ക് പരാതി കൊടുത്തെങ്കിലും അതും എങ്ങുമെത്തിയില്ല. തുടർന്ന് തൃത്താല ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിൻ മേൽ കോടതി ഉത്തരവനുസരിച്ചാണ് മാനഹാനി വരുത്തൽ ,അസഭ്യം പറയൽ ,വീട്ടിനുള്ളിൽ അതിക്രമിച്ചു കടക്കൽ ,പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നിവയുടെ പേരിൽ സെക്ഷൻ 448,354,354അ,294B എന്നീ വകുപ്പുകൾ ചേർത്ത് തൃത്താല പൊലീസ് സ്റ്റേഷനിൽ ഇയാളെ പ്രതിയാക്കി കേസെടുത്തത് . ഇതിനു മുൻപു തന്നെ സുരേഷ് പ്രമോഷനായി മട്ടാഞ്ചേരി എസിപിയായി ആയി ചാർജ്ജ് എടുത്തിരുന്നു . നിലവിൽ കഴിഞ്ഞ ഒൻപതു മാസമായി കേസിന്റെ അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിനാണ് . ഡിവൈഎസ്‌പി പ്രിഥ്വിരാജിനാണ് അന്വേഷണ ചുമതല. ഇദ്ദേഹത്തിന് വിരമിക്കാൻ മൂന്നു മാസം മാത്രമാണ് കാലാവധി ഉള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ താമരശ്ശേരി ഡിവൈഎസ്‌പി ആയി മാറ്റി നിയമിച്ചിരുന്നു .

കേസ്സിനെ സംബന്ധിച്ച മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് സിനിമാ പ്രവർത്തകൻ പൊലീസിന്റെ സഹായി ആയിരുന്നു എന്നും വിട്ടിൽ രണ്ടു തവണ പോയിട്ടുണ്ടെന്നും അവസാനം ക്ഷണിച്ചതനുസരിച്ച് കുട്ടിയുടെ ജന്മദിനാഘോഷത്തിന് ചെന്നിരുന്നതായും സ്ഥിരം കുറ്റവാളികൾക്കെതിരെ എടുക്കുന്ന 107 അടക്കമുള്ള നിരവധി കേസ്സുകളിൽ പ്രതിയായതിന്റെ വിരോധമാണ് തനിക്കെതിരായ പരാതിക്കാധാരമെന്നും താൻ നിരപരാധിയാണെന്നുമാണ് ഡിവൈഎസ്‌പി പി എസ് സുരേഷ് പ്രതികരിച്ചത്. അതേസമയം ഇദ്ദേഹത്തിനെതിരെ നേരത്തെയും പരാതികൾ ഉണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സുരേഷ് മട്ടാഞ്ചേരി ഡിവൈസ്പി ആയിരിക്കുമ്പോൾ സെൻട്രൽ സി ഐ ആയിരുന്ന നവാസിന്റെ തിരോഥാനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു. ഇതിനേ സംബന്ധിച്ച് അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .മോശം സർവ്വീസിന്റെ പേരിൽ നിരവധി പി ആറു കൾ സമ്പാദിച്ച സുരേഷിനെതിരെ ചേർപ്പ് സി ഐ ആയിരിക്കുമ്പോൾ കൃത്യവിലോപത്തിന്റെ പേരിൽ ഐ ജി ബി സന്ധ്യ ലോക്കൽ പൊലീസിൽ നിയമിക്കരുതെന്ന കുറിപ്പ് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയിരുന്നു.

നിലവിൽ പി എസ്സ് സുരേഷ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ്. ഇയാൾക്കെതിരായ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് ക്രൈംബ്രാഞ്ചും. പക്ഷേ 9 മാസം കഴിഞ്ഞിട്ടും പട്ടികജാതി വനിതക്കെതിരായ പീഡന സംബന്ധിയായ കേസ്സിന്റെ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. മജിസ്ട്രേട്ട് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പരാതിയിൽ കഴമ്പില്ലാ എന്ന് പറഞ്ഞ് എഴുതി തള്ളാനും അന്വേഷണ സംഘത്തിനാവില്ല . ഈ വിഷയത്തിൽ നിജസ്ഥിതി അറിയാനായി അന്വേഷണ സംഘത്തലവനായ ഡിവൈഎസ്‌പി പ്രഥ്വിരാജിനെ നിരവധി തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.

അന്വേഷണ ഉദ്യോഗസ്ഥന് സുരേഷിനെ രക്ഷപ്പെടുത്താൻ വലിയ സമ്മർദ്ദമുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ ഇയാൾ കുടുങ്ങുമെന്നുറപ്പാണെന്നും നീതി കിട്ടുന്നിടം വരെ തങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നും ഇരകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP