Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയറാൻ സിപിഎം ഖുർആനെ ആയുധമാക്കുന്നു; ഖുർആനെ മറയാക്കി കെടി ജലീലിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അനിൽ നമ്പ്യർക്കും വി മുരളീധരനും രക്ഷപ്പെടാനുള്ള വിഴിയൊരുക്കുന്നു; വിദേശത്ത് നിന്ന് ഖുർആൻ കേരളത്തിലെത്തിക്കാൻ നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കള്ളക്കളി ആവശ്യമില്ലെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയറാൻ സിപിഎം ഖുർആനെ ആയുധമാക്കുന്നു; ഖുർആനെ മറയാക്കി കെടി ജലീലിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അനിൽ നമ്പ്യർക്കും വി മുരളീധരനും രക്ഷപ്പെടാനുള്ള വിഴിയൊരുക്കുന്നു; വിദേശത്ത് നിന്ന് ഖുർആൻ കേരളത്തിലെത്തിക്കാൻ നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കള്ളക്കളി ആവശ്യമില്ലെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

സ്വന്തം ലേഖകൻ

മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയാറൻ സിപിഐഎം വിശുദ്ധ ഖുർആനെ അയുധമാക്കുന്നുവെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധകൾ മലപ്പുറം പ്രസ്‌ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വർണ്ണക്കടത്ത് കേസ് ഭരണ രാഷ്ട്രീയ രംഗങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് കരകയറാൻ വേണ്ടി ഖുർആനിനെ ആയുധമാക്കുകയാണ് സിപിഎം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ബിജെപിയും സിപിഎമ്മും തങ്ങൾക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാൻ ഖുർആനെ രാഷ്ട്രീയതാൽപ്പര്യങ്ങളോടെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇടതുപക്ഷത്തിനും ബിജെപിക്കും ഒരേസമയം രക്ഷപ്പെടാനുള്ള ദ്വിമുഖ രാഷ്ട്രീയതന്ത്രമാണ് ഖുർആൻ വിവാദം കത്തിച്ചു നിർത്തുന്നതിലൂടെ സിപിഎം പയറ്റുന്നതെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധകൾ മലപ്പുറത്ത് പറഞ്ഞു.

കാലാകാലങ്ങളായി വിദേശ രാജ്യങ്ങളിൽ നിന്ന് ഖുർആൻ കോപ്പികൾ കേരളത്തിലേക്ക് നിയമവിധേയമായി എത്തിക്കുന്നുണ്ട്. അതിന് നയതന്ത്ര ബാഗേജിന്റെ മറവിലുള്ള ഒളിച്ചുകടത്തൽ ആവശ്യമില്ല. ഗെയിൽ പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്ത മുസ്ലിം ജനവിഭാഗത്തെ ആറാം നൂറ്റാണ്ടിലെ പ്രാകൃത സംസ്‌കാരത്തിന്റെ വക്താക്കളെന്ന് വിശേഷിപ്പിച്ചവരാണ് സിപിഎം. ആ പാർട്ടി ഇപ്പോൾ ഖുർആന്റെ മഹത്വമോതുന്നത് തികഞ്ഞ രാഷ്ട്രീയകാപട്യവും അവസരവാദവുമാണ്. സമുദായവികാരം ഇളക്കിവിട്ട് മുസ്ലിം ജനവിഭാഗങ്ങളെ ഒപ്പംനിർത്താനുള്ള നിലവാരമില്ലാത്ത രാഷ്ട്രീയനാടകമാണ് സിപിഎമ്മിന്റെ ഖുർആൻ സ്‌നേഹത്തിനു പിന്നിൽ. മറുവശത്ത് ബിജെപിക്ക് സ്വർണക്കടത്തിനെ ഖുർആൻ കടത്താക്കി ചിത്രീകരിച്ച് ഹിന്ദു വികാരം ഇളക്കിവിട്ട് വർഗീയധ്രുവീകരണം നടത്താനുള്ള സുവർണാവസരം കൂടിയാണ് സിപിഎം ഒരുക്കിക്കൊടുത്തിരിക്കുന്നത്.

കെ ടി ജലീലിനെതിരായ ആക്ഷേപങ്ങളെ ഖുർആൻ വിരുദ്ധമായി വ്യാഖ്യാനിക്കുന്ന സിപിഎം രാഷ്ട്രീയസ്വാർഥതയ്ക്ക് വേണ്ടി അപകടകരമായ വർഗീയകാർഡ് കളിക്കുകയാണ്. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് തുടക്കം മുതൽ ആവർത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ സംശയാസ്പദമായ നിലപാട് മറച്ചുപിടിക്കാനുള്ള നിക്ഷിപ്ത താൽപര്യം ഇതിനു പിന്നിലുണ്ട്. ആർഎസ്എസ് ചാനലായ ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരടക്കമുള്ളവർ തിരശ്ശീലയ്ക്കു പിന്നിലൂടെ രക്ഷപ്പെടുകയാണ്. നയതന്ത്രചാനലിലൂടെ അനധികൃതമായി എന്തുകടത്തുന്നതും കുറ്റകരമാണെന്നിരിക്കെ സ്വർണക്കടത്തിനെ മറച്ചുവച്ച് ഖുർആനിനെ രാഷ്ട്രീയപ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റുന്ന വിലകുറഞ്ഞ സിപിഎം തന്ത്രം സമൂഹം തിരിച്ചറിയണം. ലോക മുസ്ലിംകൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഖുർആനെ അഴിമതിക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കച്ചിത്തുരുമ്പായി ദുരുപയോഗപ്പെടുത്താനുള്ള സിപിഎമ്മിന്റെ തരംതാണ ശ്രമങ്ങൾ ഖുർആനോടും മുസ്ലിം സമുദായത്തോടുമുള്ള അവഹേളനമാണ്. അതിൽ നിന്നും സിപിഎം പിന്മാറണം.

ഖുർആൻ കോപ്പി പൂജാവസ്തു ആയതുകൊണ്ടല്ല മുസ്ലിംകൾ അത് പരിശുദ്ധമാണെന്ന് പറയുന്നത്. പ്രപഞ്ചനാഥനായ ഏകദൈവത്തിനു മാത്രമേ വിധേയപ്പെടാവൂ എന്നും മനുഷ്യരൊക്കെയും തുല്യരും സമന്മാരുമാന്നെന്നുമുള്ള സമത്വസിദ്ധാന്തവും സാർവത്രികമായ സാമൂഹികനീതിയും ഉയർത്തിപ്പിടിക്കുന്ന, അഴിമതിക്കാർക്കും മർദ്ദകർക്കും ചൂഷകർക്കും എതിരായ വിമോചനാശയങ്ങളാണ് ഖുർആനിനെ പവിത്രമാക്കുന്നത്. ഈ വസ്തുത ഖുർആനെ തരാതരം പോലെ രാഷ്ട്രീയാവശ്യങ്ങൾക്ക് വലിച്ചിഴയ്ക്കുന്ന നേതാക്കൾ അറിഞ്ഞിരിക്കണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധികൾ മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുൽ മജീദ് ഖാസിമി, സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്വി സംസ്ഥാന സെക്രട്ടറി അഫ്‌സൽ ഖാസിമി, സംസ്ഥാന സമിതി അംഗം നിഷാദ് റഷാദി, മലപ്പുറം ജില്ലാ പ്രസിഡന്റ് സഈദ് മൗലവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP