Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അബ്ദുല്ലക്കുട്ടി വീണ്ടും 'അത്ഭുതക്കുട്ടി' ആയപ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൊതിക്കെറുവ്; അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തുറന്നു പറഞ്ഞ് എം ടി രമേശ്; അതിഥികളെ സൽക്കരിക്കുമ്പോൾ വീട്ടുകാർ പുറത്താകുന്ന അവസ്ഥയെന്ന് സംസ്ഥാന ബിജെപിയിലെ നേതാക്കൾ; കുമ്മനത്തെ തഴഞ്ഞതിലും കടുത്ത എതിർപ്പ്; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ശോഭ സുരേന്ദ്രൻ രാഷ്ട്രീയ വനവാസം തുടരുന്നു

അബ്ദുല്ലക്കുട്ടി വീണ്ടും 'അത്ഭുതക്കുട്ടി' ആയപ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൊതിക്കെറുവ്; അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തുറന്നു പറഞ്ഞ് എം ടി രമേശ്; അതിഥികളെ സൽക്കരിക്കുമ്പോൾ വീട്ടുകാർ പുറത്താകുന്ന അവസ്ഥയെന്ന് സംസ്ഥാന ബിജെപിയിലെ നേതാക്കൾ; കുമ്മനത്തെ തഴഞ്ഞതിലും കടുത്ത എതിർപ്പ്; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തെ കേന്ദ്ര മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ശോഭ സുരേന്ദ്രൻ രാഷ്ട്രീയ വനവാസം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎമ്മിൽ തുടങ്ങി കോൺഗ്രസിൽ ചാടി അവിടെ നിന്നും ബിജെപിയിലേക്ക് ചുവടുവെച്ച അബ്ദുല്ലക്കുട്ടിയെ മുന്നോട്ടു നയിച്ചത് ഒരേയൊരു ഘടകമാണ്. അത് നരേന്ദ്ര മോദിയെ സ്തുതിച്ചു എന്നതാണ്. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന വേളയിൽ മോദി നടത്തിയ വികസന പ്രവർത്തനങ്ങളെ സ്തുതിച്ചു കൊണ്ടാണ് അബ്ദുല്ലക്കുട്ടി രംഗത്തുവന്നത്. ഈ സ്തുതിയാണ് അദ്ദേഹത്തെ ഇപ്പോൾ ബിജെപിയുയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി അബ്ദുല്ലക്കുട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചതിൽ സംസ്ഥാന ബിജെപിയിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്.

ഇന്നലെ കൊച്ചിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരിൽ പലരും ഇക്കാര്യം തുറന്നു പറഞ്ഞു. മിസോറം ഗവർണർ പദവി വിട്ടു സജീവ രാഷ്ട്രീയത്തിലേക്കുവന്ന കുമ്മനം രാജശേഖരനു ദേശീയ നേതൃത്വത്തിൽ പദവി നൽകാതിരുന്നതിലും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നൽകണമെന്ന ആവശ്യം ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായാണു വിവരം. എന്നാൽ, കുമ്മനത്തെ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

കോർ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നൽകാതിരുന്നതിലെ അതൃപ്തിയും ആർഎസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു. അതേസമയം കോർ കമ്മിറ്റി യോഗത്തിൽ നിന്നു മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്.

അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തിൽ വി മുരളീധരനുള്ള പിടിപാടാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ തൽക്കാലം സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. വ്യക്തമാക്കിയത്. അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തീരുമാനം കേരളത്തിലെ പാർട്ടിക്ക് ഗുണകരമാകുമെന്നും രമേശ് പ്രതികരിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരനും പി.കെ. കൃഷ്ണദാസും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അവരെ അർഹമായ രീതിയിൽ പാർട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ മത്സരിക്കാനില്ലെന്നും എം ടി. രമേശ് വ്യക്തമാക്കി. അതേസമയം മുതിർന്ന നേതാവ് ഒ.രാജഗോപാലിനു ശേഷം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലെത്തുന്ന മലയാളി എന്ന നേട്ടവുമായി എ.പി.അബ്ദുല്ലക്കുട്ടി. ദേശീയ തലത്തിൽ അബ്ദുല്ലക്കുട്ടി ഇനി ബിജെപിയുടെ മുഖമാകും. ഭാരവാഹിപ്പട്ടികയിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ഇടം പിടിച്ചത് അബ്ദുല്ലക്കുട്ടി മാത്രം.

ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിന് പിന്നിൽ മോദിയുടേയും അമിത് ഷായുടേയും വ്യക്തമായ പദ്ധതികളാണ്. നിലവിൽ കേന്ദ്രമന്ത്രിസഭയിൽ ബിജെപി.യുടെ മുസ്ലിം മുഖം മുക്താർ അബ്ബാസ് നഖ്വിയാണ്. രണ്ട് മോദി മന്ത്രിസഭയിലും അംഗമായ അദ്ദേഹം ഷിയ വിഭാഗക്കാരനാണ്. മറ്റൊരു ബിജെപി. നേതാവായ നജ്മ ഹെപ്ത്തുള്ളയും ഷിയ വിഭാഗക്കാരിയാണ്. മറ്റൊരു നേതാവായ ഷാനവാസ് ഹുസൈൻ ഇപ്പോൾ അത്ര സജീവമല്ല. ഇതാണ് അബ്ദുള്ളകുട്ടിക്ക് ഭാഗ്യം എത്തിക്കുന്നത്. പ്രബലമായ സുന്നിവിഭാഗത്തിൽ നിന്നുള്ള അബ്ദുള്ളക്കുട്ടിയെ ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ നീക്കം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അബ്ദുള്ളകുട്ടിയെ വൈകാതെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ചിലപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കും പരിഗണിച്ചേക്കുമെന്ന് പാർട്ടിയിൽ അടക്കംപറച്ചിലുണ്ട്. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അബ്ദുള്ളകുട്ടിയെ കാബിനറ്റ് പദവിയോടെ മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. അബ്ദുള്ളക്കുട്ടി സിപിഎമ്മിൽനിന്ന് രണ്ടുതവണ എംപി.യും കോൺഗ്രസിൽനിന്ന് രണ്ടുതവണ എംഎൽഎ.യുമായിട്ടുണ്ട്. അദ്ദേഹത്തെ ബിജെപി.യിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദേശീയമുഖമാക്കി മാറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.

ബിജെപിയിലെത്തി പതിനഞ്ചാം മാസമാണ് ഈ വളർച്ച. സംസ്ഥാന ഉപാധ്യക്ഷനിൽ നിന്ന് ദേശീയ ഉപാധ്യക്ഷനിലേക്ക് അബ്ദുല്ലക്കുട്ടിയുടെ മാറ്റം വെറും 11 മാസം കൊണ്ട്. രാഷ്ട്രീയ എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വളർച്ച കൊണ്ട്, അൽഭുതക്കുട്ടിയെന്ന വിളിപ്പേര് വീണ്ടും അന്വർഥമാക്കുകയാണ് അബ്ദുല്ലക്കുട്ടി. കോൺഗ്രസിൽ നിന്നു പുറത്തായപ്പോൾ രാഷ്ട്രീയം നിർത്തി ഗൾഫിൽ ജോലിക്കു പോകാൻ തയാറായിടത്തു നിന്നാണ്, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതൃനിരയിലേക്കുള്ള കടന്നുവരവ്. എസ്എഫ്‌ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയ അബ്ദുല്ലക്കുട്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി.

കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ തളയ്ക്കാൻ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുല്ലക്കുട്ടിയെ സിപിഎം കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചു. 1999 മുതൽ 2009 വരെ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്നു. സിപിഎം നേതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസവും ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന മാതൃകയെ സ്തുതിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം അദ്ദേഹത്തെ പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി രണ്ടു തവണ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎയുമായി.

മോദി സ്തുതി തന്നെയാണ് കോൺഗ്രസിൽ നിന്നു പുറത്തു പോകാനും കാരണമായത്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ഫേസ്‌ബുക്കിൽ അബ്ദുല്ലക്കുട്ടി പോസ്റ്റ് ഇട്ടതോടെ കോൺഗ്രസ് നേതാക്കൾ ഇടഞ്ഞു. തുടർന്ന് നരേന്ദ്ര മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്. അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ദേശീയ ഉപാധ്യക്ഷ പദവി ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണെന്നാണു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP