Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കർഷക പ്രതിഷേധം ഇരമ്പുന്നു; ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയിൽ ട്രാക്ടർ കത്തിച്ചു കർഷക പ്രതിഷേധം; പ്രതിഷേധത്തിന് നേതൃത്വം നൽകി യൂത്ത് കോൺഗ്രസ്; കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കാൻ രാഹുൽ ഗാന്ധിയും ഇറങ്ങുന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കർഷക പ്രതിഷേധം ഇരമ്പുന്നു; ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയിൽ ട്രാക്ടർ കത്തിച്ചു കർഷക പ്രതിഷേധം; പ്രതിഷേധത്തിന് നേതൃത്വം നൽകി യൂത്ത് കോൺഗ്രസ്; കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കാൻ രാഹുൽ ഗാന്ധിയും ഇറങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കർഷക പ്രതിഷേധം ഇരമ്പുന്നു. ഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയിൽ ട്രാക്ടർ കത്തിച്ചു കൊണ്ടാണ് കർഷകർ പ്രതിഷേധം തീർത്തത്. യൂത്ത് കോൺഗ്രസാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പൊലീസും അഗ്‌നിശമന സേനയുമെത്തിയാണ് ട്രാക്റ്റർ സ്ഥലത്തു നിന്ന് നീക്കിയത്. ഡൽഹിയിൽ ഇരുപതോളം പേർ ചേർന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടർ കത്തിച്ചത്.

കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചത്. എന്നാൽ കർഷകരെ വഴിയാധാരമാക്കുന്ന നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കി. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കർഷകരിപ്പോൾ.

അതിനിടെ കാർഷിക നിയമ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കളത്തിലിറങ്ങാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരുങ്ങുകയാണ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുൽ നേതൃത്വം നൽകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രാഹുൽ നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക.

രാഹുൽ പഞ്ചാബിൽ ഒരു റാലിയെയും അഭിസംബോധന ചെയ്യുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ ഇതിന്റെ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. പഞ്ചാബിലെ കർഷകർക്ക് പിന്തുണ അറിയിച്ചതിനു ശേഷം രാഹുൽ ഹരിയാണയിലേക്ക് പോകും. എന്നാൽ ഹരിയാണയിലെ ബിജെപി. സർക്കാർ രാഹുലിനെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടുമാസമായി കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കടുത്ത പ്രതിഷേധത്തിനിടെയാണ് മൂന്ന് കാർഷിക ബില്ലുകളും പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. രാജ്യസഭയിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ തുടർന്ന് എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു.

കർഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബിൽ ഏതറ്റംവരെയും പോയി കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടരമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാർഷിക മേഖലയെ പൂർണമായും തകർക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞിരുന്നു. പുതിയ നിയമനിർമ്മാണത്തിൽ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബിജെപിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദർ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബില്ലുകളിൽ ഒപ്പുവെക്കരുതെന്നും പാർലമെന്റിൽ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റേത് കർഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു. അതേസമയം, കാർഷിക ബില്ലുകൾ പാസാക്കിയത് പാർലമെന്റ് ചട്ടങ്ങൾ പാലിച്ചാണെന്ന കേന്ദ്രസർക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ബില്ലിന്മേൽ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂർവം സമയം നീട്ടിനൽകുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP