Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീഹാറിൽ പോത്തുകൾക്ക് മുകളിൽ കയറി കർഷകർ; പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ സമരപന്തൽ; നിരവധി ട്രയിനുകൾ റദ്ദാക്കി; അമൃതസർ - ഡൽഹി ദേശീയപാത ഉപരോധിച്ചു; ഭാരത് ബന്ദിൽ വൻ ജനപങ്കാളിത്തം; പഞ്ചാബിൽ നിന്ന് ആരംഭിച്ച കർഷക പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലക്കും; മോദി സർക്കാറിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; കർഷകരോഷത്തിൽ തിളച്ചുമറിഞ്ഞ് ഉത്തരേന്ത്യ

ബീഹാറിൽ പോത്തുകൾക്ക് മുകളിൽ കയറി കർഷകർ; പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ സമരപന്തൽ; നിരവധി ട്രയിനുകൾ റദ്ദാക്കി; അമൃതസർ - ഡൽഹി ദേശീയപാത ഉപരോധിച്ചു; ഭാരത് ബന്ദിൽ വൻ ജനപങ്കാളിത്തം; പഞ്ചാബിൽ നിന്ന് ആരംഭിച്ച കർഷക പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലക്കും;  മോദി സർക്കാറിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; കർഷകരോഷത്തിൽ തിളച്ചുമറിഞ്ഞ് ഉത്തരേന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ കാർഷിക സമരത്തിനും ഭാരത് ബന്ദിനും വൻ ജനപങ്കാളിത്തം. നേരത്തെ പഞ്ചാബിൽ നിന്ന് ആരംഭിച്ച കർഷക പ്രതിഷേധം ഹരിയാനയിലേക്കും ഉത്തർപ്രദേശിലേക്കും വ്യാപിതോടെ ഇത് രണ്ടാം ലോങ്ങ്മാർച്ച് ആവുകയാണ്. മോദി സർക്കാറിനെതിരെ കിട്ടിയ രാഷ്ട്രീയ ആയുധമായി സമരത്തെ പ്രതിപക്ഷവും ഏറ്റെടുത്തിരിക്കയാണ്.

ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേ്ഡ് ആൻഡ് കൊമേഴ്സ് ബില്ല് 2020, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബില്ല്, എസൻഷ്യൽ കമ്മോദിറ്റീസ് ബില്ല് എന്നിവയ്‌ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഇന്നലെയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചത്. റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് പഞ്ചാബിലെ കർഷകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ഇത് 26 വരെ തുടരും. 28ന് രാജ്ഭവനിലേക്ക് കർഷക മാർച്ചുകൾ നടത്തി ഗവർണർമാർക്ക് നിവേദനം നൽകാനാണ് കോൺഗ്രസിന്റഎ തീരുമാനം. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയിരുന്നു. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തന്നെ നൽകി. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണം തുടരുമ്പോൾ കാർഷിക ബില്ലിനോടുള്ള ജെഡിയു നിലപാട് പ്രതിപക്ഷത്തിന് ആയുധമാകും. അകാലിദളിന്റെ രാജിയും ജെജെപി നിലപാടും സർക്കാരിന് തലവേദനയാണ്.

. അതേസമയം കർഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എൻഡിഎയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ രാജ്യം കണ്ട ഏറ്റവും വലിയ കാർഷിക പ്രതിഷേധങ്ങൾ നടന്നത് ഒന്നാം നരേന്ദ്ര മോദി സർക്കാറിന്റെ കാലത്താണ്. മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും അന്ന് കർഷകർ ഡൽഹിയിലേക്കും മുംബൈയിലേക്കും ലോംഗ് മാർച്ചുകൾ നടത്തി. ആ സമരങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഷേധങ്ങളാണ് ഇന്ന് രാജ്യമെങ്ങും നടക്കുന്നത്.

പോത്തിന്മുകളിലും ട്രാക്ടറിലുമായി ജനം

കർഷക സമരം ശക്തമായതോടെ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്.മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഡ് , തമിഴ്‌നാട്, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കർഷക സംഘടനകൾ സംയുക്തമായി റോഡുകൾ ഉപരോധിച്ചു.

കാർഷിക ബില്ലുകൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തുകയാണ്. ബിഹാറിൽ പോത്തുകൾക്ക് മുകളിൽ കയറിയാണ് ആർ.ജെ.ഡി നേതൃത്വത്തിൽ കർഷകർ പ്രതിഷേധിക്കുന്നത്ആർ.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ട്രാക്ടർ ഓടിച്ച് പ്രതിഷേധത്തിൽ പങ്കാളിയായി.പഞ്ചാബിൽ റെയിൽവേ ട്രാക്കിന് മുകളിൽ കർഷകർ പന്തൽ കെട്ടി. ട്രാക്കിലിരുന്നാണ് കർഷകരുടെ പ്രതിഷേധം. പഞ്ചാബിൽ വ്യാഴാഴ്ച തന്നെ കർഷക സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽ പാത ഉപരോധം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ കർഷകർ അമൃതസർ - ഡൽഹി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്. ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്‌നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു.

കർഷക സമരത്തിന് പിന്തുണ നൽകുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കൊവിഡിനിടയിൽ ക്രമസമാധാനം പാലിക്കണമെന്നും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് വേണം പ്രതിഷേധിക്കാനെന്നും കർഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്.കർഷകർക്ക് പിന്തുണയറിയിച്ച് നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ബില്ലിനെതിരെ പ്രതിഷേധിച്ച് പഞ്ചാബിൽ മൂന്ന് മണിക്കൂർ വാഹന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയിൽ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ സമര പരിപാടികൾക്ക് തുടക്കം കുറിച്ചു.

തൊഴിലാളികുളും പ്രക്ഷോഭത്തിന്

എന്നാൽ കാർഷിക രംഗത്ത് സമൂലമാറ്റം കൊണ്ടു വരുന്ന കാർഷിക ബിൽ രാജ്യത്തെ കർഷകർക്ക് വളരെ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. കൃഷിക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു.അതേസമയം അകാലിദളിന്റെ ശക്തികേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും കർഷകർ കടുത്ത പ്രതിഷേധമാണ് കർഷകബില്ലിനെതിരെ ഉയർത്തുന്നത്. മാസങ്ങളായി തുടരുന്ന പ്രതിഷേധം കേന്ദ്ര ക്യാബിനറ്റ് ബിൽ പാസാക്കിയതോടെ അതിശക്തമായിരുന്നു.ഇതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് മുഖം രക്ഷിക്കാൻ അകാലിദൾ തീരുമാനിച്ചത്. ബില്ലിന് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭാ യോ?ഗത്തിൽ ഹർസിമ്രത്ത് കൗർ പങ്കെടുത്തതും അവർക്കെതിരെ പഞ്ചാബിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ ഇടയാക്കിയിരുന്നു..പ്രതിപക്ഷ കക്ഷികൾ ബില്ലിനെതിരെ രംഗത്ത് വന്നെങ്കിലും ശബ്ദവോട്ടോടെ ബില്ല് പാസാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് രാജ്യമെങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ കാർഷിക സംഘടങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇതോടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി. കാാർഷിക ബില്ലുകൾ കീറിയെറിഞ്ഞായിരുന്നു ഡൽഹിയിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ പ്രതിഷേധം. കർഷക പ്രക്ഷോഭം ശക്തമായതോടെ കർഷകർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. എന്നാൽ രാജ്യത്തെകർഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാർട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28 -ന് കോൺഗ്രസിന്റെ രാജ്ഭവനുകളിലേക്ക് മാർച്ച് നടക്കും. കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കർഷകരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയാൽ അത് രണ്ടാം മോദി സർക്കാറിനേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.

ബില്ലിനെ പിന്തുണച്ച് നിതീഷ്‌കുമാർ

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധത്തിനിടെ ബില്ലിനെ പിന്തുണച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത്. സമരം തീർത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കർഷകർക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാർ പറഞ്ഞു.ബീഹാറിലും ശക്തമായ രീതിയിൽ കർഷക പ്രതിഷേധമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് നിതീഷ് കുമാർ കാർഷിക ബില്ലിന് പരസ്യമായ പിന്തുണയുമായി രംഗത്തെത്തിയത്.

അതേസമയം ബീഹാറിലെ മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.ബീഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷ് കുമാർ കാർഷിക ബില്ലിൽ മെല്ലപ്പോക്ക് നയം സ്വീകരിക്കുമെന്ന് അനുമാനങ്ങൾ ബീഹാറിലെ പ്രതിക്ഷ പാർട്ടികൾക്കിടയിലുണ്ടായിരുന്നു.എന്നാൽ ഇതിനിടയിലാണ് ബില്ലിനെ അനുകൂലിച്ചും, കർഷക സമരം തീർത്തും അനാവശ്യമാണെന്നും പറഞ്ഞ് നിതീഷ് കുമാർ രംഗത്തെത്തിയത്.ഫാം ബില്ലിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ബില്ലിനെതിരെ വിമർശനം ഉന്നയിക്കുന്നതെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ ശക്തമാകുന്നതിനിടയിലായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP