Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; തകർത്തു വാരി കളിയിലെ താരമായി ശുഭ്മാൻ ഗിൽ: കൊൽക്കത്ത സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത് ബൗളർമാരുടെ കരുത്തിൽ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; തകർത്തു വാരി കളിയിലെ താരമായി ശുഭ്മാൻ ഗിൽ: കൊൽക്കത്ത സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത് ബൗളർമാരുടെ കരുത്തിൽ

സ്വന്തം ലേഖകൻ

അബുദാബി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സൺറൈസേഴ്സ് ഹൈദരാബാദിന് മേൽ എഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. 143 റൺസ് വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ കൊൽക്കത്ത18 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. നേരത്തെ രണ്ട് മത്സരങ്ങൾക്ക് ഇറങ്ങിയ കൊൽക്കത്ത ഈ സീസണിൽ നേടുന്ന ആദ്യ വിജയമാണിത്. യുവതാരം ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് കൊൽക്കത്തയുടെ വിജയം. തകർത്തുകളിച്ച ശുഭ്മാൻ ഗിൽ 62 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ടു സിക്‌സുമാണു താരം നേടിയത്. 38 പന്തിൽ 51 റൺസെടുത്ത മനീഷ് പാണ്ഡെയുടെ അർധസെഞ്ചുറിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ (36), വൃദ്ധിമാൻ സാഹ (30) എന്നിവരും തിളങ്ങി.

കൊൽക്കത്തയുടെ ബൗളർമാരുടെ മികച്ച ഫോമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയിൽ ബൗൾ ചെയ്ത പാറ്റ് കമ്മിൻസ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഒരു തകർപ്പൻ ഇൻസ്വിങ്ങറിലൂടെ കമ്മിൻസ് ബെയർസ്റ്റോയെ ബൗൾഡാക്കി. പിന്നീട് ക്രീസിലെത്തിയ മനീഷ് പാണ്ഡെ വാർണറുമായി ചേർന്ന് പതിയെ ഇന്നിങ്സ് കരകയറ്റാൻ ശ്രമിച്ചു. 30 പന്തുകളിൽ നിന്നും 36 റൺസുമായി വാർണർ പുറത്തായി.

പിന്നീടെത്തിയ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. കൂറ്റനടികൾക്ക് ശ്രമിക്കാതെ കരുതലോടെ പാണ്ഡെയ്‌ക്കൊപ്പം നിന്നു. ആദ്യത്തെ പത്തോവറിൽ 61 റൺസ് മാത്രമാണ് സൺറൈസേഴ്സിന് നേടാനായത്. പിന്നീട് ശ്രദ്ധയോടെ കളിച്ച ഇരുവരും സൺറൈസേഴ്സ് സ്‌കോർ 100 കടത്തി. മോശം ബോളുകൾ കണ്ടെത്തി ബൗണ്ടറികൾ പായിച്ച് മനീഷ് പാണ്ഡെയാണ് സ്‌കോറിങ്ങിൽ മുന്നിൽ നിന്നത്. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അതിനിടയിൽ 35 പന്തുകളിൽ നിന്നും പാണ്ഡെ അർധ സെഞ്ചുറി നേടി. താരത്തിന്റെ പതിനാറാം ഐ.പി.എൽ അർധ സെഞ്ചുറിയാണിത്. എന്നാൽ അർധ സെഞ്ചുറി നേടിയ ഉടൻ തന്നെ പാണ്ഡെയുടെ വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായി. ആന്ദ്രെ റസ്സലാണ് വിക്കറ്റെടുത്തത്.പിന്നാലെ സാഹയം കളം വിട്ടു.

143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ആറു റൺസെടുത്ത് നിൽക്കെത്തന്നെ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ സുനിൽ നരെയ്ൻ പുറത്തായി. ഖലീൽ അഹമ്മദിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്താണ് നരെയ്‌നെ പുറത്താക്കിയത്. എന്നാൽ നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ബൗണ്ടറികൾ കണ്ടെത്തിത്തുടങ്ങിയതോടെ കൊൽക്കത്തയുടെ ആശങ്കയൊഴിഞ്ഞു. 13 പന്തിൽ 26 റൺസെടുത്ത് നിതീഷ് റാണ പുറത്തായി. ടി. നടരാജന്റെ പന്തിൽ വിക്കറ്റ് കീപ്പർ സാഹ ക്യാച്ചെടുത്താണ് റാണയെ മടക്കിയത്. കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് പൂജ്യത്തിൽ മടങ്ങി.

നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ചേർന്നാണ് ടീമിനെ കരയ്ക്കടിപ്പിച്ചത്. ഖലീൽ അഹമ്മദെറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായി മൂന്ന് ഫോറുകൾ നേടി നിതീഷ് റാണ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാൽ സൺറൈസേഴ്സിന്റെ നടരാജൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ റാണ പുറത്തായി. പിന്നാലെ വന്ന കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ദിനേഷ് കാർത്തിക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് സൺറൈസേഴ്സിന് കളി അനുകൂലമാക്കി. ഒരു റൺസ് പോലും നേടാതെയാണ് ക്യാപ്റ്റൻ മടങ്ങിയത്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും സ്‌കോർ താഴാതെ ടീമിനെ താങ്ങി നിർത്തിയത് ഓപ്പണർ ശുഭ്മാൻ ഗില്ലാണ്. പിന്നീട് ക്രീസിലെത്തിയ ഇംഗ്ലീഷ് താരം ഇയൻ മോർഗൻ വളരെ ശ്രദ്ധയോടെയാണ് കളിച്ചത്.

ഒരറ്റത്ത് നന്നായി ബാറ്റുവീശിയ ഗില്ലിന് അവസരങ്ങൾ നൽകുന്നതിലാണ് മോർഗൻ ശ്രദ്ധിച്ചത്. സിംഗിളുകൾ നേടി മോശം പന്തുകൾ ബൗണ്ടറി കടത്തി ഇരുവരും കൊൽക്കത്തയുടെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇതിനിടയിൽ ശുഭ്മാൻ ഗിൽ അർധശതകം പൂർത്തിയാക്കി. വിക്കറ്റുകൾ നൽകാതെ അവസരോചിതമായി കളിച്ച ഗില്ലും മോർഗനുമാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്. അവസാന ഓവറുകളിൽ തകർപ്പൻ ഷോട്ടുകൾ കളിച്ച മോർഗൻ വിജയം വേഗത്തിലാക്കി. മോർഗൻ 29 പന്തുകളിൽ നിന്നും പുറത്താവാതെ 42 റൺസ് നേടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ബാറ്റിങ് തെരെഞ്ഞെടുക്കുന്നത്. വലിയ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP