Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് പൊലീസ് സ്റ്റേഷനോ അതോ ആഡംബര റിസോർട്ടോ? ശീതീകരിച്ച മുറികളും ഹെൽപ്പ് ഡെസ്‌ക്കും പബ്ലിക്ക് റിലേഷൻസ് ഓഫീസറുടെ സേവനവും അടക്കം അടിമുടി അച്ചടക്കമുള്ള പൊലീസ് സ്‌റ്റേഷൻ; മുൻവശത്തായി വെർട്ടിക്കൽ ഗാർഡൻ സംവിധാനവും; പുതുക്കിയെടുത്തു നവീകരിച്ചതോടെ മിനുങ്ങിയത് ലോക്കപ്പു വരെ; അത്യാധുനിക സൗകര്യങ്ങളോടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ; ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ അംഗീകാരവും ലഭിച്ച പൊലീസ് സ്‌റ്റേഷന്റെ വിശേഷങ്ങൾ അറിയാം

ഇത് പൊലീസ് സ്റ്റേഷനോ അതോ ആഡംബര റിസോർട്ടോ? ശീതീകരിച്ച മുറികളും ഹെൽപ്പ് ഡെസ്‌ക്കും പബ്ലിക്ക് റിലേഷൻസ് ഓഫീസറുടെ സേവനവും അടക്കം അടിമുടി അച്ചടക്കമുള്ള പൊലീസ് സ്‌റ്റേഷൻ; മുൻവശത്തായി വെർട്ടിക്കൽ ഗാർഡൻ സംവിധാനവും; പുതുക്കിയെടുത്തു നവീകരിച്ചതോടെ മിനുങ്ങിയത് ലോക്കപ്പു വരെ; അത്യാധുനിക സൗകര്യങ്ങളോടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ;  ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ അംഗീകാരവും ലഭിച്ച പൊലീസ് സ്‌റ്റേഷന്റെ വിശേഷങ്ങൾ അറിയാം

ആർ പീയൂഷ്

കൊടുങ്ങല്ലൂർ: അത്യാധുനിക സൗകര്യങ്ങളോടെ ഒരു പൊലീസ് സ്റ്റേഷൻ. കവാടം മുതൽ തുടങ്ങുന്ന തിളക്കം പടി കടന്നെത്തുന്നവർ ഒരിക്കലും മറക്കില്ല. ലോക്കപ്പും അകത്തളവുമെല്ലാം ഒന്നിനൊന്ന് മെച്ചം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനാണ് അത്യാധുനിക സൗകര്യങ്ങളൊരുക്കി മറ്റു പൊലീസ് സ്റ്റേഷനുകൾക്ക് മാതൃകയായിരിക്കുന്നത്. ഏഴു പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിക്കുന്ന സ്റ്റേഷനിലെത്തുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്, ഇരുപതു പുതിയതരത്തിലുള്ള സ്റ്റീൽ കസേരകൾ, ഫാനുകൾ, പബ്ലിക്ക് റിലേഷൻസ് ഓഫീസറുടെ സേവനം, ടി.വി.. മൊത്തത്തിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കയറിച്ചെല്ലുന്നതിന്റെ പ്രതീതി.

ഇരുവശത്തുമായി സ്റ്റേഷൻ എസ്‌ഐ.യുടെയും സിഐ.യുടെയും അത്യാധുനിക സംവിധാനങ്ങളോടെയുള്ള ശീതീകരിച്ച മുറികൾ. സ്റ്റേഷൻ ജി.ഡി. ചാർജ് വഹിക്കുന്ന പൊലീസ് ഓഫീസറുടെ ഇരിപ്പിടവും മറ്റു സംവിധാനങ്ങളും റെക്കോഡുകൾ സൂക്ഷിക്കുന്ന സ്ഥലം, കംപ്യൂട്ടർ റൂം എന്നിവ താഴത്തെ നിലയിൽ അതിമനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്. ഇരുണ്ട ലോക്കപ്പ് പുതുക്കിയെടുത്തിട്ടുണ്ട്. മുകളിലെ നിലയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെ ശീതീകരിച്ച ഓഫീസ് മുറിയും തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയും എസ്‌ഐ.മാരുടെ മുറിയും വിശ്രമമുറിയും മറ്റും അതിമനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്.

വനിത പൊലീസുകാർക്കുള്ള വിശ്രമമുറിയും മുകളിലെ നിലയിൽത്തന്നെയാണ്. വിശ്രമ മുറികളുടെ കാര്യം എടുത്ത പറയേണ്ടത് തന്നെയാണ്. വസ്ത്രം മാറാനുള്ള സൗകര്യം, വസ്ത്രം സൂക്ഷിക്കാനായി മനോഹരമായ അലമാര, കിടക്കകൾ, ഷൂസും ചെരുപ്പും സൂക്ഷിക്കാൻ പ്രത്യേക സ്ഥലം, എന്നിങ്ങനെ പോകുന്നു സൗകര്യങ്ങൾ. ശുചിമുറിയും എല്ലാ സൗകര്യങ്ങളോടും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. വിശ്രമ മുറികളുടെ ചുമരുകളിലെല്ലാം മനോഹരമായ പെയിന്റിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്.

സ്റ്റേഷന്റെ മുൻവശത്തും മറ്റും ടൈലുകൾ പാകി ജീവനക്കാരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി സൂക്ഷിച്ചിട്ടുള്ള, കേസുകളിൽ ഉൾപ്പെട്ട ബൈക്കുകളിൽ കുറെയെണ്ണം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ബാക്കിയുള്ളവ മറ്റൊരുഭാഗത്തേക്ക് ഒതുക്കിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസുകാർ തന്നെ സ്റ്റേഷന് മുൻഭാഗം തൂത്തുവാരുന്നത് അത്ഭുത കാഴ്ചയാണ്. സ്റ്റേഷന്റെ മുൻവശത്തെ വെർട്ടിക്കൽ ഗാർഡൻ സംവിധാനത്തോടെയുള്ള മതിലുകൾ ആരെയും ആകർഷിക്കും.

വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞും അടക്കുംചിട്ടയുമില്ലാതെ കിടന്നിരുന്ന സ്റ്റേഷൻ വൃത്തിയാക്കിയെടുക്കണമെന്ന സിഐ. പി.കെ. പത്മരാജന്റെയും എസ്‌ഐ. ബൈജുവിന്റെയും മറ്റു സഹപ്രവർത്തകരുടെയും നിശ്ചയദാർഢ്യമാണ് പ്രമുഖ വ്യവസായപ്രമുഖരുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ യഥാർഥ്യമാക്കിയത്. പിന്നാലെ സ്റ്റേഷന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ അംഗീകാരവും ലഭിച്ചു.

എടുപ്പിലും മട്ടിലും അടിമുടി നവീകരണം നടത്തി മറ്റു പൊലീസ് സ്റ്റേഷനുകൾക്ക് മാതൃകയായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന്റെ സേവനപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്ന പൊതുജനങ്ങൾക്ക് സ്റ്റേഷൻ കാന്റീനിൽനിന്ന് ചെറിയ നിരക്കിൽ ചായയും പലഹാരവും ഊണും കഴിക്കാം. പക്ഷേ ഉപ്പോൾ കോവിഡായതിനാൽ പുറത്തു നിന്നുള്ളവരെ കയറ്റുന്നില്ല. ഒരു പരീക്ഷണമെന്ന നിലയിലാണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചത്.

പൊലീസുകാർക്കു വേണ്ടി പ്രവർത്തിച്ചിരുന്ന സ്റ്റേഷനോട് ചേർന്നുള്ള മെസാണ് നവീകരിച്ച് കാന്റീനായി മാറ്റിയത്. നാൽപ്പതോളം പൊലീസുകാർക്കാണ് ദിവസവും ഇവിടെ ഭക്ഷണം നൽകുന്നത്. കാന്റീനിന്റെ മേൽനോട്ടത്തിന് ഊഴമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരികികുകയാണ്. ആഴ്ചയിൽ ഒരുദിവസം ഇറച്ചിയും മത്സ്യവും മാറിമാറി വിളമ്പും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP