Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിംഗാധികാര ധിക്കാരത്തിന്റെ കരണക്കുറ്റിയിൽ പെൺപോരാട്ടവീറിന്റെ ചൂടറിയിച്ച പോരാളികൾക്ക് സ്നേഹാഭിവാദ്യങ്ങൾ; ജനാധിപത്യത്തിനും നീതിവാഴ്‌ച്ചയ്ക്കും തീരാക്കളങ്കം തീർക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടണമെന്നും കെ കെ രമ

ലിംഗാധികാര ധിക്കാരത്തിന്റെ കരണക്കുറ്റിയിൽ പെൺപോരാട്ടവീറിന്റെ ചൂടറിയിച്ച പോരാളികൾക്ക് സ്നേഹാഭിവാദ്യങ്ങൾ; ജനാധിപത്യത്തിനും നീതിവാഴ്‌ച്ചയ്ക്കും തീരാക്കളങ്കം തീർക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടണമെന്നും കെ കെ രമ

മറുനാടൻ ഡെസ്‌ക്‌

അശ്ലീല യുട്ഊബർക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് ആർഎംപി നേതാവ് കെ കെ രമ. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ അടക്കമുള്ളവരെ അപമാനിച്ച യുട്ഊബർക്കെതിരെ ചെറുവിരലനക്കാത്ത പൊലീസ് നേരം വെളുക്കുമ്പോഴേക്കും ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് കെ കെ രമ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. പെൺവേട്ടക്കാർക്ക് കുടപിടിക്കുകയും, പ്രതിഷേധിക്കുന്നവരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജനാധിപത്യത്തിനും നീതിവാഴ്‌ച്ചയ്ക്കും തീരാക്കളങ്കം തീർക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടണമെന്നും രമ ആവശ്യപ്പെട്ടു.

സ്ത്രീനീതിയുടെ കാര്യത്തിൽ സർക്കാരും പൊലീസും വേട്ടക്കാർക്ക് മുന്നിൽ വാലാട്ടുമ്പോൾ ആത്മാഭിമാനികളായ സ്ത്രീകൾക്ക് ഇനിയും പ്രതികരിക്കേണ്ടിവരുമെന്ന് രമ പറഞ്ഞു. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ലിംഗനീതിയും വേട്ടക്കാരുടെ കാൽക്കീഴിൽ വെച്ച ഭരണകാലത്ത്കേരളം മുഴുവൻ സ്ത്രീകൾക്ക് ഇത്തരം സ്ക്വാഡുകൾ ഉണ്ടാക്കി തെരുവിലിറങ്ങേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നു.

കെ കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

സ്ത്രീകളെക്കുറിച്ചും ഫെമിനിസ്റ്റുകളെക്കുറിച്ചും അങ്ങേയറ്റം അധിക്ഷേപകരമായ വീഡിയോ ചെയ്ത് പ്രചരിപ്പിച്ച യൂട്ഊബർ സ്ത്രീകളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം ചോദ്യം ചെയ്യപ്പെട്ടത് വലിയ വാർത്തയായി മാറുകയുണ്ടായി. പൊതുമണ്ഡലത്തിലും സ്വകാര്യ ജീവിതത്തിലും അധിക്ഷേപമേറ്റുവാങ്ങി നിസ്സഹായരായി നിൽക്കേണ്ടി വന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുയർന്ന ഒരു ജൈവസമരം തന്നെയായിരുന്നു ആ ഇടപെടൽ.

പക്ഷെ മുൻ വനിതാകമ്മീഷൻ അധ്യക്ഷയടക്കമുള്ളവരെ പൊതുമണ്ഡലത്തിൽ ഇത്രയും അപമാനകരമാം വിധം അവഹേളിച്ച യുട്ഊബർക്കെതിരെ ഒരു ചെറുവിരലനക്കാത്ത പൊലീസ് ഇന്ന് നേരം വെളുക്കുമ്പോഴേക്കും ഭാഗ്യലക്ഷ്മിക്കും മറ്റുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എത്ര ഭയാനകവും വിചിത്രവുമായ അവസ്ഥയാണിത് ?!വാളയാർ കേസിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തവരുടെ മുന്നിൽ ഇരുട്ടിൽ തപ്പുന്ന, പാലത്തായിയിൽ കുറ്റവാളിക്ക് പുറത്തിറങ്ങാൻ അവസരമൊരുക്കിയ നമ്മുടെ പൊലീസിന് ആ യൂ ട്യൂബറുടെ കാര്യത്തിൽ എന്തൊരു ജാഗ്രതയാണ് !!

എന്ത് നീതിബോധമാണ് നമ്മുടെ ഭരണകൂടത്തെയും പൊലീസിനെയും നയിക്കുന്നത് ?! പെൺവേട്ടക്കാർക്ക് കുടപിടിക്കുകയും, സ്ത്രീയധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജനാധിപത്യത്തിനും നീതിവാഴ്‌ച്ചയ്ക്കും തീരാക്കളങ്കം തീർക്കുകയും ചെയ്യുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടുകയാണ് വേണ്ടത്. സ്ത്രീ നീതിയുടെ കാര്യത്തിൽ സർക്കാരും പൊലീസും വേട്ടക്കാർക്ക് മുന്നിൽ വാലാട്ടിനിൽക്കുന്ന കാലത്ത് ആത്മാഭിമാനികളായ സ്ത്രീകൾക്ക് ഇനിയും പ്രതികരിക്കേണ്ടിവരിക തന്നെ ചെയ്യും.

അളമുട്ടിയുയരുന്ന പെൺപ്രതിരോധങ്ങളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും ആൾക്കൂട്ട വിചാരണ നടത്തിയും നിശ്ശബ്ദമാക്കാമെന്ന് കരുതുന്നവർ ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കില്ലെന്ന് വാശിയുള്ളവരാണ്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ലിംഗനീതിയും വേട്ടക്കാരുടെ കാൽക്കീഴിൽ വെച്ചൊരു ഭരണകാലത്ത് തീർച്ചയായും കേരളം മുഴുവൻ സ്ത്രീകൾക്ക് ഇത്തരം സ്ക്വാഡുകൾ ഉണ്ടാക്കി തെരുവിലിറങ്ങേണ്ടി വരിക തന്നെ ചെയ്യും. ലിംഗാധികാര ധിക്കാരത്തിന്റെ കരണക്കുറ്റിയിൽ പെൺപോരാട്ടവീറിന്റെ ചൂടറിയിച്ച പോരാളികൾക്ക് സ്നേഹാഭിവാദ്യങ്ങൾ. ലിംഗനീതിബോധവും ജനാധിപത്യ ബോധവുമുള്ള മുഴുവൻ മനുഷ്യരും നിങ്ങൾക്കൊപ്പമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP