Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൈഫ് മിഷനിൽ നേരറിയാൻ ഒടുവിൽ സിബിഐ എത്തി; കേസെടുത്തിരിക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം; ക്രമക്കേട് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമെന്ന് അന്വേഷണ സംഘം; 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പത് കോടിയുടെ അഴിമതിയെന്ന അനിൽ അക്കര എംഎൽഎയുടെ പരാതി സംസ്ഥാന സർക്കാരിന് കുരുക്കാകുന്നു; നിലവിൽ പ്രതികളാരും ഇല്ലെങ്കിലും പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകൾ

ലൈഫ് മിഷനിൽ നേരറിയാൻ ഒടുവിൽ സിബിഐ എത്തി; കേസെടുത്തിരിക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം; ക്രമക്കേട് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമെന്ന് അന്വേഷണ സംഘം; 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പത് കോടിയുടെ അഴിമതിയെന്ന അനിൽ അക്കര എംഎൽഎയുടെ പരാതി സംസ്ഥാന സർക്കാരിന് കുരുക്കാകുന്നു; നിലവിൽ പ്രതികളാരും ഇല്ലെങ്കിലും പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷൻ യൂണിറ്റാണ് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കൊച്ചി പ്രത്യേക കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണു സിബിഐ കേസെടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎൽഎ സിബിഐക്ക് പരാതി നൽകിയിരുന്നു.

വിദേശത്തുനിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിൻ മേലാണ് പ്രാഥമികമായ അന്വേഷണം നടത്തുക. കൊച്ചിയിൽ പ്രത്യേക കോടതിയിൽ സമർപ്പിച്ചിരിക്കുന്ന എഫ്‌ഐആറിൽ, വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. റെഡ് ക്രസന്റുമായടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നൽകിയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു. 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎൽഎയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്‌പിക്കു പരാതി നൽകിയത്. ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയിൽ പറയുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. ധനമന്ത്രാലയത്തിന് എൻഫോഴ്‌സ്‌മെന്റ് നൽകിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സാങ്കേതിക നടപടികൾ പൂർത്തിയാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിദേശ-ആഭ്യന്തര മന്ത്രാലയങ്ങൾ അറിയാതെ വിദേശ സഹായം സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വഴിയൊരുക്കി, ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ക്രമവിരുദ്ധമായ പ്രവർത്തനം നടത്തി, ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു, കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നു തുടങ്ങിയ കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ലൈഫ് മിഷനിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചതു തന്നെ സിബിഐയിലേക്ക് കേസ് പോകുമെന്ന സൂചന വന്നതോടെയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടി രൂപ കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് അനിൽ അക്കര എംഎൽഎ സിബിഐ കൊച്ചി യൂണിറ്റിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, നിലവിലെ സിഇഒ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന, സരിത്, സന്ദീപ്, യൂണിടാക് എം.ഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു എംഎൽഎയുടെ പരാതി. ചട്ടം ലംഘിച്ച് വിദേശ സഹായം ൈകപ്പറ്റിയിട്ടുണ്ടെങ്കിൽ കേസെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി സിബിഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ അനുമതി തേടിയാൽ മതിയാകും.

മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പുമന്തിക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് അനിൽ അക്കര എംഎൽഎ

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്ത വിവരം ലൈഫ് മിഷനെ റെഡ് ക്രസന്റ് അറിയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ അനിൽ അക്കര എംഎൽഎ ചൂണ്ടിക്കാട്ടി. ഇതോടെ ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്തിയും സിപിഎം ഉം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിരുന്നത് യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രെസന്റാണെന്നാണ്. എന്നാൽ നിർമ്മാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതായി റെഡ് ക്രസന്റ് രേഖാമൂലം അറിയിച്ചിട്ടില്ല എന്നാണ് ലൈഫ് മിഷൻ വിവരാവകാശ നിയമപ്രകാരം എനിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. മാത്രമല്ല ഞാൻ മുമ്പ് സൂചിപ്പിച്ചതു പോലെ 2019 ഓഗസ്റ്റ് 26 ന് ലൈഫ് മിഷൻ യൂണിടാക്കിനെ നിർമ്മാണ ഏജൻസിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 2020 ഓഗസ്റ്റ് 18 ന് നൽകിയ കത്തിൽ 2019 ഓഗസ്റ്റ് 17 ന് റെഡ് ക്രസന്റ് തെരഞ്ഞെടുത്ത നിർമ്മാണ ഏജൻസിയായ യൂണിടാക്ക് ലൈഫ് മിഷന് പ്ലാൻ സമർപ്പിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പോൾ യൂണിടാക്കിനെ ആര് തെരഞ്ഞെടുത്തു എന്നുള്ളതിന്റെ മറുപടി ഇനി പറയേണ്ടത് ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി, മുൻ സിഇഒ ശിവശങ്കർ എന്നിവരാണ്. മാത്രമല്ല മുഖ്യമന്ത്രി ഇത്രയും നാൾ പറഞ്ഞിരുന്നത് അവിടെ 15 കോടിയുടെ പാർപ്പിട സമുച്ചയവും 5 കോടിയുടെ ആശുപത്രിയും നിർമ്മിക്കുന്നുവെന്നാണ്. എന്നാൽ ഹെൽത്ത് സെന്ററിന്റെ നിർമ്മാണ ചുമതല ഏത് ഏജൻസിക്കാണെന്നോ ഇവരെ ചുമതലപ്പെടുത്തിയതാരാണെന്നോ ഇതിന് ആരോഗ്യവകുപ്പിന്റെ അനുമതിയോ അംഗീകാരമോ ഉണ്ടോ എന്ന ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ പോലും ലൈഫ് മിഷന് ലഭ്യമല്ല എന്നാണ് മറുപടിയിൽ പറയുന്നത്.

ആദ്യത്തെ MoU ന് ശേഷം റെഡ് ക്രസന്റ് തട്ടിപ്പ് മനസ്സിലാക്കി ഈ പദ്ധതിയിൽ നിന്ന് പിന്മാറുകയും സംസ്ഥാന സർക്കാരുമായി പിന്നീട് യാതൊരു കത്തിടപാടുകളും നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. വിവരാവകാശ നിയമമനുസരിച്ച് ലഭ്യമായ മറുപടിയിൽ 11.07.2019 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ മിനിട്സും ലൈഫ് മിഷനിൽ ലഭ്യമല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിദേശ രാജ്യത്തെ എന്നുമാത്രമല്ല ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചാരിറ്റി അഥോറിറ്റിയായ റെഡ് ക്രസന്റും യു.എ.ഇ ഭരണാധികാരികളും ചേർന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിട്സ് കാണാതായതല്ല അത് നശിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അത് പിന്നീട് തങ്ങൾക്ക് അനുകൂലമായി മാറ്റി എടുക്കാവുന്ന രീതിയിൽ തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും സംസ്ഥാനത്തെ ഉന്നതനായ ഒരു ഐ.എ.എസ് ഓഫീസറുടെ സത്യസന്ധതമൂലമാണ് നടക്കാതെ പോയത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് Foreign Contribution Regulation Act ലംഘിച്ച് യൂണിടാക്ക്, സെയിൻ വെഞ്ച്വേഴ്സ് എന്നീ രണ്ട് കമ്പനികളുടെ ഉടമയായ സന്തോഷ് ഈപ്പന് തട്ടിപ്പ് നടത്താൻ കളമൊരുക്കിയത് സ്വർണ്ണ കള്ളക്കടത്ത് കേസ്സിലെ പ്രതികൾക്ക് പുറമെ സംസ്ഥാന മുഖ്യമന്ത്രി, തദ്ദേശവകുപ്പുമന്ത്രി, മുൻ‌ സിഇഒ എന്നിവരാണ്. ഇവർക്കാണ് ഈ തട്ടിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്വം. അതിനാൽ ഈ രേഖകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പുമന്തിക്കും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP