Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫിനെ ശരിയാക്കാൻ എല്ലാ കേന്ദ്ര ഏജൻസികളും കൂട്ടത്തോടെ! സ്വപ്നയെ തങ്കക്കട്ടി ആക്കിയവരെ കൂട്ടത്തോടെ വെള്ളം കുടിപ്പിക്കാൻ സിബിഐയും എത്തുന്നതോടെ സർക്കാർ കടുത്ത പ്രതിരോധത്തിൽ; ഒമ്പത് കോടിയുടെ കോഴ ആരോപണത്തിൽ ലൈഫിലെ കേന്ദ്ര ബിന്ദുവായി യുണിടാക്ക്; ഹാബിറ്റാറ്റിനെ പുറത്താക്കി യുണിടാക്കിനെ തിരുകി കയറ്റിയതിനും ഉത്തരം പറയേണ്ടി വരും; 'ആരോ എവിടെയോ നടത്തുന്ന പദ്ധതി' എന്ന മുഖ്യന്റെ വാദവും വിലപ്പോകില്ല; സിബിഐ അന്വേഷണം ആരംഭിച്ചതോടെ വിജിലൻസും അപ്രസക്തം

എൽഡിഎഫിനെ ശരിയാക്കാൻ എല്ലാ കേന്ദ്ര ഏജൻസികളും കൂട്ടത്തോടെ! സ്വപ്നയെ തങ്കക്കട്ടി ആക്കിയവരെ കൂട്ടത്തോടെ വെള്ളം കുടിപ്പിക്കാൻ സിബിഐയും എത്തുന്നതോടെ സർക്കാർ കടുത്ത പ്രതിരോധത്തിൽ; ഒമ്പത് കോടിയുടെ കോഴ ആരോപണത്തിൽ ലൈഫിലെ കേന്ദ്ര ബിന്ദുവായി യുണിടാക്ക്; ഹാബിറ്റാറ്റിനെ പുറത്താക്കി യുണിടാക്കിനെ തിരുകി കയറ്റിയതിനും ഉത്തരം പറയേണ്ടി വരും; 'ആരോ എവിടെയോ നടത്തുന്ന പദ്ധതി' എന്ന മുഖ്യന്റെ വാദവും വിലപ്പോകില്ല; സിബിഐ അന്വേഷണം ആരംഭിച്ചതോടെ വിജിലൻസും അപ്രസക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്നു ഇത്. എന്നാൽ, വീണ്ടുമൊരു തെരഞ്ഞെടുപ്പു കേളികൊട്ട് ഉയരുമ്പോൾ എൽഡിഎഫിനെ ശരിയാക്കാൻ വേണ്ടി എല്ലാ കേന്ദ്ര ഏജൻസികളും കേരളത്തിലുണ്ട്. ഏറ്റവും ഒടുവിലായി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐയും എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ പട്ടിക പൂർത്തിയായി. ലാവലിൻ കേസ് മുതൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഏറ്റവും അലർജിയുള്ള ഏജൻസിയാണ് സിബിഐ. അതുകൊണ്ട് തന്നെ ലൈഫിലെ ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ എത്തുന്നത് പിണറായി വിജയന് ഒരുക്കലും ദഹിക്കാൻ ഇടയില്ല. ഇതുവരെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒളിച്ചുവെക്കാൻ വേണ്ടി സർക്കാർ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.

ഇടതു സർക്കാറിന്റെ പ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ. ഇതിനെ സിബിഐ അന്വേഷണം പാർട്ടിയെയും സർക്കാരിനെയും വല്ലാതെ വെട്ടിലാക്കുന്നുന്നുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്് എൻഐഎ, ഇഡി, കസ്റ്റംസ്, ഇൻകം ടാക്‌സ്, നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, ഐബി തുടങ്ങിയ ഏജൻസകൾ അന്വേഷണം നടത്തി വരികയാണ്. ഇതിന് ഏറ്റവും ഒടുവിലാണ് കേന്ദ്ര ഏജൻസികളിൽ ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയും എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ താൽപ്പര്യം കൂടി കണക്കിലെടുക്കുമ്പോൾ സർക്കാറിന് ഭയക്കാൻ ഏറെയാണ്.

മുഖ്യമന്ത്രി തന്നെ ലൈഫ് മിഷൻ എക്‌സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണത്തിന്റെ ഒരറ്റം സ്വാഭാവികമായും അദ്ദേഹത്തിലേക്കും എത്തുമെന്നത് ഉറപ്പാണ്. ലാവ്ലിൻ കേസിലെ സിബിഐ അന്വേഷണം ഒഴിയാബാധയായി അദ്ദേഹത്തെ പിന്തുടരുകയാണ്. 'രണ്ടാം ലാവ്ലിൻ' എന്നാണു ലൈഫ് മിഷൻ തട്ടിപ്പിനെ പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചത്. സമാനമായ വിധത്തിൽ വിവിധ ക്രമക്കേടുകൾ ചേർന്നതാണ് ലൈഫുമായി ബന്ധപ്പെട്ട ആരോപണങ്ങൾ.

അന്നു കൺസൽറ്റന്റായ ടെക്‌നിക്കാലിയയുടെ പേര് വാർത്തകളിൽ നിറഞ്ഞുവെങ്കിൽ ഇന്നു കരാറുകാരായ 'യുണിടാക്കാണ്' കേന്ദ്രബിന്ദു. വിദേശകരാറിലെ വീഴ്ചയും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. കേരളത്തെ സഹായിക്കാനായി യുഎഇയിൽ നിന്നു മുഖ്യമന്ത്രി സമാഹരിച്ച ഫണ്ട് കുറെ ഇടനിലക്കാരും തട്ടിപ്പുകാരും കൈകാര്യം ചെയ്യുകയും കമ്മിഷൻ പറ്റുകയും ചെയ്തുവെന്നത് ഇടതുസർക്കാരിന് അംഗീകരിക്കാവുന്നതല്ല. അതുകൊണ്ടു തന്നെയാണു അതിൽ പ്രശ്‌നങ്ങളുണ്ടെന്നു മുഖ്യമന്ത്രി സമ്മതിച്ചത്.

സ്വർണക്കടത്തു കേസിൽ യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ള ആർജവം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിൽ ലൈഫ് മിഷനിലെ സിബിഐ അന്വേഷത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവന്നുവെന്നതും ശ്രദ്ധേയം. കേന്ദ്ര ഏജൻസികളുടെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നു പാർട്ടി തുറന്നടിക്കുന്നു. മറ്റ് അന്വേഷണങ്ങൾക്കെതിരെയും ഇനി സിപിഎം ശബ്ദിച്ചു തുടങ്ങും.

ലൈഫ് മിഷൻ പദ്ധതി ഇടപാടുകളൊന്നും യാദൃച്ഛികമായിരുന്നില്ല എന്നിരിക്കെ ഗൂഢാലോചനക്കുറ്റത്തിൽ വിപുലമായ അന്വേഷണത്തിന് സിബിഐ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞിരുന്നത് അത് യുഎഇ കോൺസുലേറ്റ് നേരിട്ടു നടത്തുന്ന പദ്ധതിയാണെന്ന് മാത്രമാണ്. ഈ വാദം ഇനി അധികം വിലപ്പോകില്ലെന്ന് ഉറപ്പാണ്. കരാർ ഒപ്പിടുന്ന 2019 ജൂലൈ 11നു രാവിലെ 11നു മാത്രമാണ് തന്റെ മുന്നിൽ ധാരണാപത്രം ഉൾപ്പെടുന്ന ഫയൽ വരുന്നതെന്നും വൈകിട്ട് 5നു പരിപാടിക്കു വരണമെന്നു നിർദേശിച്ചാണ് തദ്ദേശവകുപ്പു സെക്രട്ടറിയുടെ ഫയൽ വന്നതെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ലൈഫ് മിഷൻ സിഇഒ വെളിപ്പെടുത്തിയത്.

ധാരണാപത്രം ഒപ്പിട്ട ചടങ്ങിൽ യുഎഇയിൽ നിന്നു റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്‌സും സംഘവും പങ്കെടുത്തു. ഇവരെയൊക്കെ ഒരാഴ്ച മുൻപെങ്കിലും വിവരം അറിയിച്ചു സമയം നിശ്ചയിച്ചിരുന്നു. എന്നിട്ടും എന്താണ് തിടുക്കപ്പെട്ട് അധികമാരുമറിയാതെ ധാരാണാപത്രമൊരുക്കിയതെന്ന് അന്വേഷണം വരും.

തദ്ദേശ െസക്രട്ടറിയുടെ കുറിപ്പിൽ പദ്ധതി റെഡ് ക്രസന്റ് നേരിട്ടു നടപ്പിലാക്കുമെന്നു രേഖപ്പെടുത്തിയിരുന്നു. ഈ തീരുമാനം ആരൊക്കെ ചേർന്നെടുത്തുവെന്നു സെക്രട്ടറി വെളിപ്പെടുത്തേണ്ടി വരുമ്പോൾ ഉത്തരം അതിനും മുകളിലെത്തും. തിടുക്കം കാട്ടിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്ന് ഇതിനോടകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ധാരണാപത്രത്തിൽ ചിലതു ചേർക്കേണ്ടതുണ്ടെന്നു നിയമവകുപ്പ് ഉദ്യോഗസ്ഥൻ കുറിച്ചെങ്കിലും ആ ഫയൽ നിർദ്ദേശം മുങ്ങി. മുങ്ങിയ ആ ഫയൽ സിബിഐയുടെ മുന്നിലെത്തിക്കേണ്ടിവരും.

ഉപകരാറുകൾ വേണമെന്നു ധാരണാപത്രത്തിൽ നിർദേശിച്ചിരുന്നു. അവ വച്ചില്ലെന്നു പിന്നീട് തെളിഞ്ഞു. സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രം കരാർ നൽകണമെന്ന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം അട്ടിമറിക്കപ്പെടുകയും ചെയ്തു. ഹാബിറ്റാറ്റ് ആയിരുന്നു സർക്കാർ ഏജൻസി. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഇല്ലെന്ന കാരണത്താലാണ് ഹാബിറ്റാറ്റിനെ ഒഴിവാക്കിയത്. പകരം കരാർ കിട്ടിയ യൂണിടാക് നിർമ്മിക്കുന്നതോ പരമ്പരാഗത രീതിയിലുള്ള കെട്ടിടവും. ഇതിന് പിന്നിൽ നടന്നത് 9 കോടിയുടെ അഴിമതി ആണെന്നാണ് ആക്ഷേപം.

യുഇഎയിൽ നിന്നു കോൺസുലേറ്റിലെ ചാരിറ്റി അക്കൗണ്ടിൽ പണമെത്തി. ഇത് എങ്ങനെ ആരു കൈമാറിയെന്നു സർക്കാരിനറിയില്ല. ഒപ്പം വേറെയും വന്നു 58 കോടി. ഇതും പല സംഘടനകൾക്കു കൈമാറി. 14.5 കോടിയാണ് യൂണിടാക്കിനു ലഭിച്ചത്. കമ്മിഷൻ 4.15 കോടി നൽകിയെന്ന് വെളിപ്പെടുത്തൽ വന്നു. എത്ര രൂപ നിർമ്മാണത്തിന് ചെലവിട്ടെന്ന് അന്വേഷിച്ച സംഘത്തിന് വേറെയും ചില വിവരങ്ങൾ കിട്ടി. യൂണിടാക് ഈ ഫ്‌ളാറ്റ് നിർമ്മാണത്തിനു മറ്റൊരു കമ്പനിക്ക് കരാർ നൽകിയെന്നും അത് ഇതിനെക്കാൾ വളരെ താഴ്ന്ന തുകയ്ക്കാണെന്നുമുള്ള വിവരം.

ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ വിജിലൻസ് അന്വേഷണം ഇനി അപ്രസക്തമാകും. ഫയലുകൾ വിജിലൻസ് പിടിച്ചെടുത്താലും സിബിഐ ചോദിക്കുന്ന മുറയ്ക്ക് അവയെല്ലാം നൽകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. വിജിലൻസിന് ഈ കേസിൽ കാര്യമായൊന്നും ചെയ്യാനാകില്ലെന്നു മുൻപേ തന്നെ നിയമവിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. പണം എത്തിയതു വിദേശത്തു നിന്നാണ്. രാജ്യാന്തര സ്ഥാപനങ്ങൾ ഉൾപ്പെട്ട കേസ് വിജിലൻസിന്റെ പരിധിയിൽ വരുന്നില്ല. എന്നിട്ടും സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സിബിഐ വരുമെന്നറിഞ്ഞായിരുന്നുവെന്ന ആരോപണം ബാക്കിയായി.

സംസ്ഥാനമോ ഹൈക്കോടതിയോ ശുപാർശ ചെയ്യാതെ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന പരിമിതി മറികടക്കാൻ വിദേശസംഭാവന നിയന്ത്രണ ചട്ടത്തിന്റെ (എഫ്‌സിആർഎ) ലംഘനം ചൂണ്ടിക്കാട്ടിയാണു സിബിഐ എത്തിയത്. ഒപ്പം അനിൽ അക്കരയുടെ പരാതിയും വഴിയൊരുക്കി. എഫ്‌സിആർഎ ലംഘനം തെളിയിക്കാൻ സിബിഐക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല. റെഡ് ക്രസന്റും സർക്കാരിന്റെ ലൈഫ് മിഷനും തമ്മിൽ ഒപ്പിട്ട 20 കോടി രൂപയുടെ സഹായത്തിന്റെ ധാരണാപത്രം പുറത്തുവന്നു കഴിഞ്ഞു. ഒപ്പിട്ട മിഷൻ സിഇഒ യു.വി.ജോസിന് ആ ഒപ്പിന്റെ പിന്നിലെ കഥകൾ സിബിഐയോടു പറയേണ്ടിവരും. ലൈഫ് മിഷന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ മുഖ്യമന്ത്രിയാണ്. ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റിയാണ് എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ടത്. അങ്ങനെയിരിക്കെ 20 കോടി വന്നതും നിർമ്മാണ കരാർ നൽകിയതുമൊന്നും സർക്കാർ അറിഞ്ഞില്ലെന്നു പറഞ്ഞു കയ്യൊഴിയാൻ ബുദ്ധിമുട്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP