Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചികിത്സാനിഷേധത്തെ തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം: ശക്തമായ നടപടി വേണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ; ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും മാധ്യമപ്രവർത്തകർ

ചികിത്സാനിഷേധത്തെ തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം: ശക്തമായ നടപടി വേണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ; ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും മാധ്യമപ്രവർത്തകർ

സ്വന്തം ലേഖകൻ

കോഴിക്കോട്: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തകയൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രഭാതം ലേഖകൻ എൻ.സി. മുഹമ്മദ് ശരീഫ് ഷഹ്ല തസ്നി ദമ്പതികൾക്കാണ് ആശുപത്രികളുടെ ദുർവാശികാരണം കന്നിപ്രസവത്തിലെ ഇരട്ട ശിശുക്കളെ നഷ്ടമായത്. നേരത്തെ സഹലക്ക് കോവിഡ് പോസിറ്റിവ് ആവുകയും ഈ മാസം 15ന് അത് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് രോഗികൾക്കേ ചികിൽസയുള്ളൂവെന്ന് മഞ്ചേരി മെഡിക്കൽ കോളജും നേരത്തെ കോവിഡ് ഉണ്ടായതിനാൽ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.

പ്രസവവേദന വന്നതോടെ ശനിയാഴ്‌ച്ച പുലർച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കൽ കോളജിലേക്കാണ് യുവതി പോയത്. എന്നാൽ അവിടെ നിന്ന് മടക്കിയതിനാൽ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞു പറഞ്ഞിട്ടും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ശരീഫ് പറയുന്നു. രാവിലെ 11 ഓടെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് കോട്ടപറമ്പുള്ള മാതൃശിശു ആശുപത്രിയിലേക്കു റഫർ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ.പി സമയം കഴിഞ്ഞെന്നു പറഞ്ഞ് അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. വഴിമധ്യേ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപ്പിച്ചെങ്കിലും അഡ്‌മിറ്റാവാൻ പറഞ്ഞ ശേഷം ചികിത്സ തടയപ്പെട്ടു.

ഇതിനൊടുവിൽ മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളജിൽ നിന്ന് ആന്റിജൻ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടോടെ ശസ്ത്രക്രിയ വഴി കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോഴേക്കും രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. ജീവൻ രക്ഷിക്കാൻ ബാധ്യതപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണു ഉണ്ടായിരിക്കുന്നത്. പറഞ്ഞറിയിക്കാനാകാത്ത വേദനയും വ്യഥയുമാണ് ആ ഗർഭിണിയായ യുവതി അനുഭവിച്ചത്.

കോവിഡിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതരുടെ നിലപാട് കടുത്ത മനൃഷ്യാവകാശലംഘനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോവിഡ് രോഗം ഭേദമായ ഗർഭിണികളുടെ ചികിത്സയ്ക്കായി കൃത്യമായ പ്രോട്ടോകോൾ ഉണ്ടാക്കുകയും അത് പാലിക്കപ്പെടുന്നു എന്നുറപ്പാക്കുകയും വേണം. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാനും ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP