Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ഉണ്ടായത് വഴി തെറ്റിയുള്ള കടന്നു കയറ്റമല്ല, വൻ സുരക്ഷാ വീഴ്‌ച്ച തന്നെ; അതീവ സുരക്ഷാമേഖലയായ മരക്കൂട്ടം വരെ യുവാക്കൾ ബൈക്കിൽ വന്നത് അതീവ ഗൗരവതരമുള്ള കാര്യം; വനംവകുപ്പും ദേവസ്വം ബോർഡും അനാസ്ഥയെന്ന് പൊലീസും; ഓഫ് സീസണിൽ ആർക്കും കടന്നു കയറാവുന്ന ഇടമായി സന്നിധാനം മാറിയോ?

ശബരിമലയിൽ ഉണ്ടായത് വഴി തെറ്റിയുള്ള കടന്നു കയറ്റമല്ല, വൻ സുരക്ഷാ വീഴ്‌ച്ച തന്നെ; അതീവ സുരക്ഷാമേഖലയായ മരക്കൂട്ടം വരെ യുവാക്കൾ ബൈക്കിൽ വന്നത് അതീവ ഗൗരവതരമുള്ള കാര്യം; വനംവകുപ്പും ദേവസ്വം ബോർഡും അനാസ്ഥയെന്ന് പൊലീസും; ഓഫ് സീസണിൽ ആർക്കും കടന്നു കയറാവുന്ന ഇടമായി സന്നിധാനം മാറിയോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പ-സന്നിധാനം പാതയിൽ മരക്കൂട്ടം വരെ ശനിയാഴ്ച രാത്രി ബൈക്കിൽ കടന്നു ചെന്നത് നിസാരവൽക്കരിച്ച് വനംവകുപ്പും ദേവസ്വം ബോർഡും മുന്നോട്ടു പോകുമ്പോൾ ഉണ്ടായത് വൻ സുരക്ഷാ വീഴ്ചയെന്ന നിലപാടിലാണ് പൊലീസ്. അതീവ സുരക്ഷാ മേഖലയായ മരക്കൂട്ടത്തേക്ക് അനായാസം രണ്ടു പേർ ബൈക്കിൽ ചെന്ന് എത്തിയതോടെ കൊട്ടിഘോഷിച്ച സുരക്ഷ കടലാസിൽ മാത്രമാണെന്ന് വ്യക്തമാകുന്നു. ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതു കൊണ്ട് മാത്രമാണ് യുവാക്കൾ അവിടെ എത്തിയതെന്ന് പറഞ്ഞ് നിസാര കുറ്റം ചുമത്തി ജാമ്യത്തിൽ വിട്ട് വനംവകുപ്പ് തങ്ങളുടെ തടി രക്ഷിച്ചു. എന്നാൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഇത് വൻ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.


ചിറ്റാർ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേൽ വീട്ടിൽ വിപിൻ വർഗീസ്(23) എന്നിവരാണ് ബൈക്കിൽ മരക്കൂട്ടം വരെ എത്തിയത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിറ്റാറിൽ നിന്ന് വന്ന യുവാക്കൾ പമ്പ ഗണപതി കോവിൽ കടന്ന് ബൈക്ക് നേരെ സന്നിധാനത്തേക്ക് പായിക്കുകയായിരുന്നു. ഈ സമയം വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും ചെക്ക് പോസ്റ്റ് തുറന്നു കിടക്കുകയായിരുന്നു. ബൈക്ക് യാത്രികർ ഇതു വഴി കടന്നു പോയിക്കഴിഞ്ഞാണ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ വിവരം അറിഞ്ഞത്.

തുടർന്ന് സന്നിധാനത്തുള്ള വനപാലകർക്ക് വിവരം കൈമാറി. സ്വാമി അയ്യപ്പൻ റോഡിലൂടെ ബൈക്ക് യാത്രികർ മരക്കൂട്ടത്ത് വന്നപ്പോഴേക്കും വനപാലകർ ട്രാക്ടറിൽ അവിടെ എത്തിയിരുന്നു. ഇവിടെ വച്ച് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. തങ്ങൾ തേക്കടിയിലേക്ക് പോകാനിറങ്ങിയതാണെന്നും സെറ്റ് ചെയ്ത ഗൂഗിൽ മാപ്പിൽ കാണിച്ച എളുപ്പ വഴിയായതു കൊണ്ടാണ് ഈ റൂട്ടിൽ എത്തിയതെന്നും യുവാക്കൾ പറഞ്ഞുവെന്നാണ് വനപാലകരുടെ വിശദീകരണം. യുവാക്കൾ മദ്യപിച്ചിരുന്നില്ല. മറ്റ് ദുരുദ്ദേശ്യമൊന്നും ഇല്ലെന്ന് കണ്ടാണ് ജാമ്യത്തിൽ വിട്ടത്.

ഗൂഗിൽ മാപ്പിൽ ഇവർക്ക് തെളിഞ്ഞ വഴി കാനനപാതയിലൂടെ ട്രക്കിങിന് ഉപയോഗിക്കുന്നതാണ്. എന്നാൽ, യുവാക്കളുടെ മൊഴിയിൽ ദുരൂഹത ഏറെയുണ്ട്. ചിറ്റാറുകാരായ യുവാക്കൾക്ക് ശബരിമലയോ പരിസരമോ അറിയില്ലെന്നും ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതാണെന്നും പറയുന്നതിൽ പൊരുത്തക്കേടുണ്ട്. മാത്രവുമല്ല തീർത്ഥാടന കാലം അല്ലാത്തതിനാൽ മൊബൈൽ ഫോണുകൾക്ക് ഇവിടെ റേഞ്ച് കുറവാണ്. പ്ലാപ്പള്ളി കഴിഞ്ഞാൽ പിന്നെ റേഞ്ച് കിട്ടുക പമ്പയിലും അവിടെ നിന്ന് വിട്ടാൽ സന്നിധാനത്തുമാണ്. ആ നിലയ്ക്ക് ഗൂഗിൾ മാപ്പ് യുവാക്കളെ തെറ്റായ വഴിയിലൂടെ നയിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഇക്കാര്യത്തിൽ വനംവകുപ്പിനും ദേവസ്വം ബോർഡിനും വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസും യഥാസമയം വിവരം അറിഞ്ഞിരുന്നില്ല. പമ്പ പൊലീസിന് ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ ശകാരവും ഏൽക്കേണ്ടി വന്നു. കോവിഡ് കാലഘട്ടമായതിനാൽ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനമില്ല. അഥവാ, പ്രവേശനമുള്ള സമയമാണെങ്കിലും മാസപൂജയ്ക്ക് മാത്രമേ പുറത്തു നിന്നുള്ളവരെ കടത്തി വിടൂ. അല്ലാത്ത സമയത്ത് അതീവ സുരക്ഷാ മേഖലയാണ് പമ്പ തൊട്ട് സന്നിധാനം വരെയുള്ള മേഖല. അതു വഴിയാണ് രണ്ടു ബൈക്ക് യാത്രികർ സന്നിധാനത്തിന് തൊട്ടടുത്തു വരെയെത്തിയത്.

ദക്ഷിണേന്ത്യയിൽ തീവ്രവാദ ഭീഷണിയുള്ള ക്ഷേത്രമാണ് ശബരിമല. തീർത്ഥാടന കാലമല്ലാത്തപ്പോൾ പോലും ശബരിമലയ്ക്കും കുന്നാർ ഡാമിനും ശക്തമായ കാവൽ വേണമെന്ന് ശിപാർശ ചെയ്ത് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് മുൻ എസ്‌പി വി ജയദേവിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപിക്ക് ജയദേവ് സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല. ഇപ്പോൾ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിനെ കുറിച്ച് പൊലീസും ചിന്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP