Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത പനി, വിട്ടുമാറാത്ത സന്ധിവേദന, ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയും; കോവിഡിനൊപ്പം വില്ലനായി എത്തുന്നത് ചിക്കുൻ ഗുനിയ; ഒപ്പം ഭീഷണിയായി അഞ്ചോ ആറോ തരം വൈറൽ പനിയും ഡെങ്കിയും എലിപ്പനിയും; തലസ്ഥാനത്ത് വഞ്ചിയൂർ, പടിഞ്ഞാറെക്കോട്ട, പാൽക്കുളങ്ങര, കരമന എന്നിവിടങ്ങളിൽ പിടിമുറുക്കി ചിക്കുൻ ഗുനിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ്; ചിക്കുൻ ഗുനിയ പടരുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്ന് മേയർ ശ്രീകുമാർ

കടുത്ത പനി, വിട്ടുമാറാത്ത സന്ധിവേദന, ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയും; കോവിഡിനൊപ്പം വില്ലനായി എത്തുന്നത് ചിക്കുൻ ഗുനിയ; ഒപ്പം ഭീഷണിയായി അഞ്ചോ ആറോ തരം വൈറൽ പനിയും ഡെങ്കിയും എലിപ്പനിയും; തലസ്ഥാനത്ത് വഞ്ചിയൂർ, പടിഞ്ഞാറെക്കോട്ട, പാൽക്കുളങ്ങര, കരമന എന്നിവിടങ്ങളിൽ പിടിമുറുക്കി ചിക്കുൻ ഗുനിയ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ്; ചിക്കുൻ ഗുനിയ പടരുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്ന് മേയർ ശ്രീകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡിനൊപ്പം തലസ്ഥാന നഗരിയിൽ ചിക്കുൻ ഗുനിയയും പടരുന്നു. കോവിഡ് തന്നെ ആശങ്കാകുലമായ സാഹചര്യം സൃഷ്ടിക്കുമ്പോഴാണ് ഡെങ്കിയും ചിക്കുൻ ഗുനിയയുംകൂടി തലസ്ഥാന നഗരിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ഭീഷണിക്കിടയിലും മറ്റു രോഗങ്ങൾ കൂടി പിടിമുറുക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മഴ കനത്തതോടെയാണ് കോവിഡിനൊപ്പം മറ്റു രോഗങ്ങൾ കൂടി കടന്നുവന്നിരിക്കുന്നത്. വൈറൽ പനി പടരുമ്പോൾ തന്നെ ഒപ്പം എച്ച് വൺ എൻവണ്ണും എലിപ്പനി ഭീഷണിയും പിന്നാലെയുണ്ട്. അഞ്ചോ ആറോ അധിലധികമോ ഉള്ള വൈറൽ പനികളാണ് ഇപ്പോൾ കേരളത്തിൽ പടരുന്നത് എന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. അതിൽ ചിക്കുൻ ഗുനിയയും, എലിപ്പനിയുമുണ്ട്. വഞ്ചിയൂർ, പടിഞ്ഞാറെക്കോട്ട, പാൽക്കുളങ്ങര, കരമന എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം മുതൽ ചിക്കുൻ ഗുനിയ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പനിയും ദേഹാസകലം വേദനയുമാണ് ചിക്കുൻ ഗുനിയ പിടിപെടുന്നവർക്ക് അനുഭവപ്പെടുന്നത്. പനിയും ശരീരവേദനയും വന്നവർ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതോടെയാണ് ചിക്കുൻ ഗുനിയ എന്ന് ഡോക്ടർമാർ ഉറപ്പിച്ചത്.

ചിക്കുൻ ഗുനിയ വന്നപ്പോഴും ആശുപത്രിയിൽ ചികിത്സ തേടാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കോവിഡ് കാരണം ആശുപത്രികളെ തന്നെ രോഗികൾ ഭയപ്പെടുന്ന അവസ്ഥയാണ്. കോവിഡ് രോഗികൾ ഉള്ളതിനാൽ ആശുപത്രികളും കിടത്തി ചികിത്സ പരമാവധി ഒഴിവാക്കുകയാണ്. ചിക്കുൻ ഗുനിയ വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ശരീരവേദന മറാത്തവരാണ് അധികവും. പലരും ഫോണിൽക്കൂടി ഡോക്ടർമാരെ കൺസൽട്ട് ചെയ്തിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. ആശുപത്രി കഴിയുന്നതും ഒഴിവാക്കാനാണ് ഡോക്ടർമാരും ആവശ്യപ്പെടുന്നത്. പകർച്ചവ്യാധികൾ വർഷങ്ങളായി ജനങ്ങളുടെ ആരോഗ്യത്തെ വേട്ടയാടുകയാണ്. മുഖ്യകാരണം മാലിന്യം കെട്ടിക്കിടക്കുന്നത് തന്നെ.

മഴക്കാല ശുചീകരണം കാര്യക്ഷമമായി തലസ്ഥാനത്ത് നടത്താറുണ്ടായിരുന്നെങ്കിലും ഇത്തവണ കോവിഡ് അതിനു പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ട്. രോഗാണുവാഹകരായ കൊതുകും ഈച്ചയും എലിയുമൊക്കെ ഭീതിജനകമായി പെരുകിവന്ന അവസ്ഥ ഇപ്പോൾ നേരിടുന്നുമുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്‌കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനം പിന്നിലായതോടെയാണ് സാംക്രമിക രോഗങ്ങളും പിറകെ വിരുന്നു വന്നത്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളിലെ മാലിന്യം കോരി അവ വൃത്തിയാക്കാറുണ്ടായിരുന്നു. പക്ഷെ ഇത്തവണ അത് മുടങ്ങിയതോടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് മേയർ കെ.ശ്രീകുമാർ തന്നെ മുൻകൈ എടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുകയും ശുചീകരണ പരിപാടികൾക്ക് മുൻകൈ എടുക്കുകയും ചെയ്തിരുന്നു. പക്ഷെ മഴ തുടങ്ങിയതോടെ കോവിഡിനൊപ്പം ചിക്കുൻ ഗുനിയയും വൈറൽ പനിയും ഡെങ്കിയും പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്.

വഞ്ചിയൂരാണ് ഞങ്ങൾ താമസിക്കുന്നത്. ചിക്കുൻ ഗുനിയ എന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങളാണ് കണ്ടത്. സന്ധികളിൽ കടുത്ത വേദനയുണ്ടായിരുന്നു. വിരലുകൾ ചലിപ്പിക്കാൻ പ്രയാസവും വന്നു. ഒരു മാസത്തിലേറെ വീട്ടിൽ വിശ്രമിക്കുകയും ചെയ്യേണ്ട അവസ്ഥ വന്നു എനിക്കും ഭാര്യയ്ക്കും-അഡ്വക്കെറ്റ് മോഹൻദാസ് പൈ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസം ആദ്യമാണ് പനി വന്നത്. കഴുത്തിനു വേദന വന്നു. അടുത്ത ദിവസം പനി കൂടി. ശരീരവേദനയും വന്നു. മരുന്ന് കഴിച്ചപ്പോൾ വേദന കുറഞ്ഞു. പത്ത് പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ തോളിലും കൈകളുടെ സന്ധിയിലും വേദന വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് മാറി. പിന്നീടും ശരീര വേദന വന്നു. കുറെ ഡോക്ടർമാരെ അറിയാവുന്നതിനാൽ ഫോൺ വഴി കൺസൾട്ട് ചെയ്ത് മരുന്ന് കഴിച്ചു. പിന്നെ ആയുർവേദവും ഹോമിയോ പ്രതിരോധ മരുന്നും കഴിച്ചു. അത് തന്നെയാണ് ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും കയ്യും കാലും അനക്കാൻ പ്രയാസമാണ്.കോവിഡിനൊപ്പം ചിക്കുൻ ഗുനിയയും പടരുന്നുണ്ട്. ഞങ്ങൾക്ക് നേരിട്ട് അറിയാവുന്ന കുറെ കുടുംബങ്ങൾക്ക് ഇതേ രീതിയിൽ രോഗം വന്നിട്ടുണ്ട്. അത് കാണാതെ പോകരുത്-മോഹൻ ദാസ് പറയുന്നു.

മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ വേണ്ട മുൻകരുതൽ ഞങ്ങൾ കോവിഡ് കാലത്തും പിന്തുടരുന്നുണ്ട്. കോവിഡിനെ കൂസാതെ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും ഇല്ലാതാക്കാനാണ് കൊതുക് നശീകരണ പ്രവർത്തികൾ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കിയത്. ഇപ്പോൾ ചിക്കുൻ ഗുനിയ പടരുന്നതായി മനസിലാക്കിയതിനെ തുടർന്ന് വഞ്ചിയൂർ, പടിഞ്ഞാറെക്കോട്ട, പാൽക്കുളങ്ങര, കരമന ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും-മേയർ ശ്രീകുമാർ മറുനാടനോട് പറഞ്ഞു. കോവിഡിനൊപ്പം ചിക്കുൻ ഗുനിയകൂടി പടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മഴ വന്നാൽ അതിനൊപ്പം വരുന്നതാണ് ചിക്കുൻ ഗുനിയ. കോവിഡ് കാരണം ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നശീകരണ പ്രവർത്തനങ്ങളും മുൻപുള്ള പോലെ നടത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ അതിന്റെതായ പ്രശ്‌നങ്ങൾ വന്നിട്ടുണ്ട്. എന്തായാലും ലഭ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ചിക്കുൻ ഗുനിയ പടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിരോധ നടപടികളും തുടരുന്നുണ്ട്-ഡിഎംഒ ഡോക്ടർ ഷിനു മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP