Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അനുഷ്കയുടെ ബോളിം​ഗ് എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ; അതിലെവിടെയാണ് ലൈംഗികച്ചുവയുള്ള പരാമർശം;വിവാദങ്ങൾക്കിടെ വിശദീകരണവുമായി സുനിൽ ഗാവസ്കർ

അനുഷ്കയുടെ ബോളിം​ഗ് എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ; അതിലെവിടെയാണ് ലൈംഗികച്ചുവയുള്ള പരാമർശം;വിവാദങ്ങൾക്കിടെ വിശദീകരണവുമായി സുനിൽ ഗാവസ്കർ

മറുനാടൻ ഡെസ്‌ക്‌

ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. വിരാട് കോലി മോശം പ്രകടനം നടത്തിയതിന്റെ പേരിൽ അനുഷ്കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയിട്ടില്ലെന്നും ഗാവസ്കർ വ്യക്തമാക്കി. ‘ലോക്ഡൗണിൽ അനുഷ്കയുടെ ബോളിങ്ങിൽ മാത്രമേ കോലി പരിശീലിച്ചിട്ടുള്ളൂ. അതുകൊണ്ട് കാര്യമില്ലല്ലോ.’- എന്ന പരാമർശമാണ് വിവാദമായത്.‌ ഈ പരാമർശത്തിനെതിരേ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗാവസ്കർ വിശദീകരണം നൽകിയത്. ക്രിക്കറ്റ് കമന്ററിക്കിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് ‘ഇന്ത്യ ടുഡേ’യോട് അദ്ദേഹം പ്രതികരിച്ചു.

മത്സരത്തിൽ വിരാട് കോലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തിൽ ഗാവസ്കർ നടത്തിയ പരാമർശമാണ് വിവാദമായത്. ഗാവസ്കർ നടത്തിയ ഹിന്ദി പരാമർശത്തിന്റെ ഏകദേശ വിവർത്തനം ഇങ്ങനെ: ‘ലോക്ഡൗണിൽ അനുഷ്കയുടെ ബോളിങ്ങിൽ മാത്രമേ കോലി പരിശീലിച്ചിട്ടുള്ളൂ. അതുകൊണ്ട് കാര്യമില്ലല്ലോ.’ വിവാദത്തിൽ ഗാവസ്കറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും ചേരിതിരിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന സോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകരുടെ ആരോപണത്തേയും ഗാവസ്കർ നിഷേധിച്ചു. വിഡ്ഢിത്തം എന്നാണ് ഗാവസ്കർ ഇതിനെ വിശേഷിപ്പിച്ചത്. 'വിദേശ പര്യടനങ്ങളിൽ ഭാര്യയെ കൂടെക്കൂട്ടാൻ ക്രിക്കറ്റ് താരങ്ങൾക്ക് അനുമതി നൽകണമെന്ന് എപ്പോഴും വാദിക്കുന്ന വ്യക്തിയാണ് ഞാൻ. സാധാരണ ഒരു മനുഷ്യൻ ഒമ്പതു മുതൽ അഞ്ചു വരെയാണ് ജോലി ചെയ്യാറുള്ളത്. അയാൾക്ക് വൈകുന്നേരം വീട്ടിലെത്തി ഭാര്യയെ കാണാം. അതുപോലെ ക്രിക്കറ്റ് താരങ്ങൾ ഭാര്യയെ ഒപ്പം കൂട്ടിയാൽ എന്താണ് പ്രശ്നമെന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്.' ഗാവസ്കർ ചൂണ്ടിക്കാട്ടുന്നു.

‘ആ കമന്ററിയിൽ നിങ്ങൾ കേൾക്കുന്നതുപോലെ, ഞാനും ആകാശും ഹിന്ദി ചാനലിനുവേണ്ടിയാണ് വിവരണം നൽകിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും പരിശീലനത്തിനുള്ള സൗകര്യങ്ങൾ തീർത്തും പരിമിതമായിരിക്കുമെന്ന് ഞങ്ങൾ സംസാരിക്കുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ മിക്ക താരങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളും കണ്ടിരുന്നു. ആദ്യ മത്സരത്തിൽ രോഹിത്തിന് പന്ത് ഉദ്ദേശിച്ച രീതിയിൽ അടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ധോണിക്കും വിരാടിനും ഇതേ പ്രശ്നമുണ്ടായിരുന്നു. പരിശീലനത്തിന്റെ കുറവ് എല്ലാവരെയും പിടികൂടിയിട്ടുണ്ടെന്ന് വ്യക്തം’ – ഗാവസ്കർ പറഞ്ഞു.

‘അങ്ങനെയൊരു ആശയം വിശദീകരിക്കാനായി മാത്രം ഞാൻ പറഞ്ഞ വാചകമാണത്. ലോക്ഡൗണിൽ വിരാടിന് പരിശീലനത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണല്ലോ. ആകെക്കൂടി കോലി ബാറ്റെടുത്തുകണ്ടത് താമസസ്ഥലത്ത് അനുഷ്ക ശർമ ബോൾ ചെയ്യുന്ന ആ വിഡിയോയിലാണ്. അതാണ് ഞാൻ അവിടെ പരാമർശിച്ചത്. അതിന് ബോളിങ് എന്നു തന്നെയല്ലേ പറയുന്നത്. ഞാൻ മറ്റെന്തെങ്കിലും വാക്ക് ഉപയോഗിച്ചോ? അനുഷ്ക കോലിക്കെതിരെ ബോൾ ചെയ്യുന്നതാണ് ആ വിഡിയോയിലുള്ളത്. അതിൽ എവിടെയാണ് ഞാൻ അവരെ കുറ്റപ്പെടുത്തുന്നത്? അതിലെവിടെയാണ് സ്ത്രീ വിരുദ്ധത? അവരുടെ അയൽക്കാരാരോ പകർത്തി പോസ്റ്റ് ചെയ്ത ആ വിഡിയോയിൽ കണ്ട കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞത്’ – ഗാവസ്കർ വിശദീകരിച്ചു.

‘ഐപിഎലിനു മുന്നോടിയായി ആർക്കും കാര്യമായ പരിശീലനത്തിന് സമയം ലഭിച്ചില്ലെന്ന് സ്ഥാപിക്കാനാണ് ഞാൻ ശ്രമിച്ചത്. അതിൽ വിരാട് കോലിയുമുണ്ട്. അല്ലാതെ ഞാൻ സ്ത്രീവിരുദ്ധത പറഞ്ഞതല്ല. അങ്ങനെ വല്ലവരും വ്യാഖ്യാനിച്ചതിന് ഞാനെന്തു പിഴച്ചു?’ – ഗാവസ്കർ ചോദിച്ചു. ‘ഒരിക്കൽക്കൂടി ഞാൻ ചോദിക്കുന്നു, ഇതിലെവിടെയാണ് ഞാൻ അനുഷ്കയെ കുറ്റപ്പെടുത്തിയത്? ആ വിഡിയോയിൽ കോലിക്കെതിരെ അവർ ബോൾ ചെയ്തു എന്നല്ലേ പറ‍ഞ്ഞുള്ളൂ? അനുഷ്കയുടെ ആ ബോളിങ് മാത്രമാണ് ലോക്ഡൗൺ കാലത്ത് വിരാട് നേരിട്ടിട്ടുള്ളത്. അത് തമാശയ്ക്ക് ടെന്നിസ് പന്തിൽ കളിച്ചതാണ്. അത്രേയുള്ളൂ. അതിലെവിടെയാണ് വിരാടിന്റെ പരാജയത്തിന് ഞാൻ അവരെ കുറ്റപ്പെടുത്തിയത്?’ – ഗാവസ്കർ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP