Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന് 700 കോടിയുടെ പ്രളയ സഹായം യുഎഇ വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞത് മുഖ്യമന്ത്രി; വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് പറഞ്ഞത് കേന്ദ്രസർക്കാർ; പിന്നാലെ പണം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇയും; പിണറായി യുഎഇയിൽ സന്ദർശനം നടത്തിയപ്പോൾ കോടികളുടെ വാഗ്ദാനം ലഭിച്ചെങ്കിലും പണമൊന്നും കിട്ടിയില്ല; വടക്കാഞ്ചേരി ലൈഫ് മിഷനിൽ റെഡ് ക്രസന്റ് 20 കോടിയുമായി എത്തിയത് മുഖ്യന്റെ ദുബായ് സന്ദർശനത്തിന് ശേഷവും; വിവാദം കൊഴുക്കുമ്പോൾ ആ 700 കോടിയിൽ സർവ്വത്ര ദുരൂഹത

കേരളത്തിന് 700 കോടിയുടെ പ്രളയ സഹായം യുഎഇ വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞത് മുഖ്യമന്ത്രി; വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് പറഞ്ഞത് കേന്ദ്രസർക്കാർ; പിന്നാലെ പണം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇയും; പിണറായി യുഎഇയിൽ സന്ദർശനം നടത്തിയപ്പോൾ കോടികളുടെ വാഗ്ദാനം ലഭിച്ചെങ്കിലും പണമൊന്നും കിട്ടിയില്ല; വടക്കാഞ്ചേരി ലൈഫ് മിഷനിൽ റെഡ് ക്രസന്റ് 20 കോടിയുമായി എത്തിയത് മുഖ്യന്റെ ദുബായ് സന്ദർശനത്തിന് ശേഷവും; വിവാദം കൊഴുക്കുമ്പോൾ ആ 700 കോടിയിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയപ്പോൾ സർക്കാർ കേന്ദ്രങ്ങളിൽ അടക്കം അങ്കലാപ്പ് പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ പദ്ധതിയിലേക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണം എത്തുമ്പോൾ മുഖ്യമന്ത്രിയെ അടക്കം ചോദ്യം ചെയ്യേണ്ട സാഹചര്യങ്ങളാണ് ഇനി ഉണ്ടാകുക. ആ സാഹചര്യത്തിലേക്ക് കടക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇതു മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികളിലേക്ക് സിപിഎം കടക്കുകയും ചെയ്തിരിക്കയാണ്. അതേസമയം റെഡ് ക്രസന്റ് എന്ന യുഎഇയുടെ സന്നദ്ധ സംഘടനക്ക് കൂടി പങ്കാളിത്തമുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല യുണിടാക്ക് എന്ന അധികമാർക്കും അറിയാത്ത ബിൽഡിങ് കമ്പനിക്കാണ്. ഇവർക്ക് കരാർ കിട്ടിയതാകട്ടെ സ്വപ്‌ന സുരേഷിന്റെ ഇടപെടലോടെയാണ് താനും.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ ആകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. അതിന് കാരണം യുഎഇയുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാടുകൾ തന്നെയായിരുന്നു. കേരളത്തിൽ പ്രളയമുണ്ടായ വേളയിൽ യുഎഇയുടെ സഹായമായി 700 കോടി രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വാർത്താസമ്മേളനം വിളിച്ചു പറഞ്ഞത്. അന്ന് മുഖ്യമന്ത്രി തുടങ്ങിവെച്ച പ്രഖ്യാപനങ്ങളുടെ തുടർച്ചയായി കാര്യങ്ങൾ പിന്നീട് എത്തി നിന്നത് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലായിരുന്നു.

അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചപ്പോൾ 700 കോടി രൂപ കേരളത്തിന് സഹായം നല്കുമെന്ന് പറഞ്ഞതായി മുഖ്യമന്ത്രിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇഥ് മുന്നോടിയായി കേരളത്തിന് വേണ്ടി സഹായം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഒരു വിദേശ രാജ്യത്തിന് നേരിട്ടു സഹായം നൽകാൻ എളുപ്പം സാധിക്കില്ലെന്നിരിക്കേ റെഡ് ക്രസന്റ് വഴി ധനസഹായം കേരളത്തിലേക്ക് എത്തിക്കാനായിരുന്നു യുഎഇയും തയ്യാറായത്. ഇതിനായി റെഡ് ക്രെസന്റിന്റെ ഫണ്ടിലേക്ക് പണം വലിയ തോതിൽ സംഭാവനകളായി ലഭിച്ചു.

ഇതിനിടെയാണ് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയുടെ വാക്കുകൾ തള്ളിക്കൊണ്ട് വിദേശ ധനസഹായം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ കേരളം പ്രതീക്ഷിച്ചിരുന്ന 700 കോടി ലഭിച്ചതുമില്ല. കേരളത്തിൽ വിദേശ സഹായം വിവാദമായ ഘട്ടത്തിൽ കേരളത്തിന് എഴുന്നൂറ് കോടി രൂപയുടെ ധനസഹായം നല്കാൻ ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ അറിയിക്കുകയും ചെയ്തു. കരളത്തെ സഹായിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന അറിയിക്കുകയും ചെയ്തു.

ഇന്ത്യയെ സഹായിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായി ഷെയ്ക് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഒരു അടിയന്തര സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും. ഈ സമിതി ദുരിതാശ്വാസത്തിന് വേണ്ട ഫണ്ടും സാമഗ്രികളും ശേഖരിച്ചു വരികയാണെന്നുമാണ് യുഎഇ അംബാസിഡർ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ യുഎഇയിൽ സമാഹരിച്ചത് എത്ര കോടിയാണ് എന്ന കാര്യത്തിൽ വ്യക്തതയും വന്നിരുന്നില്ല. ഇതിന് ശേഷമാണ് മുഖ്യമന്ത്രി യുഎഇയിൽ സന്ദർശനം നടത്തുകയും വ്യവസായ പ്രമുഖരായ പലരുമായി സംസാരിക്കുകയും ചെയ്തത്. കേരള പുനർനിർമ്മാണത്തി ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.

എന്നാൽ പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് പിന്നീട് കേരള സർക്കാർ തന്നെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോർക്ക സെക്രട്ടറിയും ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തിൽ 51,960 രൂപയും ചെലവായെന്നു നിയമസഭയിൽ മറുപടി നൽകിയെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയിച്ചതും.

മുഖ്യമന്ത്രിയുടെ വിദേശ യാത്രക്ക് ശേഷമാണ് യുഎഇ റെഡ് ക്രസന്റുമായി കേരളം ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. കേരളത്തിലെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് യുഎഇ റെഡ് ക്രസന്റിന്റെ സഹായമായി 20 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി അന്ന് അറിയിച്ചു. യുഎഇയിൽ നിന്നുള്ള റെഡ് ക്രസന്റ് വഴിയുള്ള ആദ്യ പദ്ധതിയായിരുന്നു വടക്കാഞ്ചേരിയിലേത്. റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താനുമായാണ് സംസ്ഥാന സർക്കാർ ധാരാണാപത്രം ഒപ്പിട്ടത്. ആദ്യഘട്ടമായുള്ള സഹായമാണിതെന്നും തുടർന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിക്കുകയും ചെയ്തിരുന്നു. എം എ യുസഫലി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.

നേരിട്ടു വിദേശ സഹായം സ്വീകരിക്കുക കേരളത്തിന് സാധ്യമല്ലാത്ത കാര്യം ആയതിനാൽ വടക്കാഞ്ചേരിയിലേത് 20 കോടിയുടെ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചു നൽകുന്നതാണ് എന്നാണ് ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവർ ഇപ്പോൾ സിബിഐ മുമ്പാകെ വെളിപ്പെടുത്തിയത്. 20 കോടിയുടെ പദ്ധതിയിൽ 4.5 കോടിയുടെ അഴിമതി നടന്നുവെന്ന് ഇതിനോടകം തന്നെ വ്യക്തമാകുകയും ചെയ്തു. ഇതോടെ തുടർന്നും കേരളത്തിൽ നടക്കേണ്ടിയിരുന്ന പദ്ധതികൾക്കായി എത്ര കോടിയുടെ അഴിമതി നടക്കുമായിരുന്നു എന്ന ചോദ്യമാണ് ഉയർന്നതും.

പ്രളയകാലത്ത് തുടങ്ങിയ അഴിമതി നീക്കത്തിൽ മുഖ്യമന്ത്രിക്ക് എല്ലാ അറിവും ഉണ്ടായിരുന്നു എന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. 700 കോടിയുടെ സഹായം എന്ന വാക്കു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായിരുന്നു. മറ്റാരും ഈ 700 കോടിയുടെ കാര്യം പറഞ്ഞതുമില്ല. കേരളത്തെ സഹായിക്കാൻ എന്നു പറഞ്ഞു പിരിച്ച കോടികളുടെ കണക്കാണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന ആക്ഷേപം അടക്കം ഉയരുന്നുണ്ട്. അന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞ കോടികളെ ചൊല്ലി ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. സിബിഐ അന്വേഷണം മുറുകുമ്പോൾ പ്രളയകാലത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര അടക്കം അന്വേഷണ പരിധിയിലേക്ക് എത്തുമെന്ന സൂചനകളാണുള്ളത്.

വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ, മൂന്നംഗ സിബിഐ സംഘം ബിൽഡിങ് പെർമിറ്റ് ഫയലുകൾ അടക്കം വിവിധ രേഖകൾ കസ്റ്റഡിയിലെടുത്തു. വൈദ്യുതിക്ക് അനുമതി നൽകിയത്, ഭൂമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. രേഖകളിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സിബിഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക. പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം സന്ദർശിക്കാനാണ് അടുത്ത നീക്കം. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും ഏതാനും ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐയുടെ അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള സർക്കാർ വാദം നിലനിൽക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം.

യൂണിടാക്കും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാർ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സർക്കാരാണ്. മാത്രമല്ല ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും ചെയർമാനും സിഇഒയും സർക്കാരിന്റ ഭാഗമാണെന്നും ഇതിനാൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റിന്റെ നിർമ്മാണം നിലച്ചു. നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാൻ യൂണിടാക് എംഡി നിർദ്ദേശിച്ചതായി ജോലിക്കാർ പറയുന്നു. യുണിടാക്ക് എംഡിയെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP