Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെയിന്ററായ അച്ഛൻ; ശുദ്ധജലം പോലും കിട്ടാത്ത മലമുകളിലെ വീട്; വീട്ടിലെ കഷ്ടപ്പാട് മനസ്സിലാക്കി പ്ലസ്ടു കാലംമുതൽ പഠനത്തിനൊപ്പം ജോലിയെടുത്തു; പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കടയിൽ സെയിൽസ്മാനായി നിന്നതും പ്രാരാബ്ദം മാറ്റാൻ; സമ്മാനത്തുകയായ 12 കോടി രൂപയിൽ കമീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപ കിട്ടും; ഓണം ബംബറിലെ ഭാഗ്യദേവത എത്തുന്നത് അർഹതയുള്ള വീട്ടിലേക്ക്; അനന്തുവിന് ഇനി പ്രതിസന്ധികളെ അതിജീവിക്കാം

പെയിന്ററായ അച്ഛൻ; ശുദ്ധജലം പോലും കിട്ടാത്ത മലമുകളിലെ വീട്; വീട്ടിലെ കഷ്ടപ്പാട് മനസ്സിലാക്കി പ്ലസ്ടു കാലംമുതൽ പഠനത്തിനൊപ്പം ജോലിയെടുത്തു; പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ കടയിൽ സെയിൽസ്മാനായി നിന്നതും പ്രാരാബ്ദം മാറ്റാൻ; സമ്മാനത്തുകയായ 12 കോടി രൂപയിൽ കമീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപ കിട്ടും; ഓണം ബംബറിലെ ഭാഗ്യദേവത എത്തുന്നത് അർഹതയുള്ള വീട്ടിലേക്ക്; അനന്തുവിന് ഇനി പ്രതിസന്ധികളെ അതിജീവിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്' കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബർ 12 കോടി ലഭിച്ചതിന്റെ അവിശ്വസനീയതയിൽതന്നെയാണ് അനന്തു വിജയൻ. പക്ഷേ ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നൽകുന്നത് ഭയാശങ്കകളാണ്. അരും അറിയാതെ കൊച്ചിയിൽ നിന്ന് അനന്തു ഇടുക്കിയിലെ തന്റെ വീട്ടിലെത്തി. തിങ്കളാഴ്ച രാവിലെ കൂട്ടുകാർ എത്തിച്ച കാറിലാണ് അനന്തു വീട്ടിലേക്ക് തിരിച്ചത്. കൊച്ചിയിൽ തനിച്ച് കഴിയുന്നതിൽ പേടിയുണ്ടെന്ന് ആശങ്ക അറിയിച്ചതിനെ തുടർന്നായിരുന്നു കാറുമായി കൂട്ടുകാർ എത്തിയത്.

ലോട്ടറി അടിച്ചുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അനന്തുവിനെ തേടി നിലയ്ക്കാത്ത ഫോൺ വിളികൾ എത്തി. ആരോടും എവിടയാണുള്ളതെന്ന് പറഞ്ഞിരുന്നില്ല. അതിനിടെ അനന്തു കടവന്ത്ര പൊന്നേത്ത് ഭഗവതി ക്ഷേത്രത്തിലെ അക്കൗണ്ടന്റാണെന്ന് അറിഞ്ഞതോടെ ഇവിടേക്കും അനന്തുവിനെ തേടി ആളുകൾ എത്തി. എന്നാൽ ക്ഷേത്ര വളപ്പിലെ മുറിയിലാണ് അനന്തു തങ്ങുന്നതെന്ന വിവരം ക്ഷേത്രം ജീവനക്കാർ വെളിപ്പെടുത്തിയില്ല. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിനടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ ടിക്കറ്റ് കൈമാറുകയും ചെയ്തു.

ലോട്ടറി അടിച്ച വിവരം മാതാപിതാക്കളെയും അടുപ്പമുള്ള കൂട്ടുകാരോടും ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും അറിയിച്ചിരുന്നു. വിവരം രഹസ്യമായി വെക്കണമെന്ന് അനന്തു പ്രത്യേകം എല്ലാവർക്കും നിർദ്ദേശം നൽകിയിരുന്നു. രാത്രി ഉറങ്ങാൻ ശ്രമിച്ചെങ്കിലും അധിക സമയം ഉറങ്ങാനായില്ലെന്ന് അനന്തു പറഞ്ഞു. ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന ഭയത്തിലായിരുന്നു അനന്തുവെന്ന് ക്ഷേത്രത്തിലെ സഹ ജീവനക്കാർ പറഞ്ഞു. അനന്തുവും താനും ഒരുമിച്ചായിരുന്നു ലോട്ടറിയെടുത്തിരുന്നതെന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായ ടി.കെ. രാധാകൃഷ്ണൻ പറഞ്ഞു. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് എടുത്ത ദിവസം ജോലിയുള്ളതിനാൽ അനന്തുവിനൊപ്പം പോകാനായില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

രണ്ട് വർഷത്തോളമായി അനന്തു പൊന്നേത്ത് ക്ഷേത്രത്തിലുണ്ട്. പഠനത്തിനു മുമ്പും രണ്ട് കൊല്ലത്തോളം ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നു. പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പുളിയന്മലയിലെ ഒരു കടയിലും അനന്തു ജോലി ചെയ്തിട്ടുണ്ട്. സഹോദരിയുടെ വിവാഹം നടത്തണം, ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നതുമാണ് തന്റെ ആഗ്രഹമെന്ന് അനന്തു പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ക്ഷേത്രത്തിലെ ജോലി തുടരാൻ തന്നെയാണ് അനന്തുവിന്റെ ഉദ്ദേശ്യം. മറ്റു കാര്യങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അനന്തു പറഞ്ഞു.

ഇടുക്കി ഇരട്ടയാർ വലിയതോവാള പൂവത്തോലിൽ വിജയന്റെ മകനാണ് അനന്തു. പരിചയത്തിലുള്ള ബാങ്ക് ഉദ്യോഗസ്ഥ വഴി ഞായറാഴ്ചതന്നെ ഫെഡറൽ ബാങ്ക് ശാഖയിൽ ടിക്കറ്റ് ഏൽപിച്ചിരുന്നു. പിന്നീട് ഉച്ചയോടെ കൊച്ചിയിൽനിന്നു ഇരട്ടയാറിലേക്കു പുറപ്പെട്ടു. ഇത്തവണ ബംപർ സമ്മാനം തനിക്കുതന്നെയെന്നു കൂട്ടുകാരോടു തമാശ പറഞ്ഞെങ്കിലും അതു യാഥാർഥ്യമായപ്പോൾ ഉൾക്കൊള്ളാനാകുന്നില്ല. ലോട്ടറി അടിച്ചതിനെ കുറിച്ച് ആദ്യം വിളിച്ചറിയിച്ചത് പെയിന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെയും അമ്മ സുമയെയും. എംകോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. സഹോദരൻ അരവിന്ദ് ബിബിഎ പൂർത്തിയാക്കി.

ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അനന്തു പറയുന്നു. പുളിയന്മല ക്രൈസ്റ്റ് കോളജിൽ ബിരുദവിദ്യാർത്ഥിയായിരിക്കെയാണ് കടയിൽ ജോലിക്കു നിന്നത്. കോളജിൽനിന്നു കടയിലേക്ക്. ജോലി കഴിഞ്ഞു വീട്ടിലേക്ക്. കുന്നിന്മുകളിലാണു വീട്. 100 മീറ്ററിലധികം നടന്നു കയറണം. മൺകട്ടയിൽ നിർമ്മിച്ച ഓടുമേഞ്ഞ വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്. പണം മുടക്കി വാഹനങ്ങളിൽ ശുദ്ധജലം എത്തിച്ചാണ് ഉപയോഗിക്കുന്നത്. ലോക്ഡൗൺ കാലയളവിൽ മാത്രം 5000 രൂപയുടെ വെള്ളം എത്തിക്കേണ്ടി വന്നെന്ന് വിജയൻ പറയുന്നു. ഭാവിയെ കുറിച്ച് പണം കൈയിൽ കിട്ടിയ ശേഷമേ അനന്തു തീരുമാനം എടുക്കൂ.

അനന്തു ഡിഗ്രി പഠനത്തിനുശേഷം അച്ഛൻ വിജയന്റെ പാത പിന്തുടർന്ന് ലോട്ടറി ടിക്കറ്റ് പതിവായി എടുക്കുമായിരുന്നു. 5000 രൂപവരെ സമ്മാനവും ലഭിച്ചിട്ടുണ്ട്. തിരുവോണം ബമ്പർ നറുക്കെടുപ്പുദിവസം രാവിലെ അനന്തു കൂട്ടുകാരോട് കളിയായി പറഞ്ഞിരുന്നു, ഇത്തവണത്തെ ഭാഗ്യവാൻ താനാണെന്ന്. ഇതാണ് യാഥാർത്ഥ്യമായത്. നറുക്കെടുപ്പിനുശേഷം ഭാഗ്യവാൻ ആരെന്നറിയാൻ കേരളം കാത്തിരിക്കുമ്പോഴും അനന്തു അറിഞ്ഞില്ല തന്റെ കൈയിലിരിക്കുന്ന BR 75 TB 173964 ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഫലം നോക്കിയത്. വിശ്വാസം വന്നില്ല. പലതവണ ഒത്തുനോക്കി. പിന്നീട് വീട്ടിൽ വിവരമറിയിച്ചു. പെയിന്റിങ് ജോലിക്കാരനായ അച്ഛൻ വിജയനും സെയിൽസ് ഗേളായ അമ്മ സുമയ്ക്കും അതേ അമ്പരപ്പ്.

കഴിഞ്ഞ രണ്ടുവർഷമായി അനന്തു എറണാകുളത്താണ് താമസം. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിൽ ക്ലറിക്കൽ ജോലിക്കാരനാണ്. ഇടുക്കി തോവാളയിൽ മലമുകളിലാണ് വീട്. വീട്ടിലെത്താൻ തോവാള ജങ്ഷനിൽനിന്ന് ഏറെദൂരം നടക്കണം. ശുദ്ധജലം കിട്ടുന്ന നല്ലൊരു പ്രദേശത്ത് വീടുവയ്ക്കണമെന്നാണ് അനന്തുവിന്റെ ആഗ്രഹം. വീട്ടിലെ കഷ്ടപ്പാട് മനസ്സിലാക്കി പ്ലസ്ടു കാലംമുതൽ പഠനത്തിനൊപ്പം ജോലിയെടുത്തിരുന്നു. പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. പണം കൈയിൽ കിട്ടുംവരെ ക്ഷേത്രത്തിലെ ജോലിയിൽ തുടരും.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന സഹോദരി ആതിരയ്ക്ക് ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. സഹോദരൻ അരവിന്ദ് എംബിഎയ്ക്ക് ചേരാനുള്ള ശ്രമത്തിലാണ്. സമ്മാനത്തുകയായ 12 കോടി രൂപയിൽ കമീഷനും നികുതിയും കിഴിച്ച് 7.57 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. കടവന്ത്ര കെ പി വള്ളോൻ റോഡിലെ വിൽപ്പനക്കാരനായ അളഗർ സ്വാമിയാണ് അനന്തുവിന് ഓണം ബമ്പർ ടിക്കറ്റ് വിറ്റത്. അളഗർ സ്വാമിക്ക് ഒരുകോടി 20 ലക്ഷം രൂപ കമീഷനായി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP