Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട്ടേയും മലപ്പുറത്തേയും വ്യാപാരികളും ഇതര സംസ്ഥാന ലോറി തൊഴിലാളികളും സംഗമിക്കുന്ന കേന്ദ്രം; വന്നുപോകുന്നത് വിവിധ നൂറിലധികം ലോറികൾ; ഇരുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളിൽ ആയിരത്തിലധികം തൊഴിലാളികൾ; ചുമട്ടുതൊഴിലാളികളും നിരവധി; പകലിനേക്കാൾ തിരക്ക് രാത്രിയിൽ; ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സംഭവിച്ചത് പാളയം മാർക്കറ്റിലും ആവർത്തിക്കുമെന്ന് ആശങ്ക; കോവിഡ് സമൂഹ വ്യാപന ഭീതിയിൽ കോഴിക്കോടും

കോഴിക്കോട്ടേയും മലപ്പുറത്തേയും വ്യാപാരികളും ഇതര സംസ്ഥാന ലോറി തൊഴിലാളികളും സംഗമിക്കുന്ന കേന്ദ്രം; വന്നുപോകുന്നത് വിവിധ നൂറിലധികം ലോറികൾ; ഇരുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളിൽ ആയിരത്തിലധികം തൊഴിലാളികൾ; ചുമട്ടുതൊഴിലാളികളും നിരവധി; പകലിനേക്കാൾ തിരക്ക് രാത്രിയിൽ; ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സംഭവിച്ചത് പാളയം മാർക്കറ്റിലും ആവർത്തിക്കുമെന്ന് ആശങ്ക; കോവിഡ് സമൂഹ വ്യാപന ഭീതിയിൽ കോഴിക്കോടും

ജാസിം മൊയ്ദീൻ

കോഴിക്കോട്: രാജ്യത്ത് ആദ്യം രൂപപ്പെട്ട കോവിഡ് ക്ലസ്റ്ററുകളിൽ പ്രധാനപ്പെട്ടതായിരുന്നു ചെന്നൈ കോയമ്പേട് മാർക്കറ്റ്. ഇപ്പോൾ സമാന ദുരന്തം കോഴിക്കോട് പാളയം മാർക്കറ്റിലും ആവർത്തിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് പാളയം മാർക്കറ്റ്. പാളയം മാർക്കറ്റിൽ 232 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.

760 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർക്കറ്റിലെ കോവിഡ് വ്യാപനം ജാഗ്രതക്കുറവ് മൂലമാണെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന പരാതി. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പഴം, പച്ചക്കറി വിപണന കേന്ദ്രമാണ് പാളയം മാർക്കറ്റ്. ദിനം പ്രതി നൂറ് കണക്കിന് ലോറികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്നത്. രാത്രി 10 മണിയോടെയെത്തുന്ന ലോറികളിൽ നിന്ന് പുലർച്ചെ വരെ ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളും ഇവിടെ സജീവമാണ്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി തൊഴിലാളികളും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി ചരക്കെടുക്കാൻ വരുന്ന ചില്ലറ വ്യാപാരികളും തമ്മിൽ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് പാളയം മാർക്കറ്റ്. അതിനാൽ തന്നെ കോവിഡ് വ്യാപനത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഇടം. രാത്രി 10 മണിക്ക് ശേഷമാണ് പാളയം മാർക്കറ്റ് സജീവമാകുന്നത്. പുലർച്ചെ വരെ ഈ തിരക്ക് തുടരും. ചുമട്ട് തൊഴിലാളികളും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും വാഹനങ്ങളിലെ ഡ്രൈവർമാരുമെല്ലാം ഈ സമയത്ത് പാളയം ബസ്റ്റാന്റിലടക്കം ഉണ്ടാകും. ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത തിരിക്കായിരിക്കും ഈ സമയങ്ങളിൽ ഉണ്ടാകുക.

പൊലീസിനോ ആരോഗ്യ വകുപ്പിനോ ഇടപെടുന്നതിന് പരിമിതകളുണ്ടാകും. പാതിരാത്രി ആയതിനാൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ചരക്കെടുക്കാനെത്തുന്നവർക്കും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കുറവാണ്. തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ലോഡുകൾ വരുന്നത്. ഈ വാഹനങ്ങളിലുള്ളവരും മാർക്കറ്റിലെ തൊഴിലാളികളും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. കണ്ടയ്ന്മെന്റ് സോണുകളിൽ നിന്നുള്ളവരും ഇവിടേക്ക് ചരക്കെടുക്കാൻ വരുന്നു. നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതും രോഗ വ്യാപനത്തിന് കാരണമായി.

പഴം, പച്ചക്കറി ഹോൾസെയിൽ കടകൾ, ചായക്കടകൾ തുടങ്ങി ഇരുന്നൂറിലധികം വ്യാപാര കേന്ദ്രങ്ങളാണ് പാളയം മാർക്കറ്റിനോടനുബന്ധിച്ചുള്ളത്. ഇതിനു പുറമെ തളി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പൂജാ സാധനങ്ങളും പൂക്കളും വിൽക്കുന്ന കടകളും ഇതിന് സമീപത്ത് തന്നെയാണ്. ഈ സ്ഥാപങ്ങളിലെയെല്ലാം തൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമടക്കം രണ്ടായിരത്തിലധികം ആളുകൾ ദിവസേന പാളയം മാർക്കറ്റുമായി ഇടപെടുന്നു.

ഇവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവരും നിരവധിയുണ്ട്. ഇവരിലേക്കെല്ലാം രോഗം പകരാനുള്ള സാധ്യതയും ഏറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP