Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂജാരിയെന്ന വ്യാജേന ചുനക്കരയിൽ താമസിച്ചു വന്നത് വയനാട്ടുകാരൻ ഫൈസൽ; നാട്ടുകാരെ വിശ്വസിപ്പിക്കാൻ വെള്ളമുണ്ടും 'പൂണൂലും' ധരിക്കും; മലയാളവും സംസ്‌കൃതവും പറഞ്ഞ് പൂജാ കർമങ്ങൾ ചെയ്തു വിശ്വാസം പിടിച്ചപറ്റി; വാട്ട്സാപ്പും ഫേസ്‌ബുക്കും ഉപയോഗിച്ചാൽ ഈശ്വര കോപത്തിന് ഇടവരുമെന്നും സോഷ്യൽ മീഡിയകളിൽ ആരും തിരയരുതെന്നും 'വിശാൽ നമ്പൂതിരി'യുടെ വചനം; വ്യാജ പൂജാരിയെ പണത്തട്ടിപ്പിന് പൊലീസ് പൊക്കിയപ്പോൾ പുറത്തുവന്നത് കൂടുതൽ തട്ടിപ്പുകഥകൾ

പൂജാരിയെന്ന വ്യാജേന ചുനക്കരയിൽ താമസിച്ചു വന്നത് വയനാട്ടുകാരൻ ഫൈസൽ; നാട്ടുകാരെ വിശ്വസിപ്പിക്കാൻ വെള്ളമുണ്ടും 'പൂണൂലും' ധരിക്കും; മലയാളവും സംസ്‌കൃതവും പറഞ്ഞ് പൂജാ കർമങ്ങൾ ചെയ്തു വിശ്വാസം പിടിച്ചപറ്റി; വാട്ട്സാപ്പും ഫേസ്‌ബുക്കും ഉപയോഗിച്ചാൽ ഈശ്വര കോപത്തിന് ഇടവരുമെന്നും സോഷ്യൽ മീഡിയകളിൽ ആരും തിരയരുതെന്നും 'വിശാൽ നമ്പൂതിരി'യുടെ വചനം; വ്യാജ പൂജാരിയെ പണത്തട്ടിപ്പിന് പൊലീസ് പൊക്കിയപ്പോൾ പുറത്തുവന്നത് കൂടുതൽ തട്ടിപ്പുകഥകൾ

ആർ പീയൂഷ്

ആലപ്പുഴ: വാട്ട്സാപ്പും ഫേസ്‌ബുക്കും ഉപയോഗിച്ചാൽ ഈശ്വര കോപത്തിന് ഇടവരുമെന്നും അതിനാൽ ഇത്തരം സോഷ്യൽ മീഡിയകളിൽ ആരും ഒന്നും തിരയരുതെന്നും വ്യാജ പൂജാരി പറഞ്ഞിരുന്നെന്ന് വീട്ടുകാർ. ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചാൽ നാശം സംഭവിക്കുമെന്ന് പല പത്രവാർത്തകൾ ഉദ്ധരിച്ചു കൊണ്ടുമാണ് ഇയാൾ പറഞ്ഞിരുന്നതെന്നും വീട്ടുകാർ പൊലീസിന് മൊഴി നൽകി. വയനാട് വെള്ളമുണ്ട കട്ടയോട് തോണിക്കടവൻ വീട്ടിൽ ഫൈസലി(36) പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാൾ പൂജാരിയെന്ന വ്യാജേന താമസിച്ചിരുന്ന ചുനക്കര കോമല്ലൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. സോഷ്യൽ മീഡിയവഴി ഇയാളെ വീട്ടുകാർ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമാവാം ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ വിശ്വാസ്യത വരുത്താനായി ഇയാൾ ഇവിടെ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇവിടെ നിന്നും മടങ്ങിക്കഴിയുമ്പോൾ ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.

സന്തോഷിന്റെ വീട്ടിൽ കഴിയുമ്പോൾ പൂജയ്ക്ക് ക്ഷേത്രത്തിൽ പോകുകയാണ് എന്ന വ്യാജേന ആലയിലെ വാടക വീട്ടിലേക്ക് പോകുന്നതായിരുന്നു പതിവ്. വെള്ളമുണ്ട് മാത്രം ധരിക്കുന്ന ഫൈസൽ എപ്പോഴും 'പൂണൂൽ' ഇടുമായിരുന്നു. അച്ഛന്റെ പേര് രാമൻ എന്നാണ് ഇവരോടു പറഞ്ഞത്. മലയാളവും സംസ്‌കൃതവും പറഞ്ഞ് പൂജാ കർമങ്ങൾ ചെയ്താണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. പെരുമാറ്റത്തിൽ യാതൊരു സംശയവും തോന്നാത്ത വിധമായിരുന്നു ഇയാളുടെ പ്രവർത്തികളെല്ലാം. ഹൈന്ദവ വിധി പ്രകാരമുള്ള മിക്ക പൂജകളും അതേപടി ചെയ്തിരുന്നു. ഭാവി കാര്യങ്ങളെ പറ്റിയും ഇയാൾ വീട്ടുകാരോട് പറഞ്ഞ് പ്രീതി പിടിച്ചു പറ്റിയിട്ടുണ്ടായിരുന്നു. വീട്ടിലെ കുരിയാല പുതുക്കി പണിതു കഴിഞ്ഞാൽ ഉപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെല്ലാം മാറുമെന്നും പറഞ്ഞിരുന്നു.

സന്തോഷിന്റെ മകൻ ചങ്ങനാശേരിയിൽ പഠിക്കുമ്പോൾ, ഒരു വർഷം മുൻപ് കോളജിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ചെങ്ങന്നൂരിൽ നിന്നു ട്രെയിനിൽ കയറിയ ഫൈസലിനെ പരിചയപ്പെട്ടത്. വിശാൽ നമ്പൂതിരിയെന്നാണു പേരെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തി. ഇവർ തമ്മിൽ ബന്ധം ശക്തമായതോടെ കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ വരാൻ തുടങ്ങി. ഇയാൾ എത്തുന്ന ദിവസങ്ങളിൽ വീട്ടിൽ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്നു വിലക്കിയിരുന്നു. ആറു ഭാഷകൾ അറിയാമെന്നും ഇയാൾ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. പിതാവിന്റെ പേര് രാമനെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒന്നര ആഴ്ചയായി ഇയാൾ സന്തോഷിന്റെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.

വീട്ടിലെ കുരിയാല(ആരാധനാസ്ഥലം) പുതുക്കിപ്പണിയണമെന്ന് ഇയാൾ ഉപദേശിച്ചു. ഇതനുസസരിച്ച് കുരിയാലയുടെ പണി പൂർത്തിയാക്കി. പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനവും ഫൈസലാണ് നടത്തിയത്. ഇതിനിടെ സന്തോഷിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാൾ അൻപതിനായിരം രൂപ വാങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പൂജകളും നടത്തി. നേട്ടമുണ്ടാകാനുള്ള ഏലസ് പൂജിച്ച് ധരിക്കണമെന്ന് ഇയാൾ നിർദേശിച്ചതനുസരിച്ച് വീട്ടുകാർ അതിനു തയാറായിരുന്നു. ഫൈസലിന്റെ പക്കൽ നിന്ന് പൊലീസ് ഏലസുകൾ കണ്ടെടുത്തു.

2 വർഷമായി ചെങ്ങന്നൂർ ആല നെടുവരങ്കോട്ട് താമസിച്ച് ഒരു വീട്ടിൽ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് ചോദ്യംചെയ്യലിൽ സമ്മതിച്ചു. സ്വന്തം പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇയാൾ പല തവണ വൻതോതിൽ പലസ്ഥലത്തേക്കും പണം അയച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് എസ്ഐ: വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഫൈസലുമായി ആലായിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ചില തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞു കഴിയുന്ന ഇയാൾക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയ്ക്കും കുട്ടിക്കും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2000 രൂപ ചെലവിനു നൽകുന്നുണ്ട്.

പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അറസ്റ്റിലായതിന് ശേഷമാണ് വീട്ടുകാർ തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്. തുടർന്ന് രേഖാ മൂലം പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ ആലയിൽ താമസിച്ചിരുന്നത് എയർപോർട്ട് ജീവനക്കാരനണെന്ന വ്യാജേനയായിരുന്നു. ഇവിടെ യഥാർത്ഥ പേരിലാണ് അറിയപ്പെട്ടിരുന്നത്. എയർപോർട്ടിൽ ജോലി വാങ്ങി നൽകാമെന്ന വ്യാജേന നിരവധി പേരുടെ പക്കൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP