Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും സ്റ്റേ അറ്റ്‌ഹോം റൂൾ വരുന്നു; 10 മണിയാകുമ്പോൾ പബ്ബുകൾ അടക്കം എല്ലാം അടയ്ക്കണം; സ്‌കൂളുകളും അടച്ചേക്കും; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി ബോറിസ് ജോൺസൺ; ഫേസ് മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളുമായി ലണ്ടൻ മേയറും; യു കെയിൽ കുതിച്ചു പാഞ്ഞ് കോവിഡ്

വീണ്ടും സ്റ്റേ അറ്റ്‌ഹോം റൂൾ വരുന്നു; 10 മണിയാകുമ്പോൾ പബ്ബുകൾ അടക്കം എല്ലാം അടയ്ക്കണം; സ്‌കൂളുകളും അടച്ചേക്കും; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി ബോറിസ് ജോൺസൺ; ഫേസ് മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളുമായി ലണ്ടൻ മേയറും; യു കെയിൽ കുതിച്ചു പാഞ്ഞ് കോവിഡ്

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനം വീണ്ടും ക്രമാതീതമായി ഉയരാൻ തുടങ്ങിയതോടെ ലോക്ക്ഡൗണിൽ നേരത്തേ പ്രഖ്യാപിച്ച പല ഇളവുകളും എടുത്തുകളഞ്ഞേക്കുമെന്ന് സൂചന. ജോലിക്കാരെ വീടുകളിൽ നിന്നും തൊഴിലിടങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സർക്കാർ നിർത്തുകയാണ്. അതുമാത്രമല്ല, പഴയ സ്റ്റേ അറ്റ് ഹോം നിയമം വീണ്ടും വന്നേക്കും. ബാറുകളും പബ്ബുകളും അടക്കം എല്ലാ സ്ഥാപനങ്ങളും രാത്രി 10 മണിയോടെ അടച്ചുപൂട്ടേണ്ടി വരും.

ആദ്യ ലോക്ക്ഡൗണിന്റെ ആഘാതത്തിൽ നിന്നും മെല്ലേ കരകയറി വരുന്ന ഹോസ്പിറ്റാലിറ്റി മേഖലക്ക് കനത്ത ആഘാതമായി വീണ്ടും കർശന നിയന്ത്രണങ്ങൾ വരുന്നു. പബ്ബുകൾക്കും മറ്റും ഇനി സിറ്റിങ് കപ്പാസിറ്റിയിൽ അധികം ആളുകളെ പ്രവേശിപ്പിക്കാനോ അവർക്ക് സേവനം നൽകാനോ കഴിയില്ല. സൂപ്പർ സാറ്റർഡേയിലും അതുപോലെ താപനില ഉയർന്ന ദിവസങ്ങളിലും ഒക്കെ കണ്ടതുപോലെ ഇനിമുതൽ ആളുകൾക്ക് പബ്ബുകളിലും ബാറുകളിലും കൂട്ടംകൂടാനാകില്ല.

നോർത്തേൺ അയർലൻഡിൽ ഇന്നലെ മുതൽ ഒരു കുടുംബത്തിലെ അംഗങ്ങൾ മറ്റൊരു കുടുംബത്തെ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇംഗ്ലണ്ടും അത് പിന്തുടർന്നേക്കുമെന്നാണ് സൂചന. അതുപോലെ വിവാഹ സത്ക്കാരങ്ങളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം പരമാവധി 30 എന്നത് വീണ്ടും വെട്ടിച്ചുരുക്കും. ''ഗോ ബാക്ക് ടു വർക്ക്'' മന്ത്രം ഉപേക്ഷിച്ച് സർക്കാർ വീണ്ടും ''വർക്ക് ഫ്രം ഹോം '' മന്ത്രത്തിലേക്ക് തിരിയുകയാണ്. സാമൂഹ്യ വ്യാപനം കുറയ്ക്കുവാൻ നിലവിൽ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ശാസ്ത്രോപദേശകർ പറയുന്നത്.

അതേസമയം, ശാസ്ത്രോപദേശകരുടെയും ഹെൽത്ത് സെക്രട്ടറിയുടെയും ഉപദേശപ്രകാരം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്‌ബോറിസ് ജോൺസൺ ഉദ്ദേശിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹത്തെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. ചാൻസലർ ഋഷി സുനാകും ബിസിനസ്സ് സെക്രട്ടറി അലോക് ശർമ്മയും ഇത്തരം കടുത്ത നടപടികൾക്ക് എതിരായിരുന്നു. വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് പരമാവധി കുറയ്ക്കുക അതേസമയം സമ്പദ്വ്യവസ്ഥക്ക് കാര്യമായ പരിക്കുകൾ പറ്റാതെ നോക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ഒരു രണ്ടാം ലോക്ക്ഡൗണിലേക്ക് പോകില്ല എന്നുതന്നെയാണ് സൂചനകൾ പറയുന്നത്. സ്‌കൂളുകളും ബിസിനസ്സ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. എന്നിരുന്നാലും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ സമ്പദ്വ്യവസ്ഥയിൽ വിപരീത ഫലം ഉണ്ടാക്കും എന്നുതന്നെയാണ് നിരീക്ഷകർ കരുതുന്നത്. എന്നാലും മറ്റു വഴികൾ ഒന്നുംതന്നെയില്ലെന്നും അവർ സമ്മതിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ അവ നടപ്പിലാക്കുവാനുള്ള കർശന നടപടികളും സർക്കാർ കൈക്കൊള്ളും. നിയമലംഘകർക്കുള്ള പിഴ വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

ലണ്ടനിലും രോഗവ്യാപനം കടുത്തതോടെ നഗരപരിധിയിലും കൂടുതൽ നിയന്ത്രണങ്ങൾ വരികയാണ്. ലണ്ടനിലെ എല്ലാ പൊതുയിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. നഗരാതിർത്തിക്കുള്ളിലെ എല്ലാ പബ്ബുകൾക്കും രാത്രി പത്തുമണിക്ക് ശേഷം നിരോധനം ഏർപ്പെടുത്തണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങൾ തമ്മിൽ സമ്പർക്കത്തിൽ വരുന്ന കാലയളവ് കുറയ്ക്കാൻ സഹായിക്കും. ഓഗസ്റ്റ് മാസത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആഘോഷങ്ങൾക്കിറങ്ങിയ യുവാക്കളാണ് ഇപ്പോൾ ഈ വ്യാപനം കടുക്കാൻ ഇടയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റൂൾ ഓഫ് സിക്സ് കൊറോണാ വ്യാപനത്തെ ചെറുക്കുന്നതിൽ കാര്യക്ഷമമല്ലാത്തതിനാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശവസംസ്‌കാര ചടങ്ങ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ ഇനിയും കുറവ് വരുത്തിയേക്കും. അതുപോലെ ലണ്ടൻ നിവാസികൾ സാധ്യമായത്ര പൊതുഗതാഗത് സംവിധാനം ഒഴിവാക്കണമെന്നും, സാധ്യമായവർ വീടുകളിൽ ഇരുന്ന് ജോലിചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കാര്യങ്ങൾ ഇതേഗതിയിൽ മുന്നോട്ട് പോയാൽ ഒക്ടോബർ മാസത്തോടെ പ്രതിദിനം 50,000 രോഗികൾ ബ്രിട്ടനിൽ ഉണ്ടാകുമെന്നും നവംബർ മാസത്തോടെ പ്രതിദിനം 200 പേരെങ്കിലും കോവിഡ് മൂലം മരണമടയുന്ന സാഹചര്യമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലസ് രംഗത്തെത്തി. ലണ്ടനിൽ വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരം ആദ്യം 1 ലക്ഷം പേരിൽ 18.8 രോഗബാധിതർ എന്ന നിലയിൽ നിന്നും ഇന്നലെ 1 ലക്ഷം പേരിൽ 25 രോഗബാധിതർ എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. അതായത് ഒരാഴ്‌ച്ച കൊണ്ട് രോഗവ്യാപന നിരക്കിൽ ഉണ്ടായ വർദ്ധന 33 ശതമാനമാണ്.

തെക്കൻ ലണ്ടനിൽ ഇക്കുറി വ്യാപനത്തിന് അത്ര ശക്തി കൈവന്നിട്ടില്ല. സട്ടൺ, ബ്രോമ്ലി, ബെക്സ്ലി എന്നീ മൂന്ന് ബറോകളിലും ലണ്ടൻ നഗരത്തിന്റെ മൊത്തം ശരാശരിയേക്കാൾ താഴെയാണ് രോഗവ്യാപന നിരക്ക്. അതേസമയം ഭരണകൂടം അതിവേഗം പ്രവർത്തിച്ചില്ലെങ്കിൽ രോഗവ്യാപന നിരക്ക് കഴിഞ്ഞ മാർച്ചിലേതിന് തുല്യമാകുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ പ്രൊഫസർ നീൽ ഫെർഗുസൺ മുന്നറിയിപ്പ് നൽകി. ഇദ്ദേഹത്തിന്റെ മോഡലിംഗാണ് നേരത്തേ ദേശീയ ലോക്ക്ഡൗണിലേക്ക് നയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP