Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബ്രിട്ടന്റെ ഭാവി നിശ്ചയിക്കാൻ നിയോഗിക്കപ്പെട്ട അഞ്ചംഗ പാനലിൽ ഇന്ത്യൻ വംശജയായ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് പ്രൊഫസറും; ഡൽഹി യൂണീവേഴ്സിറ്റിയിൽ പഠിച്ച് എൽ എസ് എയിൽ പ്രൊഫസറായി ബ്രിട്ടന്റെ വ്യാപാര പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ ഇറങ്ങിയ സ്വാതിയുടെ കഥ

ബ്രിട്ടന്റെ ഭാവി നിശ്ചയിക്കാൻ നിയോഗിക്കപ്പെട്ട അഞ്ചംഗ പാനലിൽ ഇന്ത്യൻ വംശജയായ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് പ്രൊഫസറും; ഡൽഹി യൂണീവേഴ്സിറ്റിയിൽ പഠിച്ച് എൽ എസ് എയിൽ പ്രൊഫസറായി ബ്രിട്ടന്റെ വ്യാപാര പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ ഇറങ്ങിയ സ്വാതിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അത്യാധുനിക വ്യാപാര മാതൃകകളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ബ്രിട്ടന്റെ വ്യാപാര മേഖലയെ ഉണർത്തുവാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുവാനുള്ള പുതിയ അഞ്ചംഗ പാനലിൽ അംഗമായിരിക്കുകയാണ് ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജയായ ഡോ. സ്വാതി ഡിങ്ര. ബ്രെക്സിറ്റിനു ശേഷം മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ് ടി എ) സംബന്ധിച്ചുള്ള സുപ്രധാനമായ ഒരു നീക്കമാണിത്.

യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിലെ ഡെൽഹി സ്‌കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സാമ്പത്തിക ശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡോ. സ്വാതി ഡിങ്ര ഇപ്പോൾ ലണ്ടനിലെ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽ എസ് ഇ) എക്കണോമിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ആണു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ട്രേഡ് (ഡി ഐ ടി) ആണ് ഈ അഞ്ചംഗ പാനൽ രൂപീകരിച്ചത്.

ആഗോളവത്ക്കരണത്തിലും വ്യാവസയിക നയത്തിലും ഗവേഷണം നടത്തിയിട്ടുള്ള സ്വാതിക്ക് എഫ് ഐ ഡബ്ല്യൂ യംഗ് എക്കണോമിസ്റ്റ് അവാർഡും യൂറോപ്യൻ ട്രേഡ് സ്റ്റഡി ഗ്രൂപ്പിന്റെ ചെയർ ജാക്വിമിൻ അവാർഡും ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും ഗ്ലോബലൈസേഷനും എന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. വ്യാപാര കരാറുകളിൽ ഉണ്ടാകാനിടയുള്ള സ്വാധീനങ്ങളെ കുറിച്ച് തിരിച്ചറിയുന്നതിനായാണ് വിവിധ വ്യാപാര മാതൃകകൾ ഉപയോഗിക്കുക എന്ന് ഡി ഐ ടി അറിയിച്ചു.

ഇത്തരത്തിലുള്ള മോഡലിംഗുകൾ വ്യാപാര ചർച്ചകളിൽ മുൻഗണനാ ക്രമം നിശ്ചയിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും സഹായിക്കും. മാത്രമല്ല, ഈ കരാറിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് പരസ്പരം ഉപയോഗപ്രദമായ രീതിയിൽ വികസിപ്പിച്ചെടുക്കാവുന്ന മേഖലകൾ തിരിച്ചറിയുവാനും ഇത് സഹായിക്കും. ആധുനിക സമ്പദ്വ്യവസ്ഥയും അതിൽ സംഭവിച്ച കാതലായ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഡിപ്പാർട്ട്മെന്റിന്റെ മോഡലിങ് പുതുക്കുകയാണെന്ന് യു കെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞു.

മറ്റിടങ്ങളിലെ വ്യാപാര പ്രതിബന്ധങ്ങൾ ഉഛസ്ഥായിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ആഴത്തിൽ ഉള്ളതും വേഗതയേറിയതുമായ സ്വതന്ത്ര വ്യാപാര ഇടപാടുകൾക്ക് കൂടുതൽ പ്രാധാന്യ്മുണ്ടെന്നും ട്രസ്സ് പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട വ്യാപാര മാതൃകകൾ കൂടുതൽ മെച്ചപ്പെട്ട സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കുവാൻ സഹായിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റുകയും ചെയ്യും.

ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള നവ സാമ്പത്തിക വികാസങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും പുതിയ വ്യാപാര മാതൃകകൾക്ക് രൂപം നൽകുക. കോവിഡ് പ്രതിസന്ധി, വർദ്ധിച്ചുവരുന്ന സംരക്ഷണാ വാദം എന്നിവയും ഇതിൽ കണക്കിലെടുക്കും. ഈ മാതൃകകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ ഡി ഐ ടി ക്ക് വിശകലനങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടതും ഈ പാനലാണ്. തികച്ചും സുതാര്യമായ രീതിയിൽ, തെളിവുകൾ സഹിതമായിരിക്കും പാനൽ ഇവയെല്ലാം നൽകുക.

പരമ്പരാഗത രീതിയിലുള്ള വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്, മാറുന്ന ആഗോള സമ്പദ്വ്യവസ്ഥയിൽ ഏറെ ഗുണകരമായിരിക്കില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അതിവിശിഷ്ടമായ പാനൽ രൂപീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ പാനലിന്റെ രൂപീകരണത്തോടെ കൂടുതൽ മെച്ചപ്പെട്ട വിശകലനങ്ങളും പഠനങ്ങളും നടത്താൻ കഴിയുമെന്നും അത് അമേരിക്ക, ആസ്ട്രേലിയ ന്യുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന ഭാവി കരാറുകളിൽ ഏറെ ഗുണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുവാൻ ബ്രിട്ടൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഒരു ഇന്ത്യൻ വംശജ സുപ്രധാനമായ ഒരു പദവിയിൽ എത്തിയത് ഇന്ത്യക്കും ഗുണം ചെയ്തേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP