Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലക്കാട് മൃതദേഹം മാറി നൽകിയതിന് നഴ്‌സുമാരെ പിരിച്ചു വിട്ടതിൽ ആരോഗ്യ പ്രവർത്തകരിൽ കടുത്ത അമർഷം; സംഭവത്തിൽ നഴ്സുമാർക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് വാദം; മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകി; നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സുമാരും

പാലക്കാട് മൃതദേഹം മാറി നൽകിയതിന് നഴ്‌സുമാരെ പിരിച്ചു വിട്ടതിൽ ആരോഗ്യ പ്രവർത്തകരിൽ കടുത്ത അമർഷം; സംഭവത്തിൽ നഴ്സുമാർക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് വാദം; മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകി; നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സുമാരും

ആർ പീയൂഷ്

പാലക്കാട്: മൃതദേഹം മാറി നൽകിയ സംഭവത്തിൽ നിരപരാധികളായ രണ്ടു നഴ്സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മോർച്ചറിയിൽ നിന്നും മൃതദേഹം എടുത്തു നൽകിയപ്പോൾ മാറിയതിന് കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാരെ പിരിച്ചു വിട്ടത്. മൃതദേഹം മാറിയതിൽ നഴ്സുമാർക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ നടപടി. സംഭവത്തിൽ ഇതിനകം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നഴ്സുമാർ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. വരും ദിവസം ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിടപ്പെട്ട നഴ്സുമാരുടെ തീരുമാനം.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയായ വള്ളിയുടെ മൃതദേഹമാണ് പാലക്കാട് നഗരത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമായി ബന്ധുക്കൾക്ക് മാറി നൽകിയത്. രാത്രി മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാതെ ഉടൻ തന്നെ അടുത്തുള്ള വൈദ്യുത ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു. പിറ്റേദിവസമാണ് അട്ടപ്പാടിയിൽ അപസ്മാരം ബാധിച്ച് വെള്ളത്തിൽ വീണ് മരിച്ച വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. ഈ സമയത്താണ് ആശുപത്രി ജീവനക്കാരടക്കം മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടർന്ന് രണ്ട് കുടുംബവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ജാനകിയമ്മയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കുകയും അവർ സംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് നിരപരാധികളായ നഴ്സുമാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

മോർച്ചറിയുടെ നേരിട്ടുള്ള ചുമതല ആർഎംഒയ്ക്കാണ്. അവരില്ലാത്തപ്പോൾ അത്യാഹിതവിഭാഗം മെഡിക്കൽ ഓഫിസർക്കായിരിക്കും ചുമതല. മൃതേദേഹം മാറിയതിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്ത നഴ്സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണിൽ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോൾ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്സുമാർ പറയുന്നു.

മൃതദേഹം എടുക്കാൻ വന്നവർ കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നൽകിയതെന്ന് അറ്റൻഡർമാർ പറയുന്നു. എന്നാൽ ജാനകിയമ്മ സ്ത്രീ മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും കൃത്യമായി നോക്കാതെയായിരിക്കണം എടുത്തത്. നഴ്സുമാരെന്ന നിലയിൽ മോർച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ. മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്സുമാരുടെ പക്കലല്ല. പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആറ് അറ്റൻഡർമാർക്കും രണ്ട് നഴ്സുമാർക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷൻ ഡ്യൂട്ടിയിൽ പിപിഇ ധരിച്ചെത്തിയ അറ്റെൻഡർമാർക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാൽ പിഴവു പറ്റിയ മോർച്ചറി ജീവനക്കാർക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.

അത്യാഹിത വിഭാഗത്തിൽ സാധാരണ നിലയിൽ അഞ്ചു നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാൽ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോൺഗ്രസ് മാർച്ചുണ്ടായിരുന്നതിനാൽ അടിയുണ്ടായി കുറെ പൊലീസുകാരുൾപ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കൾ മൃതദേഹം അന്വേഷിച്ചു വരുന്നത്. എൻഒസി ഇല്ലാത്തിനാൽ ആദ്യം മൃതദേഹം വിട്ടു നൽകില്ലെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ) പറഞ്ഞതോടെ ഇവർ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എൻഒസിയുമായി ഇവർ എത്തിയത്. ഈ സമയം ആർഎംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നൽകാമെന്നും സിഎംഒ എഴുതി നൽകി. മോർച്ചറി ബുക്കിൽ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നൽകുന്നതിനുള്ള പേപ്പർ എഴുതി നൽകുന്നത്. തുടർന്ന് അറ്റെൻഡറാണ് താക്കോലും പേപ്പറുമായി മോർച്ചറിയിൽ പോയി മൃതദേഹം നൽകിയത്.

എന്താണ് സംഭവിച്ചതെന്ന വിശദീകരണം ആവശ്യപ്പെടുകയൊ, നടപടിയുണ്ടാകുമെന്ന് അറിയിക്കുകയൊ ചെയ്തിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. പിരിച്ചു വിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു മുന്നറിയിപ്പും തരാതെ വെറുതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ ഒരു മെസേജ് വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്നായിരുന്നു അത്. ഹെഡ് നഴ്സാണ് അറിയിപ്പ് ഇട്ടത്. പിന്നീട് വാർത്തകൾ കണ്ടപ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് പിരിച്ചു വിട്ടവരിൽ ഒരാളായ ആതിര പറയുന്നു. ചോദിക്കാൻ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്സുമാർ പറയുന്നു. നിങ്ങൾ കരാർ ജീവനക്കാരാണ്, എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവർ പറയുന്നു. ഡിഎംഒ അന്വേഷണം നടത്തിയ ശേഷമാണ് നടപടി എടുത്തത് എന്നാണ് സൂപ്രണ്ട് പറയുന്നത്. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.

പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വർഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാശുപത്രിയിൽ ജോലി ചെയ്യുന്നകയാണ്. കരാർ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ആതിര പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ് ആതിര. കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള പ്രതികരണം. തെറ്റു ചെയ്തവർക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുന്ന നഴ്സുമാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയില്ലെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP