Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ; സി.ആർ.പി.സി. 199 (2) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുക പ്രോട്ടോക്കോൾ ഓഫീസിലെ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ; പ്രസ് കൗൺസിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം; സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന മാധ്യമങ്ങളോട് കട്ടക്കലിപ്പിൽ പിണറായി

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ; സി.ആർ.പി.സി. 199 (2) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുക പ്രോട്ടോക്കോൾ ഓഫീസിലെ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ; പ്രസ് കൗൺസിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം; സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന മാധ്യമങ്ങളോട് കട്ടക്കലിപ്പിൽ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തിൽ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേയാണ് സർക്കാർ നിയമ നടപടി സ്വീകരിക്കുക. ഇതു സംബന്ധിച്ച തീരുമാനം ഇന്നു ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടു. സി.ആർ.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. അപകീർത്തികരമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കന്മാരും ആക്ഷേപം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന വാർത്തയും പ്രസ്താവനയും നൽകിയ എല്ലാവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രി സഭ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം.

സർക്കാരിന് അപകീർത്തികരമായ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരേ നടപടി സ്വീകരിക്കാൻ ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം അധികാരം ഉണ്ട്. അത്തരത്തിലുള്ള നടപടി സ്വീകരിക്കാം. ഇതോടൊപ്പം തന്നെ അപകീർത്തികരമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ പ്രസ് കൗൺസിലിനെ സമീപിക്കാനും കഴിയുമെന്നാണ് എ.ജിയുടെ ഉപദേശം. എ.ജിയുടെ ഉപദേശം അംഗീകരിച്ച് തീപിടിത്തത്തിൽ ഫയൽ കത്തി നശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ കേസ് നൽകാനുമാണ് മന്ത്രിസഭാ തീരുമാനം.

ഇതോടൊപ്പം പ്രസ് കൗൺസിലിനും പരാതി നൽകും. ഈ രണ്ട് നടപടികൾക്കുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി. കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നേരത്തെ സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോൾ സെക്ഷനിലെ മുഴുവൻ ഫയലുകളും പരിശോധിക്കുാൻ സർക്കാർ തീരുമാനിച്ചിരുന്നു. എങ്കിൽ മാത്രമേ ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും. ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ സ്‌കാൻ ചെയ്ത് സൂക്ഷിച്ച ഫയലുകൾ കൈമാറാൻ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഫയൽ പരിശോധന വീഡിയോയിൽ പകർത്തും. ഇതിനായി എട്ട് ക്യാമറകൾ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തേടാൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർക്ക് കത്ത് നൽകി.

തീപിടിച്ച ഭാഗത്ത് സി.സി.ടി.വി ഇല്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം മറുപടി നൽകും. അതേസമയം, സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അഗ്നിശമനസേന.ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ടിൽ പറയുന്നത്. രണ്ടു വർഷം മുമ്പ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദ്ദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്‌നിശമനസേനയ്ക്കുണ്ട്. തീപിടിത്തത്തിൽ അട്ടിമറി സാദ്ധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മീഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

ചുമരിലെ ഫാനിൽ നിന്നാണ് തീപടിച്ചത് എന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഫയർഫോഴ്‌സിന്റെ നിഗമനവും . എന്നാൽ രണ്ടു വർഷം മുമ്പ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദ്ദേശങ്ങൾ ഇനിയു നടപ്പായിട്ടില്ലെന്നും അഗ്‌നിശമനസേന തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP