Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് കോവിഡ് കേസുകൾ ആയിരം കടന്നു; ഇന്ന് രണ്ടുമരണം കൂടി; 1040 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 970 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെ ; ജില്ലയിൽ സ്ഥിതി ആശങ്കാജനകമെന്നും ആരോഗ്യജാഗ്രത പാലിക്കുന്നതിൽ അലംഭാവം അരുതെന്നും കളക്ടറും ഡിഎംഒയും

മലപ്പുറത്ത് കോവിഡ് കേസുകൾ ആയിരം കടന്നു; ഇന്ന് രണ്ടുമരണം കൂടി; 1040 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 970 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെ ; ജില്ലയിൽ സ്ഥിതി ആശങ്കാജനകമെന്നും ആരോഗ്യജാഗ്രത പാലിക്കുന്നതിൽ അലംഭാവം അരുതെന്നും കളക്ടറും ഡിഎംഒയും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം തീരദേശമായ താനൂർ മേഖലയിൽ ഇന്ന് രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു.ഇന്ന് മാത്രം മലപ്പുറത്ത് കോവിഡ് റിപ്പോർട്ട്ചെയ്തത് 1,040 പേർക്കും. മലപ്പുറം ജില്ലയിൽ സ്ഥിതി ആശങ്കാജനകമെന്ന് കലക്ടറും ഡി.എം.ഒയും. താനൂർ പുതിയ കടപ്പുറത്തെ മത്സ്യ ത്തൊഴിലാളിയായ കാമ്പ്രത്ത് മൊയ്തീൻകോയ(71), താനാളൂർ എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് വി ടി.എം- അഷ്റഫി തങ്ങൾ (50) എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽവച്ചാണ് മൊയ്തീൻകോയ മരിച്ചത്.ഭാര്യ. കുഞ്ഞിമോൾ. മക്കൾ. സെയ്തലവി, റഷീദ്, സൽമ, ജബ്ബാർ, സാബിറ, സക്കീന, ഉബൈദ്, ബുഷറ. മരുമക്കൾ. ആലിക്കോയ, സലാം ,അസ്‌കർ, സെയ്ഫർ ,നസീറ, ആരിഫ, സുഹാന, ഉദൈഫ . ഖബറടക്കം കോവിഡ് മാനദണ്ഡ പ്രകാരം കാളാട് ജുമാഅത്ത് പള്ളിയിൽ നടന്നു.

എസ്.വൈ.എസ് താനാളൂർ യൂണിറ്റ് പ്രസിഡന്റും എസ്.എം.എ താനാളൂർ റീജ്യണൽ പ്രസിഡന്റും ബയാനുൽ ഹുദാ സുന്നി മദ്രസ ശാന്തിനഗർ പ്രസിഡന്റുമായിരുന്നു മരച്ച സയ്യിദ് വി ടി.എം- അഷ്റഫി തങ്ങൾ? ഭാര്യ ശരീഫബീവി, മക്കൾ :സയ്യിദ് ഹാമിദ് അദ്നാൻ (മഴവിൽ ക്ലബ് പ്രസിഡന്റ്, എം.ഇ.ടി.തിരൂർ സെൻട്രൽ സ്‌കൂൾ), സയ്യിദ് മുഹമ്മദ് ഇഹ്സാൻ ,പിതാവ് ആറ്റകോയ തങ്ങൾ മാതാവ് സൈനബ ബീവി,

1040 പേർക്ക് രോഗബാധ

1,040 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവിന് തുടർച്ചയായാണ് പ്രതിദിന രോഗബാധിതർ 1,000 കവിഞ്ഞത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ജില്ലയിലേത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ഇന്നും രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതൽ. 970 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധുണ്ടായത്. ഉറവിടമറിയാതെ 54 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 525 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ ഇന്ന് രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ആരോഗ്യജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം

കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ച് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 28ന് രോഗബാധിതരുടെ എണ്ണം അൽപം കുറഞ്ഞെങ്കിലും ഇന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കവിയുകയായിരുന്നു. 1,040 പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന സഹകരണം കൂടുതൽ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ജില്ലയിൽ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേർന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതർ വൻതോതിൽ വർധിക്കാൻ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകൾ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടില്ല.

പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ ഇടപെടലാണ് ആവശ്യം. വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റ് പൊതു പരിപാടികൾ തുടങ്ങിയവയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

കോവിഡ് 19 വ്യാപനം ക്രമാതീതമായി വർധിക്കുമ്പോൾ സ്വയമുള്ള പ്രതിരോധമാണ് ഉറപ്പാക്കേണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന. ആരോഗ്യ ജാഗ്രത ഉറപ്പാക്കി മാത്രമെ നിലവിലെ അവസ്ഥ മറികടക്കാനാകൂ. ഇക്കാര്യങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയണം. പ്രതിദിന രോഗികളുടെ എണ്ണം ആയിരം പിന്നിടുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയാണ് വേണ്ടത്. ചെറിയ വീഴ്ചകൾ പോലും വലിയ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മിപ്പിച്ചു.
പൊതു സമ്പർക്കത്തിലൂടെയുള്ള രോഗബാധ തടയാൻ ജനകീയമായ ഇടപെടലാണ് വേണ്ടത്. വീടുകളിലുൾപ്പെടെ നേരിട്ട് ഇടപഴകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് വീടുകളിൽ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയിൽ ഇടക്കിടെ വൃത്തിയാക്കണം. വീട്ടിൽ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വവും ഉറപ്പാക്കണം.

മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, മാറാരോഗികൾ എന്നിവർ വൈറസ് ബാധിതരാകുകയാണെങ്കിൽ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുകലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പർക്കം പുലർത്തരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പൊതുസമ്പർക്കത്തിലേർപ്പെടാതെ റൂം ക്വാറന്റൈൻ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം. ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുകയും വേണം.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവർത്തിച്ച് അഭ്യർത്ഥിച്ചു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP