Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈഫ് മിഷൻ കരാറിൽ ശിവശങ്കറുടെ പങ്കും വിജിലൻസ് അന്വേഷിക്കും; വടക്കാഞ്ചേരി പദ്ധതിയിൽ കള്ളക്കളി നടന്നോ എന്ന പ്രാഥമിക പരിശോധനയിലൂടെ ലക്ഷ്യം തെളിവ് ശേഖരണവും നശിപ്പിക്കലുമെന്ന ആരോപണം സജീവം; 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പരിശോധിക്കുക അഴിമതി നിരോധന നിയമലംഘനം നടന്നോ എന്ന്; കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ട വിവാദത്തിൽ പിണറായി സർക്കാർ അന്വേഷണ തന്ത്രം മെനയുന്നത് സ്വയ രക്ഷയ്‌ക്കോ?

ലൈഫ് മിഷൻ കരാറിൽ ശിവശങ്കറുടെ പങ്കും വിജിലൻസ് അന്വേഷിക്കും; വടക്കാഞ്ചേരി പദ്ധതിയിൽ കള്ളക്കളി നടന്നോ എന്ന പ്രാഥമിക പരിശോധനയിലൂടെ ലക്ഷ്യം തെളിവ് ശേഖരണവും നശിപ്പിക്കലുമെന്ന ആരോപണം സജീവം; 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പരിശോധിക്കുക അഴിമതി നിരോധന നിയമലംഘനം നടന്നോ എന്ന്; കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ട വിവാദത്തിൽ പിണറായി സർക്കാർ അന്വേഷണ തന്ത്രം മെനയുന്നത് സ്വയ രക്ഷയ്‌ക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഇല്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്നോക്കം പോകുന്നത് തെളിവ് നശീകരിക്കാനെന്ന വാദം സജീവമാകുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ നീക്കം സജീവമാക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നത്. പ്രതികളെ മൊഴി പഠിപ്പിക്കാനും മതിയായ തെളിവുകൾ കണ്ടെത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ചർച്ചയാണ് സജീവമാകുന്നത്. ലൈഫ് മിഷനിൽ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണമില്ലെന്നും വസ്തുതകൾ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. ഇതാണ് മാറ്റുന്നത്.

ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണമാകും നടത്തുക. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു പദ്ധതിയിൽ കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയ റിപ്പോർട്ടിന്മേലാണു സർക്കാർ തീരുമാനം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിജിലൻസ് ഡയറക്ടർക്ക് ഇതിനുള്ള നിർദ്ദേശം നൽകി. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കും.

ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യുണിടാക് കമ്പനി കരാറിൽ എങ്ങനെ എത്തി, കമ്മിഷനായി എത്ര തുക നൽകി, കരാറിൽ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ, ഫ്‌ളാറ്റ് നിർമ്മിക്കുന്ന സ്ഥലം അതിനു യോജ്യമാണോ, കമ്പനിയിൽ നിന്നു നികുതി ഈടാക്കുന്നതിൽ ധനവകുപ്പ് വീഴ്ച വരുത്തിയോ, കെട്ടിട നിർമ്മാണ അനുമതി ലഭിച്ചിട്ടുണ്ടോ, കരാറിൽ ശിവശങ്കറിന്റെ പങ്ക്, സ്വർണക്കടത്തു കേസ് പ്രതികളുടെ ബന്ധം എന്നിവയാകും പരിശോധിക്കുക. പരമാവധി തെളിവ് കണ്ടെത്താനും അത് സിബിഐ പോലുള്ളവരുടെ കൈയിലേക്ക് എത്താതിരിക്കാനുമാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സിബിഐ അന്വേഷണം മതിയെന്നാണ് പരാതി കൊടുത്ത അനിൽ അക്കര എംഎൽഎയും പറയുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) എൻഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ കമ്മിഷൻ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകൾ പലതും ഇഡി ശേഖരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തിൽ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത് ഇതിനിടെയാണ്. സംഭവം സിബിഐ അന്വേഷിക്കുമെന്നും ഉറപ്പായി. ഇതോടെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങിയതും തീരുമാനം എടുത്തതും. അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്‌റ മുഖ്യമന്ത്രിക്കു നൽകിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന മറുപടി സർക്കാരിന് നൽകുകയും ചെയ്യാം.

യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടിയുടെ പദ്ധതിയിൽ കരാർ ലഭിക്കുന്നതിനു സ്വപ്ന സുരേഷ് അടക്കമുള്ളവർക്കു 4.25 കോടി കമ്മിഷൻ നൽകിയെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലാണ് ഇടപാട്. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാർ ഉണ്ടാക്കിയത്. കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യുണിടാകും തമ്മിലായിരുന്നു. 2.17 ഏക്കറിൽ 140 ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനു ജൂലൈ 11 നാണ് റെഡ് ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സം ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വാദം. ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് ലൈഫ് മിഷൻ കമ്മറ്റിയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാജിവച്ചു.

ഓഗസ്റ്റ് ഏഴിനാണു വടക്കാഞ്ചേരി പദ്ധതിയിൽ സ്വപ്ന ഇടപെട്ട് കമ്മിഷൻ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്. അന്വേഷണ ഉത്തരവിടുന്നതു 48ാം ദിവസവും. ഇതിനിടെ പത്തോളം വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴും 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മാത്രമാണുണ്ടായത്.

ക്ഷോഭിച്ച് മുഖ്യമന്ത്രി

അതിനിടെ മുഖ്യമന്ത്രിയും ഓഫീസും തദ്ദേശമന്ത്രിയും ആരോപണനിഴലിൽ നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം ഉചിതമാണോയെന്ന ചോദ്യത്തോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തന്റെ നിലപാട് വിശദീകരിക്കുകയാണ്. ''നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാൻ പോകുന്നുവെന്ന പൂതി മനസ്സിൽവച്ചാൽ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്. അസംബന്ധം പറയാനുള്ളതല്ല വാർത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്'' -മുഖ്യമന്ത്രി ചോദിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാൻ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജൻസികളോ എന്തെങ്കിലും വിവരം കൈമാറിയാൽ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

പദ്ധതി സംബന്ധിച്ച് ചിലർ ആരോപണം ഉയർത്തിയിട്ടുണ്ട്. 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് അനുമതിനൽകിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കിൽ അവർക്ക് നിർദ്ദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ.യെ ഭയപ്പെടുന്നതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ആരോപണമാകുമോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്ക് എം.ഒ.യു.വിന്റെ പകർപ്പ് ഉൾപ്പെടെ നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അദ്ദേഹത്തിന് ചോദിച്ച രേഖകൾ നൽകാൻ ഒരു അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിയുമായി ചെന്നിത്തല

ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. യു.എ.ഇ. റെഡ്ക്രസന്റുമായി സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് പിണറായി വിജയൻ വർഗീയവികാരം ഇളക്കിവിട്ട്, മതസൗഹാർദം തകർക്കുന്ന നിലപാടെടുക്കുന്നത് അപകടകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണക്കടത്തും അഴിമതിയും മറയ്ക്കാൻ മറ്റൊരു മാർഗവുമില്ലെന്നു വന്നതുകൊണ്ടാണ് വർഗീയത ഇളക്കിവിടുന്നത്. മുഖ്യമന്ത്രി വർഗീയവാദിയുടെ നിലവാരത്തിലേക്ക് താഴുകയാണ്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയിൽ ഒമ്പത് കോടി കമ്മിഷൻ പറ്റുന്ന സംഭവം ആദ്യമാണ്. ഇതിൽ വിജിലൻസ് അന്വേഷണമല്ല, സിബിഐ. അന്വേഷണമാണു വേണ്ടത്. വിദേശ ഏജൻസി പങ്കാളിയായ കേസിൽ വിജിലൻസിന് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP