Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ സുഹൃദ് രാഷ്ട്രത്തിനെതിരെ സായുധ പോരാട്ടം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന്; ഇറാഖിനെതിരെ പോരാട്ടം നടത്തിയ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ പ്രത്യേക കോടതി; തൊടുപുഴ സ്വദേശിയുടെ ശിക്ഷ വിധിക്കുക തിങ്കളാഴ്‌ച്ചയും

ഇന്ത്യയുടെ സുഹൃദ് രാഷ്ട്രത്തിനെതിരെ സായുധ പോരാട്ടം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന്; ഇറാഖിനെതിരെ പോരാട്ടം നടത്തിയ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ പ്രത്യേക കോടതി; തൊടുപുഴ സ്വദേശിയുടെ ശിക്ഷ വിധിക്കുക തിങ്കളാഴ്‌ച്ചയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇറാഖിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കേസിൽ തൊടുപുഴ മാർക്കറ്റ് റോഡിൽ സുബഹാനി ഹാജാ മൊയ്തീൻ (34) കുറ്റക്കാരനെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കണ്ടെത്തി. ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്കാണു സുബഹാനി വിചാരണ നേരിട്ടത്. ശിക്ഷ 28നു വിധിക്കും. സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗുഡാലോചന കുറ്റവുമാണ് എൻഐഎ ചുമത്തിയത്. 2016 ഒക്ടോബർ അഞ്ചിനാണ് സുബഹാനിയുടെ അറസ്റ്റ്. 2017 മാർച്ചിൽ കുറ്റപത്രം നൽകി.

ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന ഏഷ്യൻ രാജ്യമാണ് ഇറാഖ്. സഖ്യരാഷ്ട്രത്തിന് എതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്ത സംഭവത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഭീകര സംഘടനയായ ഐഎസിനൊപ്പം ചേർന്നാണു പ്രതി ഇറാഖിനെതിരെ പോരാടിയത്. എഎസ്‌പി എ.പി. ഷൗക്കത്തലി അന്വേഷിച്ച കേസിൽ എൻഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. എൻഐഎ അന്വേഷിക്കുന്ന മറ്റു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേസുകളിലും സുബഹാനി പ്രതിയാണ്.

2015ൽ തുർക്കി വഴി ഇറാഖിലേക്കു കടന്ന സുബഹാനി ഐഎസിൽ ചേർന്ന് ആയുധ പരിശീലനം നേടിയ ശേഷമാണു മൊസൂളിനടുത്തു യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം എത്തിയത്. 2016ൽ കണ്ണൂർ കനകമലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണു സുബഹാനിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

2016 ഒക്ടോബർ ഒന്നിനാണ് സുബഹാനി അടക്കമുള്ളവർക്കെതിരെ എൻഐഎ കേസെടുത്തത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ഒരു സംഘം യുവാക്കൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് കേസെന്ന് എൻഐഎ പറഞ്ഞിരുന്നു. ഒക്ടോബർ 3ന് തിരുനൽവേലി ജില്ലയിൽ വസതിയിൽ നടത്തിയ റെയ്ഡിൽ സുബഹാനിക്കെതിരെ തെളിവുകൾ ലഭിച്ചതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

2015 ഏപ്രിലിൽ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് പരിശീലനം തേടി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2015 സെപ്റ്റംബറിൽ ഇന്ത്യയിൽ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായും ശിവകാശിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും എൻഐഎ അന്വേഷണ സംഘം പറഞ്ഞിരുന്നു.

അബു ജാസ്മിൻ എന്ന വിളിപ്പേരിലും അറിയപ്പെടുന്ന സുബഹാനി ഐഎസ് നിർദ്ദേശ പ്രകാരം ഇന്ത്യയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന് അടിത്തറ കെട്ടിപ്പടുക്കാനും സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും കോപ്പുകൂട്ടുന്നതിനിടെയാണ് അറസ്റ്റിലായത്. ശിവകാശിയിലെ പടക്ക നിർമ്മാണ കടകളിൽ നിന്നു അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ഇയാൾ തയ്യാറെടുക്കുന്നതായി എൻഐഎയ്ക്ക് വിവരം കിട്ടിയിരുന്നു. 2015 ഏപ്രിലിലാണ് സുബഹാനി തുർക്കിയിലേക്ക് പോയത്. അവിടെ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചു. തുടർന്നു ഇറാഖിലെ മൊസൂളിൽ ഒളിപ്പോരാട്ടത്തിലും സായുധ പോരാട്ടത്തിലും സ്ഫോടക വസ്തു നിർമ്മാണത്തിലും ഐഎസിന്റെ തീവ്രപരിശീലനം കിട്ടി.

ഇറാഖിലും സിറിയയിലും ഐഎസ് ആക്രമണങ്ങളിൽ സുബഹാനി നേരിട്ടു പങ്കെടുത്തതിനു വ്യക്തമായ തെളിവുകൾ എൻഐഎ ശേഖരിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള അത്യാധുനീക ആയുധങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് സാരമായി പരുക്കേൽക്കുകയുണ്ടായി. തുടർന്ന് ഐഎസിന്റെ രഹസ്യതാവളത്തിൽ ശസ്ത്രക്രിയ നടത്തി കാലിനിൽ സ്റ്റീൽ റോഡ് ഘടിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഫൊറനനനടത്തിയ വിദഗ്ധ പരിശോധനയിൽ കാലിൽ സ്റ്റീൽ റോഡ് ഘടിപ്പിച്ചതായി എൻഐഎ സ്ഥിരീകരിക്കുകയുണ്ടായി. തൊടുപുഴയിലെ വീട്ടിൽ നിന്നു പിടിച്ചെടുത്ത തുർക്കി നിർമ്മിത ജാക്കറ്റുകളും സെറ്ററ‌ുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേ‍യമാക്കിയപ്പോൾ അത്യുഗ്ര ശേഷിയുള്ള സ്ഫോടന വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

നേരത്തേ, തൊടുപുഴയിൽ ജൂവലറിയിൽ സെയിൽസ്മാനും ബിസിനസുകാരനുമായിരുന്ന ഇയാൾ ഐഎസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. കാലിൽ പരുക്ക് പറ്റിയതിനെ തുടർന്നാണ് സുബഹാനിയെ ഐഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. രാജ്യത്ത് ഐഎസിന് ആളും അർത്ഥവും കെട്ടിപ്പടുക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. അതിനാവശ്യമായ രഹസ്യനീക്കങ്ങൾക്കായിട്ടാണ് തമിഴ്‌നാട്ടിലേക്ക് താമസം മാറ്റിയത്.

അതിനിടെ, ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം പുലർത്തിയ നാല് മലയാളികളെ യുഎഇ നാടുകടത്തി. കാസർകോട് തൃക്കരിപ്പൂർ സ്വ​ദേശികളായ നാലുപേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്. കരിപ്പൂർ വഴി നാട്ടിലെത്തിയ നാലുപേരും ക്വാറന്റെൻ കാലാവധി പൂർത്തിയാക്കി വീടുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും അതേസമയം, ഇവരുടെ പാസ്പോർട്ട് എൻഐഎ സംഘം പിടിച്ചുവച്ചതായും വിവരമുണ്ട്.

യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്.

2016 ലാണ് ഡോ. ഇജാസ് ഉൾപ്പെടുന്ന 17 പേർ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. വിദേശത്ത് ജോലിയിലുണ്ടായിരുന്ന മുഹ്സിൻ അവിടെ നിന്നുമാണ് പോയത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കാസർഗോഡ് ജില്ലക്കാരായ 9 യുവാക്കൾ വിദേശത്ത് നിരീക്ഷണത്തിലായത്. ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി വിശദമായ പരിശോധന നടത്തി വരുന്നതായാണ് വിവരം .

യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ , ബഹ്‌റിൻ തുടങ്ങിയെ രാജ്യങ്ങൾ വഴി പ്രവാസികളായ നൂറു കണക്കിന് മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കാൻ പോയതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ വഴിയായിരുന്നു പലരുടെയും നീക്കം. പിന്നീട് ഐ.എസ് ദുര്ബലമായതിനെ തുടർന്ന് ഇവർ തിരിച്ചു ഗൾഫിലേക്ക് മടങ്ങി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ പെട്ടവരാണ് ഇപ്പോൾ നാട് കടത്തി കേരളത്തിൽ എത്തിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP