Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും അന്വേഷണം; ഖുറാൻ കടത്തിൽ ഡ്രൈവർമാർക്ക് ആകെ അറിയാവുന്നത് മന്ത്രിയുടെ നിർദേശപ്രകാരമാണ് സാധനം എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം; സ്വപ്‌നാ സുരേഷിനെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വാങ്ങുന്നത് ഡിജിറ്റൽ തെളിവുകളിൽ വിശദീകരണം വാങ്ങാൻ; മന്ത്രി ജലീലിനും ശിവശങ്കറിനും ഇനി ഓരോ ദിനവും നിർണ്ണായകം; സ്വപ്‌നാ സുരേഷ് സത്യം പറഞ്ഞാൽ വിഐപികൾ കുടുങ്ങും

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും അന്വേഷണം; ഖുറാൻ കടത്തിൽ ഡ്രൈവർമാർക്ക് ആകെ അറിയാവുന്നത് മന്ത്രിയുടെ നിർദേശപ്രകാരമാണ് സാധനം എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം; സ്വപ്‌നാ സുരേഷിനെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വാങ്ങുന്നത് ഡിജിറ്റൽ തെളിവുകളിൽ വിശദീകരണം വാങ്ങാൻ; മന്ത്രി ജലീലിനും ശിവശങ്കറിനും ഇനി ഓരോ ദിനവും നിർണ്ണായകം; സ്വപ്‌നാ സുരേഷ് സത്യം പറഞ്ഞാൽ വിഐപികൾ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വീണ്ടും ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനും. ജൂൺ 10 ബെംഗളൂരുവിൽ അറസ്റ്റിലായ ശേഷം തുടർച്ചയായി 12 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ആ മൊഴികളിൽ പലതും വസ്തുതാപരമല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയുള്ള ചോദ്യം ചെയ്യൽ അതീവ നിർണ്ണായകമാണ്. സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചു. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയാണ് ഇത്.

അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്സൽ യുഎഇ കോൺസുലേറ്റിൽ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവർ സമീർ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. പാഴ്സൽ എത്തിക്കണമെന്നു മാത്രമാണു കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതെന്നും അതിൽ എന്താണെന്ന് അറിയില്ലെന്നും ഇരുവരും മൊഴി നൽകി. ഖുറാൻ കടത്തിലും ഈന്തപ്പഴ കടത്തിലും കസ്റ്റംസ് കേസെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മൊഴി എടുക്കൽ അതിനിർണ്ണായകവുമാണ്.

മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥമെത്തിച്ചത്. ഇതിൽ 32 പാക്കറ്റുകൾ സി ആപ്റ്റിലെത്തിച്ച ശേഷം മലപ്പുറം ജില്ലയിൽ വിതരണം ചെയ്തു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. ഈ പാക്കേജുകൾ കാർഗോയിൽനിന്ന് ഏറ്റുവാങ്ങിയ ക്ലിയറിങ് ഏജന്റിനെയും ചോദ്യംചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ കസ്റ്റംസ് കൊച്ചി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് കോൺസുലേറ്റിൽനിന്നു മതഗ്രന്ഥങ്ങളടങ്ങിയ പായ്ക്കറ്റ് സി-ആപ്റ്റിന്റെ തിരുവനന്തപുരം ഓഫീസിലെത്തിച്ചതെന്ന് ഡ്രൈവർമാർ വ്യക്തമാക്കി. ഓഫീസിൽ എത്തിക്കുംവരെ ഇതിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ഇവർ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം അറിയാമെന്നും ഇവർ പറഞ്ഞു. ഓഫീസിലെത്തിച്ച 32 പായ്ക്കറ്റുകളിൽ ഒന്ന് ജീവനക്കാർ പൊട്ടിച്ചപ്പോഴാണ് മതഗ്രന്ഥങ്ങളാണെന്നു മനസ്സിലായത്.

ബാക്കിയുള്ളതാണ് എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിലേക്കു കൊണ്ടുപോയത്. ജി.പി.എസ്. സിഗ്‌നലുകൾ നഷ്ടമായതിനെക്കുറിച്ച് അറിവില്ലെന്നും ഇവർ പറഞ്ഞു. യു.എ.ഇ. സർക്കാരിന്റെ മുദ്രയുള്ള 4,478 കിലോഗ്രാം ബാഗേജാണ് നയതന്ത്ര കാർഗോയിലൂടെ എത്തിയതെന്ന് കസ്റ്റംസ് ഏജന്റ് സ്ഥിരീകരിച്ചു. ഇത് കോൺസുലേറ്റിലേക്കു തന്നെയാണ് എത്തിച്ചത്.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നുവെന്നും സൂചനയുണ്ട്. പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്നു പറഞ്ഞാണ് യു എ ഇ കോൺസലേറ്റ് ഈന്തപ്പഴം എത്തിച്ചത് . തിരുവനന്തപുരത്തെ 30 അനാഥാലയങ്ങൾ, കേരളത്തിലെ പള്ളികൾ എന്നിവിടങ്ങളിലായി 40,000 പേർക്ക് മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നൽകും എന്നും പറഞ്ഞു

കേരളസർക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫ്രൻസ് ഹാളിലാണ് നടന്നത്. പിണറായി വിജയൻ തന്നെ് വിതരണോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ ജാബി, സ്വപ്ന സുരേഷ് എന്നിവരാണ് അതിഥികളായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജൻ എന്നിവരും സന്നിഹിതരായിരുന്നു. 15 കുട്ടികളും മാധ്യമ പ്രവർത്തകരും അല്ലാതെ പ്രത്യേക യുണിഫോം ധരിച്ച മൂന്നു യുവതികൾ കൂടി ചടങ്ങിലുണ്ടായിരുന്നുവെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഡേറ്റ് ക്രൗൺ കമ്പനിയുടെ കാൽ കിലോ ഈന്തപ്പഴം പായക്കറ്റാണ് വിതരണം ചെയ്തത്. മാർക്കറ്റിൽ കിലോയ്ക് 400 ൽ അധികം രൂപ വിലവരും. സൗജന്യ ഈന്തപ്പഴം നൽകൽ പരിപാടി ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഗൾഫ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയത്. കേരളവും ഗൾഫും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഉദാഹരണമായിട്ടാണ് വാഴ്‌ത്തിയത്. എന്നാൽ ഈന്തപ്പഴം സ്വർണ്ണക്കടത്തിനുള്ള മറയായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. തിരുവനന്തപുരത്തെ 30 അനാഥാലയങ്ങൾ , കേരളത്തിലെ പള്ളികൾ എന്നിവിടങ്ങളിലായി 40,000 പേർക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നൽകുന്ന പദ്ധതിയുടെ തുടക്കം എന്ന നിലയിലായിരുന്നു പരിപാടി.

സ്വർണ്ണക്കടത്തുകാർ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വർണം സാധാരണ പരിശോധനയിൽ കണ്ടെത്താനാവില്ല എന്നതാണ് കാരണം. കോൺസലേറ്റിലേയക്കു വരുന്ന പെട്ടികളിൽ സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വർണം കടത്തിയതിന് സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP