Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപികയ്ക്ക് വിനയായത് ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോ? ദീപികയ്ക്ക് കുരുക്കിട്ടത് കേന്ദ്രസർക്കാരെന്ന് റിപ്പോർട്ട്: ഗോവയിൽ സിനിമാ ചിത്രീകരണത്തിലുള്ള ബോളിവുഡ് സുന്ദരി ചോദ്യം ചെയ്യലിനായി നാളെ എൻസിബിക്ക് മുൻപിൽ ഹാജരാകും

ദീപികയ്ക്ക് വിനയായത് ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോ? ദീപികയ്ക്ക് കുരുക്കിട്ടത് കേന്ദ്രസർക്കാരെന്ന് റിപ്പോർട്ട്: ഗോവയിൽ സിനിമാ ചിത്രീകരണത്തിലുള്ള ബോളിവുഡ് സുന്ദരി ചോദ്യം ചെയ്യലിനായി നാളെ എൻസിബിക്ക് മുൻപിൽ ഹാജരാകും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബോളിവുഡ് താര റാണി ദീപികാ പദുക്കോൺ നാളെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) മുൻപിൽ ഹാജരാകും. ഗോവയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് ഇപ്പോൾ ദീപികയുള്ളത്. ഇവിടെ നിന്നും വിമാന മാർഗം നാളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ദീപിക എത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം ദീപികയെ കുടുക്കിയത് കേന്ദ്രസർക്കാരിന്റെ കള്ളക്കളിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ജെഎൻഡയു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയതാണ് ദീപികയെ കുരുക്കിലാക്കിയതെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ജെഎൻയുവിൽ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക എത്തിയിരുന്നു. ഇതിനിടെ, കേന്ദ്രസർക്കാരിനെ എതിർക്കുന്ന സിനിമാപ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും കർഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയരുന്നു.

ദീപികയ്ക്ക് ഒപ്പമുള്ള മാനേജർ കരിഷ്മ പ്രകാശിനു കഴിഞ്ഞദിവസം എൻസിബി സമൻസ് അയച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവർ 2 ദിവസത്തെ സമയം നീട്ടിച്ചോദിച്ചു. 2017 ഒക്ടോബർ 28ന് മാനേജർ കരിഷ്മ പ്രകാശുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്‌ക്കെതിരെ കേസ്. സുശാന്ത് സിങ്ങിന്റെ മരണത്തിനു ശേഷം ലഹരിക്കേസിൽ കാമുകി റിയ ചക്രവർത്തി അറസ്റ്റിലായതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് അന്വേഷണം നീണ്ടത്. സുശാന്തിന്റെ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളിൽ ദീപികയുടെ പേരുണ്ടെന്നു പറയുന്നു.

ഇതേ കേസിൽനടി രാകുൽ പ്രീത് സിങ്, ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ട എന്നിവരോട് ഇന്നും നടിമാരായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരോട് 26നും ഹാജരാകാൻ ആവശ്യപ്പെട്ടു. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എൻസിബി ചോദ്യം ചെയ്തു. ബാഡ്മിന്റൻ താരം പ്രകാശ് പദുകോണിന്റെ മകളും നടൻ രൺവീർ സിങ്ങിന്റെ ഭാര്യയുമാണ് ദീപിക.

നടൻ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകൾ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുൽ, സമൂഹമാധ്യമങ്ങളിൽ സജീവമായ സിമോൻ എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തിയതാണെന്ന് എൻസിബി അറിയിച്ചിരുന്നു. നിർമ്മാതാവ് മധു മന്ദേനയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP