Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുഖ്യമന്ത്രി ആയിരിക്കെ ഒരാൾ ഞാനില്ലാത്തപ്പോൾ കസേരയിൽ വന്നിരുന്നു; ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചു; വിഎസിന്റെ പരിപാടി ഇതേ ആൾ തന്നെ മൈക്കെടുത്ത് ഉദ്ഘാടനം ചെയ്തപ്പോഴാണ് പ്രതിപക്ഷത്തിനും അക്കിടി പറ്റിയത്; ആൾക്കൂട്ടമില്ലാതെ ഇരുന്നാൽ അസ്വസ്ഥത; ഇഷ്ടമില്ലാത്ത കാര്യം ഏകാന്തത; ജനസമ്പർക്ക പരിപാടി മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ; മറുനാടന് ഉമ്മൻ ചാണ്ടി നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം

മുഖ്യമന്ത്രി ആയിരിക്കെ ഒരാൾ ഞാനില്ലാത്തപ്പോൾ കസേരയിൽ വന്നിരുന്നു;  ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചു; വിഎസിന്റെ പരിപാടി ഇതേ ആൾ തന്നെ മൈക്കെടുത്ത് ഉദ്ഘാടനം ചെയ്തപ്പോഴാണ് പ്രതിപക്ഷത്തിനും അക്കിടി പറ്റിയത്; ആൾക്കൂട്ടമില്ലാതെ ഇരുന്നാൽ അസ്വസ്ഥത; ഇഷ്ടമില്ലാത്ത കാര്യം ഏകാന്തത; ജനസമ്പർക്ക പരിപാടി മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ; മറുനാടന് ഉമ്മൻ ചാണ്ടി നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇമേജ് ഭാരമില്ലാത്ത, ജനക്കൂട്ടം ജീവവായു പോലെയായ, എന്റെ പുസ്തകം ജനക്കൂട്ടമാണ് എന്ന് തുറന്നുപറഞ്ഞ സവിശേഷതകൾ ഏറെയുള്ള അപൂർവ നേതാവാണ് ഉമ്മൻ ചാണ്ടി. എവിടെയായാലും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ മുറ്റവും ആൾക്കൂട്ടവും നൊസ്റ്റാൾജിയ ആയ മനുഷ്യൻ.

1970ൽ ഇരുപത്തിയേഴാം വയസിലാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തുന്നത്. തുടർന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി അദ്ദേഹം. കെ.എം.മാണിയെ പോലെ ഒരുതിരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്ത നേതാവ്. തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ വിജയം. നിയമസഭാംഗമായി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് 76 ാം വയസിൽ അരനൂറ്റാണ്ട് തികച്ചിരിക്കുന്നു.

തന്റെ ദീർഘകാല രാഷ്ട്രീയപരിചയത്തിലെ ഭരണാനുഭവങ്ങളും, വ്യക്ത്യനുഭവങ്ങളും മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. ജനസമ്പർക്ക പരിപാടിയുടെ ഫലങ്ങൾ മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ വിവിധ വിഷയങ്ങളിലൂടെ...അഭിമുഖത്തിന്റെ ആദ്യഭാഗം:

*എങ്ങനെയാണ് ജനങ്ങളെ മടുക്കാത്തത്? ജനക്കൂട്ടത്തെ കണ്ടാൽ അസ്വസ്ഥനാകാത്ത ശൈലിയുടെ പ്രത്യേകത എന്താണ്?

വളരെ ചെറുപ്പം മുതലെയുള്ള ശൈലിയാണ്. സ്‌കൂൾ കാലഘട്ടം മുതലെ ബാലസംഘത്തിന്റെ പ്രവർത്തകനായിരിക്കുമ്പോൾ മുതലെ എന്റെ കൂടെ ഒരുപാട് ആളുകൾ കാണും. ആളില്ലാതെ ഇരിക്കുന്നതാണ് എനിക്ക് അസ്വസ്ഥത. എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം ഏകാന്തതയാണ്. ഊർജ്ജസ്വലതയും ആത്മവിശ്വാസവും ലഭിക്കുന്നത് ഈ ജനക്കൂട്ടത്തിൽ് നിന്നാണ്. ഞാൻ പത്രം വായിക്കും. അതിനപ്പുറത്തുള്ള വായന പരിമിതമാണ്. ഞാൻ കാണുന്നവരിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ എനിക്ക് വളരെ ഗുണകരമാണ്. ജനസമ്പർക്ക പരിപാടിയിലൂടെ ഒത്തിരി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി കൊടുക്കാനും പരാതി പരിഹരിച്ച് കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവരേക്കാൾ എനിക്കാണ് ആ പരിപാടി ഗുണകരമായിട്ടുള്ളത്. എനിക്ക് ആ പരിപാടിയിലൂടെ നിരവധി അറിവുകൾ ലഭിച്ചു.

ജനസമ്പർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ 41 പുതിയ സർക്കാർ ഉത്തരവുകൾ ഇറക്കി. നമ്മൾ ആളുകളോട് അടുത്ത് ഇടപഴകുമ്പോഴും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുമ്പോഴും ആണ് അറിയുന്നത് സർക്കാർ എത്ര ആത്മാർത്ഥയോടെ പ്രവർത്തിച്ചാലും എത്ര ആനുകൂല്യങ്ങൾ നൽകുമ്പോഴും കിട്ടേണ്ടവർക്ക് ഇവയൊന്നും കിട്ടുന്നില്ല എന്ന കാര്യം. ഈ വിവരങ്ങളൊക്കെ ആളുകളുമായി ബന്ധപ്പെട്ടതിനാലാണ് കൂടുതൽ അറിയാൻ സാധിച്ചത്.

അവരോട് സംസാരിക്കുമ്പോൾ കൂടുതൽ വിവരം അറിയാൻ കഴിയും. സംസാരിക്കേണ്ടവരോട് കൂടുതൽ സംസാരിക്കുകയും ചെയ്യും. 2011ൽ ഞാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നൂറിന പരിപാടി പ്രഖ്യാപിച്ചു. ഒന്നാമത്തെ പരിപാടി സൗജന്യ അരി ബി.പി.എൽ കുടുംബങ്ങൾക്ക് കൊടുക്കുക എന്നുള്ളതാണ്. ഈ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ എവിടെ ചെന്നാലും റേഷൻ കാർഡ് ഇല്ല എന്ന പരാതിയാണ് നേരിട്ടത്. ഞാൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ അതിന്റെ നിയമവശങ്ങൾ തിരക്കി. പലരും വിവാഹശേഷം മാറി സ്ഥലം മാറിവന്നതോ, അല്ലെങ്കിൽ കാർഡ് ഇല്ലാത്തവരോ ആയിരിക്കും. ഉദ്യോഗസ്ഥരോട് പറഞ്ഞത് കാർഡിന് അപേക്ഷിക്കുന്ന എല്ലാവർക്കും റേഷൻ കാർഡ് നൽകണം എന്നതാണ്. അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തി സത്യാവാങ് മൂലം വാങ്ങി വച്ച ശേഷം നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. മൂന്ന് ദിവസം കൊണ്ട് മൂന്നരലക്ഷം കാർഡുകളാണ് അന്ന് നൽകാൻ സാധിച്ചത്.

*ജനകീയ പ്രശ്നത്തിൽ ഇടപെട്ട് മനസിലാക്കിയ മറ്റ് സംഭവങ്ങൾ?

നിവേദനങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് ഏറെ. ഹീമോഫീലിയ രോഗം വന്നവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട സാഹചര്യമാണ്. എപ്പോൾ മരുന്ന് നിർത്തുന്നോ അപ്പോൾ അവരുടെ അസുഖം രൂക്ഷമാകുകയും ചെയ്യും. ഞാൻ അതിനായി ഒരു ലക്ഷം രൂപ ലിമിറ്റ് വച്ചുകൊണ്ട് സഹായം പ്രഖ്യാപിച്ചു. പിന്നാലെ രണ്ട് ലക്ഷം രൂപ കൊടുത്തു. പിന്നീട് രോഗികളുടേയും രക്ഷാകർത്താക്കളുടേയും കൂട്ടായ്മ ആലുവ ജനറൽ ആശുപത്രിയിൽ വച്ച് നടത്തി. അന്ന് അമ്മമാർ വന്നു കരയുകയായിരുന്നു. പണം തീർന്നെന്നും ചികിത്സ തുടരുകയാണെന്നും പറഞ്ഞു. പിന്നാലെയാണ് ജീവിതകാലം മൊത്തം ഹീമോഫീലിയ രോഗികൾക്ക് മരുന്ന് നൽകാൻ സർക്കാർ തീരുമാനം നടപ്പിലാക്കിയത്.

*ഉദ്യോഗസ്ഥ തലത്തിൽ തടസ്സം നേരിടില്ലേ?

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനാധിപത്യത്തിൽ പൊളിറ്റിക്കൽ ലീഡർഷിപ്പാണ് ഉത്തരവാദികൾ. ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. ചെയ്യില്ലെങ്കിൽ ചെയ്യിപ്പിക്കാനുള്ള മോണിറ്ററിങ് വേണം.

ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത് മര്യാദ അല്ല. ആരാണോ ഒരു നടപടി എടുക്കാൻ തീരുമാനം കൈക്കൊള്ളുന്നത് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും പാടില്ല. ക്ലോസ് മോണിറ്ററിങ് ആണ് വേണ്ടത്. ഇപ്പോൾ പറഞ്ഞതാണ് ഉദാഹരണം, മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം ആളുകൾക്ക് കാർഡ് കൊടുക്കാൻ കഴിഞ്ഞത്. ആ കാര്യത്തിൽ ടി.എം ജേക്കബിനോട്് നന്ദിയുണ്ട്. അദ്ദേഹം ഈ ഉത്തരവ് നടപ്പിലാക്കിയതിന് ശേഷമാണ് മരിക്കുന്നത്.

ഇന്നും തീരാത്ത പ്രശ്നം പട്ടയ പ്രശ്നമാണ്. പട്ടയത്തിൽ ഒത്തിരി കുരുക്കുകളുണ്ട്. കുറച്ച് സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളും ഉണ്ട്. റേഷൻ കാർഡ് നടപ്പിലാക്കിയത് പോലെ വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല. റേഷൻ കാർഡ് ഒന്നിലധികം ഒരാൾക്ക് ഉണ്ടെങ്കിൽ തന്നെ അത് തിരിച്ചറിഞ്ഞാലും മൂന്നോ നാലോ മാസത്തെ അരിയുടെ നഷ്ടമായിരിക്കും ഉണ്ടാകുക. ഒരു സാധാരണക്കാരന് ലഭിക്കുന്നതുകൊണ്ട് ആ നഷ്ടം നമുക്ക് നികത്താൻ കഴിയും. പട്ടയത്തിൽ സാങ്കേതിക പ്രശ്നങ്ങളും നിയമ തടസ്സങ്ങളും ഉണ്ട്. എന്നിട്ട് പോലും കഴിഞ്ഞ സർക്കാർ പട്ടയം നൽകാൻ തീരുമാനം എടുത്തത്.

*നടപ്പിലാക്കാൻ കഴിയാതെ പോയ പദ്ധതി?

മനസിനെ വേട്ടയാടിയിട്ടുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. എങ്കിൽ പോലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വേട്ടയാടിയിട്ടുണ്ട്. റോഡ്, പാലം, ഗെയിൽ പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി തുടങ്ങിയവയെല്ലാം അതിന് ഉദാഹരണമാണ്. നമ്മുടെ ആളുകൾ വൈലന്റ് ആണ്. കോംപൻസേഷൻ കൂട്ടി കൊടുക്കാം എന്ന് തീരുമാനിച്ചാലും അത് അംഗീകരിക്കണം എന്നില്ല. അവരുടെ ഏത് പ്രശ്നവും പരിഹരിക്കാം. സ്ഥലം ഒഴിപ്പിച്ചാൽ തന്നെ പിന്നാലെ വിമർശനവും എത്തും.

ലൈൻ മാറ്റിയാൽ ആതിനോടൊപ്പം തന്നെ ആരോപണവും പ്രതിഷേധവും നേരിടേണ്ടി വരും. അതിനെ അതിജീവിച്ച ഒരേ ഒരുകാര്യം കൊച്ചി മെട്രോയാണ്. അവിടെ എതിർപ്പുമായി എത്തേണ്ടിയിരുന്നത് വ്യാപാരികളാണ്. വ്യാപാരികളുടെ മൂന്ന് യോഗം വിളിച്ചു. ആദ്യഘട്ടത്തിൽ പ്രതിഷേധം ആയിരുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തന്നെയാണ് സ്ഥലം എടുക്കുന്നത് എന്ന് പറഞ്ഞ് മനസിലാക്കി. മാന്യമായ കോംപൻസേഷൻ നൽകും എന്ന് പറഞ്ഞിട്ടുണ്ട്. അവർ അത് അംഗീകരിച്ചു.

*ജനസമ്പർക്ക പരിപാടി രാപ്പകൽ നീണ്ടിട്ടുണ്ട്... മടുപ്പ് തോന്നിയിട്ടുണ്ടോ?

പലപ്പോഴും ഉറക്കം ലഭിച്ചിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലിക്വഡ് ആയിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ കഴിച്ചുകൊണ്ട് തന്നെ പരാതി കേൾക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരാളുടെ പ്രശ്നം കേൾക്കുകയും അതിന് തീർപ്പുണ്ടാക്കുകയും ചെയ്യുമ്പോൾ അവരുടെ സംതൃപ്തിയും സന്തോഷവും പുതിയ ഊർജം നൽകും. നമ്മുടെ കൂടെയുള്ള ആളുകളെ കൂടി ഓർക്കണം. അവർ രാവിലെ മുതൽ എന്റെ കൂടെ നിൽക്കുന്നവരാണ്. അവസാനത്തെ ആളേയും കണ്ടിട്ടേ പോകു എന്ന തീരുമാനം എടുക്കുമ്പോഴേക്കും ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവർ വലഞ്ഞിട്ടുണ്ടാകും. ഒരിക്കലും ഒരാളേയും മടക്കി അയക്കാൻ തോന്നിയിട്ടില്ല.

*ഒരിക്കൽ താങ്കളുടെ കസേരയിൽ ഒരാൾ കയറി ഇരുന്നു? എന്താണ് അന്ന് തോന്നിയത്?

എന്റെ യാത്രയിലും താമസസ്ഥലത്തും എല്ലാം സെക്യൂരിറ്റിയെ കുറച്ചിട്ടുണ്ട്. വരുന്ന ആളുകളുടേയും അസൗകര്യങ്ങൾ തിരിച്ചറിഞ്ഞാണ് അത്. എന്റെ ഓഫീസിലും സെക്യൂരിറ്റി പരിമിതമാണ്. ഒരിക്കൽ ഞാൻ ക്യാബിനറ്റിന് പോകുന്ന സമയത്ത് ഞാൻ വന്ന് കയറുന്ന മെയിൻ ഗെയിറ്റ് സാധാരണ ഗതിയിൽ മറ്റ് മന്ത്രിമാർ വരാനായി തുറന്നിടാറാണ് പതിവ്. ഒരാൾ കയറി വന്ന് മുഖ്യമന്ത്രി കസേരയിൽ ഇരുന്നു. ലൈവ് ക്യാമറ അവിടെയുണ്ടായിരുന്നു. ദുബായിൽ നിന്ന് ഒരാൾ വിളിച്ചു. അയാൾ ഓഫീസിൽ വിളിച്ച് ചോദിച്ചത് സി.എം എവിടെയാണ് എന്നാണ്. ക്യാബിനറ്റിലാണ് അദ്ദേഹമെന്ന് ഓഫീസിലുള്ളവർ മറുപടിയും നൽകി. അപ്പോൾ സി.എമ്മിന്റെ കസേരയിൽ ഇരിക്കുന്ന ആളാരാണ് എന്നാണ് അയാൾ ചോദിച്ചത്. ഓഫീസിലുള്ളവർ പറഞ്ഞു അവിടെ ആരും ഇല്ലയെന്ന്. അയാൾ ചോദ്യം ആവർത്തിച്ചു. പോയി നോക്കിയപ്പോൾ സംഗതി സത്യമാണ്. എന്റെ അടുത്ത മുറിയിൽ ഇരിക്കുന്ന സ്റ്റാഫ് പോലും തിരിച്ചറിഞ്ഞത് അപ്പോഴാണ്.

*നടപടി ക്ഷോഭിപ്പിച്ചിരുന്നോ ? അച്ചടക്ക നടപടി എടുക്കേണ്ടി വന്നിരുന്നോ?

പരാതി അറിയിച്ചു. പക്ഷേ പൊലീസിനോട് പറഞ്ഞത് അയാളെ ഒന്നും ചെയ്യരുത,് മാനസികരോഗി ആയിരിക്കും എന്നാണ്. എന്നാൽ ഈ സംഭവത്തിന് പിന്നാല പ്രതിപക്ഷം ഇതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചത്. അതിന് പിന്നാലെ മൂന്ന് ദിവസം കഴിഞ്ഞ് സെക്രട്ടേറിയറ്റ് പടിക്കൽ വലിയ സമരം നടക്കുകയാണ്. സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് ശ്രീ അച്യുതാനന്ദനെ ക്ഷണിക്കുന്നു എന്ന് പറഞ്ഞു. അദ്ദേഹം കസേരയിൽ ഇരിക്കുകയാണ്. അദ്ദേഹം എഴുനേറ്റ് വരാൻ അൽപം സമയം എടുക്കുമല്ലോ. അപ്പോഴേക്കും ഒരാൾ മൈക്കിന് അടുത്തെത്തി സമരം ഉദ്ഘാടനം ചെയ്തു എന്ന് പ്രഖ്യാപിച്ചു. ആ വ്യക്തി, എന്റെ കസേരയിൽ കയറി ഇരുന്ന അതേ ആള് തന്നെയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന് ഒന്നും പറയാൻ കഴിയാതെ വന്നു.

*പുതുപ്പള്ളിയിലെ വീട്ടിലേക്ക് അപേക്ഷയുമായി എത്തുന്നവർ?

പുതുപ്പള്ളിയിൽ പത്ത് മണി കഴിഞ്ഞാൽ ബസുകൾ ഉണ്ടാകാറില്ല. തിരക്ക് കഴിഞ്ഞ് ഒരുപക്ഷേ എന്നെ കാണാനാകും അവർ വരിക. അത്തരത്തിൽ പ്രശ്നങ്ങൾ കേട്ടതിന് ശേഷമാകും അവർ പോകാറ്. രാത്രി വൈകി ഒറ്റയ്ക്ക് വന്നവർ ഉണ്ടെങ്കിൽ ഞാൻ തിരക്കും. ഒറ്റയ്ക്ക് വന്നവർ ഉണ്ടെങ്കിൽ അവരെ വണ്ടി ഏർപ്പെടുത്തി ബസ് കിട്ടുന്നിടത്ത് ഇറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

*ജനസമ്പർക്കം അല്ലാതെ താങ്കൾ പരിഹരിച്ച എന്തെങ്കിലും മറക്കാനാകാത്ത സംഭവം ഓർമയിലുണ്ടോ?

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഞാൻ കോഴിക്കോടിന് പോകാൻ രാവിലെ എറണാകുളം കോഴിക്കോട് ട്രെയിന് കയറി. പകൽ പരമാവധി യാത്ര സെക്കന്റ് ക്ലാസിലാണ് നടത്താറ്. ആളുകളോട് സംസാരിക്കാനും എല്ലാം കഴിയും. അന്ന് സെക്കന്റ് ക്ലാസ് യാത്രയിൽ ആലുവയിൽ നിന്ന് വയോധിക വന്നു. അവരുടെ മുഖം അതീവ ദുഃഖിതയായിരുന്നു. ഞാൻ എല്ലാവരോടും സംസാരിച്ചപ്പോൾ എന്നോട് സംസാരിക്കാം എന്നുള്ള ധാരണയിൽ തന്നെ അവർ എന്റെ എതിരായി നീങ്ങി ഇരുന്നു. ഞാൻ എവിടെ പോകുകയാണ് എന്ന് തിരക്കി. ഷോർണൂർ ഇറങ്ങി നിലമ്പൂരിലേക്ക് അവർ പോകാൻ നിൽക്കുകയാണ്.

എന്താണ് വിശേഷിച്ചെന്ന് ചോദിച്ചപ്പോൾ എന്റെ മകളെ അവിടെ യത്തീം ഖാനയിൽ ആക്കിയിരിക്കുകയാണ് എന്നാണ് വയോധികയുടെ മറുപടി. എന്തിനാണ് യത്തിം ഖാനയിൽ ആക്കിയിരിക്കുന്നത് എന്ന് ഞാൻ തിരക്കി, അപ്പോൾ പറഞ്ഞത് വീട് കെട്ടുറപ്പുള്ളത് അല്ല. മകൾ പ്രായമായതോടെ സുരക്ഷയ്ക്ക് വേണ്ടി അങ്ങോട്ട് മാറ്റിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. അവരുടെ പ്രശ്നങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി ഒരു കൊച്ചുമകനും ഉണ്ട്. ഞാൻ അവരുടെ ടെലിഫോൺ നമ്പർ വാങ്ങി. ഞാൻ പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനെ വിളിച്ചു. സാബുവിനോട് വിവരം ധരിപ്പിച്ചു. സാബു അവരെ ബന്ധപ്പെട്ടു. വിദേശ സംഘടനയുമായി അവർ ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ട് പോയി. ആ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ ഞാൻ ചെല്ലണം എന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഷോർണൂരിൽ മീറ്റിങ് നടക്കുന്ന കാരണത്താൽ അവിടെ എത്താൻ വൈകിയിരുന്നു. അവിടെ വലിയ ആൾക്കൂട്ടമാണ് എത്തിയത്. വാർത്തകൾ വന്നതിന് പിന്നാലെ ഒരു ചെറുപ്പക്കാരൻ മകളെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി ഈ വീട്ടിലേക്ക് എത്തുകയും ചെയ്്തു. ഞാൻ അവിടെ ചെന്ന സമയത്ത് ഈ വാർത്തയും എന്നെ അറിയിച്ചു.

(തുടരും...)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP