Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിലെ പരാതിയിൽ സിബിഐ കേസെടുത്ത സംഭവം അസാധാരണവും രാഷ്ട്രീയ പ്രേരിതവുമെന്ന് സിപിഎം; രാവിലെ കെ സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യം മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്; അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും

ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിലെ പരാതിയിൽ സിബിഐ കേസെടുത്ത സംഭവം അസാധാരണവും രാഷ്ട്രീയ പ്രേരിതവുമെന്ന് സിപിഎം; രാവിലെ കെ സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യം മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്; അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സിബിഐ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്ത സംഭവം അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണ കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് സിബിഐയുടെ നടപടിയെന്ന് സിപിഎം ആരോപിക്കുന്നു. സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ. അന്വേഷണം ഏറ്റെടുക്കുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.

സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽ.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം. ആരോപിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ. അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. രാവിലെ ബിജെപി പ്രസിഡന്റ് സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്. കോൺഗ്രസ് എംഎ‍ൽഎ. നൽകിയ പരാതിയിലാണ് സാധാരണ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും സിപിഎം. ആരോപിച്ചു.

അഖിലേന്ത്യാതലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ വർഷങ്ങളായിട്ടും സിബിഐ. ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്. സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ. അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ യഥാർത്ഥത്തിൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ് എന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം, ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുവരിക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലെഫ് മിഷൻ ക്രമക്കേടുകൾ അന്വേഷണം സിബിഐ സ്വയം ഏറ്റെടുത്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി പറയുന്ന കള്ളങ്ങൾ ഓരോ ദിവസവും പൊളിയുകയാണ് എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ്. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. യൂണിടാക്ക് ഓഫീസിൽ റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനമുണ്ടായാൽ സിബിഐക്ക് നേരിട്ട് കേസെടുക്കാം.

'അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഇപ്പോൾ എല്ലാ ഏജൻസികളുമായി. എൻഐഎ, എൻഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവ നേരത്തെതന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ നാല് ഏജൻസികളും കൊടുംപിടിച്ച അന്വേഷണം നടത്തുകയാണ്. കേരള ഭരണം എവിടെയെത്തി നിൽക്കുന്നുവെന്ന് ജനം വിലയിരുത്തണം. പാവപ്പെട്ടവർക്ക് വീടുവച്ച് കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നിൽക്കുന്നു. അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷൻ പദ്ധതി മാറി. ഇതൊന്നും അന്വേഷിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ സിബിഐ അന്വേഷണം വരുമെന്നാണ് വ്യക്തമായിട്ടുള്ളത്' - ചെന്നിത്തല പറഞ്ഞു.

അതിനിടെ, ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം.

സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വൻ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP