Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്ത് താമസിച്ചിരുന്ന ചലച്ചിത്ര പ്രവർത്തകയുടേതും ദുരൂഹ മരണം; യൂണിവേഴ്‌സിറ്റി കോളേജിലെ കൊട്ടിയം സ്വദേശനിയുടെ മരണത്തിലും അസ്വാഭാവികത; തൃശൂരിലേയും നിലമ്പൂരിലേയും മരണങ്ങളിലും സംശയം; ഗോവയിലെ അഞ്ജനാ ഹരീഷിന്റേതടക്കം അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും; ഐജി ശ്രീജിത്തിന് മേൽനോട്ട ചുമതലയും; മരണങ്ങളിൽ നിരോധിത സംഘടനകൾക്കും മാവോയിസ്റ്റുകൾക്കും പങ്കെന്ന സംശയത്തിൽ തീരുമാനം

തിരുവനന്തപുരത്ത് താമസിച്ചിരുന്ന ചലച്ചിത്ര പ്രവർത്തകയുടേതും ദുരൂഹ മരണം; യൂണിവേഴ്‌സിറ്റി കോളേജിലെ കൊട്ടിയം സ്വദേശനിയുടെ മരണത്തിലും അസ്വാഭാവികത; തൃശൂരിലേയും നിലമ്പൂരിലേയും മരണങ്ങളിലും സംശയം; ഗോവയിലെ അഞ്ജനാ ഹരീഷിന്റേതടക്കം അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും; ഐജി ശ്രീജിത്തിന് മേൽനോട്ട ചുമതലയും; മരണങ്ങളിൽ നിരോധിത സംഘടനകൾക്കും മാവോയിസ്റ്റുകൾക്കും പങ്കെന്ന സംശയത്തിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലശേരി ഗവ. ബ്രണ്ണൻ കോളജ് ബിരുദവിദ്യാർത്ഥിയും കാസർഗോഡ് നീലേശ്വരം പുതുക്കൈ സ്വദേശിയുമായ അഞ്ജനാ ഹരീഷ് ഉൾപ്പെടെ അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. അഞ്ജനാ ഹരീഷ് ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെൺകുട്ടികൾകൂടി സമാനസാഹചര്യങ്ങളിൽ മരിച്ചു.

അഞ്ജന, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവർത്തക, തൃശൂർ സ്വദേശിനി, നിലമ്പൂർ സ്വദേശിനി എന്നിവരുടെ മരണമാണ് എ.ടി.എസ്. ഏറ്റെടുക്കുന്നത്. യുവതികളുടെ ദുരൂഹമരണവുമായി നിരോധിത സംഘടനകൾക്കും മാവോയിസ്റ്റുകൾക്കും ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിനേത്തുടർന്നാണിതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. എസ് നാരായണന്റേതാണ് റിപ്പോർട്ട്.

കഴിഞ്ഞ മെയ്‌ 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജന ദുരൂഹസാഹചര്യത്തിൽ മരിച്ചത്. തുടർന്ന്, നോർത്ത് ഗോവയിലെ കല്ലങ്കോട്ട് പൊലീസ് ആത്മഹത്യാക്കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങൾ ബ്രണ്ണൻ കോളജിലെ ഒരു പൂർവവിദ്യാർത്ഥിയിൽ നിന്നു രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ചു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെൺകുട്ടികളുടെ മരണവും സമാന സാഹചര്യത്തിലാണെന്നു വ്യക്തമായത്.

ഗോവയിലെ ഹോസ്റ്റലിൽ അഞ്ജന ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി. മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോൺ സംഭാഷണവിവരങ്ങൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിരുന്നു. ഭീതി കലർന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം. താമസസ്ഥലത്ത് അഞ്ജനയ്ക്കു ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കൾ പൊലീസിനോടു വെളിപ്പെടുത്താൻ മടിച്ചതും ദുരൂഹമാണ്.

ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയിൽപ്പെട്ട ചില അരാജക ലൈംഗിക സംഘടനകൾക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നൽകി പാട്ടിലാക്കുന്ന ചില ഡോക്ടർമാരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രെലെംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും മംഗളം വാർത്ത പറയുന്നു.

അഞ്ജന ഹരീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയിൽ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കൾ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടർന്ന് ജീവിച്ചുകൊള്ളാമെന്നും അവൾ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാൽ കൂട്ടിക്കൊണ്ടുവരാൻ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാർ പറയുന്നത്. അമ്മയെ അഞ്ജന അവസാനമായി ഫോണിൽ വിളിച്ച് തനിക്ക് പറ്റിയ അമിളികളെ കുറിച്ച് പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫോൺ സംഭാഷണത്തിന്റെ റിക്കോർഡുണ്ടെന്നും പറയുന്നു.

നേരത്തെ വീട്ടുകാർക്കെതിരെ അഞ്ജന സംസാരിക്കുന്ന ഫെയ്സ് ബുക്ക് ലൈവ് ചർച്ചയായിരുന്നു. ഡയറിക്കുറിപ്പിലും വീട്ടുകാർക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വാദമെത്തി. എന്നാൽ മാവോയിസ്റ്റ് ഗ്രൂപ്പുകൾക്ക് പോലും അഞ്ജനയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗോവയിലാണ് ആത്മഹത്യ ഉണ്ടായത്. സൃഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.നാല് മാസം മുൻപ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാർക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ചികിത്സയ്ക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്.

എന്നാൽ കഴിഞ്ഞ മാർച്ചിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ അമ്മ വീണ്ടും പരാതി നൽകി. കോഴിക്കോട് ചില അർബൻ നക്‌സലുകൾ നേതൃത്വം നൽകുന്ന ഒരു സംഘടനക്കൊപ്പം പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നൽകിയിരുന്നു.

മാർച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്. മുമ്പ് അഞ്ജനയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അർബൻ നക്സൽ സംഘം തളിപ്പറമ്പ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ഈ സംഘം നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുൾഫിക്കർ എന്ന് ഫേസ്‌ബുക്കിൽ പേര് തിരുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും എൻ.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP