Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് പാർട്ടി സഹായം കൈമാറി; ഹഖിന്റെയും മിഥിലാജിന്റെയും കുടുംബങ്ങൾക്ക് കൈമാറിയത് 49 ലക്ഷം രൂപ വീതം; ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനായും പാർട്ടിയുടെ കരുതൽ; കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും മക്കളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ; കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന് മുന്നിൽ നിന്നും രക്ഷപെടില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി

വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് പാർട്ടി സഹായം കൈമാറി; ഹഖിന്റെയും മിഥിലാജിന്റെയും കുടുംബങ്ങൾക്ക് കൈമാറിയത് 49 ലക്ഷം രൂപ വീതം; ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനായും പാർട്ടിയുടെ കരുതൽ; കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും മക്കളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ; കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന് മുന്നിൽ നിന്നും രക്ഷപെടില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് പാർട്ടിയുടെ സഹായധനം കൈമാറി. രക്തസാക്ഷികളായ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കുടുംബങ്ങൾക്കായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ ആയിരുന്നു ചടങ്ങ് നടന്നത്. 49 ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങൾക്കും നല്കിയത്.

തേമ്പാമൂട് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽനിന്ന് സമാഹരിച്ച 98,50,200 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരു കുടുംബങ്ങൾക്കും കൈമാറി. രക്തസാക്ഷികളുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും മക്കൾക്കുമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തനും 49,25,100 രൂപ വീതമാണ് നൽകിയത്.

വെഞ്ഞാറമൂട് കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാർട്ടിയായിരുന്നെങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ഉറപ്പ് നൽകി.

ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഈ പാർട്ടി മറന്നിട്ടില്ല. അത് അവളോ അവനോ ആയിക്കോട്ടെ, ഒപ്പമുണ്ടെന്ന് തെളിയിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. അനശ്വര രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മക്കൾക്ക് ഓരോരുത്തർക്കും 16,12,550 രൂപ വീതമാണ് നൽകിയത്. അതിൽ ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനായും അത്രയും തുക ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഹഖ് മുഹമ്മദ് കൊല്ലപ്പെടുമ്പോൾ ഭാര്യ നജില ആറുമാസം ഗർഭിണിയായിരുന്നു. കുഞ്ഞ് ജനിച്ച് പേരിട്ട ശേഷം ഇത് സ്വന്തം പേരിലേക്ക് മാറ്റും. കുട്ടികൾക്ക് പ്രായപൂർത്തിയായ ശേഷം ഈ തുക ഉപയോഗിക്കാം.

കുടുംബം പോറ്റാൻ ഹഖ് മത്സ്യക്കച്ചവടമാണ് ചെയ്തതെങ്കിൽ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട് കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. കുടുംബങ്ങളെ സഹായിക്കാൻ 12,13 തീയതികളിലാണ് ഫണ്ട് പിരിവ് നടന്നത്. പാർട്ടി അംഗങ്ങളും ബഹുജനങ്ങളും വലിയ പിന്തുണയാണ് ഇതിന് നൽകിയത്.

ഒരോ കുടുംബത്തിനും നാൽപത്തിഒമ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരു നൂറ് രൂപ വീതമാണ് നൽകിയത്. ഇതിൽ മാതാപിതാക്കൾക്ക് ഓരോ ലക്ഷം രൂപയും. ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാർക്ക് 15 ലക്ഷം രൂപ വീതവും നൽകി. ഇതിൽ പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും 5 ലക്ഷം രൂപ സേവിങ്സ് അക്കൗണ്ടിലുമാണ് നൽകിയത്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായും പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. രക്തസാക്ഷികളുടെ ഭാര്യമാർക്ക് സ്ഥിര ജോലി നൽകാനും ഉടൻ സംവിധാനം ഉണ്ടാക്കുമെന്ന് ഡി കെ മുരളി എംഎൽഎയും അറിയിച്ചു.

ഇക്കഴിഞ്ഞ തിരുവോണത്തലേന്നാണ് തേമ്പാംമൂട് ജങ്ഷനിൽ വച്ച് ഡിവൈഎ്ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദും കൊല്ലപ്പെടുന്നത്. സംഭവത്തിൽ കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തകരാണ് അറസ്റ്റിലായത്. ചടങ്ങിൽ മിഥിലാജിന്റെ സഹോദരനും മക്കളായ ഇഹ്സാൻ, ഇർഫാൻ എന്നിവരും ഹഖിന്റെ മകൾ ഐറ, ഉപ്പ അബ്ദുൾ സമദ്, ഉമ്മ ഷാഹിന, ഭാര്യയുടെ ഉമ്മ സജീന ബീവി എന്നിവരും പങ്കെടുത്തു. മിഥിലാജിന്റെ മാതാപിതാക്കൾ മകൾക്കൊപ്പം ഗൾഫിലായതിനാൽ അവർ എത്തിയില്ല.

തേമ്പാംമൂട് ജങ്ഷനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൊലിയക്കോട് കൃഷ്ണൻ നായർ, എം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP