Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമുകൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം; ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്

കാമുകൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം; ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ ആരോപണ വിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് നടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് കാമുകന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

റംസിയുടെ ആത്മഹത്യയിൽ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയേയും കുടുംബത്തേയും കേസിൽ പ്രതി ചേർത്തിരുന്നു. ഇതോടെയാണ് കുടുംബ സമേതം ഇവർ ഒളിവിൽ പോയത്. പിന്നീട് മുൻകൂർ ജാമ്യ ഹർജിയും നൽകി. റംസിയുടെ ആത്മഹത്യയിൽ ഹാരിഷിന്റെ വീട്ടുകാർക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വരൻ ഹാരിഷ് മുഹമ്മദിന്റെ സഹോദരന്റ ഭാര്യയാണ് സീരിയൽ നടിലക്ഷ്മി പ്രമോദ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർക്കൊപ്പം സീരിയൽ സെറ്റുകളിൽ റംസി പോയിരുന്നു. ലക്ഷ്മിയുടെ കൂടി സഹായത്തോടെയാണ് റംസിക്ക് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സീരിയൽ നടിയെ ചോദ്യം ചെയ്തത്.

വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസി (24) കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്‌ബാൽ നഗർ 155ൽ ഹാരിഷ് മൻസിലിൽ ഹാരിഷ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരിഷുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും. ഒന്നര വർഷം മുൻപ് വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാരിഷ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണവും സ്വർണവും ആൾ സഹായവുമായി റംസിയും വീട്ടുകാർ സഹകരിച്ചിരുന്നു. എന്നാൽ ഹാരിഷ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ റംസി മാനസികമായി തളർന്നു.

പല കാരണങ്ങൾ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫോൺ വിളികൾ തെളിവായി ലഭിച്ചിട്ടുണ്ട്. ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയുമായും റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹ മാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമായേക്കാം. ഇവർ തമ്മിൽ നടന്ന ഫോൺ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്. ഇതിനിടെ റംസിയുടെ ഫോൺ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് റംസി ഹാരിഷിനേയും ഹാരിഷിന്റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പല കാരണങ്ങൾ പറഞ്ഞ് ഹാരിഷും കുടുംബവും തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിരുന്നു.

ഹാരിഷ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഹാരിഷ് ഇപ്പോൾ റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. നിശ്ചയം കഴിഞ്ഞ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. വരന്റെ വീട്ടുകാരാണ് റംസിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണത്തിന് ആദ്യം തയാറായിരുന്നില്ല.

റംസി അവസാനമായി ഹാരിഷിയേും മാതാവിനേയും വിളിച്ച ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ ക്യാംപെയിൻ തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP