Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരൂഹതകളാൽ നിറഞ്ഞ് വിഗ്രഹ നിർമ്മാണ ശാലയിലെ ആക്രമണവും കവർച്ചയും; 20 മിനിറ്റോളം ആക്രമണം നടത്തിയെന്ന് ഉടമകൾ പറയുമ്പോഴും ഒന്നും അറിഞ്ഞില്ലെന്ന് അയൽവാസികൾ; രണ്ട് കോടിയുടെ വിഗ്രഹം മോഷണം പോയെന്ന ഉടമകളുടെ അവകാശ വാദത്തിലും പൊലീസിന് സംശയം; സിസിടിവികൾ കേടായതോ കേടാക്കിയതോ എന്നും പൊലീസ് അന്വേഷിക്കും

ദുരൂഹതകളാൽ നിറഞ്ഞ് വിഗ്രഹ നിർമ്മാണ ശാലയിലെ ആക്രമണവും കവർച്ചയും; 20 മിനിറ്റോളം ആക്രമണം നടത്തിയെന്ന് ഉടമകൾ പറയുമ്പോഴും ഒന്നും അറിഞ്ഞില്ലെന്ന് അയൽവാസികൾ; രണ്ട് കോടിയുടെ വിഗ്രഹം മോഷണം പോയെന്ന ഉടമകളുടെ അവകാശ വാദത്തിലും പൊലീസിന് സംശയം; സിസിടിവികൾ കേടായതോ കേടാക്കിയതോ എന്നും പൊലീസ് അന്വേഷിക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ദുരൂഹതകളാൽ നിറഞ്ഞ് ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാലയിലെ ആക്രമണവും കവർച്ചയും. വിഗ്രഹ നിർമ്മാണ ശാലയിൽ നടന്ന ആക്രമണത്തിലും ഉടമകളുടെ അവകാശ വാദത്തിലും പൊലീസിന് അടിമുടി സംശയമാണ് ഉള്ളത്. രണ്ട് കോടിയുടെ വിലമതിക്കുന്ന വിഗ്രഹം നഷ്ടമായെന്ന ഉടമകളുടെ അവകാശ വാദം പൊലീസ് ഇനിയും വിശ്വസിച്ചിട്ടില്ല. ആരോപണം ശരിവെക്കുന്നതരത്തിലുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. വിഗ്രഹനിർമ്മാണശാലയിൽ ആക്രമണം നടന്നിട്ടുണ്ടെന്നതിന് സൂചനകളും തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, മോഷണംനടന്നതു സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിന്റെ വിഗ്രഹ നിർമ്മാണശാലയിൽ തൊഴിലാളികളെ ആക്രമിച്ചു പഞ്ചലോഹവിഗ്രഹം അപഹരിച്ചെന്ന കേസിൽ പ്രധാന പ്രതികൾ 5 പേരെന്നു പൊലീസ് വ്യക്തമാക്കി സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു. എന്നാൽ പ്രതികളിലാരെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണ്. ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംശയമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടുകിട്ടിയില്ല. ഇവരുടെ മൊബൈൽഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇവ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്.

മർദനമേറ്റ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് എക്‌സ്പർട്ട് എന്നിവർ സ്ഥലത്തു പരിശോധന നടത്തി. സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നാണു പൊലീസിന്റെ നിലപാട്. മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ഇത്തരം ആക്രമണത്തിനു സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. സംഭവത്തിനു ശേഷം, വീണു പരുക്കേറ്റെന്നു പറഞ്ഞ് ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രതികളിലൊരാൾ ചികിത്സ തേടിയെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു.

എംസി റോഡരികിലെ സ്ഥാപനത്തിൽ ഞായർ രാത്രി ഒൻപതരയോടെയാണ് സംഭവം. പൊലീസ് പറയുന്നത്: 'സ്ഥാപനത്തിൽ മുൻപു ഡ്രൈവറായി ജോലി ചെയ്തിരുന്ന മുളക്കുഴ അരീക്കര സ്വദേശിയാണ് ആദ്യമെത്തിയത്. ഇയാൾക്കു പിന്നാലെ ഒരു കാറിലും ബൈക്കുകളിലുമായി സംഘത്തിലെ മറ്റുള്ളവരും എത്തി. 5 തൊഴിലാളികളാണ് ആ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്. ബഹളം കേട്ട് എത്തിയ സ്ഥാപന ഉടമകളായ മഹേഷ്പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കും മർദനമേറ്റു. ഇതിനിടെ ഓഫിസ് മുറിയിലുണ്ടായിരുന്ന 60 കിലോയോളം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം നഷ്ടമായെന്നാണ് ഉടമകളുടെ പരാതി. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്നും ഇവർ പറയുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളികളായ തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ഉലകനാഥൻ (38) രാജീവ് (37) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉലകനാഥന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന മറ്റൊരു തൊഴിലാളി ജയകുമാറിന്റെ ഭാര്യയെ പ്രതികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ഒന്നുമറിഞ്ഞില്ലെന്ന് അയൽക്കാർ
ഇരുപതോളംപേരടങ്ങുന്ന അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമ്മാണശാലാ ഉടമകൾ പൊലീസിനോടു പറഞ്ഞത്. ആക്രമണം നടന്ന സ്ഥലത്തിനോടുചേർന്ന് അഞ്ചുവീട്ടുകാരുണ്ട്. പക്ഷേ, ഇവരാരുംതന്നെ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നതും ഇക്കാരണത്താൽത്തന്നെ.

എത്തിയത് കൃത്യമായ പദ്ധതിയോടെയെന്ന് ഉടമകൾ
'വിഗ്രഹം മോഷ്ടിക്കണമെന്ന കൃത്യവും വ്യക്തവുമായ പദ്ധതിയോടെയാണ് അക്രമിസംഘം എത്തിയത്'- വിഗ്രഹനിർമ്മാണകേന്ദ്രത്തിന്റെ ഉടമകളായ തട്ടാവിളയിൽ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും പറഞ്ഞു. 'ഞായറാഴ്ച പണിയുണ്ടാവില്ലെന്നും പണിശാലയിൽ ആളുകാണില്ലെന്നും കൃത്യമായി അക്രമികൾക്ക് അറിയാം. വിഗ്രഹംവെച്ചിരിക്കുന്ന മുറിയിൽനിന്ന് അല്പം മാറിയാണ് പണിക്കാർ താമസിച്ചിരുന്നത്. നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ അക്രമികൾ വിഗ്രഹം എടുക്കാൻ ശ്രമിക്കുമ്പോൾ സ്ഥാപനത്തിൽ താമസിച്ചിരുന്ന പണിക്കാരുടെ ശ്രദ്ധയിൽപ്പെട്ട് തടഞ്ഞു. തുടർന്ന് ഇവർ പണിക്കാരെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് അടുത്തുള്ള കളരിയിൽ ഉണ്ടായിരുന്ന ഞങ്ങൾ ഓടിയെത്തിയെങ്കിലും ഞങ്ങളെയും ആക്രമിച്ചു വന്നവർ രക്ഷപ്പെട്ടു. അക്രമികളിൽ പലരും കണ്ടാലറിയാവുന്നവരാണ്. ലോക്ഡൗൺ തുടങ്ങിയപ്പോൾമുതൽ സി.സി.ക്യാമറകൾ കേടാണ്' - ഇരുവരും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP