Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ഭീഷണിയിൽ വിധിയെടുത്ത് പൊലീസ്; രോഷാകുലരായി പ്രതിരോധിച്ച് ജനങ്ങൾ; അയൽവക്കക്കാരുടെ കൂടിക്കാഴ്‌ച്ചയ്ക്ക് പോലും നടപടി വന്നതോടെ പ്രോട്ടോകോൾ ലംഘിച്ച് ജനങ്ങൾ; അനാവശ്യ നിയന്ത്രണത്തിന്റെ പേരിൽ ബ്രിട്ടണിൽ ബോറിസ് ജോൺസനെതിരെ സ്വന്തം പാർട്ടിയിലും കലാപം

കോവിഡ് ഭീഷണിയിൽ വിധിയെടുത്ത് പൊലീസ്; രോഷാകുലരായി പ്രതിരോധിച്ച് ജനങ്ങൾ; അയൽവക്കക്കാരുടെ കൂടിക്കാഴ്‌ച്ചയ്ക്ക് പോലും നടപടി വന്നതോടെ പ്രോട്ടോകോൾ ലംഘിച്ച് ജനങ്ങൾ; അനാവശ്യ നിയന്ത്രണത്തിന്റെ പേരിൽ ബ്രിട്ടണിൽ ബോറിസ് ജോൺസനെതിരെ സ്വന്തം പാർട്ടിയിലും കലാപം

സ്വന്തം ലേഖകൻ

മൂഹിക അകലം പാലിക്കുകയല്ലാതെ നിലവിൽ കോവിഡ് വ്യാപനം തടയുവാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലെന്നത് ശാസ്ത്രലോകം സമ്മതിച്ച കാര്യമാണ്. എന്നാൽ, ഇതിനായി രൂപപ്പെടുത്തിയ നിയന്ത്രണങ്ങൾ പലവിധത്തിലും മനുഷ്യരെ വിപരീതമായി ബാധിക്കുമ്പോൾ, രോഗഭീതിപോലും മറന്ന് ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങും.ഇതുതന്നെയണ് ഇപ്പോൾ ബ്രിട്ടനിലും സംഭവിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ ചെറുക്കാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഭരണകക്ഷിയിലെ നേതാക്കൾ വരെ ഈ നിയന്ത്രണങ്ങൾക്ക് എതിരാണെന്നുള്ളതാണ് ബോറിസ് ജോൺസനെ ഏറെ വിഷമിപ്പിക്കുന്നതും.

നോർത്ത് ഈസ്റ്റിലെ ജനങ്ങൾ മുറികൾക്കുള്ളിൽ പോലും ഒത്തുചേരുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് പ്രതിഷേധം കടുത്തത്. പബ്ബുകളും റെസ്റ്റോറന്റുകളും എല്ലാം തുറന്ന് പ്രവർത്തിക്കുമെങ്കിലും, മറ്റൊരു കുടുംബത്തിലെ അംഗവുമൊത്ത് ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം ഇതോടെ നിയമവിരുദ്ധമായി മാറിയിരിക്കുകയാണ്. മാത്രമല്ല, മറ്റൊരു കുടുംബത്തിൽ സന്ദർശനം നടത്താനും അനുവാദമില്ല. നോർത്തംബർലാൻഡ്, ന്യുകാസിൽ, നോർത്ത് ആൻഡ് സൗത്ത് ടൈനിസൈഡ്, ഗേയ്റ്റ്ഷെഡ്, സൻഡർലാൻഡ്, കൗണ്ടി ഡുറം എന്നിവിടങ്ങളിലാണ് ഈ കർക്കശ നിയമം പ്രാബല്യത്തിൽ ഉള്ളത്.

നിയമം ലംഘിക്കുന്നവർക്ക് പിഴയൊടുക്കേണ്ടതായി വരും. മാത്രമല്ല, സംഗീതം, നൃത്തം എന്നിവയ്ക്ക് അനുവാദം കൊടുക്കുകയോ ഉച്ചത്തിൽ പാട്ട് വയ്ക്കുകയോ ചെയ്യുന്ന പബ്ബുകൾക്കും മറ്റും 1000 പൗണ്ട് പിഴയൊടുക്കേണ്ടതായും വരും. മാത്രമല്ല, ചെറിയ രീതിയിൽ ബലം പ്രയോഗിച്ചാണെങ്കിൽ കൂടി, ഈ നിയമങ്ങൾ നടപ്പാക്കേണ്ട അധികാരം കൂടിപൊലീസിന് നൽകിയിരിക്കുകയാണ്. അതേസമയം വടക്കൻ ഇംഗ്ലണ്ടിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വന്നേക്കും എന്നുള്ള വാർത്തയെ കുറിച്ച് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചില്ല. അതുപോലെ, ലണ്ടൻ നഗരത്തിലും ഈ പുതിയ നിയന്ത്രണങ്ങൾ വരുമോ എന്ന ചോദ്യത്തിനും ഉത്തരം ഉണ്ടായില്ല.

ഈ പുതിയ നിയന്ത്രണങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിപരീതഫലങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നു. തൊട്ടടുത്തുള്ള അയൽക്കാരനെ പോലും സന്ദർശിക്കുന്നതിൽ നിന്നും വിലക്കുന്ന ഈ നിയമം, ജനങ്ങളിൽ മിക്കവർക്കും സമ്മാനിക്കുന്നത് തികച്ചും ഏകാന്തമായ ഒരു ശൈത്യകാലമായിരിക്കും. ഇത് പലരുടെയും മാനസിക നിലയെ വരെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള കാലം, കൊറോണയോടൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ട സാഹചര്യത്തിൽ എത്രകാലം ഇങ്ങനെ അടച്ചുപൂട്ടി കഴിയേണ്ടിവരുമെന്നാണ് പലരും ചോദിക്കുന്നത്.

ജനങ്ങൾ ഈ നിയന്ത്രണങ്ങൾ കൊണ്ട് മടുത്തിരിക്കുന്നു എന്നും എന്ന് ഇതൊക്കെ അവസാനിക്കുമെന്നറിയാൻ അവർക്ക് ആകാംക്ഷയുണ്ടെന്നുമായിരുന്നു നോർത്ത് വെസ്റ്റ് ദുറം എം പി റിക്ക് ഹോൾഡൻ പ്രതികരിച്ചത്. അതേസമയം, ഫലവത്തായ ഒരു വാക്സിൻ കണ്ടുപിടിച്ച് വിപണിയിലെത്തിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടർന്നു പോകേണ്ടതുണ്ടെന്നാണ് മാറ്റ് ഹാൻകോക്ക് പാർലമെന്റിൽ പറഞ്ഞത്. അതല്ലാതെ ഈ മഹാവ്യധിയെ നിയന്ത്രിക്കാൻ മറ്റു വഴികളില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, പബ്ബുകൾ രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത് എന്ന നിയമം മൂലം അതിന് തൊട്ടു മുൻപുള്ള മണിക്കൂറുകളിൽ പബ്ബുകളിലും ബാറുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയെ ഇല്ലാതെയാക്കുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഈ നിയന്ത്രണത്തെ കുറിച്ച് ഒരു പുനർചിന്തനം ആവശ്യമാണെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP