Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയക്കാരുമായി എന്നും കാക്കുന്നത് ഊഷ്മള ബന്ധം; വിരമിക്കലിന് ശേഷം പൊതുസമൂഹം നൽകിയ സ്വീകരണത്തിൽ പ്രശംസകൾ ചൊരിഞ്ഞത് സാക്ഷാൽ പിണറായി വിജയൻ; പ്രധാനമന്ത്രിയുടെ പിറന്നാളിന് ക്യത്യമായി ഹാപ്പി ബെർത്ത്‌ഡേ വീഡിയോ; ഡൽഹിയിൽ ബിജെപി കേന്ദ്രനേതാക്കളോട് കുശലം മാത്രമല്ല കൂട്ടുകെട്ടും; കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലേക്ക്? വത്തിക്കാന്റെ അനുമതി തേടിയതോടെ എതിർപ്പും പോരുമായി എതിരാളികളും

രാഷ്ട്രീയക്കാരുമായി എന്നും കാക്കുന്നത് ഊഷ്മള ബന്ധം; വിരമിക്കലിന് ശേഷം പൊതുസമൂഹം നൽകിയ സ്വീകരണത്തിൽ പ്രശംസകൾ ചൊരിഞ്ഞത് സാക്ഷാൽ പിണറായി വിജയൻ; പ്രധാനമന്ത്രിയുടെ പിറന്നാളിന് ക്യത്യമായി ഹാപ്പി ബെർത്ത്‌ഡേ വീഡിയോ; ഡൽഹിയിൽ ബിജെപി കേന്ദ്രനേതാക്കളോട് കുശലം മാത്രമല്ല കൂട്ടുകെട്ടും; കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലേക്ക്? വത്തിക്കാന്റെ അനുമതി തേടിയതോടെ എതിർപ്പും പോരുമായി എതിരാളികളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ആശയങ്ങൾ പ്രസംഗിക്കാനുള്ളതല്ല, പ്രായോഗികമാക്കാനുള്ളതാണെന്ന പാഠം ഇടയ ജീവിതത്തിലൂടെ മാർ മാത്യു അറയ്ക്കൽ പകർന്നു നൽകിയെന്ന് അഭിപ്രായപ്പെട്ടത് മറ്റാരുമല്ല മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീക്കാരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന അറയ്ക്കൽ വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണത്തോടെയാണ് ഇടപെട്ടിട്ടുള്ളത്- എന്നും കൂടി പിണറായി പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം മാർച്ചിൽ പൊതുസമൂഹം നൽകിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ. അതെ പിണറായി പറഞ്ഞത് സത്യമാണ്. മുൻ ബിഷപ്പ് രാഷ്ട്രീയക്കാരോട് ഊഷ്മള ബന്ധം പുലർത്തുന്നയാളാണ്. കക്ഷിരാഷ്ട്രീയഭേദമെന്യേ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾദിനത്തിൽ ആശംസ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബിജെപിയോടും കേന്ദ്രനേതൃത്വത്തോടും അടുപ്പം പുവർത്തുന്ന മാർ മാത്യു അറയ്ക്കലിനെ തേടി പുതിയ പദവി എത്തുന്നു എന്നതാണ് ഒടുവിലത്തെ വാർത്ത. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലേക്ക് മാർ മാത്യു അറയ്ക്കലിനെ പരിഗണിക്കുന്നു.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉടൻ അനുകൂല തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. 19 വർഷത്തെ സേവനത്തിന് ശേഷമാണ് ഈ വർഷമാദ്യം അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ചത്. ഇടയശുശ്രൂഷയിൽനിന്നുകൊണ്ടുതന്നെ സാമൂഹിക, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ ആളാണ് മാർമാത്യു അറയ്ക്കൽ. കേരളത്തിന്റെ ജൈവ ഉത്പന്നങ്ങൾ സംഘടിതമായി വിദേശ മാർക്കറ്റിലെത്തിക്കാൻ കഴിഞ്ഞത് അറയ്ക്കലിന്റെ നേതൃപാടവമായിരുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവിയിലും അദ്ദേഹത്തിന് ശോഭിക്കാൻ കഴിയും. എന്നാൽ, വിവരം സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് മാർ മാത്യു അറയ്ക്കലിന്റെ പ്രതികരണം. സഭയുടെ അനുമതിക്കായാണ് അദ്ദേഹം കാക്കുന്നത്.

മാത്യു അറയ്ക്കലിനെ ശുപാർശ ചെയ്തത് സംസ്ഥാന നേതൃത്വം

ഈ വർഷം ഫെബ്രുവരിയിലാണ് രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് മാത്യു അറക്കൽ വിരമിച്ചത്. നിലവിൽ പീരുമേട് കേന്ദ്രീകരിച്ച് സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മെയ് മാസത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായിരുന്ന ഖൈറുൽ റിസ്വി സ്ഥാനമൊഴിഞ്ഞത്. ഇതോടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾ വഴി വ്യക്തി വിവരങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറിയിരുന്നു. കഴിഞ്ഞ ആഴ്ചയോടെ നിയമന നടപടികൾ കേന്ദ്രം ത്വരിതഗതിയിലാക്കി. ക്യാബിനറ്റ് പദവിയോടെയാണ് മാർ മാത്യു അറയ്ക്കലിന്റെ നിയമനം.

സഭയും വത്തിക്കാനും സമ്മതം മൂളുമോ?

സിറോ മലബാർ സഭയുടെ സമ്മതത്തിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപനം എന്നാണ് സൂചന. കർദിനാൾ ജോർജ് ആലഞ്ചേരി നിശ്ചയിച്ച സബ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വരികയാണ്. സഭ സമ്മതമറിയിക്കുന്ന മുറക്ക് വരും ദിവസങ്ങളിൽ കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. അതേസമയം, വത്തിക്കാന്റെ സമ്മതം കൂടി മാർ മാത്യു അറയ്ക്കൽ തേടിയിട്ടുണ്ട്. ഔപചാരികമായി വത്തിക്കാന്റെ സമ്മതം ഇക്കാര്യത്തിൽ ആവശ്യമില്ലെങ്കിലും, തന്റെ നിയമനത്തിന് കൂടുതൽ ആധികാരികത വരണമെന്ന് മുൻ ബിഷപ്പ് ആഗ്രഹിക്കുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ പദവിയിൽ എത്തും മുമ്പ് വത്തിക്കാന്റെ ആശീർവാദം കൂടി ഉണ്ടാകുന്നത് ഉചിതമാകുമെന്നാണ് മാർ മാത്യു അറയ്ക്കൽ കണക്കുകൂട്ടിയത്. എന്നാൽ, എതിരാളികളായ ചില വൈദികരും മറ്റും മാർ മാത്യു അറയ്ക്കൽ പുതിയ പദവി തേടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. എതിരാളികൾ വത്തിക്കാന് കത്തയച്ചതോടെ നിയമനം വിവാദത്തിലാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വത്തിക്കാൻ എന്തുനിലപാടെടുക്കും എന്ന് വ്യക്തമല്ല. മാസങ്ങളോളം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ബിജെപി കേന്ദ്ര നേതാക്കളെ കണ്ടും ഇടപഴകിയും വിശ്വാസം ആർജ്ജിക്കാൻ മാർ മാത്യു അറയ്ക്കൽ ശ്രമിച്ചിരുന്നു. ഒപ്പം അൽഫോൻസ് കണ്ണന്താനത്തിന്റെ പിന്തുണയും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും തുണച്ചതോടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവി കൂടുതൽ അരികത്തായി. എന്നാൽ, വത്തിക്കാന്റെ അനുമതിയോടെ, സഭയുടെ ഇന്ത്യൻ പ്രതിനിധി എന്ന നിലയിൽ ക്യാബിനറ്റ് റാങ്കുള്ള പദവിയിൽ എത്താനുള്ള നീക്കം തിരിച്ചടിയാകാനും സാധ്യതയുണ്ട്. എതിരാളികളുടെ എതിർപ്പ് തന്നെ കാരണം. എന്നിരുന്നാലും തടസ്സങ്ങൾ നീക്കി നിയമനം സാധ്യമാക്കാൻ കഴിയുമെന്നാണ് മാർ മാത്യു അറയ്ക്കലിന്റെ പ്രതീക്ഷ.

ഫ്രാങ്കോയെ യേശുക്രിസ്തുവിനോട് ഉപമിച്ച വിവാദം

മുൻ ജലന്ധർ രൂപതാദ്ധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന വേളയിൽ, അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായിരിക്കെ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തി സന്ദർശിച്ചത് വിവാദമായിരുന്നു. പത്തനംതിട്ട രൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയേസും ഇവർക്കൊപ്പമുണ്ടായിരുന്നു

ഫ്രാങ്കോയെ സന്ദർശിച്ചത് പ്രാർത്ഥനാ സഹായത്തിനാണെന്നാണ് മാർ മാത്യു അറയ്ക്കൽ അന്ന് പറഞ്ഞത്. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് അദ്ദേഹം ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ അന്ന് ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP