Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊപ്പി പോയ പൊലീസേ... തല്ലാമെങ്കിൽ തല്ലിക്കോ: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെഎസ് യു മാർച്ചിന് നേരേ പിന്നെ നടന്നത് ലാത്തി ഒടിഞ്ഞിട്ടും മതിവരാതെ പൊതിരെ തല്ല്; തലപൊട്ടിയതടക്കം ഗുരുതര പരിക്കേറ്റ് പ്രവർത്തകർ; ആലപ്പുഴയിലെ നരനായാട്ടിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; നോർത്ത് എസ്‌ഐ അടക്കമുള്ള പൊലീസുകാർ നേരിട്ട് ഹാജരാകണം; മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എസ്‌പിക്കും നിർദ്ദേശം

തൊപ്പി പോയ പൊലീസേ... തല്ലാമെങ്കിൽ തല്ലിക്കോ: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെഎസ് യു മാർച്ചിന് നേരേ പിന്നെ നടന്നത് ലാത്തി ഒടിഞ്ഞിട്ടും മതിവരാതെ പൊതിരെ തല്ല്; തലപൊട്ടിയതടക്കം ഗുരുതര പരിക്കേറ്റ് പ്രവർത്തകർ; ആലപ്പുഴയിലെ നരനായാട്ടിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; നോർത്ത് എസ്‌ഐ അടക്കമുള്ള പൊലീസുകാർ നേരിട്ട് ഹാജരാകണം; മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എസ്‌പിക്കും നിർദ്ദേശം

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിന്റെ രാജി തേടി കെഎസ് യു നടത്തിയ മാർച്ചിന്നിടയിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച ആലപ്പുഴ നോർത്ത് എസ് ഐ യും രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

എസ് ഐ ടോൾസൻ ജോസഫ്, സി പി ഒ മാരായ എഡ്മണ്ട്, ശരവണൻ എന്നിവരാണ് കമ്മിഷന്റെ മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടത്. ഇവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് ജോൺസൺ ജോസഫിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബർ 7 ന് രാവിലെ 11.30 ന് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. മർദ്ദനത്തെ കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ 18 ന് ഉച്ചക്ക് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിനെ പൊലീസ് നേരിട്ട രീതിയാണ് പരാതിക്ക് അടിസ്ഥാനമായത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് ലാത്തിയും ഫൈബർ സ്റ്റിക്കും ഉപയോഗിച്ച് മനുഷ്യത്വരഹിതമായി നേരിട്ടെന്ന് പരാതിയിൽ പറയുന്നു. ബൂട്ടിട്ട് ചവിട്ടിയത് കാരണം നിരവധി പേർക്ക് തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കുണ്ട്. മർദ്ദനത്തിന്റെ ചിത്രങ്ങൾ കമ്മീഷൻ പരിശോധിച്ചിരുന്നു. കെഎസ് യു നേതാക്കളായ അൻസിൽ അടക്കമുള്ളവരാണ് പൊലീസിന്റെ ക്രൂരമർദ്ദനത്തിനു വിധേയരായത്. പൊലീസിന്റെ തൊപ്പി ആൻസിലിന്റെ കയ്യിൽ വന്നതാണ് പൊലീസിനെ ചൊടിപ്പിച്ചത്. തല്ലാമെങ്കിൽ തല്ലിക്കോ എന്ന് കൂടി കെഎസ് യു നേതാക്കൾ പറഞ്ഞതോടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. എസ് ഐ ടോൾസൻ ജോസഫും രണ്ടു പൊലീസുകാരും ആംഡ് പൊലീസ് ക്യാമ്പിൽ നിന്ന് വന്ന നെയിം പ്ലേറ്റ് ധരിച്ചിട്ടില്ലാത്ത പൊലീസും ചേർന്നാണ് അഴിഞ്ഞാടിയത്.

കളക്ടറെറ്റിനു മുൻപിൽ അൻസിൽ അടക്കമുള്ള മുഴുവൻ കെഎസ് യു നേതാക്കൾക്കും ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റിരുന്നു. നേതാക്കളുടെ തല പൊട്ടി ചോരയോഴുകിയിട്ടും ലാത്തി ഒടിഞ്ഞിട്ടും പൊലീസ് മർദ്ദനം അവസാനിപ്പിച്ചിരുന്നില്ല. ഇടത് പൊലീസ് രാഷ്ട്രീയ വിരോധം തീർക്കുകയാണ് ചെയ്തത് എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പൊലീസിന്റെ തൊപ്പി ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച ആൻസിലിന്റെ ശരീരമാസകലം മർദ്ദനം ഏറ്റിരുന്നു. രണ്ട് ദിവസം ആശുപത്രിയിൽ കിടന്നെങ്കിലും കോവിഡ് കാരണം നേതാക്കൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേഹമാസകലം ഉഴിച്ചിൽ നടത്തണമെന്നാണ് ഡോക്ടർമാർ ഉപദേശിച്ചത്. കടുത്ത മർദ്ദനമായിരുന്നു നടന്നതെന്ന് അൻസിൽ മറുനാടനോട് പറഞ്ഞു.

മുന്നിൽ പൊലീസ് പിന്നിൽ ബാരിക്കേഡ്. തല്ലു കിട്ടും എന്ന് ഉറപ്പായിരുന്നു. ഓടാൻ കഴിയില്ലെന്നും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തല്ലു നിന്ന് കൊണ്ടു. ഇടത് പൊലീസ് കോൺഗ്രസിനോട് കാണിച്ച രാഷ്ട്രീയ വിരോധമാണ് അന്നത്തെ മർദ്ദനത്തിൽ പ്രതിഫലിച്ചത്. ലാത്തിച്ചാർജ് നടക്കുമ്പോൾ നടത്തുന്ന മർദ്ദനമല്ല അന്ന് ആലപ്പുഴ കളക്ടറെറ്റിനു മുന്നിൽ പൊലീസ് നടത്തിയത്. ക്യാമ്പിൽ നിന്ന് നമ്പർ പ്ലേറ്റ് പോലും ധരിക്കാതെ വന്ന പൊലീസുകാർ ഒട്ടനവധി പേരുണ്ടായിരുന്നു. തൊപ്പി പോയപ്പോൾ ഞങ്ങൾ അത് ഉയർത്തിക്കാണിച്ചത് പൊലീസിനു പ്രകോപനമായി. പിന്നീട് നടന്നത് പൊലീസ് നരനായാട്ട് തന്നെയാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉള്ള ഫോട്ടോകൾ അയച്ച് നൽകി അൻസിൽ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തതിലും എസ്‌ഐഅടക്കമുള്ള പൊലീസുകാർ ഹാജരാകാൻ ആവശ്യപ്പെട്ടതിലും സന്തോഷമുണ്ട്. നീതി നടപ്പാകുന്ന പ്രശ്‌നം ഇതിലുണ്ട്-അൻസിൽ പറയുന്നു.

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷവും ലാത്തിച്ചാർജും നടന്നത്. 22 കെ.എസ്.യു. പ്രവർത്തകർക്കും അഞ്ചു പൊലീസുകാർക്കും പരുക്കേറ്റിരുന്നു. എസ്. ഷെഫീക്ക്, റിയാസ് മുണ്ടകത്തിൽ, റിയാസ് പത്തിശേരിൽ, അൻസിൽ മാന്നാർ, അൻസിൽ ജലീൽ, അബാദ് ലുത്തുബി, ഗോകുൽനാഥ് എന്നിവരുടെ തലയ്ക്കാണ് അടിയേറ്റത്. ഇവരുടെ തലയിൽ അഞ്ചിലേറെ തുന്നലുണ്ട്. മറ്റുള്ളവരുടെ കൈകാലുകൾക്കാണു പരുക്ക്. പരുക്കേറ്റ പൊലീസുകാരും ചികിത്സതേടിയിരുന്നു. ജില്ലാ പ്രസിഡന്റ് നിധിൻ എ.പുതിയിടത്തിന്റെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ ഇ.എം.എസ്. സ്റ്റേഡിയത്തിനു സമീപത്തുനിന്നു പ്രകടനമായാണു കലക്ടറേറ്റിനു മുന്നിൽ എത്തിയത്. ആലപ്പുഴ ഡിവൈ.എസ്‌പി: എൻ.ആർ. ജയരാജൻ, സൗത്ത് സിഐ: രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ഇവരെ തടഞ്ഞു. വനിതാ പ്രവർത്തകർ പൊലീസിന്റെ ചൂരൽഷീൽഡ് ഭേദിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു. കലക്ടറേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിലൂടെ ചില യുവാക്കൾ അകത്തു കടക്കാൻ ശ്രമിച്ചു. ഇതോടെ ഉന്തും തള്ളുമായി. ഇതിനിടെ നോർത്ത് എസ്‌ഐയുടെ തൊപ്പി താഴെ വീണതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP