Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു ബസ്സിനേക്കാൾ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്തുകൂടി ഇന്ന് പാഞ്ഞുപോകും; വെറും 13,000 മൈൽ അകലേക്കൂടി പോകുന്ന ഗ്രഹം തീഗോളങ്ങളായി ഭൂമിയിൽ പതിക്കും; കൗതുകത്തോടും ആശങ്കയോടും ശാസ്ത്രലോകം

ഒരു ബസ്സിനേക്കാൾ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്തുകൂടി ഇന്ന് പാഞ്ഞുപോകും; വെറും 13,000 മൈൽ അകലേക്കൂടി പോകുന്ന ഗ്രഹം തീഗോളങ്ങളായി ഭൂമിയിൽ പതിക്കും; കൗതുകത്തോടും ആശങ്കയോടും ശാസ്ത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

സൗരയൂഥത്തിൽ പ്രധാനമായും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് സാധാരണയായി ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്റെറോയിഡുകൾ കൂടുതലായി കാണപ്പെടുന്നത്. ഗ്രഹങ്ങളേക്കാൾ ചെറുതുമെന്നാൽ ഉൽക്കകളേക്കാൾ വലിയതുമായ ഇവയും സൂര്യനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള ഒരു ഛിന്നഗ്രഹം സെപ്റ്റംബർ 24 ന് ഭൂമിക്ക് വളരെ അടുത്തുകൂടി കടന്നു പോകുന്നു.

2020 എസ് ഡബ്ല്യൂ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്നും ഏകദേശം 13,000 മൈൽ അകലെ കൂടിയാണ് കടന്നുപോവുക. അതായത്, ചന്ദ്രനേക്കാളും, കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളേക്കാളും ഭൂമിയോട് കൂടുതൽ അടുത്ത്. സെപ്റ്റംബർ 18 ന് അരിസോണയിലെ കാറ്റലിന സ്‌കൈ സർവേയിലെ വാന നിരീക്ഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളുംഉൾക്കൊള്ളുന്ന ഈസ്റ്റേൺ ടൈം സോണിൽ അതിരാവിലെ 7:12 നായിരിക്കും ഇത് ഭൂമിക്ക് വളരെ അടുത്തെത്തുക.

എസ് ഡബ്ലു 2020 ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ ഇടയില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, അത് പ്രവേശിച്ചാൽ ആകാശത്തുവച്ചുതന്നെ തീഗോളങ്ങളായി എരിഞ്ഞടങ്ങും. ഭൂമിയുടെ ഉപരിതലത്തിൽ സ്പർശിക്കുകയില്ല. ഇത്തരത്തിലുള്ള നിരവധി ഛിന്നഗ്രഹങ്ങൾ ഓരോ വർഷവും ഭൂമിയുടെ സമീപത്തുകൂടി കടന്നു പോകുന്നുണ്ട്. എന്നാൽ, ഭൂമിയേ ഏതെങ്കിലും തരത്തിൽ ബാധിക്കാവുന്ന അത്ര വലിപ്പമുള്ള ഛിന്ന ഗ്രഹങ്ങൾ വർഷത്തിൽ ഒന്നോ അല്ലെങ്കിൽ രണ്ടുവർഷം കൂടുമ്പോൾ ഒരിക്കലോ മാത്രമേ വരികയുള്ളു.

2,40,000 മൈൽ ദൂരെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിനേക്കാൾ താഴെയായിട്ടായിരിക്കും ഈ ഛിന്നഗ്രഹങ്ങൾ മിക്കപ്പോഴും കടന്നുപോവുക. മിക്കപ്പോഴും ഏകദേശം 22,000 മൈൽ ഉയരത്തിലുള്ള ഭൗമസ്ഥിര ഉപഗ്രഹങ്ങൾക്ക് സമീപത്തുകൂടിയായിരിക്കും. എസ് ഡബ്ല്യൂ പക്ഷെ ഈ കൃത്രിമോപഗ്രഹങ്ങൾക്കും താഴേക്കൂടീയാണ് കടന്നുപോകുന്നതെങ്കിലും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. 12 ഇഞ്ച് ടെലെസ്‌കോപ് ഉപയോഗിച്ച് ഇതിനെ കാണാൻ കഴിയും. ദൂരെയുള്ള സൂക്ഷ്മനക്ഷത്ര ഗണങ്ങൾ പോലും കാണാൻ കഴിയുന്ന ഇത്തരത്തിലുള്ള ടെലസ്‌കോപ്പുകൾ സാധാരണയായി നക്ഷത്ര നിരീക്ഷകരാണ് ഉപയോഗിക്കാറുള്ളത്.

സെപ്റ്റംബർ 24 ന് ഭൂമിയേ മുഖം കാണിച്ച ശേഷം ഈ ഛിന്നഗ്രഹം തന്റെ സൂര്യനുചുറ്റുമുള്ള യാത്ര തുടരും. പിന്നീട് 2024 ൽ ആയിരിക്കും വീണ്ടും ഭൂമിക്ക് സമീപമെത്തുക. പക്ഷെ, അന്ന് ഇത് ഇത്രയും അടുത്തുവരില്ല. എസ് ഡബ്ല്യൂ 2020 ന് സമാനമായ 100 മില്ല്യൺ ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് വട്ടം ചുറ്റുന്നുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. എന്നാൽ അവയിൽ ചെറിയൊരു അംശം മാത്രമേ ഭൂമിയോട് അടുത്തെത്താറുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP