Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യൂണിടാക്കിനെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും അത് യുഎഇ കോൺസുലേറ്റ് ആണെന്നുമുള്ള വാദം പൊളിച്ച് 2019 ഓഗസ്റ്റ് 24ന് റെഡ് ക്രസന്റിന് ലൈഫ് മിഷൻ സിഇംഒ അയച്ച കത്ത്; പകർപ്പ് യൂണിടാക്കിനും കൈമാറിയതോടെ തെളിയുന്നത് കമ്മീഷൻ ഇടപാടിലെ സെക്രട്ടറിയേറ്റ് ബന്ധം; ഒന്നും അറിയില്ലെന്ന പിണറായി സർക്കാർ വാദം പൊളിച്ച് മൂന്ന് കത്തുകൾ; ആധികാരികത പരിശോധിച്ച് സിബിഐ; കേന്ദ്ര ഏജൻസിയുടെ കൈയിലുള്ള ആ നിർണ്ണായക തെളിവുകൾ മറുനാടനും; വടക്കാഞ്ചേരിയിലെ 'സത്യം' പുറത്തെത്തുമ്പോൾ

യൂണിടാക്കിനെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും അത് യുഎഇ കോൺസുലേറ്റ് ആണെന്നുമുള്ള വാദം പൊളിച്ച് 2019 ഓഗസ്റ്റ് 24ന് റെഡ് ക്രസന്റിന് ലൈഫ് മിഷൻ സിഇംഒ അയച്ച കത്ത്; പകർപ്പ് യൂണിടാക്കിനും കൈമാറിയതോടെ തെളിയുന്നത് കമ്മീഷൻ ഇടപാടിലെ സെക്രട്ടറിയേറ്റ് ബന്ധം; ഒന്നും അറിയില്ലെന്ന പിണറായി സർക്കാർ വാദം പൊളിച്ച് മൂന്ന് കത്തുകൾ; ആധികാരികത പരിശോധിച്ച് സിബിഐ; കേന്ദ്ര ഏജൻസിയുടെ കൈയിലുള്ള ആ നിർണ്ണായക തെളിവുകൾ മറുനാടനും; വടക്കാഞ്ചേരിയിലെ 'സത്യം' പുറത്തെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റിലെ അഴിമതി വ്യക്തമാക്കുന്ന കത്തുകളുടെ പകർപ്പ് മറുനാടൻ മലയാളിക്ക്. പദ്ധതിയുടെ നിർമ്മാണ ചുമതലയിലേക്ക് യൂണിടാക്കിനെ കണ്ടെത്തിയത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് മറുനാടൻ പുറത്തു വിടുന്നത്. ഇതോടെ യൂണിടാക്കിനെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും അത് യുഎഇ കോൺസുലേറ്റ് ആണെന്നുമുള്ള വാദം പൊളിയുകയാണ്. സർക്കാരും കോൺസുലേറ്റും തമ്മിലുണ്ടാക്കിയ കരാറിനെ ചൂണ്ടിക്കാട്ടിയാണ് യൂണിടാക്കിനെ നിർമ്മാണ ചുമതല ഏൽപ്പിക്കാമെന്ന കത്ത് ലൈഫ് മിഷൻ അയച്ചുവെന്ന സൂചനയാണ് ചർച്ചയാകുന്നത്. ഇതോടെ കമ്മീഷനുമായി യാതൊരു ബന്ധവും സംസ്ഥാന സർക്കാരിനില്ലെന്ന വാദങ്ങൾ പൊളിയുകയാണ്.

ഇതെല്ലാം ഉൾപ്പെടുന്ന ഫയലുകളാണ് വിജിലൻസും ഇപ്പോൾ പരിശോധിക്കുന്നത്. ഇതിന്റെ ഡ്രാഫ്റ്റാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്. ഇതാണ് അവർ പരിശോധനാ വിധേയമാക്കുന്നത്. ഡ്രാഫ്റ്റ് കത്തിൽ ഫയൽ നമ്പർ ഉൾപ്പെടെയുണ്ട്. ഡ്രാഫ്റ്റിലെ വസ്തുതകളിൽ നിറയുന്നത് യൂണിടാക്കുമായുള്ള ഇടപാടിനെ കുറിച്ച് ലൈഫ് മിഷന് വ്യക്തമായ സൂചനയുണ്ടായിരുന്നുവെന്നാണ്. ഈ ഡ്രാഫ്റ്റ് കത്തിലെ സൂചന പ്രകാരം റെഡ് ക്രസെന്റ് ജനറൽ സെക്രട്ടറിക്കാണ് കത്തയച്ചിരിക്കുന്നത്. ഇതിന്റെ പകർപ്പ് യൂണിടാക്ക് പ്രതിനിധിക്ക് നൽകുമെന്നും ഡ്രാഫ്റ്റിൽ സൂചിപ്പിക്കുന്നു. യൂണിടാക്കിനു വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണം കൈമാറിയതുമായി ബന്ധപ്പെട്ട ഈ 3 നിർണായക രേഖകൾ സിബിഐ വിശകലനത്തിന് വിധേയമാക്കുകയാണ്. രേഖകളുടെ ആധികാരികതയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് ഒർജിനൽ ഫയലുകൾ കിട്ടണം.

സിബിഐയുടെ കൈവശം എത്തിയ മൂന്ന് രേഖകളുടെ സൂചനകളിലും ഉള്ളത് സർക്കാരിലെ ഉന്നതരുടെ സ്വാധീനം യൂണിടാക്കിന് നിർമ്മാണ കരാർ കിട്ടിയതിന് പിന്നിലുണ്ടെന്നാണ്. എന്നാൽ കരാർ കോൺസുലേറ്റിനെ കൊണ്ട് ഒപ്പിടിപ്പിക്കുകയും ചെയ്തു. കമ്മീഷൻ ഇടപാടും മറ്റും സംസ്ഥാന സർക്കാരിലെ ഉന്നതരിലേക്ക് ആരോപണമായി എത്തിയാലും പ്രതിരോധിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. സ്വപ്‌നാ സുരേഷിന്റെ ബന്ധങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമാണ്. അതിനിടെ മന്ത്രി ഇപി ജയരാജന്റെ മകനെ അഴിമതിയിൽ തളയ്ക്കാനുള്ള തെളിവുകളൊന്നും സിബിഐയ്ക്ക് കിട്ടിയിട്ടുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കാണ് അന്വേഷണം എന്നാണ് സൂചന. തദ്ദേശ മന്ത്രി എ സി മൊയ്ദീനും സംശയ നിഴലിലാണ്.

യുഎഇയിലെ സ്പോൺസർ 15 കോടി രൂപ തരുന്നുണ്ടെന്നും ഇതിനു പറ്റുന്ന വിധത്തിൽ വീടുകളുടെ പ്ലാൻ സമർപ്പിക്കണമെന്നും കാണിച്ചു 2019 ഏപിൽ 30നു ലൈഫ് മിഷൻ ഹാബിറ്റാറ്റിനു 'കോൺഫിഡൻഷ്യൽ' എന്നു രേഖപ്പെടുത്തി എഴുതിയ കത്ത് അതീവ നിർണ്ണായകമാണ്. സംസ്ഥാന സർക്കാരിന്റെ ഏജൻസി ലൈഫ് മിഷനാകുമെന്നും കത്തിലുണ്ട്. ഇതാണ് ആദ്യ രേഖ. രണ്ടാമത്തെ കത്തും അതിനിർണ്ണായകമാണ്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും പറയുന്ന കത്താണ് ഇത്. 2019 ഓഗസ്റ്റ് 18നാണു കത്തയയ്ക്കുന്നത്. ഇതും സിബിഐയ്ക്ക് കിട്ടി കഴിഞ്ഞു. ഇതിന്റെ പകർപ്പും മറുനാടൻ പുറത്തു വിടുകയാണ്.

യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തിനു ശേഷം റെഡ് ക്രസന്റിനു ലൈഫ് മിഷൻ അയച്ച കത്തിന്റെ ഡ്രാഫ്റ്റും പുറത്തു വരുന്നു. ഇതാണ് അഴിമതിയുടെ സാധ്യത ചർച്ചയാക്കുന്നതും. യൂണിടാക്കിനെ പണി ഏൽപ്പിച്ചത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖയെന്നാണഅ സിബിഐ വിലയിരുത്തുന്നത്. യൂണിടാക്കുമായി നടത്തിയ ഇമെയിൽ ഇടപാടുകളും കത്തിലുണ്ട്. ഇതോടെയാണു ഹാബിറ്റാറ്റ് പുറത്തായത്. ഇത് തീർത്തും ദുരൂഹമാണ്. അങ്ങനെ ഹാബിറ്റാറ്റിൽ നിന്നും പദ്ധതി തട്ടിയെടുത്താണ് യൂണിടാകിനെ പണി ഏൽപ്പിക്കുന്നത്.

സർക്കാർ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എന്നതാണ് ഈ ഫയലുകൾക്കിടയിൽ ബാക്കിയാകുന്ന ചോദ്യമെന്ന് മനോരമയും വിശദീകരിക്കുന്നു. രേഖകൾ കാണിക്കുന്നത് ഇതെല്ലാം തീരുമാനിച്ചത് ലൈഫ് മിഷനാണെന്നാണ്. ഇത് സർക്കാരിനെ തീർത്തും വെട്ടിലാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും ലൈഫ് മിഷനില്ല. യൂണിടാക്കിനെ ചുമതല ഏൽപിക്കാൻ ലൈഫ്മിഷൻ സിഇഒയോടു ആരെങ്കിലും വാക്കാൽ നിർദ്ദേശിച്ചോ എന്ന ചോദ്യമാണു നിർണായകം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറാണ് ഇത് ചെയ്തതെന്ന സംശയവും സജീവമാണ്. കിട്ടിയ മൂന്ന് രേഖകളും സർക്കാർ ഫയലിൽ ഉണ്ടെന്ന് ഉറപ്പിക്കലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം.

ലൈഫ് മിഷനിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ. സന്തോഷിനെതിരായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചത്. സന്തോഷിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ കേസിൽ ചോദ്യം ചെയ്യുമെന്നായിരുന്നും വിവരമുണ്ട്. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.

നേരത്തെ ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയിരുന്നു. കരാറിലെ കമ്മീഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു വിവരം. അതിനിടെ
ലൈഫ് മിഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാൻ വിജിലൻസും തീരുമാനിച്ചു. സിബിഐ എഫ്‌ഐആർ വിജിലൻസ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്. അഴിമതി കണ്ടെത്തിയാൽ കേസെടുക്കുന്നതിനും വിജിലൻസിന് തടസ്സമില്ലെന്നാണ് നിയമോപദേശം.

ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ലൈഫിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിജിലൻസിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ നിയമ തടസ്സമുണ്ടാകുമെന്ന് സംശയം ഉയർന്നത്. ഒരേ സംഭവത്തിൽ രണ്ട് എഫ്‌ഐആറുകൾ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മുൻനിർത്തിയായിരുന്നു ഈ ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്ന കാര്യത്തിൽ വിജിലൻസ് നിയമവശം പരിശോധിച്ചത്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് വിജിലൻസ് പരിശോധിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ലൈഫിലെ സിബിഐ അന്വേഷണം. രണ്ട് അന്വേഷണവും വ്യത്യസ്ത കാര്യങ്ങളിലായതിനാൽ വിജിലൻസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വിജിലൻസിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.

നിയമവശം അനുകൂലമായതോടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ നിന്നും ലൈഫ് മിഷൻ ഓഫീസിൽ നിന്നും ശേഖരിച്ച ഫയലുകളുടെ പരിശോധന തുടരാനാണ് വിജിലൻസ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണത്തിനുള്ള അനുമതി പത്രങ്ങൾ, ചെലവഴിച്ച തുകയുടെ വിവരങ്ങൾ എന്നിവയടക്കം 1000 പേജുകൾക്കടുത്ത് വരുന്ന ഫയലുകൾ വിജിലൻസ് ശേഖരിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് കൂടുതൽ ഫയലുകൾ ശേഖരിക്കാനും അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP