Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം നേടുന്നതിനെക്കാൾ തൂക്കിലേറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഉമാഭാരതി; അയോധ്യപ്രസ്ഥാനത്തിൽ പങ്കെടുത്തതിൽ താൻ അഭിമാനിക്കുന്നു എന്നും ബിജെപി നേതാവ്; നിലപാട് വ്യക്തമാക്കിയത് മസ്ജിദ് തകർത്ത കേസിൽ നാളെ വിധി പ്രസ്താവിക്കാനിരിക്കെ ബിജെപി ദേശീയ അധ്യക്ഷനയച്ച കത്തിൽ

ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം നേടുന്നതിനെക്കാൾ തൂക്കിലേറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഉമാഭാരതി; അയോധ്യപ്രസ്ഥാനത്തിൽ പങ്കെടുത്തതിൽ താൻ അഭിമാനിക്കുന്നു എന്നും ബിജെപി നേതാവ്; നിലപാട് വ്യക്തമാക്കിയത് മസ്ജിദ് തകർത്ത കേസിൽ നാളെ വിധി പ്രസ്താവിക്കാനിരിക്കെ ബിജെപി ദേശീയ അധ്യക്ഷനയച്ച കത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം തേടില്ലെന്ന് വീണ്ടും വ്യക്തമാക്കി ബിജെപി നേതാവ് ഉമാഭാരതി. ജാമ്യം നേടുന്നതിനെക്കാൾ നല്ലത് തൂക്കിലേറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് അയച്ച കത്തിൽ ‌‍ഉമാഭാരതി വ്യക്തമാക്കി. കേസിൽ ജാമ്യം നേടുന്നത് തന്റെ അന്തസിന് കളങ്കമുണ്ടാക്കുമെന്നും ഉമാഭാരതി പറഞ്ഞു. ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പ്രസ്താവിക്കാനിരിക്കെയാണ് ഉമാഭാരതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, കേസിലെ പ്രതികളും മുതിർന്ന ബിജെപി നേതാക്കളുമായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ നാളെ കോടതിയിൽ വിധി കേൾക്കാനെത്തില്ല.

വിധി എന്താകുമെന്ന് അറിയില്ല. പക്ഷെ ഞാൻ ജാമ്യം തേടില്ല. അയോധ്യപ്രസ്ഥാനത്തിൽ പങ്കെടുത്തതിൽ താൻ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ചാൽ താൻ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഉമാഭാരതി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിഷികേശിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഉമാഭാരതി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. വാദം കേൾക്കാൻ കോടതിയിൽ ഹാജരാകുമോ, വീഡിയോ കോൺഫ്രൻസ് വഴി ഹാജരാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്ത കേസിൽ വിചാരണ കോടതി സെപ്റ്റംബർ 30ന് വിധി പറയും. ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി പറയാൻ ഓഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നൽകിയിരുന്നത്. എന്നാൽ, സ്പെഷൽ ജഡ്ജി സുരേന്ദ്ര കുമാർ യാദവ് കൂടുതൽ സമയം അനുവദിച്ചുനൽകണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി ഒരു മാസത്തെ സമയം, അതായത് 2020 സെപ്റ്റംബർ 30 വരെ അനുവദിക്കുകയുമായിരുന്നു.

വിധി പറയുന്ന ദിവസം പള്ളി തകർത്ത പ്രതികളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, കല്യാൺ സിങ് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ഹാജരാകണമെന്ന് വിചാരണ കോടതി നിർദ്ദേശിച്ചിരുന്നു. 92 വയസുള്ള എൽ.കെ.അദ്വാനിയും, 86 വയസുള്ള മുരളി മനോഹർ ജോഷിയും ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയിട്ടുണ്ട്. കല്യാൺ സിങ് അടുത്തിടെയാണ് കോവിഡ് മുക്തനായത്. കേസിലെ മറ്റൊരു പ്രധാന പ്രതി രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽദാസാണ്.

1992 ലാണ് അയോധ്യയിലെ ബാബറി മസ്‌ജിദ് തകർക്കുന്നത്. കേസിൽ ജീവിച്ചിരിക്കുന്നവരായ 32 പേരാണ് പ്രതിപട്ടികയിലുള്ളത്. എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും വിധി പുറപ്പെടുവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ.യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എൽ.കെ.അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾക്ക് ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

പ്രതിപട്ടികയിലുള്ള 32 പേരുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയതാണ്. രണ്ടാഴ്‌ച മുൻപാണ് പ്രൊസിക്യൂഷൻ തങ്ങളുടെ വാദമുഖം കോടതിയിൽ സമർപ്പിച്ചത്. വിചാരണ സമയത്ത് 354 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. കേസിൽ ആകെ 49 പ്രതികളുണ്ടായിരുന്നു. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരിച്ചു.

1992 ഡിസംബർ ആറിനാണ് ആയിരക്കണക്കിന് വരുന്ന കർസേവകർ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാബറി മസ്‌ജിദ് തകർക്കുന്നത്. അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലേക്ക് നടന്ന രഥ യാത്രയെ തുടർന്ന് രാജ്യത്ത് പലയിടത്തും വർഗീയ കലാപങ്ങൾ ആരംഭിക്കുകയും തുടർന്ന് 1992 ഡിസംബർ ആറിന് ബിജെപിയും വിഎച്ച്പിയും ചേർന്ന് നടത്തിയ കർസേവകരുടെ റാലി അക്രമാസക്തമാവുകയുമായിരുന്നു. ഇതേ തുടർന്നാണ് കർസേവകർ ബാബറി മസ്‌ജിദിലേക്ക് പ്രവേശിക്കുന്നതും മസ്‌ജിദ് തകർക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP