Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ദീപിക ഞങ്ങളോട് സംസാരിക്കൂ, നിങ്ങൾക്കെന്താണ് പറയാനുള്ളത്..? ദീപിക പദുക്കോണിനെ കാറിൽ ചേസു ചെയ്തു റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവർത്തക അലറി വിളിച്ചു ചോദിച്ചത് ഇങ്ങനെ; ചേസു ചെയ്യാൻ കാത്തിരിക്കുന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ദീപിക പദുകോൺ ഇന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ചോദ്യം ചെയ്യലിനായി എത്തും; രാകുൽ പ്രീതിനെ ചോദ്യം ചെയ്തത് നാല് മണിക്കൂർ; ലഹരി ഇടപാടിലെ വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിനായിരുന്നത് ദീപിക; ലഹരിമരുന്ന് റിയയ്ക്കു വേണ്ടിയെന്നും രാകുൽ

'ദീപിക ഞങ്ങളോട് സംസാരിക്കൂ, നിങ്ങൾക്കെന്താണ് പറയാനുള്ളത്..? ദീപിക പദുക്കോണിനെ കാറിൽ ചേസു ചെയ്തു റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവർത്തക അലറി വിളിച്ചു ചോദിച്ചത് ഇങ്ങനെ; ചേസു ചെയ്യാൻ കാത്തിരിക്കുന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ദീപിക പദുകോൺ ഇന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ചോദ്യം ചെയ്യലിനായി എത്തും; രാകുൽ പ്രീതിനെ ചോദ്യം ചെയ്തത് നാല് മണിക്കൂർ; ലഹരി ഇടപാടിലെ വാട്‌സാപ് ഗ്രൂപ്പ് അഡ്‌മിനായിരുന്നത് ദീപിക; ലഹരിമരുന്ന് റിയയ്ക്കു വേണ്ടിയെന്നും രാകുൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈ ലഹരിമരുന്ന് കേസിൽ ദീപിക പദുകോൺ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലഹരിമരുന്ന് ഇടപാടിൽ താരങ്ങളുടെ പേര് ഉയർന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്. ഗോവയിലെ ഷൂട്ടിങ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെ എത്തിയിരുന്നു. ഇന്നലെ ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രാവേളയിൽ ദീപികയെ ചാനൽ സംഘം പിന്തുടർന്നിരുന്നു. റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകായിരുന്നു അലറി വിളിച്ചു കൊണ്ട് പിന്നാലെ കൂടിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിപടർത്തി കൊണ്ട് വൈറലായി.

റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ദീപിക സഞ്ചരിക്കുന്ന കാറിന്റെ തൊട്ടടുത്ത് എത്തിയിരിക്കുകയാണ് നമ്മളെന്നും ദീപിക ഞങ്ങളോട് സംസാരിക്കൂ, നിങ്ങൾക്കെന്താണ് പറയാനുള്ളത് എന്നെല്ലാം സ്വന്തം കാറിനകത്തിരുന്ന് റിപ്പോർട്ട് ചെയ്തു കൊണ്ട് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെ പരിഹസിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. പ്രശാന്ത് ഭൂഷണാണ് കടുത്ത വിമർശനം ഉന്നയിച്ചത്. 'അങ്ങനെ ഒടുവിൽ റിപ്പബ്ലിക് ടിവിക്ക് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ കാർ ദീപിക പദുക്കോണിന്റെ കാറിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്.' എന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിങ് സീനാണല്ലോ ഇതെന്നാണ് പലരും ട്വിറ്ററിൽ ചോദിക്കുന്നത്.

വ്യാഴാഴ്‌ച്ച ഗോവയിൽ നിന്ന് മുംബൈയിലെത്തിയ ദീപിക പദുക്കോണിനെ അർധരാത്രി വരെ കാത്തിരുന്ന് അവരുടെ കാറിനെ പിന്തുടർന്ന് ചോദ്യങ്ങളുമായെത്തിയ മാധ്യമങ്ങളുടെ നടപടിയാണ് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നേരത്തെ നടി റിയ ചക്രബർത്തിക്ക് നേരെയും മാധ്യമങ്ങൾ ഇത്തരത്തിൽ പാഞ്ഞടുത്തിരുന്നു. ഇതുമായി ബന്ധപ്പട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ദീപികയുടെയും ഭർത്താവ് രൺദീപ് സിങിന്റെയും കാർ പിന്തുടരുന്ന മാധ്യമപ്രവർത്തകരെ കാണാം. എയർപോർട്ടിൽ നിന്ന് കാറിൽ ദീപികയെ പിന്തുടർന്നെത്തിയ മാധ്യമപ്രവർത്തകർ ട്രാഫിക് സിഗ്നലിൽ വാഹനത്തിൽ നിന്നിറങ്ങി ദീപികയുടെ കാറിനടുത്തേക്ക് എത്തുകയായിരുന്നു. വണ്ടി ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ തന്നെ കാറിന്റെ ചില്ലിൽമുട്ടി ദീപികയോടും രൺവീറിനോടും ചിലർ പ്രതികരണവും തേടി.

കേസുമായി ബന്ധപ്പെട്ട് പ്രഗത്ഭരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തി. ദീപിക സമ്മർദത്തിലാണെന്നും ചോദ്യം ചെയ്യൽ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭർത്താവും നടനുമായ രൺവീർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും.

സുശാന്ത് സിങ് രാജ്പുത്തിന്റെ ടാലന്റ് മാനേജർ ജയാ സാഹയുടെ വാട്സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇന്നലെ ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കൾ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി രാകുൽപ്രീത് സിങ്ങിനെ നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ മുതാ അശോക് ജെയിൻ പറഞ്ഞു. കേസിൽ രാകുൽപ്രീതിനെ വ്യാഴാഴ്ചയാണു ചോദ്യം ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ ചോദ്യം ചെയ്തു. അന്വേഷണ സംഘം വീണ്ടും ഇവരുടെ മൊഴിയെടുക്കും. കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാകുൽപ്രീതിനെയും കരീഷ്മ പ്രകാശിനെയും അന്വേഷണ സംഘം വിളിപ്പിച്ചത്.

ലഹരി മരുന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുകോൺ 2017ൽ ചാറ്റ് ചെയ്ത വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്‌മിൻ അവർ തന്നെയായിരുന്നെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചിട്ടുണ്ട്. ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ബോളിവുഡ് ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യും. നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയെയും എൻസിബി ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താൻ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്റെ കാമു റിയ ചക്രവർത്തിക്കു വേണ്ടിയായിരുന്നെന്നാണു രാകുലിന്റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.

അതിനിടെ, സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ 2019ൽ നടത്തിയ ലഹരി വിരുന്നിനെക്കുറിച്ച് എൻസിബി അന്വേഷണത്തിന് തയ്യാറെടുക്കുന്നു. വിരുന്നിൽ പങ്കെടുത്ത വിക്കി കൗശൽ, രൺബീർ കപൂർ, വരുൺ ധവാൻ, സോയ അക്തർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ എന്നീ അഭിനേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കാം.

അതിനിടെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റുകൾ പുറത്തു വന്നിട്ടുണ്ട. ഹാജരാകാൻ ആവശ്യപ്പെട്ട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇവർക്ക് സമൻസ് അയച്ചത്. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രവർത്തിയിൽ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയിൽ നിന്ന് അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

ദീപിക: ഓകെ, മാൽ ഉണ്ടോ?

കരീഷ്മ: എന്റ പക്കലുണ്ട്, പക്ഷേ വീട്ടിലാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അമിതിനോട് ചോദിക്കട്ടെ

ദീപിക: തീർച്ചയായും, ദയവായി

കരീഷ്മ: അമിതിന്റെ കൈവശമുണ്ട്, അവൻ കൊണ്ടുവരും

ദീപിക: ഹാഷ് ആല്ലേ... വീഡ് വേണ്ട

കരീഷ്മ: അതേ, ഹാഷ്...

ഇങ്ങനെ പോകുന്നു ഇവർ കൈമാറിയ സന്ദേശങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP