Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കെ ടി ജലീൽ എകെജി സെന്ററിൽ എത്തിയത് കോടിയേരി ആവശ്യപ്പെട്ടത് അനുസരിച്ച്; കൂടിക്കാഴ്‌ച്ച നീണ്ടത് ഒരു മണിക്കൂറോളം; മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ട പാർട്ടി സെക്രട്ടറി വിവരങ്ങൾ തേടിയത് എൻഐഎ ചോദിച്ചതിനെ കുറിച്ചു തന്നെ; ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ ജലീൽ വിഷയവും കോടിയേരി പരാമർശിക്കും; ഇ പി ജയരാജന് കിട്ടാത്ത പരിഗണന കെ ടി ജലീലിന് കിട്ടുമ്പോൾ അഭ്യൂഹങ്ങൾ ഉയർത്തി കൂടിക്കാഴ്‌ച്ച

കെ ടി ജലീൽ എകെജി സെന്ററിൽ എത്തിയത് കോടിയേരി ആവശ്യപ്പെട്ടത് അനുസരിച്ച്; കൂടിക്കാഴ്‌ച്ച നീണ്ടത് ഒരു മണിക്കൂറോളം; മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ട പാർട്ടി സെക്രട്ടറി വിവരങ്ങൾ തേടിയത് എൻഐഎ ചോദിച്ചതിനെ കുറിച്ചു തന്നെ; ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ ജലീൽ വിഷയവും കോടിയേരി പരാമർശിക്കും; ഇ പി ജയരാജന് കിട്ടാത്ത പരിഗണന കെ ടി ജലീലിന് കിട്ടുമ്പോൾ അഭ്യൂഹങ്ങൾ ഉയർത്തി കൂടിക്കാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു വിവാദങ്ഹൾക്ക് നടുവിലാണ് മന്ത്രി കെ ടി ജലീൽ. ഇതിനിടെയാണ് ഇന്നലെ രാഷ്ട്രീയ അഭ്യൂഹങ്ങൾ വർധിപ്പിച്ചു കൊണ്ട് മന്ത്രി കെ.ടി. ജലീൽ എ.കെ.ജി സെന്ററിൽ എത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടശേഷമായിരുന്നു ജലീലിന്റെ വരവ്. ഇതോടെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള അഭ്യൂഹവും വർധിച്ചിരുന്നു. ജലീൽ എൻഐഎ മുമ്പാകെ ഹാജരായത് ഒളിച്ചുപോയെന്ന പരാമർശനം കാനം നേരത്തെ നടത്തിയിരുന്നു. ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനിടെയാണ് കെ ടി ജലീൽ എ കെ ജി സെന്ററിൽ എത്തി കോടിയേരി ബാലകൃഷ്ണനവുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

വിവാദവിഷയങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി തന്നെയായിരുന്നു കൂടിക്കാഴ്‌ച്ച. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ആവശ്യപ്പെട്ടതനുസരിച്ചാണ് ജലീൽ എത്തിയത്. ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയിൽ രാഷ്ട്രീയ കാര്യങ്ങൾ കോടിയേരി റിപ്പോർട്ട് ചെയ്യണം. ജലീലിനെതിരേയുള്ള ആരോപണമടക്കം ഇതിൽ പരാമർശിക്കേണ്ടിവരും. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിനുശേഷം ജലീൽ കോടിയേരിയുമായി നേരിട്ട് സംസാരിച്ചിരുന്നില്ല. ഇക്കാര്യങ്ങളെ കുറിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ വിവരങ്ങൾ അറിയിക്കാൻ വേണ്ടിയുള്ള വിവരങ്ങൾ തേടിയാണ് കോടിയേരി ജലീലിനെ വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച്ച നീണ്ടു നിന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവസാനിക്കും മുമ്പായിരുന്നു കാനം എ.കെ.ജി സെന്ററിൽ എത്തിയത്. കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി കാനം മടങ്ങി. എന്നാൽ സാധാരണ വെള്ളിയാഴ്ചകളിൽ നടക്കാറുള്ള സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ച മാത്രമായിരുന്നു കൂടിക്കാഴ്ചയെന്ന് ഇരുപാർട്ടികളിലെയും നേതാക്കൾ വിശദീകരിച്ചു. രാഷ്ട്രീയവിഷയങ്ങളും സർക്കാറിന്റെ ഭരണപരമായ കാര്യവും ചർച്ചയായെന്നാണ് സൂചന. ഇതിന് പിന്നാലെയായിരുന്നു മന്ത്രി കെ.ടി. ജലീൽ എ.കെ.ജി സെന്ററിൽ എത്തിയത്. കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്. എന്നാൽ വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രി എത്തിയതെന്ന് സിപിഎം വൃത്തങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

നേരത്തെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കാൻ പോകുന്നേയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നത്. രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടി അംഗീകരിക്കുന്നില്ല. അതിന്റെ പേരിലുള്ള സമരം എവിടെയുമെത്തില്ല. ഒരാളെ സാക്ഷിയായി വിളിച്ചതിന് രാജി ആവശ്യപ്പെടുന്നത് എവിടെയെങ്കിലുമുണ്ടായിട്ടുണ്ടോ. ഉമ്മൻ ചാണ്ടിയെ സോളാർ കമ്മിഷൻ 14 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ അന്നദ്ദേഹം രാജി വച്ചിരുന്നോ? അതുകൊണ്ട് ചിലയാളുകൾ ഇപ്പോൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കൊന്നും യാതൊരർത്ഥവുമില്ല. ഒരന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ അതുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്യും. അവരെല്ലാം കേസിൽ പ്രതികളാണെന്നതിനർത്ഥമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

നേരത്തെ കെ.ടി.ജലീൽ ഇഡി ഓഫിസിൽ ഒളിച്ചുപോയത് വിവേകപൂർണമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രി സ്റ്റേറ്റ് കാറിൽത്തന്നെ ചോദ്യംചെയ്യലിന് പോകണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനായി മന്ത്രി ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും കാനം പറഞ്ഞു. എന്നാൽ കാനത്തെ തള്ളി കെ.ടി.ജലീലിനെ ശരിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സംഘർഷം ഒഴിവാക്കാനുള്ള വിവേകപൂർവമായൊരു നടപടിയായിരുന്നു അത്. കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ മന്ത്രിയെ എൻഐഎ ചോദ്യം ചെയ്തതിന് പിന്നാലെ വിശുദ്ധ ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്തുകൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പറയുകയുണ്ടായി. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ തനിക്ക് അതിൽ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

എൻ.ഐ.എ. ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി വരട്ടെയെന്ന് ചോദിച്ചോയെന്ന ചോദ്യത്തിന് എൻഐഎകാർ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവർ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത്. തനിക്ക് സൗകര്യപ്രദമായ സമയം പുലർച്ചെയാണ്. ആറുമണിയോടെ എൻ.ഐ.എ. ഓഫീസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാൻ ആരംഭിച്ചുവെന്നും ജലീൽ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഞാൻ വ്യക്തിപരമായി ആ ഖുർആൻ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകൾ സുരക്ഷിതമാണെന്നും 31 പാക്കറ്റുകൾ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP