Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊന്നാൽ പഞ്ചസാരയിട്ട് കത്തിക്കണം എന്ന് പിണറായി പറഞ്ഞെന്ന വെളിപ്പെടുത്തൽ; 'മറക്കാനാവാത്ത മക്കാവ് യാത്ര'യിൽ പറഞ്ഞത് സെക്സ് ടോയ് കടകൾ കേരളത്തിലും വേണമെന്നും; സിപിഎമ്മിലും കോൺ​ഗ്രസിലും നിൽക്കുമ്പോഴും ഒട്ടും ഒളിക്കാതെ വിളിച്ച് പറഞ്ഞത് മോദി വികസന നായകനെന്ന്; ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായതും അപ്രതീക്ഷിതമായി; എ പി അബ്ദുള്ളക്കുട്ടിക്ക് ഇത് നിലപാടിന് കിട്ടിയ അം​ഗീകാരം

കൊന്നാൽ പഞ്ചസാരയിട്ട് കത്തിക്കണം എന്ന് പിണറായി പറഞ്ഞെന്ന വെളിപ്പെടുത്തൽ; 'മറക്കാനാവാത്ത മക്കാവ് യാത്ര'യിൽ പറഞ്ഞത് സെക്സ് ടോയ് കടകൾ കേരളത്തിലും വേണമെന്നും; സിപിഎമ്മിലും കോൺ​ഗ്രസിലും നിൽക്കുമ്പോഴും ഒട്ടും ഒളിക്കാതെ വിളിച്ച് പറഞ്ഞത് മോദി വികസന നായകനെന്ന്; ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായതും അപ്രതീക്ഷിതമായി; എ പി അബ്ദുള്ളക്കുട്ടിക്ക് ഇത് നിലപാടിന് കിട്ടിയ അം​ഗീകാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എ പി അബ്​ദുള്ളക്കുട്ടി കേരള രാഷ്ട്രീയത്തിൽ എന്നും അത്ഭുതമാണ്. സിപിഎമ്മിൽ നിന്നും കോൺ​ഗ്രസിലൂടെ ബിജെപിയിലെത്തിയ, ദേശീയ മുസ്ലിം എന്ന് സ്വയം വിളിക്കുന്ന ഈ രാഷ്ട്രീയ നേതാവിന്റെ വളർച്ച എന്നും പ്രവചനാതീതമായിരുന്നു. രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയരുമ്പോഴും അദ്ദേഹത്തിന് ലഭിക്കുന്നത് പ്രവർത്തന മികവിനെക്കാൾ നിലപാടുകൾക്കുള്ള അം​ഗീകാരമാണ്. സ്വന്തം നിലപാടുകൾ നിൽക്കുന്ന സ്ഥലത്തിന്റെ കാലാവസ്ഥ നോക്കി തുറന്ന് പറയാതിരിക്കുന്ന ആളല്ല എ പി അബ്​ദുള്ളക്കുട്ടി. ഒരിക്കൽ സിപിഎമ്മിന്റെ സ്വന്തം അത്ഭുതക്കുട്ടിയായിരുന്ന ഈ നേതാവ് ഇപ്പോൾ ബിജെപിക്കും അത്ഭുതക്കുട്ടി ആകുകയാണ്.

സിപിഎം എംപിയായും കോൺഗ്രസ് എംഎൽഎയായും വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ബിജെപിയിലൂടെയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്നിരിക്കുന്നത്. സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി, കഴിഞ്ഞ വർഷമാണ് കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയിൽ ചേർന്നത്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരിക്കെ കണ്ണൂരിൽ മത്സരിക്കാൻ വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ‘അദ്ഭുതക്കുട്ടി’യായത്. കണ്ണൂർ മണ്ഡലത്തിൽ അഞ്ചു തിരഞ്ഞെടുപ്പിൽ അജയ്യനായി നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ 1999ൽ എ.പി. അബ്ദുല്ലക്കുട്ടിയെ സിപിഎം സ്ഥാനാർത്ഥിയായി ഇറക്കുമ്പോൾ മൂക്കത്തു വിരൽ വച്ചവരുണ്ട്.

1984 മുതൽ മുല്ലപ്പള്ളി തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ ഇറക്കുമ്പോൾ സിപിഎമ്മിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. യുവത്വം, ന്യൂനപക്ഷ പ്രാതിനിധ്യം എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിനു സീറ്റ് നൽകുകയായിരുന്നു. എന്നാൽ 10247 വോട്ടിന് അട്ടിമറിച്ച് 15 വർഷം നീണ്ട മുല്ലപ്പള്ളിയുടെ പടയോട്ടം അബ്ദുല്ലക്കുട്ടി അവസാനിപ്പിച്ചു. 2004ലും മുല്ലപ്പള്ളിയെ തന്നെ തോൽപ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി അബ്ദുല്ലക്കുട്ടി മുല്ലപ്പള്ളിയുടെ കോൺഗ്രസിലെത്തി.

2009 ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ പുകഴ്‌ത്തിയതോടെ അബ്ദുള്ളക്കുട്ടിയെന്ന അദ്ഭുതക്കുട്ടി സിപിഎമ്മിൽ നിന്നും പുറത്തായി. പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ പോയത് കോൺഗ്രസിലേക്കും. വികസനത്തിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കണമെന്ന് അബ്‌ദുല്ലക്കുട്ടി പറ‍ഞ്ഞത് അദ്ദേഹം സിപിഎമ്മിൽ ആയിരുന്നപ്പോഴാണ്. സിപിഎം ജില്ലാ നേതൃത്വത്തിന് അനഭിമതനായ അബ്ദുല്ലക്കുട്ടിയുടെ പേരിൽ അതിനു മുൻപേ രണ്ടുതവണ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനു കാരണവും മോദീപ്രശംസ തന്നെ.

ലോക്‌സഭയിലേക്ക് സുധാകരൻ തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയ അബ്ദുള്ളക്കുട്ടി 2011-ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. 2016-ലെ തെരഞ്ഞെടുപ്പിൽ തലശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എൻ ഷംസീറിനോട് പരാജയപ്പെട്ടു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്‌ത്തി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തെത്തിയത്. കോൺഗ്രസ് അച്ചടക്ക നടപടി തുടങ്ങിയതിനു പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി. കേരളത്തിലെ നേതാക്കളെ പോലും തഴഞ്ഞാണ് ബിജെപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അബ്ദള്ളക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ബിജെപി ദേശീയ നേതൃത്വം.

വിവാദങ്ങളുടെ ചങ്ങാതി

മോദി സ്തുതിയാണ് അബ്ദുള്ളക്കുട്ടിക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും പ്രശ്നമായത്. ഒടുവിൽ, ദേശീയ മുസ്ലിം എന്ന് സ്വയം വിശേഷിപ്പിച്ച് മോദിയുടെ കൂടാരത്തിലെത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മാത്രമല്ല അബ്ദുള്ളക്കുട്ടി വിവാദങ്ങളിൽ ഇടംപിടിച്ചത്. സോളാർ വിവാദം കത്തിനിന്നപ്പോൾ പരാതിക്കാരി ഉയർത്തിയ പേരുകളിൽ അബ്ദുല്ലക്കുട്ടിയുമുണ്ടായിരുന്നു. ഇതിനിടെ സെക്സ് ടോയ്, ബംഗാൾ മോഡൽ കൊലകൾ തുടങ്ങിയ വിവാദങ്ങളിലും പെട്ടു. 'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന പുസ്തകത്തിലായിരുന്നു സെക്സ് ടോയ് സംബന്ധിച്ച വിവാദപരാമർശം. ഭാര്യയുമൊന്നിച്ചു നടത്തിയ മക്കാവ് യാത്രയായിരുന്നു പുസ്തകത്തിന് ആധാരം.

സെക്സ് കളിപ്പാട്ടങ്ങൾ വിൽക്കുന്ന ടോയ് ഷോപ്പുകൾ കേരളത്തിലും വേണമെന്നും ലൈംഗിക ജ്വരം ബാധിച്ചവർ‌ക്കായി നിശാക്ലബ്ബുകൾ ഇവിടെയും വരണമെന്നും പറഞ്ഞ് അബ്ദുല്ലക്കുട്ടി വീണ്ടും വിവാദനായകനായി. ''കൊല ചെയ്യുന്നതിൽ നമ്മൾ ബംഗാളികളെ കണ്ട് പഠിക്കണം. കൊന്നാൽ പഞ്ചസാരയിട്ട് കത്തിക്കണം'' എന്നു പിണറായി വിജയൻ പറഞ്ഞു എന്ന വിവാദപരാമർശം അബ്ദുല്ലക്കുട്ടി നടത്തിയത് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദപരാമർശം.

എപി അബ്ദുള്ളക്കുട്ടി അടക്കം 12 ഉപാധ്യക്ഷന്മാരെ നിയമിച്ചാണ് ബിജെപി ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചത്. ജെപി നഡ്ഡ അധ്യക്ഷനായി ചുമതലയേറ്റ് എട്ട് മാസത്തിന് ശേഷമാണ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കുന്നത്. ടോം വടക്കനും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചു. ബിഎൽ സന്തോഷ് സംഘടനാ ജനറൽ സെക്രട്ടറിയായി തുടരും. ഡൽഹി മലയാളിയായ അരവിന്ദ മേനോൻ ദേശീയ സെക്രട്ടറിയായും പട്ടികയിലുണ്ട്.

രാം മാധവ്, മുരളീധര റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഇല്ല. തേജസ്വി സൂര്യ എംപിയാണ് യുവമോർച്ചയുടെ ദേശീയ അധ്യക്ഷൻ. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹികൾ. രമൺ സിങ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കമുള്ളവരും ഉപാധ്യക്ഷന്മാരാണ്. ഭൂപേന്ദ്ര യാദവ്, കൈലാഷ് വിജയ്‌വാർഗിയ എന്നിവരും പുതിയ ജനറൽ സെക്രട്ടറി പട്ടികയിലുണ്ട്. ബിജെപി ഐടി സെല്ലിന്റെ മേധാവിയായി അമിത് മാളവ്യ തുടരും. സംപിത് പാത്ര, രാജീവ് പ്രതാപ് റൂഡി അടക്കം 23 പേരാണ് ദേശീയ വക്താക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP