Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജാഗ്വർ ഇന്ത്യക്കാരുടെ കയ്യിൽ എത്തിയ പോലെ റീറ്റെയ്ൽ ബ്രാൻഡ് ഡെബനാംസും ബ്രിട്ടന് നഷ്ടമായേക്കും; കടത്തിലായ കടകൾ ഏറ്റെടുക്കാൻ കണ്ണ് വയ്ക്കുന്നത് ഇന്ത്യയുടെ ഏറ്റവും സമ്പന്നനായ സാക്ഷാൽ മുകേഷ് അംബാനി; ഹാംലെയ് സ്വന്തമാക്കിയ റിലയൻസിന്റേത് ബ്രിട്ടീഷ് സമ്പദ് രംഗത്തേക്കുള്ള ഇന്ത്യൻ നുഴഞ്ഞു കയറ്റമെന്നു വിലയിരുത്തൽ

ജാഗ്വർ ഇന്ത്യക്കാരുടെ കയ്യിൽ എത്തിയ പോലെ റീറ്റെയ്ൽ ബ്രാൻഡ് ഡെബനാംസും ബ്രിട്ടന് നഷ്ടമായേക്കും; കടത്തിലായ കടകൾ ഏറ്റെടുക്കാൻ കണ്ണ് വയ്ക്കുന്നത് ഇന്ത്യയുടെ ഏറ്റവും സമ്പന്നനായ സാക്ഷാൽ മുകേഷ് അംബാനി; ഹാംലെയ് സ്വന്തമാക്കിയ റിലയൻസിന്റേത് ബ്രിട്ടീഷ് സമ്പദ് രംഗത്തേക്കുള്ള ഇന്ത്യൻ നുഴഞ്ഞു കയറ്റമെന്നു വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷുകാർ അഭിമാനത്തോടെ കണ്ടിരുന്നതൊക്കെ സാവധാനം ഇന്ത്യക്കാരുടെ നിയന്ത്രണത്തിലേക്കു നീങ്ങുകയാണോ? ബ്രിട്ടന്റെ അഭിമാന ബ്രാൻഡ് ആയിരുന്ന ജാഗ്വർ ലാൻഡ് റോവർ ഒരു പതിറ്റാണ്ട് മുൻപ് ടാറ്റയും സ്‌കോട്ലൻഡ് യാർഡിന്റെ ആസ്ഥാനം സ്വന്തമാക്കി മലയാളിയായ യൂസഫലിയും ബ്രിട്ടന്റെ ബ്രാൻഡ് ഇമേജ് സ്വന്തമാക്കിയതു പോലെ ഇന്ത്യൻ കുത്തക എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസ് ഗ്രൂപ്പും ബ്രിട്ടനിലേക്ക് കണ്ണ് വയ്ക്കുന്നു എന്ന് സൂചന.

ബ്രിട്ടന്റെ ഫാഷൻ വസ്ത്ര ശൃംഖലയായ ഡെബനാംസാണ് മുകേഷ് അംബാനിയുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്. കടം കയറി മുടിഞ്ഞ് അനേകം കടകൾ അടച്ചു പൂട്ടിയ ഡെബനാംസ് സമ്പൂർണ അടച്ചു പൂട്ടൽ ഒഴിവാക്കാനാണ് ആരുടെ എങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത്. എന്നാൽ വർഷങ്ങളായി ടെക്സ്റ്റൈൽ രംഗത്തുള്ള വിമൽ എന്ന ബ്രാൻഡ് സ്വന്തമായ റിലയൻസിന് ടാറ്റ ചെയ്തത് പോലെ ഡെബനാംസിനെ ലാഭക്കണക്കു കൊണ്ട് വിസ്മയിപ്പിക്കാൻ കഴിഞ്ഞേക്കും എന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ രണ്ടര നൂറ്റാണ്ടിന്റെ ബിസിനസ് ചരിത്രമുള്ള ബ്രാൻഡ് എന്ന ഖ്യാതി കയ്യിൽ പിടിച്ചാണ് ഉടുതുണിക്ക് മറുതുണി ഇല്ലാത്ത വിധം നഷ്ടത്തിലായ അവസ്ഥയിൽ ഡെബനാംസ് എത്തിയിരിക്കുന്നത്. യുകെയിലെ ഏറ്റവും പ്രമുഖ ഹൈ സ്ട്രീറ്റ് വസ്ത്ര വിൽപന കേന്ദ്രം എന്ന പെരുമ മൂലം ഫാഷൻ വസ്ത്രങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ നൽകിയ സ്ഥാപനത്തിന് കഴിഞ്ഞ കുറെ വർഷങ്ങളായി അടിതെറ്റി നിൽക്കുകയാണ്. ബ്രിട്ടന് പുറമെ നെതർലാൻഡിലും ശക്തമായ സാന്നിധ്യമായ ബ്രാൻഡിന് മികച്ച വില നൽകി ഏറ്റെടുക്കാൻ ഈ രംഗത്തെ മറ്റു ഗ്രൂപ്പുകൾ മടിച്ചു നിൽക്കവെയാണ് ഇന്ത്യൻ ബ്രാൻഡിന്റെ രംഗപ്രവേശം.

പത്തു വർഷം മുൻപ് ടാറ്റ ജാഗ്വർ സ്വന്തമാക്കിയതിന് സമാന സാഹചര്യത്തിലൂടെയാണ് ഡെബനത്തെ കയ്യിലൊതുക്കാൻ റിലയൻസ് ഗ്രൂപ്പും ശ്രമിക്കുന്നത്. ഈ കച്ചവടം സാധ്യമായാൽ ബ്രിട്ടന്റെ ബിസിനസ് ലോകത്തു കൂടുതൽ ഇന്ത്യൻ നിക്ഷേപത്തിനും അത് വഴി ഒരുക്കും എന്നുറപ്പാണ്. പണം നോക്കാതെ സാധനം വാങ്ങാൻ എത്തുന്ന ഒരു വിഭാഗം ഉപയോക്താക്കളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബ്രാൻഡിനെ റിലയൻസ് കൈവിടില്ല എന്ന സൂചനായാണ് വിപണി പങ്കുവയ്ക്കുന്നതും.

കഴിഞ്ഞ വർഷം കുട്ടികളുടെ കളിപ്പാട്ട ബ്രാൻഡ് ആയ ഹാംലെയ്‌സ് റിലയൻസ് സ്വന്തമാക്കിയ ശേഷം നടത്തുന്ന ഈ ചുവട് വയ്‌പ്പ് ബ്രിട്ടീഷ് വിപണിയിലേക്ക് കടന്നുകയറാൻ ഉള്ള ഇന്ത്യൻ ബ്രാൻഡിന്റെ ആഗ്രഹം കൂടിയാണ് വെളിപ്പെടുത്തുന്നത് എന്ന് സാമ്പത്തിക ലോകം വിലയിരുത്തുന്നു. നിലവിൽ ഏതാനും കടകൾ പൂട്ടിയിട്ടും 12000 ലേറെ ജീവനക്കാർ അവശേഷിക്കുന്ന റീറ്റെയ്ൽ ഭീമൻ തന്നെയാണ് ഡെബനാംസ്.

ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ കടുത്ത സാമ്പത്തിക നിയന്ത്രണത്തിൽ അഡ്‌മിനിസ്്രേടഷൻ ആയിരിക്കുകയാണ് ഡെബനാംസ്. വിൽപനയല്ലാതെ മറ്റു വഴികൾ ഇല്ലെന്നു വ്യക്തം. മുന്നോട്ടുള്ള പോക്ക് കടുത്ത പ്രയാസം എന്നതിനാൽ കടം നൽകിയ ബാങ്കുകൾ തന്നെയാണ് വിൽപനക്ക് പ്രോത്സാഹിപ്പിക്കുന്നതും. കോവിഡ് സാഹചര്യങ്ങൾ മൂലം കെൽപുള്ള ബ്രാൻഡുകൾ ഒന്നും ഡെബനാംസിനെ തേടി എത്തില്ല എന്ന ആശങ്ക നിലനിൽക്കെ ഇന്ത്യൻ ബ്രാൻഡിന്റെ താൽപര്യം ബിസിനസ് ലോകത്തിനാകെ ആവേശം സൃഷ്ടിക്കുകയാണ്.

മാത്രമല്ല വസ്ത്ര വിൽപന രംഗത്ത് അനേക വർഷങ്ങളുടെ പരമ്പര്യം ഉള്ള ബ്രാൻഡ് എന്ന സവിശേഷത കൂടി റിലയൻസിനുള്ളപ്പോൾ ഈ കച്ചവടം നടന്നാൽ ഡെബനാംസ് പ്രതിസന്ധി അതിജീവിക്കും എന്നു തന്നെയാണ് വിലയിരുത്തൽ. കോവിഡ് മൂലം കൂടുതൽ നിയന്ത്രങ്ങൾ ഉണ്ടാകും എന്നിരിക്കെ ഡെബനാംസ് ഈ നിലയിൽ അധിക കാലം പിടിച്ചു നിൽക്കില്ല എന്നുറപ്പാണ്. എന്നാൽ കച്ചവടം സംബന്ധിച്ച താൽപര്യത്തെ റിലയൻസ് ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടുമില്ല.

നരോദ ഹൗസ് എന്ന പേരിൽ ലോകത്തെ തന്നെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ ശാല സ്വന്തമായ റിലയൻസ് ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുത്താൽ പഴമയും പാരമ്പര്യവും ഫാഷൻ ലോകത്തു പുതിയ ട്രെൻഡ് സൃഷ്ടിക്കുന്നതിനു പോലും കാരണമായേക്കും എന്ന് കരുതുന്നവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP