Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ സംഭാവനകൾ സ്വീകരിക്കാൻ എസ്‌ബിഐയിൽ എഫ്‌സിആർഎ അക്കൗണ്ട് തുറക്കണം; അക്കൗണ്ടിൽ വരുന്ന പണം ഉപയോഗിക്കാനുള്ള അവകാശം ആ സംഘടനയ്ക്ക് മാത്രം: വിദേശത്ത് നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

വിദേശ സംഭാവനകൾ സ്വീകരിക്കാൻ എസ്‌ബിഐയിൽ എഫ്‌സിആർഎ അക്കൗണ്ട് തുറക്കണം; അക്കൗണ്ടിൽ വരുന്ന പണം ഉപയോഗിക്കാനുള്ള അവകാശം ആ സംഘടനയ്ക്ക് മാത്രം: വിദേശത്ത് നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശത്ത് നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയുള്ള വിദേശ സംഭാവന നിയന്ത്രണ ബിൽ ഭേദഗതി ലോക്‌സഭ പാസാക്കി. വിദേശ സംഭാവനകൾ സ്വീകരിക്കാൻ സന്നദ്ധ സംഘടനകളും മറ്റും എസ്‌ബിഐയുടെ ന്യൂഡൽഹിയിലെ സർക്കാർ നിർദേശിക്കുന്ന ശാഖയിൽ എഫ്‌സിആർഎ അക്കൗണ്ട് തുറക്കണമെന്നതടക്കം കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നതാണ് ബിൽ. രാജ്യത്തേക്കു വരുന്ന വിദേശ സഹായം അതതു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഭേദഗതി.

പുതിയ ഭേദഗതി പ്രകാരം എസ്‌ബിഐയുടെ ന്യൂഡൽഹിയിലെ സർക്കാർ നിർദേശിക്കുന്ന ശാഖയിൽ എഫ്‌സിആർഎ അക്കൗണ്ട് തുറന്ന് അതിലൂടെ മാത്രമേ വിദേശ സംഭാവനകൾ സ്വീകരിക്കാനാവൂ. ആവശ്യമെങ്കിൽ മറ്റിടങ്ങളിൽ തുറക്കുന്ന എഫ്‌സിആർഎ അക്കൗണ്ടുകളിലേക്ക് ഡൽഹി അക്കൗണ്ടിൽ വരുന്ന പണം മാറ്റാം. ഡൽഹിയിലെ അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും അധികൃതരെ അറിയിക്കണം. എഫ്‌സിആർഎ അക്കൗണ്ടിൽ വരുന്ന പണം ആ സംഘടന മാത്രമേ ഉപയോഗിക്കാവൂ. കൈമാറരുത്. എൻജിഒകളുടെ മാനേജ്‌മെന്റിലുള്ള എല്ലാ വ്യക്തികളുടെയും ആധാർ വിവരങ്ങൾ എഫ്‌സിആർഎ റജിസ്‌ട്രേഷൻ സമയത്ത് കേന്ദ്രസർക്കാരിനു നൽകണം.

അതേസമയം വിദേശ പണം സ്വീകരിക്കാൻ അനുമതിയില്ലാത്തവരിൽ 'പൊതു സേവകൻ' എന്ന വിഭാഗത്തെ കൂടി ഉൾപ്പെടുത്തി. ഐപിസി 21ാം വകുപ്പിലുള്ള പൊതുസേവകന്റെ പരിധിയിലുള്ളവർ (പൊലീസ് ഉദ്യോഗസ്ഥർ, അധികാര സ്ഥാനത്തുള്ളവർ തുടങ്ങിയവർ) ഇതിൽ വരും. ചട്ടലംഘനം കണ്ടാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് 180 ദിവസത്തിൽ നിന്ന് അതിൽ കൂടുതൽ സമയത്തേക്കും നീട്ടി.

എൻജിഒകൾക്കോ സന്നദ്ധ സംഘടനകൾക്കോ എതിരല്ല സർക്കാരെന്ന് ചർച്ചകൾക്കു മറുപടി പറഞ്ഞ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. സേവനത്തിന്റെ പേരിൽ മതപരിവർത്തനം നടത്തുന്നുവെന്ന ആക്ഷേപം ശക്തമാണെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. പലയിടത്തും ഇതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈ മുൻ പൊലീസ് കമ്മിഷണർ കൂടിയായ ബിജെപി അംഗം സത്യപാൽ സിങ് പറഞ്ഞു.സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് എൻസിപി അംഗം സുപ്രിയ സുലെ പറഞ്ഞു.

സർക്കാരിന് താൽപര്യമില്ലാത്ത വിഭാഗങ്ങളെ നിയന്ത്രിക്കലാണ് ഉദ്ദേശ്യമെന്നും ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ട് ചർച്ച നടത്തണമെന്നും കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് പറഞ്ഞു. സർക്കാരിന്റെ ഗൂഢ അജൻഡകളാണ് ഭേദഗതികൾക്കു പിന്നിലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തും മറ്റും സേവനങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ സംഘടനകളെ നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എഐഎംഐഎം അംഗം സയ്യിദ് ഇംതിയാസ് ജലീൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP