Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്..അതിൽ വിശ്വസിക്കാത്തവരെയും അൽപവിശ്വാസികളെയും ശരിപ്പെടുത്തും; പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ; രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല; ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ: ജെ.എസ്.അടൂർ എഴുതുന്നു

എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്..അതിൽ വിശ്വസിക്കാത്തവരെയും അൽപവിശ്വാസികളെയും ശരിപ്പെടുത്തും; പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ; രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല; ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ: ജെ.എസ്.അടൂർ എഴുതുന്നു

ജെ എസ് അടൂർ

ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ

സർക്കാർ ഒന്നിന് പുറകെ ഒന്നായി ബില്ലുകൾ കൊണ്ടു വന്നു പാർലമെന്റിൽ പോലും അധിക ചർച്ചയില്ലാതെ പാർലമെന്ററി സബ്ജക്കറ്റ് കമ്മറ്റികളുടെ വിശദ പരിശോധന (scrutiny )ഇല്ലാതെ ഒന്നിന്ന് പുറകെ മറ്റൊന്നായി പാസ്സാക്കുകയാണ്

എന്താണ് പ്രശ്‌നം?

ഒന്നാമത്തെത് എക്സികുറ്റിവിന്റെ അപ്രമാദിത്തം തന്നെയാണ്. അധികാരം കേന്ദ്രീകരിക്കുന്നത് തടയിടാന് പാർലിമെന്റ്, ജൂഡിഷ്യറി, എക്‌സികൂട്ടിവ് എന്നിവക്ക് 'ചെക്ക് ആൻഡ് ബാലൻസ് ഓഫ് പവർ ' എന്ന അടിസ്ഥാന ജനായത്ത തത്വമാണ് ജനാധിപത്യ ഭരണ വ്യവസ്ഥയുടെ കാതൽ. ഈ മൂന്നു എസ്റ്റേറ്റിനോടൊപ്പം സ്വതന്ത്ര മാധ്യമങ്ങൾ എന്ന ഫോർത് എസ്റ്റേറ്റും സ്വതന്ത്ര സിവിൽ സമൂഹം/പൗര സമൂഹവുമെന്ന ഫിഫ്ത് എസ്റ്റേറ്റും ചേർന്നതാണ് ജനായത്ത ഭരണ സംവിധാനം.

എന്നാൽ കഴിഞ്ഞ 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം കാണുന്ന രാഷ്ട്രീയ അടയാളങ്ങൾ ഇന്ത്യൻ ജനായത്ത സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അടിയന്തര അവസ്ഥ പ്രഖ്യാപിക്കാതെ അത് നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ്

ഇതിന്റെ ലക്ഷണങ്ങൾ എന്താണ്?

1) സാമ്പത്തിക, ഭരണ, രാഷ്ട്രീയ അധികാര കേന്ദ്രീകരണം. അധികാരം അധികമായി കേന്ദ്ര സർക്കാരിലേക്കും അവിടെ രണ്ടോ മൂന്നോ പേരുള്ള ഒരു കാർട്ടിലിക്കു മാറുന്നു.

2) ഇതു ഫെഡറൽ സംവിധാനത്തെ ക്ഷീണിപ്പിച്ചു സംസ്ഥാന സർക്കാരുകളുടെ അധികാരം കുറച്ചു അവയെ കേന്ദ്രത്തിന്റെ കീഴാള ഭരണ കാര്യസ്ഥന്മാർ മാത്രമാക്കാനുള്ള ശ്രമം(subsidiary administrative overseers ). ഉദാഹരണത്തിന് വിദ്യാഭ്യാസം കൺകറന്റ്‌റ് വിഷയമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ അധികാരം കേന്ദ്രത്തിനാണ്. അങ്ങനെ കൂടുതൽ ഭരണ കേന്ദ്രീകരണമാണ് വിഭാവനം ചെയ്യുന്നത്.

3). ഒരൊറ്റ ഇന്ത്യ, ഒരൊറ്റ പാർട്ടി, ഒരൊറ്റ ഭാഷ, ഒരൊറ്റ നേതാവ് എന്ന ഏകപാർട്ടി ഏകാധിപത്യ കാർട്ടലാണ് ലക്ഷ്യം. വൈവിധ്യങ്ങളോടും ബഹുസ്വരതയെയും ഇല്ലാതാക്കി ന്യൂനപക്ഷങ്ങളെ അടക്കി ഒതുക്കി രണ്ടാം തരം പൗരന്മാരായി ഭരിക്കുന്ന ചൈനീസ് ഒലിഗാർക്കി മോഡലാണത്. ജനായത്ത സംവിധാനത്തിനു കടക വിരുദ്ധം

4) പാർലമെന്റിനെ നോക്ക് കുത്തിയാക്കി. ജൂഡിഷ്യറിയെ കോ -ഓപ്റ്റ് ചെയ്തു. മീഡിയയെ വിലക്ക് വാങ്ങിയും കോ -ഓപ്റ്റ് ചെയ്തും അധികാരത്തിന്റെ വേട്ട നായ്ക്കളാക്കി. അധികാരത്തിന്റെ പ്രോപ്പഗണ്ട മെഷിനാക്കി.

5) അങ്ങനെ ഒന്നോ രണ്ടോ കോർപ്പറേറ്റ് വരേണ്യരും രണ്ടോ മൂന്നോ രാഷ്ട്രീയ അധികാര വരേണ്യരും ചേർന്നു കാര്യങ്ങൾ തീരുമാനിക്കുന്ന ക്രോണി ക്യാപറ്റലിസ്റ്റ് അധികാര കാർട്ടലിനുള്ള രണ്ടു തല വേദനകളുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സിവിൽ സമൂഹ സംഘടനകളും

ഒന്നാമത്തത്, പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ രാഷ്ട്രീയത്തെയും നിർജർവമാക്കുക എന്നതാണ്. അവരെ ക്യാരെറ്റും സ്റ്റിക്കും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ്.
പണ്ട് ഭരണത്തിൽ ഇരുന്ന പാർട്ടികളെ പഴയ അഴിമതികളും തരികിടകളും കാട്ടി വരുതിയിൽ നിർത്തുക.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവലിൻ കേസ് നിരന്തരം മാറ്റി വയ്ക്കുന്നത് ഒരു ഡെമോക്ലസിന്റ വാള് പോലെയുള്ള ഏർപ്പാടാണ്. അത് പോലെയാണ് ആന്ധ്രാ പ്രദേശിലെ ജഗന്റ് പേരിലുള്ള കേസുകളും

രണ്ടാമത്തെത്, പണവും പദവിയും പ്രോട്ടേക്ഷനും കൊടുത്തു വിലക്ക് വാങ്ങി വരുതിയിലാക്കുക. കർണ്ണാടക, ഗോവ,നോർത്ത് ഈസ്‌റ്, മധ്യ പ്രദേശ് എല്ലായിടത്തും ഇതാണ് നടന്നത്.

മൂന്നാമത് പാണാധിപത്യമുപയോഗിച്ചും ഭരണ സൗകര്യമുപയോഗിച്ചും പ്രധാന പ്രതിപക്ഷ പാർട്ടികളെ തിരെഞ്ഞെടുപ്പ് എന്ന മാച്ച് ഫിക്‌സിങ്ങിൽ തറപറ്റിച്ചു അവരുടെ നേതാക്കളെ ഭരണം ഉപയോഗിച്ചു വരുതിയിലാക്കുക

6) പിന്നെയുള്ള തലവേദന, പണവും നെറ്റ്‌വെർക്കും ലിബറൽ മനുഷ്യ അവകാശ ബോധ്യങ്ങളുമുള്ള സിവിൽ സൊസൈറ്റി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. അതിലുള്ള ഒരുപാട് പേർ നേതൃത്വ ശേഷിയും വിദ്യാഭ്യാസവും വിവരവും സാമൂഹിക സാധുതയുള്ളവരുമാണ്. അവർ പ്രതിപക്ഷ ശബ്ദങ്ങൾ ഉയർത്തുന്നത് അധികാരികൾക്കു അലോസരമുണ്ടാക്കും

അതുകൊണ്ടു ആദ്യം ചെയ്തത് ആംനെസ്റ്റി, ഗ്രീൻ പീസ് എന്നിവയെ ടാർഗറ്റ് ചെയ്ത് എല്ലാവർക്കും അധികാര സിഗ്‌നൽ കൊടുത്തു നിശബ്ദമാക്കുക എന്ന തന്ത്രമാണ്. അതെ നിലപാടാണ് ഇന്ദിര ജയ്‌സിങ്, പ്രശാന്ത് ഭൂഷൻ, ആനന്ദ് ഗ്രോവർ മുതലായ പബ്ലിക് ഇന്‌ട്രെസ്‌റ് /മനുഷ്യ അവകാശ വക്കീലുമാർക്ക് നേരെ എടുത്തതും . അത് പോലെ വിധേയ മീഡിയ ഉപയോഗിച്ചു അവരുടെ സാധുതയെ കരിതേച്ചു ഇല്ലായ്മ ചെയ്യുക എന്നതാണ്.

അവർക്കു രാജ്യത്തു നിന്നും കിട്ടുന്ന സി എസ് ആർ ഫണ്ട് പി എം കെയറിലേക്ക് തിരിച്ചു വിട്ടു എന്ന് മാത്രം അല്ല സി എസ് ആർ ഫണ്ട് ട്രസ്റ്റ്കൾക്കും സൊസൈറ്റികൾക്കും കൊടുക്കണ്ട എന്നെ നിയമ ഭേദഗതി ചെയ്യുവാനുള്ള ശ്രമാണ്.

7) ഇപ്പോഴത്തെ എഫ് സി ആർ എ അമെൻഡ്‌മെന്റ് സാമൂഹിക സംഘടനകളുടെ ഫണ്ടുകളെ മൊത്തമായി സർക്കാർ നിയന്ത്രിച്ചു അവയുടെ ഫണ്ട് ഇല്ലാതാക്കാനാണ് .

പലരും ചോദിക്കും വിദേശ ഫണ്ട് നിയന്ത്രിക്കേണ്ടേ എന്ന്. അതിനാണ് മുമ്പത്തെ അടിയന്തരാവസ്ഥ കാലത്ത്1976 ഇൽ ഫോറിൻ കോൺട്രിബൂഷ്യൻ റെഗുലേഷൻ ആക്ട് കൊണ്ടു വന്നത് അത് 2010 ഇൽ അമൻഡ് ചെയ്തു കൂടുതൽ നിയന്ത്രണമാക്കി.

പക്ഷെ ഇപ്പോൾ നടത്തുന്ന അമെൻഡ്‌മെന്റ് പ്രവർത്തിക്കുവാനാശ്യമായ ഫണ്ട് നിഷേധിച്ചു സ്വതന്ത്ര പൗരസമൂഹ/ചാരിറ്റി സംഘടനകളെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തിലാണ്. സർക്കാർ വരുതിയിലുള്ള വാലാട്ടി സംഘടനകൾ മാത്രം മതി എന്ന രാഷ്ട്രീയമാണ് പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്

ഉദാഹരണത്തിനു എഫ് സി ആർ എ അക്കൗണ്ട് ഡൽഹിയിലെ ഒരൊറ്റ എസ് ബി ഐ യിൽ വേണമെന്നത് ഇന്ത്യൻ ഫെഡറലി സത്തിലും ബാങ്കിങ് സെക്റ്ററിലും വിശ്വാസമില്ലന്നു മാത്രം അല്ല..കേരളത്തിലോ തമിഴ് നാട്ടിലോ മഹാരാഷ്ട്രയിലോ ഹൈദരബാദദിലോ ആസ്സാമിലോ ബംഗാളിലോ ഉള്ള സംഘടനകൾ ഡൽഹിയിൽ അവർ നിർദ്ദേശിക്കുന്ന എസ് ബി ഐയിൽ മാത്രം വേണെമെന്ന ലോജിക് ഈ ഡിജിറ്റൽ യുഗത്തിൽ വിചിത്രമാണ്

പക്ഷെ ലക്ഷ്യം ആ ഒരൊറ്റ ബാങ്കിനെ ഇന്റലിജൻസ്‌കരെകൊണ്ടു നിയന്ത്രിച്ചു സർക്കാരിനെ ഒളിഞ്ഞോ തെളിഞ്ഞോ വിമർശിക്കുന്നവരെയും മനുഷ്യ അവകാശ പ്രവർത്തകാരെയും നിശബ്ദമാക്കാനാണ്.

അത് പോലെ 20% മാത്രം ശമ്പളത്തിനും അഡ്‌മിനിസ്ട്രീറ്റിവ് ചെലവിനും എന്നത് റിസേർച്ച് അഡ്വക്കസി സംഘടനകൾക്കു ഫണ്ട് ഇല്ലായ്മ ചെയ്തു നശിപ്പിക്കാനാണ്

നേരെത്തെ എഫ് സി ആർ എ ഉള്ള സംഘടനകൾക്ക് എഫ് സി ആർ എ ഉള്ള മറ്റു സംഘടനകൾക്ക് ഫണ്ട് കൈമാറാം. ഉദാഹരണതിന്നു കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഡൽഹിയിലുള്ള ഒക്‌സ്ഫാമിനോ ആക്ഷൻ എയ്ഡ്‌നോ പ്രളയ ദുരിതാശ്വാസത്തിന് ഇവിടെ എഫ് സി ആർ എ ഉള്ള സംഘടനകളിൽ കൂടി സഹായമെത്തിക്കാം.

ഇതു നിരോധിക്കുന്നത്തോട് കൂടി ദുരന്തങ്ങളിലും ദുരിതങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അതിനുള്ള ഫണ്ട് ഇല്ലാതാകും . കേരളത്തിൽ കഴിഞ്ഞ പ്രളയ സമയത്ത് യു എ ഈ വാഗ്ദാനം ചെയ്ത സഹായം അനുവദിച്ചില്ല. ഇനിയും എൻ ജി ഓ വഴി കിട്ടിയിരുന്ന സഹായവും സ്വാഹ! സംസ്ഥാനങ്ങൾ ഫണ്ട് തെണ്ടി കേന്ദ്രത്തിൽ പോയി ഓച്ചാനിച്ചു നിൽക്കണ്ട അവസ്ഥയാണ്.

ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ഭരണപാർട്ടിക്ക് /പാർട്ടികൾക്ക് വിദേശത്ത് നിന്നോ സ്വദേശത്തു നിന്നോ ഇഷ്ടം പോലെ നിയന്ത്രണമില്ലാതെ ഫണ്ട് മേടിക്കാം. ബോണ്ടുകൾ വച്ചു വാങ്ങാം. അത് ആരും അറിയേണ്ട കാര്യം ഇല്ലെന്നാണ് നിലപാട്.

ചുരുക്കത്തിൽ എല്ലാ സാമൂഹിക സംഘടനകളെയും നിശബ്ദമാക്കി വരുതിയിലാക്കി വാലാട്ടികളക്കുക എന്ന തന്ത്രമാണ്. മീഡിയയെ വരുതിയിലാക്കിയത് പോലെ

ഇന്ന് സംസ്ഥാന സർക്കാരുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടം കുറഞ്ഞു വരുന്നു. പാർലിമെന്റ് നോക്കു കുത്തിയായ റബർ സ്റ്റാമ്പാകുന്നു.

ന്യായാധിപന്മാരാകേണ്ടവരിൽ പലരും അധികാര പട്ടെലരുടെ തൊമ്മിമാരാകുന്നു. കള്ളത്തരങ്ങളുടെ റിപ്പബ്ലിക്കുകളിൽ വേട്ടനായ്ക്കളുടെ കുരകളും ഏറാന്മൂളികളമായ 'ദേശീയ ' മീഡിയ. ഇനിയും വേണ്ടത് അത്യാവശ്യം തീറ്റ കൊടുക്കുന്ന വാലാട്ടികളായ അൻ -സിവിൽ സൊസൈറ്റി ദാസന്മാരാണ്.

അധികാരം മതി. അകൗണ്ടബിലിറ്റി വേണ്ട എന്നതുകൊണ്ടാണ് വിവരാവകാശത്തിന്റ ചിറക് ആദ്യമേ അരിഞ്ഞത്.

സിവിൽ അല്ലത്ത അൻ -സിവിൽ ഉദ്യോഗസ്ഥന്മാർ ഭരണഘടനായെക്കാൾ ഭരണ അധികാരികളെ മാനിക്കുന്നു. പച്ചക്ക് വർഗീയം പറയുന്ന പൊലീസ് അധികാരി അനുചരന്മാർ. വർഗ്ഗീയ വിഷ കൊലപാതകങ്ങളെയും കൂട്ടകൊലകളെ ന്യായീകരിക്കുന്നു പഴയതും പുതിയതമായ പൊലീസ് ഏമാന്മാർ.

കഴിഞ്ഞ 15 മാസങ്ങളിലുണ്ടായ വിവിധ നിയമങ്ങളും നയങ്ങളും പരിശോധിച്ചാൽ മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ്.

1)പൗര സ്വാതന്ത്ര്യത്തിനും പൗരവകാശ തുല്യതക്കുമുള്ള കൂച്ചു വിലങ്ങു,
2).സാമ്പത്തിക -ഭരണ -അധികാര കേന്ദ്രീകരണം
3).കോർപ്പറേറ്റ് കൂട്ടാളികൾക്ക് വേണ്ടതെല്ലാം കൊടുത്തു കുത്തക സാമ്പത്തിക വ്യവദ്ധയുണ്ടാക്കുക

സാധാരണ ഒരു ജനായത്ത ഭരണ ക്രമത്തിൽ ജനങ്ങൾക്കാണ് മുൻതൂക്കം. ജനങ്ങൾ സർക്കാർ അധികാരത്തിന്റെ പരിധികൾ നിശ്ചയിക്കുന്നു. സർക്കാർ അധികാരം മാർക്കറ്റ് ശക്തികളുടെ പരിധി നിശ്ചയിക്കുന്നു.

ഇപ്പോൾ നേരെ തിരിച്ചാണ് വിരലിൽ എണ്ണാവുന്ന കോർപ്പറേറ്റ് ഫ്യുഡൽ കുടുംബങ്ങൾ സർക്കാരിന്റെ പരിധി നിയന്ത്രിക്കുന്നു. സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിർണ്ണയിച്ചു സ്വതന്ത്ര മാധ്യമ സമൂഹത്തെയും സ്വതന്ത്ര പൗര സമൂഹത്തെയും ഇല്ലായ്മ ചെയ്തു അധികാരത്തിന്റെ ആശ്രിത വാലാട്ടികളക്കുന്നു.

രാജ്യം ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയും പൊതു ജനാരോഗ്യ പ്രതിസന്ധിയും നേരിടുമ്പോൾ മത സ്വത്വ രാഷ്ട്രീയ വികാരമാളികത്തിച്ചു ശ്രദ്ധ തിരിച്ചു വിടുന്ന കലികാല രാഷ്ട്രീയമാണ്.

അജണ്ട സെറ്റ് ചെയ്യുന്നത് ഭരണക്കാരും ഭരണപാർട്ടിയുമാണ്. ബാക്കി എല്ലാം അതിനോട് പ്രതികരിച്ചു തുള്ളുന്ന എക്‌സ്ട്രാ ആർട്ടിസ്റ്റുകളായിരിക്കുന്നു

ജനായത്തത്തിന്റെ അന്ത്യ കൂദാശകൾ നടക്കുമ്പോൾ അത് അറിയാതെ പാതി മയക്കത്തിലാണ് രാജ്യം. എല്ലാവരും അതിജീവനത്തിനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യത്തെകുറിച്ച് പോലും അധികം ചിന്തിക്കാത്ത അവസ്ഥയിലാണ് സ്വാതന്ത്ര്യം പതിയെ ഇല്ലാതാകുന്നത്.

ഭയമാണ് ഭരിക്കുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. എന്നാൽ പുറത്തു നിന്നും അകത്തു നിന്നുമുള്ള ഭയത്തിൽ നിന്ന് പരിരക്ഷ നൽകാമെന്ന വാഗ്ദാന മൻ കെ ബാത്തുകൊണ്ടാണ് ആളുകളെ വരുതിയിൽ നിർത്തിയിരിക്കുന്നത്.

പ്രജാപതിയുടെ കീഴ്ശ്വാസത്തിന്റ സുഗന്ധത്തെ കുറിച്ച് വർണ്ണിക്കുന്ന തിരക്കിലാണ്' ദേശീയ ' മാധ്യമ ദാസവർഗ്ഗം. നിയന്ത്രണങ്ങൾ നല്ലതിനാണ് എന്ന മധ്യവർഗ്ഗ സ്വയഭോഗികളും ഭരണ ഉത്സാഹകമ്മറ്റി ചീയർ ലീഡിഴ്‌സും ആർപ്പു വിളിക്കുന്നു.

എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്. അതിൽ വിശ്വസിക്കാത്തവരെയും അൽപ്പ വിശ്വാസികളെയും ശരിപ്പെടുത്തും.

പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ. നേരെ നിന്ന് പൊരുതാൻ പ്രതിപക്ഷത്തു ജനകീയ നേതാക്കൾ ഇല്ലാത്ത അവസ്ഥ.

രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല.

കേഴുക പ്രിയ നാടേ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP